എത്ര നല്ല സ്വപ്നം..! അത് കണ്ട് കൊണ്ടിരിക്കുമ്പോൾ എന്തൊരു സന്തോഷം.... മനസ്സ് അതിൽ ഉല്ലസിക്കുകയാണ്. പെട്ടെന്നുണർന്നു പോയി. കണ്ണു തുറന്നു ചുറ്റും നോക്കി എവിടെ കോണി..? എവിടെ മലക്കുകൾ..! ഒന്നും കാണാനില്ല. എന്നിട്ടും മനസ്സിൽ സന്തോഷം. എന്തൊക്കെയാണ് താൻ കേട്ടത്..?
സന്താന പരമ്പരയിൽ നിന്ന് നബിമാർ ഉയർന്നു വരും. പ്രതാപശാലികളായ പ്രവാചകന്മാർ. ഇവരിൽ ചിലർക്ക് വേദഗ്രന്ഥം ലഭിക്കും. ചിലർ രാജാക്കന്മാരായിത്തീരും. അവർ രാജ്യം ഭരിക്കും. ഐശ്വര്യ പൂർണ്ണമായ ഭരണം നടത്തും. ജനങ്ങൾക്കു സന്തോഷവും സമാധാനവും ലഭിക്കും...
"റബ്ബേ! ഞാനൊരു ചെറുപ്പക്കാരൻ. കൗമാരപ്രായക്കാരനാണ്. വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പ്രായമായിട്ടില്ല." അതിനു മുമ്പെ സന്താനപരമ്പരയെക്കുറിച്ച് ഈ വിവരം നബിക്കു ലഭിച്ചിരിക്കുന്നു...
"ഞാനാരാണ്? എന്താണെന്റെ അവസ്ഥ?വിശാലമായ മരുഭുമിയിലെ യാത്രക്കാരനാണ് ഞാൻ. നീയാണെന്റെ സഹായി. യാത്രയിൽ നീയാണെന്റെ സഹയാത്രികൻ. നീ മാത്രം. ഞാൻ ഭയം മൂലം വീട് വിട്ട് പോന്നവനാണ്. റബ്ബേ... നിനക്ക് നന്നായറിയാം എന്റെ കഥ."
എന്റെ ഉമ്മ ഇരട്ട പ്രസവിച്ചു. രണ്ട് ആൺമക്കൾ. ആദ്യം ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ആദ്യത്തെ കൺമണി ആണെന്നറിഞ്ഞപ്പോൾ തറവാട്ടിൽ ആഹ്ലാദം അല തല്ലി. ഉമ്മക്ക് വീണ്ടും പ്രസവവേദന. അല്പം കഴിഞ്ഞ് മറ്റാെരാൺ കുഞ്ഞിനെ കൂടി പ്രസവിച്ചു. ആ ആൺ കുഞ്ഞാണ് മരുഭൂമിയിൽ ഒറ്റപ്പെട്ടു കഴിക്കുന്ന ഞാൻ...
രണ്ടു പുത്രൻമാരെ കിട്ടിയപ്പോൾ ഗോത്രത്തിൽ ഇരട്ടി സന്തോഷം. മൂത്ത പുത്രന് പേരിട്ടു. ഐസ്വം. ഇളയ പുത്രന് പേരിട്ടു. യഅ്ഖൂബ്. ഐസ്വമിന്റെ കളിയും ചിരിയും ഉപ്പായെ വല്ലാതെ സന്തോഷിപ്പിച്ചു. ഉപ്പ ഐസ്വമിന് കണക്കില്ലാതെ സ്നേഹം നൽകി. ഉമ്മാക്ക് ഇളയമകനോടായിരുന്നു കൂടുതൽ പ്രിയം...
കൺമണികൾ കളിച്ചു വളർന്നു. ഗോത്രക്കാരുടെ സ്നേഹം നല്ല അളവിൽ അവർക്കു കിട്ടി. ശരീരം പോലെയല്ല മനസ്സ് വളർന്നത്. ഐസ്വുവിന്റെ മനസ്സിന് കടുപ്പം കൂടി കൂടി വന്നു. യഅ്ഖൂബിനെ ആക്ഷേപിക്കാൻ തുടങ്ങി. ഇളയ പുത്രന്റെ മനസ്സ് ലോലമാണ്. അതിൽ സ്നേഹം മാത്രമേയുള്ളൂ.. ആർക്കും സ്നേഹം നൽകും.
ചില സംഭവങ്ങളൊക്കെ നടന്നു. ഐസ്വു തന്നെ ഉപദ്രവിക്കുമെന്ന ഭയം. പിന്നെ ഏറെയെന്നും ചിന്തിച്ചില്ല വീട് വിട്ടിറങ്ങിപ്പോന്നു. ഐസ്വുന്റെയും യഅ്ഖൂബിന്റെയും ഉമ്മയുടെ പേര് റഫഖാ എന്നാകുന്നു...
റഫഖാ ബുദ്ധിമതിയും സുന്ദരിയുമാണ്. റഫാഖയുടെ സഹോദരനാണ് ലാമാൻ . പൊതുകാര്യ പ്രസക്തനും ഗോത്രത്തലവൻമാരിൽ പെട്ട ആളുമാണ്. വിദൂരമായ ഹർറാൻ എന്ന പ്രദേശത്താണ് താമസം. കൗമാര പ്രായക്കാരനായ യഅ്ഖൂബ് ഹർറാൻ പ്രദേശം ലക്ഷ്യമാക്കിയാണ് യാത്ര ചെയ്യുന്നത്...
ഉറങ്ങി എണീറ്റപ്പോൾ വല്ലാത്ത സന്തോഷം തോന്നി. "റബ്ബേ...! നിയെനിക്ക് സന്തോഷ വാർത്ത നൽകി. ഈ പ്രദേശം പുണ്യം നിറഞ്ഞതാണ്. വാസ്തവത്തിൽ ഇവിടെ മലക്കുകൾ ഇറങ്ങിയിട്ടുണ്ട്. ഈ അനുഭവങ്ങളുടെ ഓർമ്മക്കു വേണ്ടി ഇവിടെ ഒരു മസ്ജിദ് പണിയണമെന്ന് ഞാനാഗ്രഹിക്കുന്നു."
ഇന്ന് എന്റെ കൈവശം യാതൊന്നും തന്നെയില്ല. ഒന്നുമില്ലാത്ത ദരിദ്രൻ. എനിക്ക് കഴിയുണ്ടാവുന്ന കാലത്ത് ഞനിവിടെ ഒരു മസ്ജിദ് പണിതുയർത്തുന്നതാണ്...