വിദൂര ദിക്കുകളിൽ നിന്നുള്ള മനുഷ്യ പ്രവാഹം തുടരുകയാണ്. ചൂടും വിയർപ്പും മനുഷ്യരെ തളർത്തുന്നു.
ഖബർ തയ്യാറാക്കപ്പെട്ടു. മയ്യിത്ത് കുളിപ്പിച്ചു. വസ്ത്രത്തിൽ പൊതിഞ്ഞു. ചൂടു കാരണം പുറത്തേക്കെടുക്കാൻ പറ്റുന്നില്ല. നാല്പതിനായിരത്തോളം പണ്ഡിതന്മാർ. എണ്ണിയാലൊടുങ്ങാത്ത സാധാരണക്കാർ. അവർക്കു മധ്യെ സുലൈമാൻ എന്ന കുട്ടി. ജനങ്ങൾ ചെറുപ്പക്കാരനോട് സഹായം തേടുന്നു...
"സുലൈമാൻ സഹായിക്കൂ... ജനങ്ങൾ വല്ലാതെ വിഷമിക്കുകയാണ്. കഷ്ടപ്പെടുന്നവരെ രക്ഷിക്കൂ..."
സുലൈമാൻ (അ) പുറത്തേക്കിറങ്ങി. ഹോ....എന്തൊരു വെയിൽ. എന്തൊരു ചൂട്. സുലൈമാൻ (അ) ശിരസ്സുയർത്തി ആകാശത്തേക്കു നോക്കി. പിന്നെ ചുറ്റുപാടും നോക്കി. ഉറക്കെ വിളിച്ചു പറഞ്ഞു.
"പക്ഷികളേ പറന്നു വരൂ... തണലേകൂ... ഈ മനുഷ്യ സമൂഹത്തിന് ആശ്വാസം നൽകൂ..." ജനം അത് കേട്ടു. അവർ ആകാംക്ഷാഭരിതരായി. അവരുടെ നയനങ്ങൾ ആകാശത്ത് വട്ടമിട്ട് സഞ്ചരിച്ചു. അപ്പോൾ ആ നയനങ്ങൾ കണ്ടു. പക്ഷിക്കൂട്ടങ്ങൾ. അതിവേഗം പറന്നുവരുന്ന പക്ഷിക്കൂട്ടങ്ങൾ. പതിനായിരക്കണക്കായ പക്ഷികൾ. അവ ആകാശത്ത് പരന്നു ചിറകുകൾ വിടർത്തി നിന്നു...
പക്ഷികളുടെ തൂവലുകൾ സൂര്യരശ്മികളെ തടഞ്ഞുനിർത്തി. അവിടെമാകെ തണൽ പടർന്നു. എന്തൊരാശ്വാസം. പെട്ടെന്നാണ് കുളിർമ്മ വന്നത്. ആശ്വാസത്തിന്റെ നെടുവീർപ്പുകൾ. സമാധാനത്തിന്റെ കണ്ണീർകണങ്ങൾ. മയ്യിത്ത് കട്ടിലുയർന്നു. ഇതാ പോവുകയാണ്. അന്ത്യയാത്ര. രാജകൊട്ടാരത്തിൽ നിന്ന് മണ്ണറയിലേക്ക്. ഭരണ സിരാകേന്ദ്രത്തിൽ നിന്ന് ഖബറിലേക്ക്.
ഈ കേന്ദ്രത്തിൽ നിന്ന് എത്രയോ തവണ യാത്രപോയിട്ടുണ്ട്. അപ്പോഴെല്ലാം തിരിച്ചു വന്നിട്ടുമുണ്ട്. ഇത് മടക്കമില്ലാത്ത യാത്ര. പാറകളും പർവ്വതങ്ങളും ആ യാത്ര നോക്കിനിന്നു. ദൗത്യം പൂർത്തിയാക്കി. അതാ യാത്രയാവുന്നു. മഹാനായ പ്രവാചകന്റെ അന്ത്യയാത്ര. പർവ്വതങ്ങൾ മൗനഭാഷയിൽ സംസാരിച്ചു.
"പ്രവാചകപ്രഭോ..! ഞങ്ങളിത്രയും കാലം അങ്ങയോടൊപ്പം തസ്ബീഹ് ചൊല്ലിക്കൊണ്ടിരുന്നു. എത്ര വളരെ അനുഭൂതിയാണ് ആ നിമിഷങ്ങൾ ഞങ്ങൾക്കു നൽകിയത്. അങ്ങയുടെ സബൂർ പാരായണം. അതുകേട്ട് ഞങ്ങൾ കോരിത്തരിച്ചു നിന്നുപോയിട്ടുണ്ട്. ഞങ്ങളോടൊപ്പം പറവകളും മൃഗങ്ങളും വിസ്മയിച്ചു നിന്നുപോയിട്ടുണ്ട്. പുണ്യ പ്രവാചകരേ അങ്ങ് ദൗത്യം പൂർത്തിയാക്കി. ഞങ്ങളതിന്നു സാക്ഷിയാണ്."
മയ്യിത്ത് കടന്നുപോയി. അത് ഖബറിലേക്ക് താഴ്ത്തപ്പെട്ടു. കല്ലുകൾകൊണ്ട് മൂടി. ഒരു സുവർണ്ണ കാലഘട്ടത്തിന്റെ സ്മാരകമായി മീസാൻ കല്ലുകൾ ഉയർന്നുനിന്നു. ആ ഖബറിന്നരികിലൂടെ കാലം ഒഴുകിപ്പോയി. അതുവഴി പറന്നുപോയ പക്ഷികൾ നിശ്ബ്ദരായി. വിനയപൂർവ്വം ചിറകുകൾ താഴ്ത്തി.
കാട്ടുമൃഗങ്ങളുടെ ചെവികളിൽ സബൂറിന്റെ ഈരടികൾ ബാക്കി നിന്നു. ആ ഓർമ്മയിൽ അവ നിശ്ചലരായി കാണപ്പെട്ടു. ഈ സാഹചര്യത്തിൽ നിന്നാണ് സുലൈമാൻ നബി(അ) ഉയർന്നുവരുന്നത്. സകല ജീവജാലങ്ങളും ആ ഉയർച്ച ആകാംക്ഷയോടെ നോക്കിക്കണ്ടു.