യഅ്ഖൂബ് (അ) അമ്മാവനായ ലാബാന്റെ മുന്നിൽ വന്നു നിന്നു. അവർ തമ്മിൽ സംഭാഷണം നടന്നു...
"ഞാനിവിടെ വന്നിട്ടു ഇരുപത് വർഷങ്ങളായി ഞാനെന്റെ കുടുംബത്തിലേക്ക് മടങ്ങിപ്പോവാൻ ആഗ്രഹിക്കുന്നു. എനിക്ക് അനുവാദം നൽകുക."
"എല്ലാവരും കൂടി പോവുകയാണോ?"
"അതെ, ഭാര്യമാരും മക്കളും എന്നോടൊപ്പം വരുന്നു." രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം വേർപ്പാട്...
"നിങ്ങൾക്ക് അവകാശപ്പെട്ട കാലികളെയും കൊണ്ട് പോവാം."
ഇരുപത് വർഷത്തെ അദ്ധ്വാന ഫലം. ഭാര്യമാർക്കുള്ള അവകാശം. നൂറു കണക്കിന് മൃഗങ്ങൾ. ഒട്ടകം, ആട്, പശു, കഴുത തുടങ്ങി മൃഗങ്ങൾ. പിന്നെ അടിമകൾ. അതും വലിയപറ്റം വരും. മൃഗങ്ങളുടെ വലിയ കൂട്ടം ധാരാളം വീട്ടുപകരണങ്ങൾ ആ വലിയ സംഘം ഹർറാൻ വിടുകയാണ്. കാലം സാക്ഷി ആ സംഘം നീങ്ങിപ്പോയി...
ഇരുപത് വർഷങ്ങൾക്കു മുമ്പ് ഒറ്റക്ക് വന്ന യഅ്ഖൂബ് ഇപ്പോൾ തിരിച്ചു പോവുന്നതോ? മരുഭൂമിയിലൂടെ ഒരു വലിയ സംഘം നീങ്ങിപ്പോവുകയാണ്. രാപ്പകലുകൾ മാറി മാറിവന്നു. അവർ കൻആൻ സമീപിക്കുകയാണ്...
യഅ്ഖൂബ് തന്റെ സഹോദരൻ ഐസ്വുവിനെ വിവരമറിയിച്ചു. സ്നേഹസന്ദേശമറിയിച്ചു. ഇസ്മാഈൽ (അ) ന്റെ മകളെയാണ് ഐസ്വു വിവാഹം ചെയ്തതെന്ന് റിപ്പോർട്ടുകളിൽ കാണുന്നു. ഈ ദാമ്പത്യത്തിൽ യോഗ്യരായ സന്താനങ്ങൾ പിറന്നു...
യാത്ര സംഘം സാഈർ എന്ന സ്ഥലത്തെത്തി. അവിടെ തമ്പടിച്ചു. അപ്പോൾ മലക്കുകൾ വന്നു. സന്തോഷ വാർത്ത അറിയിച്ചു. മുമ്പോട്ട് നീങ്ങുക എല്ലാം ശുഭമാണ്. ഇവിടെ വെച്ചാണ് ഐസ്വുവിന് സ്നേഹ സന്ദേശമയച്ചത്. ഐസ്വുവിന് സന്ദേശം കിട്ടി...
അപ്പോഴാണ് ഇരുപത് വർഷങ്ങൾക്ക് മുമ്പു നടന്ന സംഭവങ്ങൾ ഓർമ്മ വന്നത്. അതെല്ലാം അവഗണിക്കാം. പുതിയ ബന്ധം തുടങ്ങാം... തന്റെ സഹേദരൻ ഇപ്പോൾ പ്രവാചകനാണ്. സത്യ സന്ദേശവുമായി വരികയാണ്. സഹോദരനെ ബഹുമാനപൂർവ്വം സ്വീകരിക്കുകയാണ് വേണ്ടത്. ഐസ്വു പുറപ്പെടുകയാണ്. ഒറ്റക്കല്ല. നാന്നൂറ് ആളുകളുടെ അകമ്പടിയോടെ...
വിശാലമായ മരുഭൂമി ഇരട്ട സഹോദരങ്ങളുടെ ഒത്തുചേരലിന്ന് മരുഭൂമി സാക്ഷിയാവാൻ പോവുന്നു. ഐസ്വുവിന് പാരിതോഷികം നൽകാൻ കാലികളുടെ ഒരു ഒരു വിഭാഗത്തെ മാറ്റി നിർത്തി. ചരിത്ര നിമിഷങ്ങൾ പിറന്നു. ഇരട്ട സഹോദരന്മാർ കണ്ടുമുട്ടി. അഭിവാദ്യം ചെയ്തു. പിന്നെ സ്നേഹം നിറഞ്ഞ ആലിംഗനം നടന്നു...
"ഇവരൊക്കെ ആരാണ് ?" ഐസ്വു ചോദിച്ചു.
"എന്റെ ഭാര്യമാരും സന്താനങ്ങളും"
ബന്ധുക്കളുടെ വലിയ കൂട്ടം. പിന്നെ അവർ കൻആനിലേക്ക് നീങ്ങി. അഹ്ലാദം അലതല്ലുകയാണവിടെയും. യഅ്ഖൂബ് മടങ്ങിയെത്തിയിരിക്കുന്നു. വാർത്ത നാടാകെ പരന്നു. ആളുകൾ കൂട്ടം കൂട്ടമായി വരാൻ തുടങ്ങി...
