കൊച്ചുമോന്റെ കാര്യമോർത്താൽ ഉപ്പാക്ക് ബേജാറുണ്ട്. ഉപ്പ മോനെ ഉപദേശിച്ചതിങ്ങനെ... "നിന്റെ സഹോദരങ്ങൾ നിനക്കെതിരെ സൂത്രങ്ങൾ പ്രയോഗിച്ചേക്കാം... പിശാച് അതിനവരെ പ്രേരിപ്പിക്കും. പിശാച് മനുഷ്യരുടെ വ്യക്തമായ ശത്രുവാകുന്നു."
പുത്രന്മാർ പിതാവിനെ സമീപിച്ചു. യൂസുഫിനെ തങ്ങാളോടൊപ്പം കാട്ടിലേക്കയക്കണമെന്ന് അപേക്ഷിച്ചു. പിതാവ് സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു: "നിങ്ങൾ യൂസുഫിന്റെ കാര്യത്തിൽ വേണ്ടത് പോലെ ശ്രദ്ധിക്കില്ല. എന്തെങ്കിലും ആപത്ത് സംഭവിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു."
പുത്രന്മാർ നിർബന്ധം തുടർന്നു. സമ്മതിക്കും വരെ സമ്മർദ്ദം തന്നെ. ഒടുവിൽ സമ്മതം മൂളി. ആ രംഗം വളരെ ഹൃദയസ്പർശിയായിരുന്നു. രാവിലെ തന്നെ യൂസുഫിനെ കളിപ്പിച്ചു. മുടി ചീകിയൊതുക്കി. വെള്ള ഉടുപ്പ് ധരിച്ചു. തലപ്പാവ് കെട്ടിക്കൊടുത്തു...
ഇത്താത്ത ദനാ കരയുന്നു. കാെച്ചനുജനെ ഇക്കാക്കമാരുടെ കൂടെ കാട്ടിലേക്കയക്കാൻ ദനാക്കു മനസ്സ് വരുന്നില്ല. മോനെ കെട്ടിപ്പിടിച്ചു. ചുംബനം നൽകി. "മോനെ നല്ലോണം നോക്കണേ...!" ഇക്കാക്കമാരോട് ദനാ കെഞ്ചി പറഞ്ഞു. ദനായുടെ വിഷമം കാണാം തോറും പിതാവിന്റെ ദുഃഖം കൂടി കൂടി വന്നു...
മോന് കഴിക്കാനുള്ള ആഹാരം പൊതിഞ്ഞെടുത്തു. കുടിക്കാനുള്ള വെള്ളവുമെടുത്തു. യഅഖുബ്(അ) ലാവി എന്ന മകനെ വിളിച്ചു. ആഹാരപ്പൊതി ഏൽപ്പിച്ചിട്ട് പറഞ്ഞു: "മോനെ... ഇത് യൂസുഫ് മോന്റെ ആഹാരമാണ്. അവൻ വിശന്നാൽ നീ ആഹാരം നൽകണം. അക്കാര്യം നിന്നെയാണ് ഏൽപിക്കുന്നത്."
"ഉപ്പാ ഞാൻ ആഹാരം കൊടുത്തു കൊള്ളാം... ഉപ്പ അതോർത്ത് വിഷമിക്കേണ്ട..." ലാവി ഉറപ്പിച്ചു പറഞ്ഞു.
ശംഊൻ എന്ന മകനെ വിളിച്ചു. തോൽപ്പാത്രം നൽകി പറഞ്ഞു: "മോനേ... ഇത് യൂസുഫ് മോന് കുടിക്കാനുള്ള വെള്ളമാണ്. അവന് ദാഹിക്കുമ്പോൾ വെള്ളം കൊടുക്കണം."
"ഉപ്പ ഒന്നുകൊണ്ടും വിഷമിക്കേണ്ട. വെള്ളം കൊടുക്കുന്ന കാര്യം ഞാൻ ഏറ്റു"
യഹൂദാ എന്ന മകനെ വിളിച്ചു പറഞ്ഞു: "മോനെ... യഹൂദ... യൂസുഫ് മോൻ എപ്പോഴും നിന്റെ സംരക്ഷണത്തിലായിരിക്കണം. നീ അവനെ പിരിഞ്ഞിരിക്കരുത്."
"ഉപ്പാ ഞാൻ അവന്റെ കൂടെ തന്നെയുണ്ടാവും."
റൂബീൽ എന്ന മകൻ മുന്നോട്ട് വന്നു. യൂസുഫിനെ എടുത്ത് ചുമലിൽ
കയറ്റി ഇരുത്തി. " ഉപ്പാ.... പോയി വരട്ടെ." യൂസുഫ് മോൻ യാത്ര ചോദിച്ചു. ഉപ്പ മോനെ കെട്ടിപ്പിടിച്ചു. ചുംബനം നൽകി. ഉപ്പയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. വലിയ ആട്ടിൻകൂട്ടത്തെയും തെളിച്ചു കൊണ്ട് മക്കൾ പോയി...
