ഓരോ ചാക്കുകൾ പരിശോധിച്ചു. ഒന്നിലുമില്ല. അവസാനം ഒരു ചാക്കുകെട്ട് ബാക്കിയായി. ബിൻയാമീന്റെ കെട്ട്. അതിൽ ഉണ്ടാവില്ലെന്ന് എല്ലവർക്കും ഉറപ്പാണ്. തുറന്നപ്പോഴോ? അതാ ഇരിക്കുന്നു അളവു പാത്രം...
എല്ലാവരും ഞെട്ടിപ്പോയി...!!
സഹോദരങ്ങൾക്ക് ബിൻയാമീനോട് കടുത്ത കോപം വന്നു. കട്ടവനെ പിടികൂടുക, ശിക്ഷിക്കുക അത് കൻആനിലെ നിയമം. ആ നിയമം ഇവിടെയും നടപ്പാക്കുന്നു. ബിൻയാമിനെ ഉപേക്ഷിക്കുക. മറ്റുള്ളവർക്കു പോവാം. കല്പന വന്നു. പക്ഷേ എങ്ങനെ പോവും? ഉപ്പായുടെ അടുത്തേക്ക് പോവാൻ പറ്റുമോ..?
അവർ അസീസിനെ സമീപിച്ചു സങ്കടം പറഞ്ഞു. ഞങ്ങൾക്ക് പ്രായമായ ഒരു പിതാവുണ്ട്. ബിൻയാമീനെ കണ്ടില്ലെങ്കിൽ അദ്ദേഹം സങ്കടപ്പെടും. ബിൻയാമീനെ വിട്ടുതരണം. ഞങ്ങളിലൊരാളെ പകരമായി സ്വീകരിക്കണം...
"എന്ത്? കട്ടവനെ വിടുക. നിരപരാധിയായ മറ്റൊരാളെ ബന്ധനത്തിലാക്കുക. അതു പറ്റില്ല."
"ഇവൻ കള്ളനാണെങ്കിൽ മുമ്പ് അവന്റെ സഹോദരനും കട്ടിട്ടുണ്ട്."
അസീസ് അവരെ നോക്കി. യൂസുഫിനോടുള്ള വെറുപ്പ് ഇപ്പോഴും തീർന്നിട്ടില്ല. ഇവർ ഇപ്പോഴും നന്നായിട്ടില്ല. ദുഷ്ടചിന്തയിൽ തന്നെയാണ്. അവർ ഒരൊഴിഞ്ഞ സ്ഥലത്ത് യോഗം ചേർന്നു. റൂബീൽ മറ്റുള്ളവരോട് ചോദിച്ചു.
"നിങ്ങൾ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്തിട്ടല്ലെ ഉപ്പ ബിൻയാമിനെ വിട്ടു തന്നത്. പിന്നെ ഞാനെങ്ങനെ തിരിച്ചു പോകും..? ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല. പിതാവ് വിളിക്കട്ടെ. എന്നാൽ വരാം.. നിങ്ങൾ പോവണം. പിതാവിനോട് വിവരങ്ങൾ പറയുക. മറ്റ് യാത്രക്കാരും മിസ്റുകാരുമെല്ലാം സാക്ഷികളാണ്. അവരോട് ഉപ്പ നേരിട്ട് ചോദിക്കട്ടെ."
റൂബിൽ അല്ലാത്തവർ യാതയായി. ബിൻയാമീൻ തടവിലുമായി. ഇത് വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കു...
"എന്നിട്ട് യൂസുഫ് തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തേക്കാള്‍ മുമ്പായി അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ തുടങ്ങി. പിന്നീട് തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തില്‍ നിന്ന് അദ്ദേഹമത് പുറത്തെടുത്തു. അപ്രകാരം യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്‍റെ നിയമമനുസരിച്ച് അദ്ദേഹത്തിന് തന്‍റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു...
وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ
അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്." (12:76)
"അവര്‍ പറഞ്ഞു: പ്രഭോ! ഇവന് വലിയ വൃദ്ധനായ പിതാവുണ്ട്. അതിനാല്‍ ഇവന്‍റെ സ്ഥാനത്ത് ഞങ്ങളില്‍ ഒരാളെ പിടിച്ച് വെക്കുക. തീര്‍ച്ചയായും താങ്കളെ ഞങ്ങള്‍ കാണുന്നത് സദ്‌വൃത്തരില്‍പെട്ട ഒരാളായിട്ടാണ്." (12:78)
"അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ ശരണം. നമ്മുടെ സാധനം ആരുടെ കയ്യില്‍ കണ്ടെത്തിയോ അവനെയല്ലാതെ നാം പിടിച്ച് വെക്കുകയോ? എങ്കില്‍ തീര്‍ച്ചയായും നാം അക്രമകാരികള്‍ തന്നെയായിരിക്കും." (12:79)
ബിൻയാമീൻ കളവു നടത്തിയെങ്കിൽ അതിന് മുമ്പ് അവന്റെ സഹോദരൻ യൂസുഫ് കളവ് നടത്തിയിട്ടുണ്ട്. എന്ന പരാമർശത്തെക്കുറിച്ച് പരിശുദ്ധ ഖുർആൻ പറയുന്നിതിങ്ങനെയാണ്.
"അവര്‍ (സഹോദരന്‍മാര്‍) പറഞ്ഞു: അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ (അതില്‍ അത്ഭുതമില്ല.) മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ യൂസുഫ് അത് തന്‍റെ മനസ്സില്‍ ഗോപ്യമാക്കിവെച്ചു. അവരോട് അദ്ദേഹം അത് (പ്രതികരണം) പ്രകടിപ്പിച്ചില്ല. അദ്ദേഹം (മനസ്സില്‍) പറഞ്ഞു: നിങ്ങളാണ് മോശമായ നിലപാടുകാര്‍. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്." (12:77)
"അങ്ങനെ അവനെ (സഹോദരനെ) പ്പറ്റി അവര്‍ നിരാശരായി കഴിഞ്ഞപ്പോള്‍ അവര്‍ തനിച്ച് മാറിയിരുന്ന് കൂടിയാലോചന നടത്തി. അവരില്‍ വലിയ ആള്‍ പറഞ്ഞു: നിങ്ങളുടെ പിതാവ് അല്ലാഹുവിന്‍റെ പേരില്‍ നിങ്ങളോട് ഉറപ്പ് വാങ്ങിയിട്ടുണ്ടെന്നും, യൂസുഫിന്‍റെ കാര്യത്തില്‍ മുമ്പ് നിങ്ങള്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ക്കറിഞ്ഞ് കൂടെ? അതിനാല്‍ എന്‍റെ പിതാവ് എനിക്ക് അനുവാദം തരികയോ, അല്ലാഹു എനിക്ക് വിധി തരികയോ ചെയ്യുന്നത് വരെ ഞാന്‍ ഈ ഭൂപ്രദേശം വിട്ടുപോരുകയേ ഇല്ല. വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനത്രെ അവന്‍." (12:80)
അവർക്ക് കിട്ടിയ ധാന്യങ്ങളുമായി പുറപ്പെട്ടു. അവരോടൊപ്പം കൻആനിൽ നിന്നുള്ള മറ്റ് സംഘങ്ങളുമുണ്ടായിരുന്നു. ശാമുകാരും ഉണ്ടായിരുന്നു. ബിൻയാമിന്റെ സംഭവം എല്ലാവർക്കുമറിയാം. അവർ നാട്ടിലെത്തി. ഉപ്പ ആകാംക്ഷയോടെ നോക്കുകയാണ്. ബിൻയാമിനെക്കാണാൻ...
"എവിടെ? എവിടെ എന്റെ ബിൻയാമിൻ?" ബിൻയാമിനെ കാണാനില്ല...
സഹോദരങ്ങൾ ദുഃഖത്തോടെ സംഭവം വിവരിച്ചു. ഉപ്പ അതൊന്നും സ്വീകരിച്ചില്ല...
"നിങ്ങൾ യൂസുഫിനെ കൊണ്ടുപോയി കളഞ്ഞു. ഇപ്പോ ബിൻയാമിനെയും നഷ്ടപ്പെടുത്തി. നിങ്ങളുടെ മനസ്സ് എന്തൊക്കെയോ തോന്നിച്ചു. അത് നിങ്ങൾ പ്രവർത്തിച്ചു. ക്ഷമിക്കുകയല്ലാതെ എനിക്ക് മറ്റെന്ത് ചെയ്യാൻ കഴിയു
ം?"
യൂസുഫിനെയോർത്ത് കരഞ്ഞ് കരഞ്ഞ് കണ്ണുകൾ വെളുത്തു പോയി. കാഴ്ച വളരെ കുറഞ്ഞുപോയി. യഅ്ഖൂബ്(അ) തന്റെ ഏകാന്തതയിലേക്ക് മാറി. മക്കളെക്കുറിച്ചോർത്ത് കരഞ്ഞു. ജഗന്നിയന്താവായ റബ്ബിനോട് പ്രാർത്ഥന തുടർന്നു...
"എന്റെ മക്കളെ! നിങ്ങൾ യൂസുഫിനെയും ബിൻയാമിനെയും അന്വേഷിക്കുക. എനിക്കവരെ കാണണം. വിരഹ ദുഃഖം എന്നെ വല്ലാതെ ബാധിച്ചിരിക്കുന്നു." യഅ്ഖൂബ്(അ) ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു.
" ഉപ്പാ... നിങ്ങളെന്തിനാണ് യൂസുഫിനെക്കുറിച്ചോർത്ത് ഇപ്പോഴും ദുഃഖിച്ചു കൊണ്ടിരിക്കുന്നത്? എത്ര കാലമായി ഇത് തുടങ്ങിയിട്ടു. ഇതൊന്നു നിർത്തിക്കൂടെ..?" മക്കൾ പിതാവിനെ ഉപദേശിക്കുന്നു.
"എന്റെ മക്കളെ! അല്ലാഹു കാരുണ്യവാനാണ്. അവന്റെ കാരുണ്യത്തെ തൊട്ട് ആശമുറിയരുത്. അവൻ കൃപാലുവാണ്. അവൻ ഈ വൃദ്ധനോട് കരുണ കാണിക്കാതിരിക്കില്ല. നിങ്ങൾ എന്റെ മക്കളെ അന്വേഷിക്കുക....!" ഉപ്പാക്ക് ഭുഃഖം അടക്കാനാവുന്നില്ല. രണ്ട് മക്കൾ നഷ്ടപ്പെട്ട പിതാവിന്റെ ദുഃഖം ആരറിയാൻ! അല്ലാഹു അല്ലാതെ...
മക്കൾക്കും ശുണ്ഠി കയറി. അവർ പറഞ്ഞു. "നിങ്ങൾ മരിക്കുന്നത് വരെ യൂസുഫിനെ ഓർത്തു കൊണ്ടിരിക്കും." വിശുദ്ധ ഖുർആൻ അവരുടെ വാക്കുകൾ ഉദ്ധരിക്കുന്നുണ്ട്. "അവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ്, താങ്കള്‍ തീര്‍ത്തും അവശനാകുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്നതു വരെ താങ്കള്‍ യൂസുഫിനെ ഓര്‍ത്തു കൊണ്ടേയിരിക്കും." (12:85)
മക്കളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നി. അല്ലാഹുവിനോട് തന്നെ പറയാം... ദുഃഖിതരുടെ വിളി കേൾക്കുന്നത് അവനാണ്. വിശുദ്ധ ഖുർആൻ പറയുന്നു. "യഅഖൂബ് (അ) പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്." (12:86)
"എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച." (12:87)
ഉപ്പ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു. കൊണ്ടു വന്ന ധാന്യം തീർന്നിട്ടുണ്ട്. മിസ്റിലേക്കു പോകാൻ സമയമായിരിക്കുന്നു. അവർ യാത്ര പുറപ്പെട്ടു. അവരുടെ ലക്ഷ്യം ധാന്യമാണ്. യൂസുഫും ബിൻയാമീനും അവർക്ക് വലിയ പ്രശ്നമൊന്നുമല്ല...