സൂറത്ത് സ്വാദിൽ ഇങ്ങനെ കാണാം... "നമ്മുടെ അടിയൻമാരെയും അതായത് കരബലവും (കർമ്മധീരതയും) ദീർഘദൃഷ്ടി (ഉൾക്കാഴ്ചയും) ഉള്ള ഇബ്റാഹീമിനെയും, യഅ്ഖൂബിനെയും ഓർക്കുക." (38:45)
"നിഷ്കളങ്കമായ ഒരു കാര്യം കൊണ്ട് നാം അവരെ സംശുദ്ധമാക്കിയിരിക്കുന്നു. അതായത് പരലോക ഭവനത്തിന്റെ സ്മരണകൊണ്ട്." (38:46)
"നിശ്ചയമായും അവർ, നമ്മുടെ അടുക്കൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തമൻമാരിൽ പെട്ടവരാകുന്നു." (38:47)
"ഇസ്മാഈലിനെയും, അൽയസഇനെയും, ദുൽകിഫ് ലിയെയും ഓർക്കുക. എല്ലാവരും ഉത്തമൻമാരിൽ പെട്ടവരാകുന്നു." (38:48)
മനുഷ്യവർഗ്ഗത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉത്തമന്മാർ, അവരാണ് മീതെ സൂചിപ്പിച്ച പ്രവാചകന്മാർ. അതി കഠിനമായ പരീക്ഷണങ്ങൾ അതിജീവിച്ചവരാണവർ. പരലോകമാകുന്നു അവരുടെ ലക്ഷ്യം. നിഷ്കളങ്കമായ ഒരു കാര്യം കൊണ്ട് നാം അവരെ സംശുദ്ധമാക്കി എന്നാണ് അല്ലാഹു ﷻ പറയുന്നത്. എന്താണ് അക്കാര്യം?
പരലോക ഭവനത്തിന്റെ സ്മരണ. അല്ലാഹുﷻലും അന്ത്യനാളിലും വിശ്വസിക്കാനാണ് അവർ ജനങ്ങളോട് ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നത്. ഏകനായ റബ്ബിൽ വിശ്വസിക്കുക, തന്റെ മനസ്സിൽ വന്നു പോകുന്ന സകല ചിന്തകളും അല്ലാഹു ﷻ അറിയും. അത്കൊണ്ട് അല്ലാഹു ﷻ ഇഷ്ടപ്പെടുന്ന ചിന്തകൾ മാത്രമേ മനസ്സിൽ വരാൻ പാടുള്ളൂ...
നാവിൽ നിന്ന് വീഴുന്ന ഓരോവാക്കും അല്ലാഹു ﷻ കേൾക്കും. അവൻ ഇഷ്ടപ്പെടാത്ത ഒരു വാക്കും വായിൽ നിന്ന് വരരുത്... തന്റെ കർമ്മങ്ങളെല്ലാം അല്ലാഹു ﷻ കാണുന്നുണ്ട്. അവൻ ഇഷ്ടപ്പെടാത്ത ഒരു കർമ്മവും തന്നിൽ നിന്നുണ്ടായിക്കൂടാ...
എല്ലാം അല്ലാഹുﷻന്റെ തൃപ്തിക്കുവേണ്ടി മാത്രം. അല്ലാഹുﷻന്റെ തൃപ്തിക്കുവേണ്ടി ജീവിച്ചു മരിക്കുക. അവർക്കാണ് പരലോക ഭവനം. അതിലവർ പ്രവേശിക്കും. സ്ഥിരമായി താമസിക്കും. جَنَّاتِ عَدْنٍ സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങൾ, സ്വർഗ്ഗത്തിന്റെ വാതിലുകൾ അവർക്കുവേണ്ടി തുറന്ന് വെക്കപ്പെട്ടിരിക്കുന്നു مُفَتَّحَةً لَهُمُ الْأَبْوَابُ . പരലോക സ്മരണയിലൂന്നി നിന്നുകൊണ്ടുള്ള പ്രവർത്തനം. അതാണ് പ്രവാചകന്മാരെ ഉത്തമൻമാരാക്കിയത്...
