Wednesday - 22 April, 2026 4-Dhu al-Qadah-1447

സേവനത്തിന്റെ ഇരുപത് വർഷങ്ങൾ (1)

   പാതിരാത്രിയായിട്ടും റാഹീൽ ഉറങ്ങിയില്ല. കരഞ്ഞു പ്രാർത്ഥിക്കുകയാണ്. ഒരു കുഞ്ഞിന് വേണ്ടിയുള്ള തേട്ടം. 

" റബ്ബേ... ഈ പാവപ്പെട്ടവളെ കൈവെടിയല്ലേ..! എന്റെ തേട്ടം തട്ടി കളയല്ലേ!"

 റാഹീലിന്റെ കടുത്ത ദുഃഖം കണ്ട് യഅ്ഖൂബ്(അ) വല്ലാതെ സങ്കടപ്പെട്ടു...


 "അല്ലാഹുവേ! റാഹീലിന് സന്തോഷം നൽകണമേ! ഒരു കുഞ്ഞിനെ ലഭിക്കാനുള്ള അവളുടെ മോഹം നീ സഫലമാക്കി കൊടുക്കണമേ...!" യഅ്ഖൂബ്(അ) മനസ്സുരുകി പ്രാർത്ഥിച്ചു. ഒടുവിൽ അവരുടെ തേട്ടം അല്ലാഹു ﷻ സ്വീകരിച്ചു. റാഹീലിന്റെ മുഖം തെളിഞ്ഞു. കണ്ണുകൾ തിളങ്ങി. റാഹീൽ ഗർഭിണിയായി...


 വർഷങ്ങളുടെ ശേഷമാണതുണ്ടായത്. രണ്ട് പേരും അല്ലാഹുﷻനെ വാഴ്ത്തി. ഇബാദത്തുകൾ വർദ്ധിപ്പിച്ചു. ഗോത്രക്കാർക്കെല്ലാം സന്തോഷം. പെണ്ണുങ്ങൾ റാഹേലിനെ കാണാൻ കൂട്ടത്തോടെ വന്നു. അവർ ആശംസകൾ നേർന്നു. ഗർഭിണിയായതോടെ റാഹേലിന്റെ സൗന്ദര്യം ഒന്നു കൂടെ വർദ്ധിച്ചു... 


 ലയാ ആഹ്ലാദഭരിതയാണ്. അനിയത്തിയെ പരിപാലിച്ചു.  സന്തോഷിച്ചു. അവരെപ്പോഴും തങ്ങളുടെ യജമാനത്തിയുടെ കൂടെയുണ്ട്. അവരെല്ലാം റാഹീലിനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. റാഹീൽ സന്തോഷവതിയാണ്...


 ശാന്തമായ മനസ്സ്. നല്ല നല്ല സ്വപ്നങ്ങൾ കാണും. ശുഭലക്ഷണങ്ങൾ തനിക്ക് സമുന്നതനായ പുത്രനെ ലഭിക്കുമെന്ന തോന്നൽ. മാസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു. ഗോത്രക്കാർ മുഴുവൻ റാഹേലിനെക്കുറിച്ചാണ് ചിന്തിക്കുന്നത്...


 പ്രസവ ദിവസം അടുത്തുവരും തോറും അവരുടെ ഉൽക്കണ്ഠ വർദ്ധിക്കുന്നു. ഒരാപത്തും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു. ലയായുടെ മക്കൾ ആഹ്ലാദം കൊള്ളുന്നു. തങ്ങൾക്ക് അനുജൻ പിറക്കാൻ പോകുന്നു. സുൽഫായുടെ മക്കൾക്കും ബൽഹായുടെ മക്കൾക്കും അതേ സന്തോഷം തന്നെ...


 പ്രഥമ സന്താനത്തെ കാത്തിരിക്കും പോലെയാണ് യഅ്ഖൂബ്(അ)ന്റെ നിൽപ്പ്. റാഹേലിൽ നിന്നു തനിക്കു ജനിക്കുന്ന പ്രഥമ സന്താനമാണല്ലോ ഇത്. കാത്തിരിപ്പിന് അന്ത്യമായി. റാഹിലിന് പ്രസവ വേദന തുടങ്ങി. ആളുകളുടെ മനസ്സ് പ്രാർത്ഥന നിർഭരമായി...


 പ്രസവ മുറിയിൽ നിന്ന് വാർത്ത പുറത്തേക്കൊഴുകി വന്നു. റാഹീൽ പ്രസവിച്ചു. ആൺകുഞ്ഞ്. അത്ഭുതകരമായ കുഞ്ഞ്. പെണ്ണുങ്ങൾ ആ മുറിയിലേക്ക് തളളിക്കയറി വന്നു. കുഞ്ഞിനെ കാണാൻ. കണ്ടവരെല്ലാം അതിശയിച്ചു പോയി. ഇതെന്തൊരു കുഞ്ഞ് !?