ഇസ്മാഈൽ(അ)ന്റെ പുത്രിയെ ഐസ്വു വിവാഹം ചെയ്തുവെന്ന് പറഞ്ഞല്ലോ, ഇതിൽ അഞ്ചു പുത്രന്മാരുണ്ടായി. ഒരാളുടെ പേര് റൂം എന്നായിരുന്നു. ഇദ്ദേഹത്തിന്റെ സന്താന പരമ്പരയാണ് റോമക്കാർ...
ഐസ്വു പുത്രനോടൊപ്പം റോമിലേക്കുപോയി. പിന്നീട് അദ്ദേഹത്തിന്റെ പരമ്പരയിൽ ധാരാളം രാജക്കന്മാരുണ്ടായി. അവർ ബുദ്ധിമാൻമാരും ശക്തരുമായിരുന്നു. അത് കാരണം റോമക്കാരുടെ സാമ്രാജ്യം ശക്തമായിത്തീർന്നു. മഞ്ഞ നിറമുള്ള മനുഷ്യർ ഐസ്വുവിന്റെ പിൻതലമുറക്കാരാണ്. റോമക്കാരുടെ പിതാവ് എന്ന പേരിൽ ഐസ്വു പ്രസിദ്ധനായിത്തീർന്നു...
യഅ്ഖൂബ്(അ)ന് ഒറ്റ മകളേയുള്ളൂ. ദനാ. മോളോട് വല്ലാത്ത സ്നേഹമാണ്. മോൾക്ക് ഉപ്പയോടും അങ്ങനെ തന്നെ. യൂസുഫ് മോൻ ജനിച്ചതോടെ ഉപ്പയുടെ മനസ്സിൽ നിന്ന് സ്നേഹം ചാലിട്ടൊഴുകാൻ തുടങ്ങി...
ദനായും യൂസുഫും. എത്ര ലാളിച്ചാലും മതിവരില്ല. എപ്പോഴും കൂടെ വേണം. ദനായുടെ കൊച്ചു മനസ്സിൽ യൂസുഫിനോടുള്ള സ്നേഹം നിറഞ്ഞു തുളമ്പി. യൂസുഫ് മോനെ എടുത്ത് കൊണ്ട് നടക്കും. പാട്ടു പാടി രസിപ്പിക്കും. അവർക്കിടയിൽ വല്ലാത്തൊരു സ്നേഹബന്ധം വളർന്നു വരികയാണ്...
ദനാക്ക് എല്ലാ സഹോദരങ്ങളോടും സ്നേഹമാണ്. അവർക്കു തിരിച്ചും അങ്ങനെ തന്നെ. എന്നാൽ യൂസുഫിനോടുള്ള നിഷ്കളങ്കമായ സഹോദര സ്നേഹത്തിന് ഒരു പരിധിയുമില്ല. അത് ഉപ്പ മനസ്സിലാക്കുന്നുണ്ട്. ഉപ്പ അവർക്കിയിലെ സ്നേഹ ബന്ധം കണ്ട് പുളകമണിഞ്ഞു നിന്നു പോവും...
യഅ്ഖൂബ്(അ) തന്റെ പഴയ സ്വനത്തെക്കുറിച്ചോർത്തു. തന്റെ യാത്രയിൽ മലഞ്ചെരിവിൽ കിടന്നുറങ്ങിയപ്പോൾ കണ്ട സ്വപ്നം. അന്നൊരു വാഗ്ദാനം നടത്തിയിട്ടുണ്ട്. അവിടെ മസ്ജിദ് പണിയാമെന്ന്. ആ ദൗത്യം നിർവ്വഹിക്കാൻ പുറപ്പെട്ടു...
ആരാധനാലയം പണിയാൻ തുടങ്ങി. മക്കൾ സഹായിച്ചു. ആരാധിക്കാനുള്ള ചെറിയൊരു സൗകര്യം. അല്ലാഹുﷻന്റെ കൽപന വന്നു. ബൈത്തുൽ മുഖദ്ദസ്. അതാണ് ആരാധനാലയത്തിന്റെ പേര്. ഈ ആരാധനാലയമാണ് പിന്നീട് സുലൈമാൻ നബി(അ) പുനരുദ്ധരിച്ചത്...
ആരാധനാലയത്തോട് ചേർന്നുള്ള പ്രദേശം പുണ്യഭൂമിയായി പ്രഖ്യാപിക്കപ്പെട്ടു. യഅ്ഖൂബ് (അ) തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ തുടങ്ങി. അതോടെ പലവിധത്തിലുള്ള പ്രയാസങ്ങളും തുടങ്ങി. വലിയ പരീക്ഷണങ്ങൾ വരികയാണ്...
യഅ്ഖൂബ്(അ)ന് പിതാവിനെ കാണാൻ മോഹമായി. ഹിബ്റൂൽ എന്ന ഗ്രാമത്തിലാണ് പിതാവിന്റെ താമസം. മഹാനായ ഇസ്ഹാഖ്(
അ). പിതാവിനു വാർദ്ധക്യം ബാധിച്ചിരിക്കുന്നു. തന്റെ ദൗത്യം പൂർത്തീകരിച്ചു പരലോക യാത്രയ്ക്ക് ഒരുങ്ങി നിൽക്കുകയാണ്. ഒരു പുത്രൻ നബിയായി. മറ്റൊരു പുത്രൻ രാജാവായി. രണ്ട് പേരും സ്നേഹത്തിൽ കഴിയുന്നു. അത് കണ്ട് പിതാവ് ആശ്വാസം കൊള്ളുന്നു...