ദനാ ഇക്കാക്കമാർ പോവുന്നത് നിസ്സഹായായി നോക്കി നിന്നു. യൂസുഫ് മോൻ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ ദനാ പൊട്ടിക്കരഞ്ഞു. ഉപ്പ വീട്ടിനകത്ത് കയറി കട്ടിലിൽ കിടന്നു. യഅ്ഖൂബ്(അ) സ്വന്തം പിതാവിനെ ഓർത്തു. പ്രയപ്പെട്ട പിതാവ് ഇസ്ഹാഖ്(അ).
ഒരിക്കൽ ഇസ്ഹാഖ് (അ) പുത്രൻ യഅ്ഖൂബ്(അ)നോട് പറഞ്ഞു. "ഇബ്റാഹീം നബി(അ) എന്നോടിങ്ങനെ പറഞ്ഞു: മോനെ... ഇസ്ഹാഖ്! നിനക്കൊരുമകൻ ജനിക്കും. അവന്റെ പേര് യഅഖൂബ് എന്നായിരിക്കും. അവന് ആദമിന്റെ രൂപ ലാവണ്യമുണ്ടാവും. ഇബ്റാഹീമിന്റെ ജ്ഞാനം ലഭിക്കും. നൂഹ് നബി (അ) ന്റെ സങ്കടം അനുഭവിക്കും. ഇസ്മാഈൽ നബിയെ പോലെ ബന്ധുക്കളെ പിരിഞ്ഞു താമസിക്കേണ്ടി വരും. സ്വന്തം മകന്റെ വേർപ്പാടിൽ സങ്കടപ്പെടും."
യഅ്ഖൂബ്(അ) പിതാവിന്റെ വാക്കുകൾ ഓർത്തു. കുടുംബത്തെ പിരിഞ്ഞു താമസിക്കേണ്ടി വന്നു. ഇരുപത് കൊല്ലക്കാലം. ഇനി പുത്രനെ പിരിഞ്ഞിരിക്കേണ്ടി വരുമോ? യഅ്ഖൂബ്(അ) വല്ലാതെ ദുഃഖിതനായി. റാഹീൽ തന്നെ വിട്ടുപോയി. ആ ദുഃഖം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഇനി യൂസുഫും വേർപിരിയുകയാണോ..?
ബിൻയാമീനെ കൈകളിലെടുത്തു. പൊന്നിളം പൈതലിനെ ചുംബിച്ചു. അപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി. ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം... ഒരു ദിവസം രാത്രി ഉറങ്ങുമ്പോൾ ദനാ ഒരു സ്വപ്നം കണ്ടു. ഒരു ചെന്നായ യൂസുഫിനെ അക്രമിക്കുന്നതാവി സ്വപ്നം കണ്ടു. ഭയന്നു നിലവിളിച്ചു പോയി...
രാവിലെ ഉണർന്നപ്പോൾ മനസ്സുനിറയെ ഭീതിയായിരുന്നു. യൂസുഫിന് എന്തോ അപകടം സംഭവിക്കാൻ പോവുന്നത് പോലെ തോന്നി. ഉണർന്ന ഉടനെ യൂസുഫ് കിടക്കുന്ന സ്ഥലത്ത് പോയി നോക്കി. അവിടെ യൂസുഫ് ഉണ്ടായിരുന്നില്ല. വെപ്രാളത്തോടെ ഉപ്പായുടെ അടുത്തേക്കോടി...
ഉപ്പ കടുത്ത ദുഃഖത്തോടെ കരയുന്നതാണ് കണ്ടത്. "ഉപ്പാ... യൂസുഫ് മോൻ എവിടെ? ദനാ നിലവിളിച്ചുകൊണ്ട് ചോദിച്ചു."
"യൂസുഫിനെ അവർ കൊണ്ടുപോയി." ഉപ്പ വേദനയോടെ പറഞ്ഞു.
അവർ പോയ വഴിയെ ദനാ ഓടി. ഉച്ചത്തിൽ കരഞ്ഞു കൊണ്ടുള്ള ഓട്ടം. സഹോദരങ്ങളുടെ അടുത്തെത്തി. യൂസുഫിനെ കെട്ടിപ്പിടിച്ചു. "മോനെ.... പോകരുത്. ഇവരുടെ കൂടെ പോവരുത്. വാ.... നമുക്ക് മടങ്ങിപ്പോകാം..."
യൂസുഫിനെ സഹോദരി പിടിച്ചു വലിച്ചു. അവർ വിട്ടില്ല. കോപത്തോടെ അവളെ പിടിച്ചു തള്ളി. ദനാ വീണു പോയി. അവർ യൂസുഫിനെയും കൊണ്ട് പോയി. പിന്നാലെ ചെന്ന ദനായെ അവർ അടിച്ചോടിച്ചു. ഉറക്കെനിലവിളിച്ചു കൊണ്ട് ദനാ മടങ്ങിപ്പോന്നു...
ദനാ എന്ന സഹോദരിയുടെ മനസ്സ് നീറുകയായിരുന്നു. അന്ന് പകൽ മുഴുവൻ ഉപ്പയോടൊപ്പമിരുന്നു കണ്ണീരൊഴുക്കി. യൂസുഫിനെ രക്ഷിക്കാൻ കഴിയാത്ത നിസ്സഹായത ദനായുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു...