ഉപ്പയെക്കുറിച്ച് എണ്ണിയാലൊടുങ്ങാത്ത ഓർമ്മകളാണ് കുട്ടിയുടെ മനസ്സിലുള്ളത്. അവ മനസ്സിന്റെ ചെപ്പിൽ എക്കാലവും ഒളിഞ്ഞിരിക്കും. ഒരിക്കലും മങ്ങലേൽക്കാത്ത ഓർമ്മകൾ...
ഓർമ്മകൾ ചെന്നവസാനിക്കുന്നതെവിടെ? ഉപ്പയുടെ അന്ത്യനിമിഷങ്ങളിൽ. ഓർക്കുമ്പോൾ വല്ലാത്ത അതിശയം. ഉപ്പാക്ക് ചില പ്രത്യേക ചിട്ടകളുണ്ടായിരുന്നു. പുറത്തു പോകുമ്പോൾ താൻ താമസിക്കുന്ന വീട് പൂട്ടിയിടും. പുറത്തുനിന്നാർക്കും അകത്ത് കടക്കാനാവില്ല.
സ്ത്രീകളും കുട്ടികളും വേലക്കാരുമൊക്കെ വീടിന്റെ മറ്റൊരു ഭാഗത്തുണ്ടാവും. അങ്ങനെയൊരിക്കൽ പുറത്ത് പോയതായിരുന്നു. അപ്പോൾ പൂട്ടിയിട്ട മുറിയിൽ ഒരാൾ കയറി. പൂട്ട് പൊളിച്ചില്ല. വാതിൽ തുറന്നില്ല. ഉപ്പ വന്നു വാതിൽ തുറന്നു. അപ്പോൾ അതാ നിൽക്കുന്നു വിശാലമായ മുറിയുടെ മധ്യത്തിൽ ശാന്തഗംഭീരനായ ഒരാൾ.
"താങ്കൾ ആരാണ്..?
പൂട്ടിയിട്ട മുറിയിൽ എങ്ങനെ കടന്നു..?" അല്പം ഗൗരവത്തിലുള്ള ചോദ്യം.
ആഗതന് ഒരു കുലുക്കവുമില്ല ഗാംഭീര്യം തുളുമ്പുന്ന സ്വരത്തിൽ തന്നെ മറുപടി വന്നു. "ഞാൻ രാജാക്കന്മാരെ ഭയപ്പെടാത്തവനാണ്. മറകൾ എന്നെ തടയുകയില്ല."
ഉപ്പ ചിന്താകുലനായി.
പറഞ്ഞത് ശരിതന്നെ വീടിന്റെ ഉറപ്പുള്ള വാതിലും ശക്തമായ പൂട്ടും ഇദ്ദേഹത്തിന് തടസ്സമായില്ല. ഇദ്ദേഹം ആരാണ്..? അതെ. മലക്കു തന്നെ. മൗത്തിന്റെ മാലാഖ. മരണത്തിന്റെ ദൂതൻ. തന്റെ റൂഹ് (ആത്മാവ്) ശരീരവുമായുള്ള ബന്ധം വിഛേദിക്കാൻ സമയമായിരിക്കുന്നു. ശരീരത്തിൽ നിന്ന് റൂഹ് വലിച്ചൂരിയെടുക്കാൻ വന്ന മലക്കാണിത് അസ്റാഈൽ.
അസ്റാഈൽ (അ) സംസാരിച്ചു. "ദാവൂദ് താങ്കൾക്ക് ഈ ദുനിയാവിൽ അനുവദിക്കപ്പെട്ട സമയം അവസാനിച്ചിരിക്കുന്നു. താങ്കൾക്ക് കണക്കാക്കപ്പെട്ട ആഹാരവും വെള്ളവും തീർന്നിരിക്കുന്നു. ദുനിയാവിൽ നിന്ന് യാത്ര പോകാൻ സമയമായിരിക്കുന്നു. ഒരുങ്ങിക്കൊള്ളുക."
ഇനിയൊന്നും പറയാനില്ല. പറയാനുള്ള പദങ്ങളും തീർന്നിരിക്കുന്നു. ഒരു പുരുഷായുസ്സിൽ ഒരാളുടെ നാവിൽ നിന്ന് ഉതിർന്നുവീഴേണ്ട പദങ്ങൾക്കുമുണ്ടല്ലോ കണക്ക്. ഇവിടെ കണക്ക് തീർന്നിരിക്കുന്നു. വിധിക്കു കീഴടങ്ങി. ശരീരത്തിൽ നിന്ന് റൂഹ് വലിച്ചൂരിയെടുത്തു. ശാന്തമായ അന്ത്യം. അനുഗ്രഹീതമായ മരണം...
സുലൈമാൻ നബി (അ) അന്ന് പതിമൂന്നു വയസ്സുള്ള കുട്ടിയാണ്. ദുഃഖാകുലരായി കൂലംകുത്തി ഒഴുകി വരുന്ന ജനക്കൂട്ടത്തെ ആ കുട്ടി കാണുന്നു. മനുഷ്യരുടെ കവിളുകളിൽ കണ്ണീർച്ചാലുകൾ. ദുഃഖം അണപൊട്ടിയൊഴുകുന്നു. നിലക്കാത്ത നെടുവീർപ്പുകൾ. ജനക്കൂട്ടം വലുതായിവരുന്നു...
മരച്ചില്ലകളിൽ കിളികൾ കളകളാരവം മുഴക്കിയില്ല. അവ ശോകമൂകമായിരുന്നു. വന്യമൃഗങ്ങൾ ശബ്ദിച്ചില്ല. പ്രകൃതിയുടെ വല്ലാത്ത മരവിപ്പ്. സൂര്യൻ കത്തിജ്വലിച്ചുനിന്നു. ചൂട് കൂടിക്കൂടിവന്നു. മനുഷ്യൻ മഹാസാഗരമായി. ചൂട് അസഹ്യമായി. വിയർത്തു കുളിച്ചു...