യഅ്ഖൂബ് നബി (അ) മനസ്സിലെ ദുഃഖം പുറത്ത് കാണിക്കാതെയാണ് ജനങ്ങളോട് സംസാരിക്കുന്നത്. ബിംബാരാധകന്മാർ ശക്തിയായി എതിർക്കുന്നു. പരിഹാസങ്ങും, വെല്ലുവിളികളും, ഭീഷണികളും ഉയരുന്നു. ഇസ്ലാം മതം സ്വീകരിച്ചവർക്ക് ആത്മവിശ്വാസം നൽകണം. അവരുടെ ഈമാൻ ശക്തിപ്പെടുത്തണം...
വീട്ടിലെത്തിയാൽ പുത്രന്മാരുടെ വർത്തമാനങ്ങൾ കേട്ട് സഹിക്കണം. അവരുടെ തമാശകളും ചിരികളും സഹിക്കണം. എരിപൊരി കൊള്ളുന്ന ജീവിതം. കാലം ഒഴുകുകയായിരുന്നു. വർഷങ്ങളെത്ര കടന്നു പോയി. മക്കളിൽ പലരും വിവാഹിതരായി. അവർക്ക് മക്കളുണ്ടായി. വീട്ടിലെ അംഗസംഖ്യ വർദ്ധിച്ചു...
യൂസുഫിന്റെ കഥ തന്നെ പലരും മറന്നു പോയി. ഓരോ ദിവസവും പുതിയ സംഭവങ്ങൾ നടക്കുന്നു. അതിനെക്കുറിച്ചാവും പിന്നെ ചർച്ച പഴയതെല്ലാം മറക്കും. യഅ്ഖൂബ്(അ)ന് മറക്കാനാവില്ല. മകനെ ഓർക്കാത്ത ദിവസങ്ങളില്ല...
പതിറ്റാണ്ടുകൾ പലതും കടന്നു പോയിരിക്കുന്നു. കൻആൻ പ്രദേശത്ത് ക്ഷാമം പിടിപ്പെട്ടിരിക്കുന്നു. ധാന്യം കിട്ടാനില്ല. വലിയ വില കൊടുത്താൽ കുറച്ചു ധാന്യം കിട്ടും. യഅ്ഖൂബ് (അ) ന്റെ വീട്ടിലും ദാരിദ്ര്യം തന്നെ. വെച്ചുവിളമ്പാൻ ധാന്യമില്ല. വരൾച്ചമൂലം കൃഷിയില്ല...
കൻആൻ പ്രദേശത്തുള്ളവർ ഒരു വാർത്ത കേട്ടു. മിസ്വിറിൽ ചെന്നാൽ ധാന്യം കിട്ടും. മിതമായ നിരക്കിൽ കിട്ടും... റേഷൻ സാമ്പ്രദായമാണ്. നിയന്ത്രണമുണ്ട്. നിശ്ചിത അളവിൽ വിദേശികൾക്കും കിട്ടും. അതൊരു അത്ഭുതകരമായ വാർത്തയായിരുന്നു...
കൻആൻ വഴി ചില യാത്ര സംഘങ്ങൾ പോയി. മിസ്വിറിലേക്കാണ് പോയത്. അവർ മടങ്ങി വന്നാൽ കൂടുതൽ വിവരങ്ങളറിയാം. അടുത്ത ദിവസങ്ങളിൽ കൂടുതൽ സംഘങ്ങൾ പോയി. ചില സംഘക്കാർ മടങ്ങിവന്നു. അവരിൽ നിന്ന് കൗതുകകരമായ വാർത്തകൾ കിട്ടി...
മിസ്വിറിന്റെ അതിർത്തിയിൽ ചെക്ക് പോസ്റ്റുകൾ സ്ഥപിച്ചിട്ടുണ്ട്. യഥേഷ്ടം കടന്നു ചെല്ലാനൊന്നും പറ്റില്ല. തടഞ്ഞു നിർത്തും. പരിശോധന നടത്തും. റിപ്പോർട്ട് ചെയ്യും. ഉന്നത അധികാരികളുടെ സമ്മതം കിട്ടിയാൽ കടത്തിവിടും. വിദേശികളെ പ്രവേശിപ്പിക്കുന്നതങ്ങനെയാണ്...
ചെക്ക് പോസ്റ്റുകളുടെ സമീപം സത്രങ്ങളുണ്ട്, അവിടെ വിദേശികളെ താമസിപ്പിക്കും. ആഹാരം നൽകും. മിസ്വിറിലെ ഓരോ വീടിനും റേഷൻ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള ധാന്യം അവർക്ക് കിട്ടും. കൂടുതൽ ഇല്ല. വമ്പിച്ച ഭക്ഷ്യ നിയന്ത്രണം...
ഏഴ് വർഷം മിസ്വിറിൽ നല്ല കാലവസ്ഥയായിരുന്നു. നന്നായി മഴ പെയ്തു. ഇഷ്ടം പോലെ കൃഷിയുണ്ടായി. ഗോഡൗണുകളിൽ ധാന്യം നിറച്ചുവെച്ചു. ഏഴ് വർഷം കൊണ്ട് വൻ ധാന്യശേഖരമുണ്ടായി...