സൂറത്തു ദാരിയാത്തിൽ ഈ രണ്ടും ഇങ്ങനെ കാണാം... ഇബ്രാഹീമിന്റെ മാന്യാതിഥികളുടെ വർത്തമാനം നിനക്ക് വന്നിട്ടുണ്ടോ? അതായത് അവർ അദ്ദേഹത്തിന്റെ അടുക്കൽ പ്രവേശിച്ച സന്ദർഭം. എന്നിട്ട് അവർ സലാം എന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു സലാം. അപരിചിതരായ ആളുകൾ. ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുത്തേക്ക് പതുങ്ങിച്ചെന്നു. എന്നിട്ട് തടിച്ചുകൊഴുത്ത ഒരു മൂരിക്കുട്ടനെ (പശുക്കുട്ടിയെ) വേവിച്ചു. കൊണ്ടുവന്നു...
അങ്ങനെ അത് അവരുടെ അടുക്കലേക്ക് അടുപ്പിച്ചുവെച്ചു. അദ്ദേഹം പറഞ്ഞു; നിങ്ങൾ തിന്നുകയല്ലേ, അപ്പോൾ അവരെക്കുറിച്ച് അദ്ദേഹത്തിന് (മനസ്സിൽ) ഭയം തോന്നി.
അവർ പറഞ്ഞു : ഭയപ്പെടേണ്ട.
അദ്ദേഹത്തിന് ജ്ഞാനിയായ ഒരാൺകുട്ടിയെപ്പറ്റി അവർ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു ...
അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ (ഉച്ചത്തിൽ) ഒരു ശബ്ദത്തോടെ മുമ്പോട്ടുവന്നു. എന്നിട്ടവൾ അവളുടെ മുഖത്തടിച്ചു. (ഇങ്ങനെ) പറയുകയും ചെയ്തു (ഞാൻ) വന്ധ്യയായ ഒരു കിഴവി.
അവർ പറഞ്ഞു : അപ്രകാരം തന്നെയാണ് നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നത്. നിശ്ചയമായും അവൻ സർവജ്ഞനായ യുക്തിമാൻ തന്നെ. (സൂറത്തുദ്ദാരിയാത്ത് 24 മുതൽ 30 വരെ വചനങ്ങൾ)
അമ്പിയാഅ് സൂറത്തിൽ ഇങ്ങനെ കാണാം... "ഇസ്ഹാഖിനെയും, കൂടുതലായി യഅ്ഖൂബിനെയും അദ്ദേഹത്തിന് നാം ദാനം നൽകി. എല്ലവരെയും നാം സദ്‌വൃത്തരാക്കുകയും ചെയ്തു." (21:72) ഇബ്റാഹീം(അ)ന് പുത്രനായി ഇസ്ഹാഖിനെ നൽകി പൗത്രനായി യഅ്ഖൂബിനെയും നൽകി...
പുത്രനെ മാത്രമല്ല പൗത്രനെയും നൽകി എന്ന് അല്ലാഹു ﷻ എടുത്തു പറയുകയാണിവിടെ. ഇബ്റാഹീം നബി(അ)ന്റെ ശ്രേഷ്ഠത വിളിച്ചോതുന്ന ഒരു വചനം കൂടി പറയാം. وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا ഇബ്റാഹീമിനെ അല്ലാഹു ﷻ സുഹൃത്തായി സ്വീകരിച്ചു. എത്ര വലി പദവിയാണത്...
ഇബ്റാഹീം(അ) ന്റെ പരമ്പര വളരെ അനുഗ്രഹീതമാണ്. അതിൽ രാജാക്കന്മാരുണ്ട്. നേതാക്കന്മാരുണ്ട്. ആത്മീയ പുരുഷന്മാരുണ്ട്. പരമ്പരയിലെ മഹാപുരുഷനാണ് യഅ്ഖൂബ്(അ) നിശ്ചിത പരമ്പരയെക്കുറിച്ചു ഖുർആൻ പറയുന്നു...
