രണ്ട് സഹോദരിമാരെ ഒരേ സമയം ഭാര്യയാക്കുന്നത് അക്കാലത്ത് നിരോധിക്കപ്പെട്ടിരുന്നില്ല. മൂസാ(അ)ന്റെ കാലത്താണ് അത് നിരോധിക്കപ്പെട്ടത്. തൗറാത്ത് ആ സമ്പ്രദായം നിരോധിച്ചു...
ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു: വിവാഹം നടന്നത് രാത്രിയായിരുന്നു. രാവിലെയാണ് വധു ലയാ ആണെന്ന് മനസ്സിലായത്. എന്താണിങ്ങനെ സംഭവിച്ചെതെന്ന് യഅ്ഖൂബ് അമ്മാവനോട് ചോദിച്ചു. മൂത്തവളെ നിർത്തിയിട്ട് ഇളയവളെ വിവാഹം ചെയ്തു കൊടുക്കുന്നത് നമ്മുടെ ചര്യയിൽ പെട്ടതല്ല എന്നായിരുന്നു മറുപടി...
ലയാക്ക് കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. അഴകും കുറവായിരുന്നു. റാഹേലിനു വേണ്ടി ഏഴ് വർഷം കൂടി ജോലി ചെയ്യണം. ഭാര്യയെയും വെള്ളാട്ടിപ്പെണ്ണിനെയും സംരക്ഷിക്കുകയും വേണം. ലയാക്ക് നൽകിയ വെള്ളാട്ടിയുടെ പേര് സുൽഫാ എന്നായിരുന്നു.
ഏറെക്കാലം കഴിഞ്ഞില്ല ലയാ ഗർഭിണിയായി. അതോടെ ലയായെ കൂടുതൽ ഇഷ്ട്ടമായി. ആദ്യത്തെ കൺമണി പിറന്നു. ആൺകുഞ്ഞ്. റൂബിൽ എന്ന് പേരിട്ടു. നല്ല മിടുക്കനായി വളർന്നു. കുറെക്കാലം കഴിഞ്ഞ് ലയാ വീണ്ടും ഗർഭിണിയായി. പുത്രനെ തന്നെ പ്രസവിച്ചു. ശംഊൽ എന്ന് പേര് ഇട്ടു...
മൂന്നാമതും ഗർഭിണിയായി. ആൺ കുഞ്ഞിനെ പ്രസവിച്ചു. ലാവാ എന്ന് പേരിട്ടു. ഏഴ് വർഷം തീരാറായി. അക്കാലത്ത് ലയാ വീണ്ടും ഗർഭിണിയായി. നാലാമത്തെ കൺമണിയും ആൺകുഞ്ഞ് തന്നെ. യഹൂദ എന്ന് പേരിട്ടു. വീട്ടിൽ ആഹ്ലാദം പരത്തിയ നാല് പുത്രന്മാർ. 1.റൂബീൽ, 2.ശംഊൻ, 3.ലാവാ, 4.യഹൂദ...
ലാബാന്റെ വീട്ടുമുറ്റത്ത് വീണ്ടും വിവാഹ പന്തലൊരുങ്ങി. യഅ്ഖൂബ്(അ) വീണ്ടും പുതിയാപ്പളയായി. റാഹേൽ മണവാട്ടി ചമഞ്ഞു. വിവാഹം മംഗളമായി നടന്നു. ലാബാൻ രണ്ടാമത്തെ മകൾക്കും ഒരു പാരിതോഷികം നൽകി. ഒരടിമപ്പെണ്ണിനെ. പേര് ബൽഹാ. അടിമപ്പെൺകുട്ടികളായ സുൽഫയെയും ബൽഹയെയും യഅ്ഖൂബ്(അ) ഭാര്യയായി സ്വീകരിച്ചു...
റാഹേലുമായുള്ള ദാമ്പത്യ ജീവിതം വളരെ സന്തോഷകരമായിരുന്നു. പക്ഷെ അവർ ഗർഭിണിയായില്ല. മക്കളില്ലാതെ കാലം കടന്നു പോയി. റാഹേൽ തന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന് യഅ്ഖൂബ്(അ)ന് വലിയ തല്പര്യമുണ്ടായിരുന്നു. പക്ഷെ നടന്നില്ല...
ഇതിനിടയിൽ ബൽഹ ഗർഭിണിയായി. സമയമെത്തിയപ്പോൾ പുത്രനെ തന്നെ പ്രസവിച്ചു. ദാൻ എന്ന് പേരിട്ടു. കുറെ കാലത്തിന് ശേഷം ബൽഹ വീണ്ടും ഗർഭം ധരിച്ചു. പുത്രനെ പ്രസവിച്ചു. നീഫ്ത്താലി എന്ന് പേരിട്ടു. രണ്ട് പുത്രന്മാരെ ലാളിച്ചു വളർത്തുകയാണ് ബൽഹ...
നാല് പുത്രന്മാരുള്ള ലയാ അഞ്ചാമതും ഗർഭിണിയായി. പുത്രനെ പ്രസവിച്ചു. അഞ്ചാമന് ഈസാഖിർ എന്ന് പേരിട്ടു. കുറെക്കാലം കഴിഞ്ഞ് ആറാമത്തെ പുത്രനെ ഗർഭം ധരിച്ചു. പ്രസവിച്ചപ്പോൾ നൽകിയ പേര് സാബിലൂൻ എന്നാകുന്നു...
കാലം പിന്നെയും കടന്നു പോയി. ലയാ ഒരിക്കൽ കൂടി ഗർഭിണിയായി. ഏഴാം ഗർഭം. ആറും പുത്രന്മാർ. ഒരു പെൺകുഞ്ഞിനെ പ്രസവിക്കാൻ തനിക്ക് ഭാഗ്യമുണ്ടാവില്ലേ? ഒരു മകളെ കിട്ടിയിരുന്നെങ്കിൽ! കാത്തിരുന്നു. കാത്തിരിപ്പ് വെറുതെയായില്ല. പെൺകുഞ്ഞിനെ പ്രസവിച്ചു. പൊന്നോമനക്ക് നല്ല പേര് നൽകി. ദനാ എന്ന് പേരിട്ടു...
ലയാക്ക് ഏഴ് മക്കൾ. ഏഴാമത്തേത് പെൺകുട്ടി. ഇതിനിടയിൽ സുൽഫ രണ്ട് തവണ ഗർഭിണിയായി. രണ്ട് പ്രസവം നടന്നു. രണ്ടും പുത്രന്മാർ...
1. ഹാദ്, 2. അശീർ
ലയാക്ക് ഏഴ് മക്കൾ. ബൽഹാക്ക് രണ്ട് പുത്രന്മാർ. സുൽഫാക്ക് രണ്ട് പുത്രന്മാർ. ആകെ പതിനൊന്നു മക്കൾ. പത്ത് പുത്രന്മാർ ഒരു പുത്രി...
അതിസുന്ദരിയാണ് റാഹേൽ. ഇത് വരെ ഗർഭിണിയായില്ല. ലയ, ബൽഹ, സുൽഫ ഇവർ മൂന്നു പേരും മക്കളോടൊപ്പം ആഹ്ലാദം പങ്കിടുകയാണ്. തനിക്കു മാത്രം അതിനു കഴിയുന്നില്ല. തന്റെ ജീവിതം എന്തേ ഇങ്ങനെയായിപ്പോയി..? റാഹേലിന്റെ മനസ്സ് നിറയെ ദുഃഖം. കണ്ണുകൾ നിറഞ്ഞൊഴുകി...