ഐസ്വുവിൻെറ ഇഷ്ടവിനോദം വേട്ടയാടലായിരുന്നു. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിക്കൊണ്ട് വരും. ഇറച്ചി നന്നായി പൊരിച്ച് ഉപ്പാക്ക് കൊണ്ട് കൊടുക്കും. പൊരിച്ച ഇറച്ചി ഇഷ്ടമാണ്. യഅ്ഖൂബിന് കൃഷിയിലാണ് താൽപര്യം. നന്നായി കൃഷി ചെയ്യും, നനയ്ക്കും കൃഷി വളരുമ്പോൾ മനസ്സിന് ആഹ്ലാദമാണ്...
ഹർറാനിലെ നാളുകൾ സാധാരണ ഗതിയിൽ കടന്നു പോയ്ക്കൊണ്ടിരുന്നു. ദിവസങ്ങൾ മാസങ്ങളായി, മാസങ്ങൾ കൊല്ലങ്ങളായി. ഏഴ് കൊല്ലങ്ങൾ! എന്തെല്ലാം അനുഭവങ്ങൾ! ഹർറാനിൽ എന്തു മാത്രം പരിചയക്കാർ. അവരെയൊക്കെ സായാഹ്നങ്ങളിൽ കാണും. സംസാരിക്കും. മരുഭുമിലെ ജീവതാനുഭവങ്ങൾ അവർക്കിടയിൽ പങ്ക് വെക്കും...
ആടിനെ പരിചരിക്കും, ആടുകളുടെ കരച്ചിൽ കേൾക്കും, അവയെ സ്നേഹിക്കും, അവ സ്നേഹത്തോടെ മുട്ടിയുരുമ്മി നിൽക്കും. പെണ്ണാടുകൾ ധാരാളമുണ്ട്. മിക്കതും ഗർഭിണികൾ. ഇടക്കിടെ പ്രസവം നടക്കും. ഒരു ദിവസം തന്നെ ഒന്നിലധികം ആടുകൾ പ്രസവിച്ചെന്നു വരാം. ഒരു പ്രസവത്തിൽ മൂന്നും നാലും കുട്ടികൾ. കുഞ്ഞുങ്ങളെ കാണാനെന്തുരസം! അവയെ ഓമനിക്കാം അവയോടെപ്പം ഓടിക്കളിക്കാം...
ഓരോ ദിവസവും നല്ല അളവിൽ പാൽ കറന്നെടുക്കാനുണ്ടാവും. ശുദ്ധമായ ആഹാരമാണത്. പോഷകങ്ങൾ നിറഞ്ഞ ആഹാരം. യാതൊരു വിധ മായവുമില്ല. പ്രധാന ആഹാരം ആട്ടിന് പാൽ തന്നെ. കൂടെ കഴിക്കാൾ റൊട്ടിയും...
ഇടക്കിടെ ആടിനെ അറുക്കും. ആട്ടിന്റെ മാംസം ചുട്ടെടുത്താൽ എന്തു രസം! കറിവെക്കും, പൊരിക്കും, വരട്ടിയെടുക്കും. ഒരാടിനെ അറുത്താൽ പല വിധത്തിൽ പാകം ചെയ്യാം. ദിവസങ്ങളോളം കഴിക്കാം. ആട്ടിറച്ചിയും റൊട്ടിയും പഴവർഗ്ഗങ്ങളും കുടിക്കാൻ പാലും. ആരോഗ്യകരമായ ഭക്ഷണം. പിന്നെ കഠിനാദ്ധ്വാനം. മരുഭൂമിയിലെ പരുക്കൻ ജീവിതം. ശരീരത്തിന് നല്ല കരുത്ത്...
ഈത്തപ്പഴം പഴവർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ്. സീസൺ വന്നാൽ മരുഭൂമിയിൽ ഈത്തപ്പഴം പഴുക്കും. പറിച്ചെടുക്കും. വെയിലത്തിട്ടുണക്കും. ഉണക്കിയ കാരക്ക വളരെക്കാലം സൂക്ഷിക്കാം. അത്തിപ്പഴവും മുന്തിരിയും മരുഭൂമിയുടെ പഴവർഗ്ഗങ്ങളാണ്. ഇവയും ഉണക്കി സൂക്ഷിക്കും. ഗോതമ്പാണ് പ്രധാന കൃഷി.ഗോതമ്പിന്റെ പല ഇനങ്ങൾ കൃഷി ചെയ്യുന്നു. ഇപ്പറഞ്ഞവക്കിടയിലൂടെ ഒഴുകിപ്പോവുകയാണ് യഅ്ഖൂബ് എന്ന ചെറുപ്പക്കാരന്റെ ജീവിതം...
ജീവിതത്തിൽ ഏഴു വർഷത്തിന്റെ ഒഴുക്ക്. ഏഴ് വർഷം ഒഴുകിത്തീർന്നു. ഇനി ലബാൻ വാക്കുപാലിക്കണം. മകളെ കെട്ടിച്ചു കൊടുക്കണം. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ബന്ധുക്കളോടാലോചിച്ച് തിയ്യതി നിശ്ചയിച്ചു. വേണ്ടപ്പെട്ടവരെയെല്ലാം കല്ല്യാണത്തിന് ക്ഷണിച്ചു...
വിവാഹ സുദിനം വന്നു. നല്ല സദ്യയുണ്ടാക്കി. ധാരാളമാളുകൾ വന്നുചേർന്നു. വിവാഹ ചടങ്ങുകൾ ആരംഭിച്ചു. അന്നത്തെ ചടങ്ങനുസരിച്ച് നികാഹും മഹ്ർ നൽകലുമെല്ലാം നടന്നു. ലാബാനിന്റെ മൂത്ത മകൾ ലയാ മണവാട്ടിയായി. യഅ്ഖൂബിന്റെ ഭാര്യയായിത്തീർന്നു...
ഇളയ മകൾ ഹേലിനെയായിരുന്നു യഅ്ഖൂബിന് കൂടുതൽ ഇഷ്ടം. പക്ഷെ കിട്ടിയത് മൂത്ത മകളെ. മൂത്ത മകളെ കെട്ടിച്ചു കൊടുത്തപ്പോൾ ഒരു സമ്മാനം കൂടി നൽകി. ഒരു അടിമപ്പെണ്ണിനെ...
ഒരു ദിവസം യഅ്ഖൂബ് അമ്മാവനോട് ചോദിച്ചു: "താങ്കൾ മൂത്ത മകളെയാണല്ലോ എനിക്ക് കെട്ടിച്ചു തന്നത്. എനിക്ക് പ്രിയപ്പെട്ടവൾ റാഹേൽ ആയിരുന്നു. അവളെ കെട്ടിച്ചു തരാത്തതെന്ത്..?"
അമ്മാവന്റെ മറുപടി ഇങ്ങനെ: "മൂത്തവൾ ഇരിക്കുമ്പോൾ ഇളയവളെ കെട്ടിക്കുന്നത് നല്ല സമ്പ്രദായമല്ല. നമുക്കിടയിൽ അങ്ങനെയൊരു നടപ്പില്ല."
"എനിക്കവളെ കൂടി കെട്ടിച്ചു തരുമോ..?"
"കെട്ടിച്ചു തരാം... ഒരു നിബന്ധനയുണ്ട്. ഏഴു കൊല്ലം എനിക്ക് സേവനം ചെയ്യണം. ഏഴുകൊല്ലം കഴിഞ്ഞ് വിവാഹം കഴിച്ചു തരാം."