വെട്ടിത്തിളങ്ങുന്ന മുത്ത് പോലെ. എന്തൊരു തിളക്കം..! എന്തൊരു ശോഭ. അതിശയകരമായ കുഞ്ഞാണിത്. ആ കുഞ്ഞിന് വേണ്ടി മന്നുഷ്യമനസ്സുകളിൽ നിന്ന് വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും നീരുറവ പൊട്ടിയൊലിക്കുകയാണ്. എവിടെയും ആഹ്ലാദത്തിന്റെ തിരതല്ലൽ മാത്രം...


 യഅ്ഖൂബ്(അ) അല്ലാഹുﷻനെ വാഴ്ത്തി.  "അല്ലാഹുവേ! ഇത്രയും അഴകുള്ള കുഞ്ഞിനെ നൽകി ഞങ്ങളെ നീ അനുഗ്രഹിച്ചല്ലോ. അൽഹംദുലില്ലാഹ്☝????"

 കുഞ്ഞിന് യൂസുഫ് എന്ന് പേരിട്ടു. എല്ലാവർക്കും ഇഷ്ടപ്പെട്ട പേര്. കുഞ്ഞിനെ കൈകളിൽ കോരിയെടുക്കാനും ഓമനിക്കാനും എല്ലാവർക്കും മോഹം...


 യഅ്ഖൂബ്(അ) കഴിഞ്ഞകാലത്തേക്ക് തിരിഞ്ഞു നോക്കി. എത്ര കാലമായി താൻ ഹർറാനിൽ വന്നിട്ട്. ഇരുപത് വർഷങ്ങൾ. ആദ്യം ഏഴ് വർഷത്തെ ജോലിയേറ്റു. അത് കഴിഞ്ഞപ്പോൾ പോയ ലയായെ ഇണയായി കിട്ടി. പിന്നെ റാഹീലിന് വേണ്ടി ഏഴു വർഷത്തെ ജോലി. റാഹീലിനെ വിവാഹം ചെയ്യുമ്പോൾ പതിനാല് വർഷങ്ങൾ കടന്നുപേയിക്കഴിഞ്ഞിരുന്നു...


 അതിന് ശേഷം ആറ് വർഷങ്ങൾ കൂടിക്കഴിഞ്ഞിരിക്കുന്നു. മൊത്തം ഇരുപത് വർഷങ്ങൾ. നാൽപത് വയസ്സ് കഴിഞ്ഞു. അല്ലാഹു ﷻ തന്നെ പ്രവാചകനായി നിയോഗിച്ചിരിക്കുന്നു. കൻആനിലെ പ്രവാചകൻ. കൻആനിലേക്ക് പോവാൻ കല്പന വന്നിരിക്കുന്നു. ഭാര്യമാരെയും മക്കളെയും കൂട്ടി കൻആനിലേക്ക് പോവണം. ഇനി തന്റെ പ്രവർത്തനമേഖല അവിടെയാണ്... 


 ഹർറാനിൽ വന്ന ശേഷമുള്ള ഇരുപത് വർഷക്കാലവും ആടുകളെ മേക്കുകയായിരുന്നു. ഇനി മനുഷ്യരെ മേയ്ക്കുന്ന പണിയാണ്. ഏകനായ അല്ലാഹുﷻലേക്ക് മനുഷ്യരെ ക്ഷണിക്കുക. നൂറുകണക്കായ ആടുകളെയാണ് മേച്ചുകൊണ്ടിരുന്നത്. ബുദ്ധിമുട്ടുള്ള ജോലിയാണത്. ഇനിയുള്ള ജോലിയോ? ആടുകളെ മേയ്ക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി പ്രയാസമുള്ളതാണ് മനുഷ്യരെ നയിക്കുന്ന ജോലി...


 പ്രവാചകന്മാർ ആദ്യം ആടിനെ മേയ്ക്കുന്നു. പിന്നെ മനുഷ്യരെ നയിക്കുന്നു. നേരത്തെ തന്നെ ഒരു പരിശീലനം കിട്ടണം അതിനാണ് ആടിനെ മേയ്ക്കുന്നത്. തനിക്ക് കിട്ടിയത് ഇരുപത് വർഷത്തെ പിശീലനം അതിനു മുമ്പും അങ്ങിനെ മേച്ചിട്ടുണ്ട്...


 ഇപ്പോൾ മനസ്സിൽ യാത്രയുടെ ചിന്തയാണ്. സ്വദേശത്തേക്കുള്ള മടക്കം. അപ്പോൾ ഐസ്വുവിനെ ഓർമ്മ വന്നു. ശത്രുതയുമായി കാത്തിരിക്കുകയാവുമോ? തന്നെക്കണ്ടാൽ എന്തായിരിക്കും പ്രതികരണം..?