പിന്നെ ഏഴ് വർഷം കടുത്ത ക്ഷാമം. അങ്ങനെ ഒരു കാലം വരുമെന്ന് അവിടുത്തെ ഭരണാധികാരി നേരത്തെ മനസ്സിലാക്കിയിരുന്നു. ഏഴ് വർഷത്തെ ക്ഷാമം നേരിടാൻ വേണ്ടത്ര ധാന്യം കരുതിവെച്ചു. മറ്റു നാട്ടുകാരും സഹായം ചോദിച്ചു വരും. അവരെ സഹായിക്കാനുള്ളതും കരുതി വെച്ചു...
കരുതലിന്റെ കാലഘട്ടം. പണക്കാരും സാധാരണക്കാരുമെല്ലാം മിതവ്യയം ശീലിച്ചു. ഒരിടത്തും ധൂർത്തില്ല. റേഷൻ കടകളിൽ പരിശോധന കർശനമാക്കി. കൻആനിലെ സഹോദരങ്ങൾ ഈ വാർത്തകേട്ട് അന്തം വിട്ട് നിൽക്കുകയാണ്. അവർ പിതാവിനെ സമീപിച്ചു. കാര്യങ്ങൾ വിശദീകരിച്ചു.
"ഉപ്പാ..... ഞങ്ങൾ മിസ്വിറ് വരെ പോയി വരട്ടെ!"
"അവിടെ കൊടുക്കാൻ നമ്മുടെ കൈവശം ഒന്നുമില്ലല്ലോ"
"ഞങ്ങളൊന്നു പോയി നോക്കട്ടെ ഉപ്പാ..."
"കുറച്ചു പണം ഒപ്പിക്കണം. എന്നിട്ടു പോവാം..."
പിന്നെയും ദിവസങ്ങൾ കടന്നു പോയി. ശാമിലേക്കുള്ള പാത. പാതയരികിൽ ഒരു കൊച്ചു കുടിൽ കെട്ടി. അതിൽ ഒറ്റയ്ക്ക് യഅ്ഖൂബ്(അ) താമസിക്കും. ആരാധനക്ക് പറ്റിയ കേന്ദ്രം. ശാമുകാർ മിസ്വിറിലേക്കു പോവുന്നത് അത് വഴിയാണ്. പലരും നബിയെ കാണാനിറങ്ങും. സലാം പറയും. സംസാരിക്കും...
മിസ്വിറിലെ അസീസ് വളരെ ദയാലുവാണെന്ന് പലരും പറഞ്ഞു. ധാന്യ വിതണരത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ശരീഫ്. മക്കൾ ഉപ്പയെ കാണാനെത്തി...
"നിങ്ങളുടെ കൈവശം വല്ലതുമുണ്ടോ? " ഉപ്പ ചോദിച്ചു.
"കുറച്ചു സ്വർണ്ണവും അൽപം പട്ടുതുണിയുമുണ്ട്."
"എങ്കിൽ അതുമായി പോയ്ക്കോള്ളൂ... മക്കളേ! മഹാന്മാരെ കാണാൻ പോകുമ്പോൾ പല മര്യാദകളും പാലിക്കേണ്ടതുണ്ട്. അവരോട് ശബ്ദമുയർത്തി സംസാരിക്കരുത്. വളരെ വിനയം കാണിക്കണം. ചോദിക്കുന്നതിന് മാത്രം ഉത്തരം പറയണം. നീട്ടിപ്പറയരുത്. ഇരിക്കാൻ പറഞ്ഞാൽ മാത്രം ഇരിക്കുക. മുഖത്ത് നോക്കി സംസാരിക്കണം. അങ്ങുമിങ്ങും നോക്കരുത്. മഹാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. യാത്ര പറഞ്ഞാൽ പിന്നെ അവിടെ നിൽക്കരുത്. പുറത്ത് പോരുമ്പോൾ നിങ്ങളുടെ പിൻഭാഗം അസീസിന് നേരെയാക്കരുത്. പിന്നോട്ട് നടന്ന് പുറത്ത് കടക്കണം. അസീസ് പറഞ്ഞതൊന്നും പരസ്യപ്പെടുത്തരുത്."
ഉപ്പയുടെ ഉപദേശങ്ങൾ അനുസരിച്ചു കൊള്ളാമെന്ന് വാക്കു കൊടുത്തു. പുത്രന്മാർ യാത്ര പുറപ്പെട്ടു. ഒട്ടകപ്പുറത്താണ് യാത്ര. നിസ്സാരമായ പാരിതോഷികവുമായി. പുറപ്പെടാൻ അവർക്ക് ലജ്ജ തോന്നി. ദാരിദ്ര്യത്തിന്റെ കടുപ്പം അവരെ മുന്നോട്ട് നയിച്ചു..