Wednesday - 22 April, 2026 4-Dhu al-Qadah-1447

മരുഭൂമിയിലെ യാത്രക്കാരൻ (3)

   സ്വപ്നത്തിലൂടെ എനിക്ക് സന്ദേശം ലഭിച്ച സ്ഥലമാണിത്. എനിക്ക് ഈ പ്രദേശം മറക്കാനാവില്ല. ഇവിടെ മസജിദ് ഉയർന്നുവരണം. എന്റെ പരമ്പര ഇവിടെ വരണം. എന്റെ സന്താന പരമ്പരയിൽ ധാരാളം രാജക്കന്മുണ്ടാവുമെന്നാണല്ലോ കേട്ടത്. അവർ മസ്ജിദ് പരിപാലിക്കട്ടെ..!


 രാത്രിയുടെ ഇരുട്ട് നീങ്ങാൻ തുടങ്ങുകയാണ്. കിഴക്കൻ ചക്രവാളത്തിൽ നേർത്ത പ്രകാശം കാണുന്നു. രാത്രിയുടെ ആധിപത്യം അവസാനിക്കുകയാണ്. ഇനി പകലിന്റെ ആധിപത്യം വരും. വെളിച്ചവും ചൂടും മരുഭൂമിയിൽ ആധിപത്യം സ്ഥാപിക്കും. യാത്ര തുടങ്ങാം. സൂര്യൻ ഉദിച്ചുയരുമ്പോഴേക്കും കുറേ ദൂരം സഞ്ചരിക്കാം...


 ജനവാസമുള്ള ഏതെങ്കിലും കേന്ദ്രങ്ങൾ കണ്ടെത്താം. ആഹാരവും വെള്ളവും ശേഖരിക്കണം. ഈ കുന്നും അതിന്റെ ചെരിവും. അത് മറന്നു പോവരുത്. ഇനി വരുമ്പോൾ തിരിച്ചറിയണം. അടയാളങ്ങൾ നോക്കി വെച്ചു. എത്ര കാലം കഴിഞ്ഞ് വന്നാലും സ്ഥലം ഓർമ്മയായിരിക്കും. പ്രത്യേക രൂപമുള്ള ഈ കുന്ന് തന്നെയാണ് അടയാളം...


 യഅ്ഖൂബ് എഴുന്നേറ്റു. തുണി മടക്കി. ഭാണ്ഡം മുറുക്കി. ദിന ചര്യകൾ കഴിഞ്ഞു. പ്രഭാത പ്രാർത്ഥന നടത്തി. യാത്ര തുടങ്ങി. അനുഗ്രഹീതമായ മലഞ്ചരിവേ! ഞാൻ തൽക്കാലം വിടചോദിക്കുന്നു. ഞാനിനിയും വരും. ഇൻശാ അല്ലാഹ്.. ഇവിടെ മസ്ജിദ് പണിതുയർത്തും...


 ഒരു കാലം വരും. അന്ന് ഇവിടെ ജനവാസമുണ്ടാകും ഇവിടെ നബിമാർ വരും. അവരുടെ അനുയായികൾ ഇവിടെ താമസമുറപ്പിക്കും. വീടുകൾ ധാരാളമുണ്ടാകും. ഈ വിജന പ്രദേശം ജനനിബിഢമായി മാറുന്ന കാലം വരും. ഏകനായ റബ്ബിനെ വാഴ്ത്തുന്ന ജനതയുടെ ആവാസ കേന്ദ്രമായിത്തീരും...


 യഅ്ഖൂബ് യാത്ര തുടങ്ങുകയണ്. വെയിൽ കത്തി പടരുമ്പോൾ ഏതെങ്കിലും മരത്തണലിൽ വിശ്രമിക്കാം. ചൂട് കുറയുമ്പോൾ യാത്ര തുടരാം. യഅ്ഖൂബ് എന്ന ചെറുക്കാരന്റെ യാത്രയെക്കുറിച്ച് മറ്റൊരഭിപ്രായം കൂടി നിലവിലുണ്ട്. അതിപ്രകാരമാണ്...