"അവരെ നാം കല്പന പ്രകാരം ജനങ്ങൾക്ക് മാർഗ്ഗ ദർശനം നൽകുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങൾ പ്രവർത്തിക്കുവാനും നിസ്കാരം നിലനിർത്താനും സക്കാത്ത് കൊടുക്കുവാനും നാം അവർക്ക് ബോധനം നൽകുകയും ചെയ്തു. അവർ നമ്മെ ആരാധിക്കുന്നവരുമായി." (21:73)
ഇബ്റഹീം(അ)ന്റെ പിൻഗാമികളുടെ അവസ്ഥയാണത്. ഇപ്പറഞ്ഞ ഗുണങ്ങൾ ഒത്തിണങ്ങിയ നേതാവായിരുന്നു യഅ്ഖൂബ്(അ). സകരിയ്യാ നബി(അ)ന്റെ പ്രാർത്ഥന ഉദ്ധരിച്ചു കൊണ്ട് സൂറത്തു മർയം ആരംഭിക്കുന്നത്. അതിങ്ങനെയാണ്. സകരിയ്യ (അ) ദുആ. ചെയ്തു. എന്റെ റബ്ബേ...! നിശ്ചയമായും ഞാൻ - എന്റെ എല്ലുകൾ ബലഹീനമായിരിക്കുന്നു. തല നരയാൽ കത്തിത്തിളങ്ങുകയും ചെയ്തിരിക്കുന്നു. നിന്നോട് പ്രാർത്ഥിച്ചതിൽ എന്റെ റബ്ബേ! ഞാൻ നിർഭാഗ്യവാനുമായിട്ടില്ല." (19:4)
എന്റെ പിന്നീടുണ്ടാവുന്ന ബന്ധുകുടുംബങ്ങളെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു. എന്റെ ഭാര്യ മച്ചിയായിരിക്കുന്നു. അത് കൊണ്ട് നിന്റെ പക്കൽ നിന്ന് ഒരു ബന്ധുവേ ( പിൻതുടർച്ചാവകാശിയെ) എനിക്ക് നീ ദാനം നൽകണമേ!" (19:5)
അടുത്ത വചനത്തിൽ യഅ്ഖൂബ്(അ)നെ എടുത്തു പറയുന്നു. "എനിക്കും യഅ്ഖൂബ് കുടുംബത്തിനും അനന്തരവകാശിയായിത്തീരുന്ന ഒരു ബന്ധുവിനെ..., നീ സുസമ്മതം നൽകുകയും ചെയ്യേണമേ..." (19:6) സക്കറിയ്യാ (അ)ന്റെ പ്രാർത്ഥനയിൽ യഅ്ഖൂബ്(അ)ന്റെ പേര് പറഞ്ഞിരിക്കുന്നു. ഈ ദുആയുടെ ഫലമായിട്ടാണ് യഹ് യ എന്ന കുട്ടിയെ കിട്ടിയത്...
യഅ്ഖൂബ് നബി (അ)ന്റെ മറ്റൊരു പേരാണ് ഇസ്റാഈൽ. യഅ്ഖൂബ്(അ)ന്റ പരമ്പരയാണ് ബനു ഇസ്റാഈൽ. ഒട്ടനേകം പ്രവാചകമാരും, ഔലിയാക്കന്മാരും, സ്വാലിഹീങ്ങളും ആ സമൂഹത്തിലുണ്ട്. ഒരു കാലത്ത് ലോകത്തിന് വിജ്ഞാനത്തിന്റെ പ്രകാശം നൽകിയതും അവരായിരുന്നു...
വിശുദ്ധ ഖുർആൻ ചോദിക്കുന്നു. "നിങ്ങൾ പറയുന്നുവോ : നിശ്ചയമായും ഇബ്റാഹീമും ഇസ്മാഈലും, ഇസ്ഹാഖും യഅ്ഖൂബും സന്തതികളും യഹൂദികളോ നസ്രാണികളോ ആയിരുന്നുവെന്ന്. പറയുക നിങ്ങളാണോ ഏറ്റവും അറിയുന്നവർ അതല്ല, അല്ലാഹുവോ?" മനുഷ്യവർഗ്ഗത്തിൽ യഅ്ഖൂബ്(അ)നുള്ള മഹത്വം മനസ്സിലാക്കാൻ ഈ വിശുദ്ധ വചനകൾ മതി.