സമുന്നതരായ പ്രവാചകന്മാരുടെ കൂട്ടത്തിലാണ് യഅ്ഖൂബ് നബി (അ)നെ അല്ലാഹു ﷻ പരിചയപ്പെടുത്തുന്നത്. വിശുദ്ധ ഖുർആൻ പറയുന്നു. "നബിയേ! നിശ്ചയമായും നൂഹിനും അദ്ദേഹത്തിന് ശേഷമുള്ള നബിമാർക്കും നാം വഹ് യ് നൽകിയത് പോലെ താങ്കൾക്കും നാം വഹ് യ് നൽകിയിരിക്കുന്നു. ഇബ്റാഹീമിനും, ഇസ്മാഈലിനും, ഇസ്ഹാഖിനും, യഅ്ഖൂബിനും (അദ്ദേഹത്തിന്റെ സന്തതികൾക്കും, ഈസാക്കും അയ്യൂബിനും യൂനുസിനും ഹാറൂനും സുലൈമാനും നാം വഹ് യ് നൽകിയിരിക്കുന്നു. ദാവൂദിന് നാം സബൂറും നൽകിയിട്ടുണ്ട്.)" (4:163)
മനുഷ്യവർഗ്ഗത്തിലെ അത്യുന്നതന്മാരെയാണ് നാം ഇവിടെ കണ്ടത്. അക്കൂട്ടത്തിൽ യഅ്ഖൂബ്(അവർകളുമുണ്ട്). സൂറത്തുൽ ബഖറയിൽ ഇങ്ങനെ കാണാം...
"സത്യവിശ്വസികളേ നിങ്ങൾ പറയുക: ഞങ്ങൾ അല്ലാഹുﷻലും ഞങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിലും ഇബ്റാഹിമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂഖിനും (അദ്ദേഹത്തിന്റെ) സന്തതികൾക്കും അവതരിക്കപ്പെട്ടതിലും മൂസാക്കും ഈസാക്കും നൽകപ്പെട്ടതിലും നബിമാർക്ക് തങ്ങളുടെ റബ്ബിൽ നിന്ന് നൽകപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു. അവരിൽ നിന്ന് ഒരാൾക്കിടയിലും ഞങ്ങൾ വ്യത്യാസം വരുത്തുന്നില്ല. ഞങ്ങൾ അല്ലാഹുﷻന് കീഴൊതുങ്ങിയ മുസ്ലിംകളാകുന്നു. (2:136)
മീതെ കൊടുത്ത രണ്ട് ഖുർആൻ വചനങ്ങളിലും യഅ്ഖൂബ്(അ)നെയും അദ്ദേഹത്തിന്റെ സന്തതികളെയും നാം കാണുന്നു. സൂറത്ത് സ്വാദിൽ ചില പ്രവാചകന്മാരെ അനുസ്മരിക്കുന്നുണ്ട്. അക്കൂട്ടത്തിലും യഅ്ഖൂബ്(അ) ഉണ്ട്.
കരബലവും ദൂരകാഴ്ചയുള്ളവർ എന്നാണ് വിശുദ്ധ ഖുർആൻ അവർക്കു നൽകുന്ന വിശേഷണം. പ്രതികൂല സാഹചര്യങ്ങളുമായി നിരന്തര സമരം നടത്താനുള്ള കരുത്ത് അവർക്കുണ്ടായിരുന്നു. ഒരു ശക്തിയുടെ മുമ്പിലും അവർ തല കുനിച്ചില്ല. ഒരു നീക്കു പോക്കിനും തയ്യാറായില്ല...
തല കുനിക്കുന്നത് അല്ലാഹുﷻന്റെ മുമ്പിൽ മാത്രം. അവനാണ് സർവ്വശക്തൻ. അവന്റെ മാർഗ്ഗത്തിലേക്കാണവർ ജനങ്ങളെ ക്ഷണിച്ചത്. അല്ലാഹുﷻന്റെ തൃപ്തിക്കുവേണ്ടി മാത്രമായിരുന്നു അവരുടെ സേവനങ്ങളെല്ലാം. ഒരു കാര്യത്തിലേക്കും എടുത്തു ചാടിയില്ല. വികാരങ്ങൾക്കടിമപ്പെട്ടില്ല. ദീർഘവീക്ഷണത്തോടെയാണ് പ്രവർത്തിച്ചത്. ദൂരക്കാഴ്ച്ചയോടെ കാര്യങ്ങൾ നിർവഹിച്ചു...
