അമ്മാവനും മരുമകനും ആഹാരം കഴിക്കാനിരുന്നു. അവർ പല കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. വീട്ടിലെ വിശേഷങ്ങളൊക്കെ അമ്മാവൻ ചോദിച്ചു. മരുമകൻ വിശദീകരിക്കുന്നു. സ്വാദുള്ള ആഹാരം യഅ്ഖൂബ് താല്പര്യത്തോടെ കഴിച്ചു. ഉറങ്ങാൻ പ്രത്യേക സ്ഥലം ഒരുക്കിക്കൊടുത്തു...
ഹാറാൻ പുരാതന പട്ടണമാണ്. കുലീന കുടുംബങ്ങൾ അവിടെ താമസിക്കുന്നു. അവർക്ക് ധാരാളം കൃഷിയിടങ്ങളുണ്ട് കന്നുകാലി സമ്പത്തുണ്ട്. അമ്മാവന്റെ കൃഷിയിടങ്ങൾ കണ്ടു. ആട്ടിൻ കൂട്ടത്തെ കണ്ടു. ഒട്ടകങ്ങൾ കണ്ടു. അമ്മാവൻ ഗൗരവത്തോടെ ഒരു കാര്യം പറഞ്ഞു. യഅ്ഖൂബ്! ഞാനൊരു കാര്യം പറയാം... ശ്രദ്ധിച്ചോളൂ. നന്നായി ചിന്തിച്ചു മറുപടി പറഞ്ഞാൽ മതി."
"നീ എനിക്കു ഏഴ് വർഷം സേവനം ചെയ്യണം. ആടിനെ മേയ്ക്കലാണ് പ്രധാന ജോലി. ഏഴ് വർഷം ആടിനെ മേച്ച് എനിക്ക് സേവനം ചെയ്താൽ ഞാൻ എന്താണ് പ്രതിഫലം നൽകുക? എന്റെ മകളെ വിവാഹം ചെയ്തു തരും." യഅ്ഖൂബ് (അ) അത് സമ്മതിച്ചു.
ലയാ മൂത്തവളാണ്. വലിയ സൗന്ദര്യമില്ല. ഇളയവൾ അങ്ങനെയല്ല. റാഹേൽ ശരിക്കും സുന്ദരി തന്നെ. റാഹേലിനെ ഭാര്യയായി കാട്ടിയാൽ കൊള്ളാം. ഏഴ് വർഷത്തെ ജോലി അത് കഴിഞ്ഞാൽ വിവാഹം. ഭയപ്പാടില്ലാതെ ജീവിക്കാമല്ലോ? നാളെ മുതൽ ആടുകളോടൊപ്പമാണ് ജീവിതം. പിറ്റേന്ന് ആട്ടിടയന്റെ ജോലി തുടങ്ങും...
രാവിലെ ആടുകളെയും തെളിച്ചു കൊണ്ട് പോവണം. മലഞ്ചെരിവിലേക്ക്. അവിടെ എത്തിയാൽ അവ ഓടിനടന്ന് ഇലകൾ പറിച്ചുതിന്നും. ഉച്ചയാകുമ്പോൾ വെള്ളം കോരിക്കൊടുക്കുകയും, കാട്ടു ജീവികൾ ആടുകളെ പിടിക്കുന്നതും നോക്കണം.
വൈകുന്നേരം ആടുകളെ തെളിച്ചു കൊണ്ട് പോരണം. കെടിയിടണം. വൈകുന്നേരമാവുമ്പോൾ യഅ്ഖൂബ് (അ) നന്നായി ക്ഷീണിച്ചിട്ടുണ്ടാവും. ശരീരം നിറയെ വിയർപ്പ്. കുളിച്ചു ശുദ്ധിയാവും. അത്താഴം കഴിഞ്ഞ് ഉറക്കം. ഉറങ്ങാൻ കിടന്നാൽ ഓർമ്മകൾ ചിറക് വിടർത്തും...
വീടിനെക്കുറിച്ചുള്ള ചിന്ത മനസ്സിൽ തെളിയും. തന്റെ അഭിവന്ദ്യരായ പിതാവ്.... ഇസ്ഹാഖ് (അ). തന്റെ നബിയാണ്. പിതാവിന്റെ പിതാവും നബിയാണ്.... ഇബ്റാഹീം(അ). ഇബ്റാഹീം(അ) ന്റെ ശരീഅത്താണ് ഇസ്ഹാഖ്(അ) പ്രചരിപ്പിക്കുന്നത്. അത് തന്നെയാണ് തന്റെയും ശരീഅത്ത്...
തന്റെ വല്യപ്പ എന്തെല്ലാം ചര്യകളാണ് നടപ്പിൽ വരുത്തിയിരിക്കുന്നത്. മുടിവെട്ടുക, നഖം മുറിക്കുക, പല്ല് തേയ്ക്കുക, സുഗന്ധം ഉപയോഗിക്കുക തുടങ്ങി എന്തെല്ലാം ചര്യകൾ... അവയെല്ലാം പാലിച്ചുകൊണ്ടാണ് ജീവിതം.
വീട്ടിൽ വെച്ചു നടന്ന സംഭവങ്ങൾ ഓർമ വരുമ്പോൾ മനസ്സ് വേദനിക്കും. ഐസ്വു തന്നോട് ക്രൂരത കാട്ടിയ സന്ദർഭങ്ങൾ. ആദ്യം പ്രസവിക്കപ്പെട്ടത് ഐസ്വുവിനെയാണ്. അല്പം കഴിഞ്ഞ് തന്നെയും പ്രസവിച്ചു. അത് കൊണ്ട് താൻ അനുജനായി. ഇരട്ടകളായി വളർന്നു. പ്രായം കൂടുതോറും ഐസ്വുവിന് തന്നോട് വെറുപ്പും വിരോധവും കൂടി വരുകയായിരുന്നു...
ഒരു ദിവസം ഉമ്മ പറഞ്ഞതിങ്ങനെ, "മോനെ...! നീ ഇവിടെ നിന്നാൽ പറ്റില്ല. ഐസ്വു നിന്നെ ഉപദ്രവിക്കും. നീ ഹർറാനിലേക്കു പോയ്ക്കോളൂ. അമ്മാവന്റെ മകളെ വിവാഹം ചെയ്തു അവിടെ താമസിച്ചു കൊള്ളൂ...!" ഉമ്മയും ഉപ്പയും തന്റെ കാര്യം സംസാരിച്ചു. ഉപ്പ പറഞ്ഞു: യഅ്ഖൂബ് ഹർറാനിലേക്ക് പോയ്ക്കോളൂ...! അമ്മാവന്റെ മകളെ വിവാഹം ചെയ്തോളൂ....! എനിക്ക് സമ്മതം തന്നെ."
യഅ്ഖൂബിനെ പ്രവാചകനാക്കേണമേ! ഐസ്വുവിനെ രാജാവാക്കേണമേ! ഇതായിരുന്നു ഇസ്ഹാഖ് (അ) ന്റെ പ്രാർത്ഥന...