 യഅ്ഖൂബിന്റെ യാത്ര രാത്രി ആയിരുന്നു. പകൽ വിശ്രമം, രാത്രിയാത്ര ഇത് കാരണം അദ്ദേഹത്തിനൊരു പേര് കിട്ടി. ഇസ്റാഈൽ. ഇക്കാരണം കൊണ്ട് തന്നെയാണോ ഇസ്റാഈൽ എന്ന പേര് കിട്ടിയത്. ഉറപ്പിച്ചു പറഞ്ഞു കൂടാ. ഇസ്റാഈൽ എന്ന പേര് കിട്ടാൻ വേറയും കാരണങ്ങൾ പറഞ്ഞു കാണുന്നു...


 ചൂടുപിടിച്ച പകലുകളിൽ പൂർണ്ണമായി യാത്ര ചെയ്തു എന്ന് പറയാൻ വയ്യ. കറുത്തിരുണ്ട രാവുകളിൽ പൂർണ്ണമായി യാത്ര ചെയ്തു എന്നു പറയാനും വയ്യ. രാത്രിയിലും പകലിലും യാത്ര നടന്നിരിക്കാം വിശ്രമവും സംഭവിച്ചിരിക്കാം...


 താൻ സ്വപ്നം കണ്ട പ്രദേശത്തിന് ഒരു പേര് വെച്ചു. ബെെത്തു ഈൽ അവരുടെ ഭാഷയിൽ ഈൽ എന്നു പറഞ്ഞാൽ അല്ലാഹു ! ബൈത്തു ഈൽ എന്നു പറഞ്ഞാൽ ബൈത്തുല്ലാഹ്. ഈ പ്രദേശമാണ് പിൽക്കാലത്ത് ബൈത്തുൽ മുഖദ്ദസ് ആയിത്തീർന്നത്...


 യഅ്ഖൂബ് യാത്ര തുടർന്നു. ഇടക്കിടെ ജനവാസമുള്ള സ്ഥലങ്ങളിലെത്തും. വെള്ളം ശേഖരിക്കും. ഉണങ്ങിയ പഴങ്ങളും റൊട്ടിയും ശേഖരിക്കും. പിന്നേയും യാത്ര. ഹർറാൻ പ്രദേശത്തിന്റെ അതിരുകൾ കണ്ടുതുടങ്ങി. കുന്നുകളും താഴ് വരകളും പിന്നിട്ടു...


 വീടുകൾ കണ്ടുതുടങ്ങി. ആളുകൾക്കെല്ലാം ലാബാൻ എന്ന ഗോത്ര നേതാവിനെ അറിയാം. സമാന്യം മെച്ചപ്പെട്ട വീട്. ഒട്ടകങ്ങൾ, ധാരാളം കന്നുകാലികൾ, അവയെ പരിഹരിക്കാൻ അടിമകൾ. ലാബാൻ അതിശയത്തോടെ ആഗതനെ നോക്കി. തന്റെ പ്രിയ സഹോദരി റഫഖായുടെ ഓമന പുത്രൻ. പ്രയങ്കരനായ യഅ്ഖൂബ്...


 അമ്മാവൻ മരുമകനെ ആലിംഗനം ചെയ്തു സ്വീകരിച്ചു. അമ്മാവന് രണ്ട് പുത്രിമാരുണ്ട്. മൂത്തവൾ ലയാ. ഇളയവൾ റാഹീൽ (റാഹേൽ) ചുണയും ചുറുചുറുക്കുമുള്ള പെൺകുട്ടികൾ. വിവാഹപ്രായം ആയി വരുന്നതേയുള്ളൂ. മുറപ്പെണ്ണുങ്ങൾ. യഅ്ഖൂബിനെ കണ്ടപ്പോൾ എല്ലാവർക്കും വലിയ സന്തോഷം. നല്ല ആഹാരുണ്ടാക്കണം. നന്നായി സൽക്കരിക്കണം. കുളിച്ചൊരുങ്ങി വന്നപ്പോൾ യഅ്ഖൂബിന് എന്തൊരഴക്...!