വിശുദ്ധ ഖുർആനിൽ ചില പ്രവാചകന്മാരുടെ ചരിത്രം വിശദമായി പറയുന്നു. ചിലരുടേത് തീരെ കുറവാണ്. കുറഞ്ഞ വിവരണമുള്ളവരും പേര് മാത്രം പറഞ്ഞവരുമുണ്ട്...
ഇബ്റാഹീം (അ), ഇസ്ഹാഖ്(അ), യഅ്ഖൂബ്(അ), ഇസ്മാഈൽ(അ) എന്നിവർ മഹാപ്രവാചകന്മാരോടൊപ്പം തന്നെ. അൽയസഅ്(അ), ദുൽകിഫ് ലി(അ) എന്നിവരും ഉണ്ടായിരുന്നു അല്ലാഹുﷻന്റെ മാർഗ്ഗത്തിൽ അവരും കഠിനദ്ധ്വാനം ചെയ്തിട്ടുണ്ട്. അവർക്കും അവേശോജ്ജ്വലമായ മിത്രമുണ്ട്. അവർ ത്യാഗനിർഭരമായ ജീവിതമാണ് നയിച്ചിട്ടുള്ളത്. വിശുദ്ധ ഖുർആനിലെ സൂചനങ്ങളിൽ നിന്ന് അതെല്ലാം മനസ്സിലാവും...
യഅ്ഖൂബ് നബി(അ)നെക്കുറിച്ച് അല്ലാഹുﷻ ഇബ്റാഹീം(അ)ന് നേരത്തെ തന്നെ വിവരം നൽകിയിട്ടുണ്ട്. ഒരിക്കൽ ഏതാനും അതിഥികൾ ഇബ്റാഹീം(അ)ന്റെ വീട്ടിൽ വന്നു. അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അതിഥികളെ സൽക്കരിക്കണം. അടുക്കളയിൽ ചെന്ന് ഭാര്യ സാറ (റ)യോട് വിവരം പറയണം. സംഭാഷണത്തിനിടയിൽ അതിഥികൾക്ക് സംശയം തോന്നാത്ത വിധം പതുങ്ങിയിറങ്ങി. സാറ (റ)യെ വിവരം ധരിപ്പിച്ചു...
ഒരു മൂരിക്കുട്ടിയെ (പശുക്കുട്ടിയെ) അറുത്ത് തൊലിയുരിഞ്ഞു. സാറാ (റ) യെ ഏൽപിച്ചു. നന്നായി പാകം ചെയ്യാൻ പറഞ്ഞു. ഇബ്റാഹീം(അ) അതിഥികളുമായി സംഭാഷണത്തിൽ മുഴുകി. സാറാ (റ) പാചകം പൂർത്തിയാക്കി. ഇബ്റാഹീം (അ) നല്ല പാത്രത്തിൽ അത് കൊണ്ടുവന്നു. അതിഥികളുടെ മുമ്പിൽ വെച്ചു. തിന്നാൻ ആവശ്യപ്പെട്ടു...
സാറാ(റ) വാതിലിനു പിന്നിൽ മറഞ്ഞു നിന്നു. അതിഥികൾ തിന്നുന്നില്ല. രണ്ട് പേർക്കും ഉൽകണ്ഠയായി. കുറച്ചുകഴിഞ്ഞു അതിഥികൾ പറഞ്ഞു. ഞങ്ങൾ മലക്കുകളാണ്. ഒരു സന്തോഷ വാർത്ത അറിയിക്കാൻ വന്നതാണ്. ഞെട്ടിപ്പോയി. മലക്കുകളോ? മലക്കുകൾക്കാണോ സദ്യ ഒരുക്കിയത്..?
ഇരുവരും ആകാംക്ഷയോടെ സന്തോഷ വാർത്ത കേൾക്കാൻ സന്നദ്ധരായി. "നിങ്ങൾക്ക് ജ്ഞാനിയായ ഒരു മകൻ ജനിക്കും" സാറ (റ) ഞെട്ടി. പരിസരം മറന്നു പോയി. ഒരു ശബ്ദം പുറത്തുവന്നു. ആശ്ചര്യം കൊണ്ട് മുഖത്തടിച്ചു പോയി. എന്നിട്ടവർ പറഞ്ഞു: ഞാൻ വന്ധ്യയാണ് കിഴവിയാണ്, എന്റെ ഭർത്താവ് വൃദ്ധനുമാണ്. ഞാൻ പ്രസവിക്കുകയോ? അതിശത്തോടെ ചോദിച്ചു...