Wednesday - 22 April, 2026 4-Dhu al-Qadah-1447

മരുഭൂമിയിലെ യാത്രക്കാരൻ (1)

   നോക്കെത്താ ദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന മരുഭൂമി. സൂര്യൻ പടിഞ്ഞാറോട്ട് ചാഞ്ഞു തുടങ്ങി. സൂര്യരശ്മികളുടെ ചൂട് കുറഞ്ഞു വന്നു. അങ്ങകലെ നിന്ന് ഒരു യുവാവ് യാത്ര ചെയ്തു വരുന്നു. ദീർഘയാത്ര കാരണം നന്നെ ക്ഷീണിച്ചിരിക്കുന്നു... 


 ഇനിയൊന്നു വിശ്രമിക്കണം. രാത്രി ഉറങ്ങാൻ ഒരിടം വേണം. ആ പ്രദേശം വിജനമാണ്. ഒരു വീട് പോലും കാണാനില്ല. അനേകം മൊട്ടക്കുന്നുകൾ. ഒരു കുന്നിന്റെ താഴ്‌വരയിൽ ചെറുപ്പക്കാരൻ എത്തി. വാഹനത്തിൽ നിന്നിറങ്ങി. നിലത്ത് തുണിവിരിച്ചു. ഇന്ന് ഇവിടെ കഴിയാം. ഉറങ്ങുമ്പോൾ തല വെയ്ക്കാൻ പാകമുള്ള കല്ലെടുത്ത് വെച്ചു...


 സുമുഖനായ ചെറുപ്പക്കാരൻ. ശാന്തഗംഭീരമായ മുഖഭാവം. കഠിനമായ ചിന്തയുടെ ഭാരം. ദാണ്ഡമഴിച്ചു ഭക്ഷണപ്പൊതിയെടുത്തു. അല്പം ആഹാരം കഴിച്ചു. പാത്രത്തിൽ കരുതിയ വെള്ളം അല്പം കുടിച്ചു... 


 മണലിൽ വിരിച്ച തുണിയിൽ മലർന്നു കിടന്നു. മരുഭൂമിയിൽ ഇരുട്ട് ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. പകൽപോയ്മറഞ്ഞിട്ടും ഒരു യാമം കഴിയാറായി. ചുറ്റുപാടും ഇന്നും തന്നെ...


 "അല്ലാഹുവേ! എന്നെ കാത്തുകൊള്ളേണമേ! നീയല്ലാതെ എനിക്കൊരു കാവൽക്കാരനില്ല. എല്ലാ കാര്യങ്ങളും ഞാൻ നിന്നിൽ ഭരമേൽപ്പിച്ചിരിക്കുന്നു." 

 ആകാശ നീലിമയിൽ ചില നക്ഷത്രങ്ങൾ കണ്ണ് മിഴിക്കുന്നു. എങ്ങോട്ടോ നീങ്ങിപ്പോവുന്ന വലിയ മേഘങ്ങൾ...


 "അല്ലാഹുവേ! നീയാണ് സൃഷ്ടി വൈഭവം! ചെറുതും വലുതുമായ എന്തുമാത്രം ജീവികൾ! അവയെ പടച്ചതും പരിപാലിക്കുന്നതും അങ്ങാണ്. നീ തന്നെ റബ്ബ് ! നിനക്കാണ് സ്തുതി! നീയാണ് സർവ്വശക്തൻ"


 വീട്ടിൽ നിന്ന് പോന്നിട്ട് ഏതാനും ദിവസങ്ങളായി. ലക്ഷ്യസ്ഥാനത്തെത്താൻ ഇനിയും ദിവസങ്ങളെടുക്കും. ഓർത്തോർത്ത് കിടന്നു. കണ്ണുകൾ മെല്ലെ അടഞ്ഞു. ഗാഢനിദ്രയിലേക്കു വീണു. നല്ലൊരു സ്വപ്നം കാണുന്നു...


 തന്റെ ശിരസ്സിനരികെ വലിയൊരു കോണി. അത് ആകാശം വരെ നീണ്ട് പോവുന്നു. ആകാശ കവാടത്തിൽ ചാരി വെച്ചിരിക്കുന്നു. ആകാശത്തു നിന്നു മലക്കുകൾ കോണിപ്പടിയിലൂടെ ഇറങ്ങി വരുന്നു. ചിലർ ഇറങ്ങി വരുന്നു. ചിലർ കയറിപ്പോവുന്നു... 


 മലക്കുകൾ..! എത്ര മനോഹരം അവരുടെ രൂപം!! കണ്ടിട്ടു മതി വരുന്നില്ല. കുറേ നേരമായി കോണിപ്പടിയിലൂടെ ഇറങ്ങുകയും കയറുകയും ചെയ്തു കൊണ്ടിരിക്കുകയാണ് മലക്കുകൾ. അത്ഭുതകരമായ കാഴ്ച! അത് കണ്ട് ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ശബ്ദം കേട്ടു... 


"ഞാൻ അല്ലാഹു ആകുന്നു. ഞാനല്ലാനെ ഒരു ആരാധ്യനും ഇല്ല. ഞാൻ നിന്റെ ഇലാഹ് ആകുന്നു. നിന്റെ പിതാമഹന്മാരുടെയും ഇലാഹ് ആകുന്നു. ഇത് പരിശുദ്ധമായ ഭൂമിവാകുന്നു. ഞാൻ നിന്റെ സന്തതികൾക്കും ഇതിന്റെ അവകാശം നൽകിയിരിക്കുന്നു.

നിനക്ക് ധാരാളം സന്തതികളുണ്ടാവും. സമൃദ്ധമായ സന്താന പരമ്പര. അവരിൽ നിന്ന് ധാരാളം നബിമാർ ഉണ്ടാകും. ധാരാളം രാജാക്കന്മാരുണ്ടാവും. നിന്റെ സന്താന പരമ്പരയിൽ പെട്ട ചില നബിമാർക്ക് കിത്താബുകൾ ഇറക്കപ്പെടും. വേദഗ്രന്ഥങ്ങളും, പ്രവാചക പദവിയും, രാജാധികാരവും നിന്റെ സന്താന പരമ്പരയ്ക്ക് നാം നൽകുന്നതാണ് "


 എത്ര നല്ല സ്വപനം..! അത് കണ്ട് കൊണ്ടിരിക്കുമ്പോൾ എന്തൊരു സന്തോഷം...