ഉപ്പാക്ക് എപ്പോഴും കരച്ചിലാണ്. നഷ്ടപ്പെട്ടുപോയ മകനെക്കുറിച്ചോർത്ത് എപ്പോഴും കരയും. ഉപ്പായുടെ മനസ്സ് യൂസുഫിനെക്കുറിച്ചോർത്ത് വിങ്ങുകയാണ്.
"മോനെ... നിനക്കെന്നെ മനസ്സിലായോ!?" മോൻ ഒന്നും മനസ്സിലാവാതെ രാജാവിന്റെ മുഖത്തേക്ക് അതി ലാഘവത്തോടെ നോക്കി നിന്നു. അപ്പോൾ അസീസ് ചിരിച്ചുകൊണ്ട് പറയുകയാണ്.
"മോനെ... ഞാനാണ് യൂസുഫ് ! മോന്റെ ഇക്കാക്ക"
"എന്റെ പടച്ചോനെ... " ബിൻയാമിൻ ഞെട്ടിപ്പോയി. ഇക്കാക്കയെ കെട്ടിപ്പിടിച്ചു തേങ്ങിക്കരഞ്ഞുപോയി. ഇക്കാക്കക്കും കരച്ചിലടക്കാനായില്ല...
"നമ്മുടെ ഉപ്പ ..." ബിൻയാമിൻ പറഞ്ഞു തുടങ്ങി.
"മോനെ... ഉപ്പായെ കാണണം. അതിനുള്ള സന്ദർഭം വരും ... ഇൻശാഅല്ലാഹ്"
ബിൻയാമിന് മനസ്സിലൊതുങ്ങാത്ത ആഹ്ലാദം. ഇങ്ങനെ ഒരു കൂടിക്കാഴ്ച്ചയുണ്ടാകുമെന്ന് ഒരിക്കലും കരുതിയതല്ല. അല്ലാഹുﷻ നൽകിയ അനുഗ്രഹം. കാണാൻ കഴിഞ്ഞല്ലോ. ഉപ്പായുടെ അടുത്ത് പറന്നെത്താനുള്ള ആവേശമുണ്ട്. പറക്കാൻ തനിക്ക് ചിറകില്ലല്ലോ, ഉപ്പായെ ഈ വിവരം അറിയിക്കണം...
ഇക്കാക്കയെ കാണാൻ വലിയ വലിയ ആളുകൾ വന്നുകൊണ്ടിരിക്കുന്നു. തന്നൊടൊപ്പം സഞ്ചരിച്ചു നടക്കാനെവിടെ സമയം. കൊട്ടാരം സ്വന്തം വീടുപോലെയായി. എല്ലാ സ്ഥലവും ഓടി നടന്നുകാണുകയാണ്. പരിചാരകന്മാർ സ്നേഹത്തോടെ നോക്കുന്നു. ചിരിക്കുന്നു. കൂടെ നടക്കുന്നു...
അതാവരുന്നു ഇക്കാക്കമാർ. അവർക്കറിയില്ല ഈ അസീസ് ആരാണെന്ന്. അവർ അതറിയേണ്ട. താൻ അക്കാര്യം പറയാൻ പോവുന്നില്ല. ഇക്കാക്കമാർ ഊഴം കാത്ത് നിൽക്കുകയാണ്. ധാന്യം കിട്ടിയാൽ മാങ്ങിപ്പോവാം. അവർക്ക് മറ്റൊന്നും ചിന്തിക്കാനില്ല...
സഹോദരങ്ങളെല്ലാം വളരെ സന്തോഷത്തിലാണ്. അസീസ് തങ്ങളെ നന്നായി സ്വീകരിച്ചിരിക്കുന്നു. ബിൻയാമിനെ കണ്ടപ്പോൾ അസീസിന് സന്തോഷമായി. നല്ല അളവിൽ ധാന്യം നൽകുകയും ചെയ്തു. ഇനി താൻ മടങ്ങി പോവുകയാണ്. കൻആനിലേക്ക്...
എല്ലാവരും ഒട്ടകപ്പുറത്ത് കയറി. ബിൻയാമീനും കയറി. അൽപ ദൂരം നീങ്ങിയതേയുള്ളൂ. അപ്പോൾ വിളിയാളംകേട്ടു. "ഹേ... യാത്രക്കാരെ! നിൽക്കുക. നിങ്ങൾ കൊള്ള നടത്തിയിരിക്കുന്നു." അവർ യാത്ര നിർത്തി.
"നിങ്ങൾക്കെന്താണ് കളവ് പോയിരിക്കുന്നത്?"
"അളവു പാത്രം"
"ഞങ്ങൾ അതെടുത്തിട്ടില്ല. ഞങ്ങൾ മാന്യൻമാരാണ്. മോഷണം നടത്തുകയില്ല."
"അത് പറഞ്ഞാൽ പറ്റില്ല പരിശോധിക്കണം."
"ഞങ്ങളിവിടെ കുഴപ്പമുണ്ടാക്കുന്നവരല്ല. ഞങ്ങൾ ആരുടെയും സാധനം കളവു നടത്തുകയില്ല."
സേവകന്മാർ കർശന നിലപാടെടുത്തു. ഒട്ടകപ്പുറത്തുള്ള സാധനങ്ങൾ തുറന്നു പരിശോധിക്കാൻ തുടങ്ങി. ഓരോ ചാക്കുകൾ പരിശോധിച്ചു. ഒന്നിലുമില്ല. അവസാനം ഒരു ചാക്കുകെട്ട് ബാക്കിയായി. ബിൻയാമീന്റെ കെട്ട്. അതിൽ ഉണ്ടാവില്ലെന്ന് എല്ലാവർക്കും ഉറപ്പാണ്...