Wednesday - 22 April, 2026 4-Dhu al-Qadah-1447

വിജ്ഞാനം

   അത്ഭുതകരമായ വിജ്ഞാനമാണ് ദാവൂദ് (അ)ന് അല്ലാഹു ﷻ നൽകിയത്. അല്ലാഹു ﷻ ഉദ്ദേശിക്കുന്നവർക്ക്  അവർ വിജ്ഞാനം നൽകുന്നു. അതിന് മറ്റൊരാളുടെയും സഹായം വേണ്ട. മനസ്സിൽ തോന്നിപ്പിക്കാം. അതുമതി. സ്വപ്നത്തിൽ കാണിക്കാം. അനുഭവത്തിൽ നിന്ന് പഠിക്കാം. ഒരു മനുഷ്യന്റെ മനസ്സിലേക്ക് വിദ്യ എത്തിക്കാനുള്ള മാർഗ്ഗം അല്ലാഹുﷻതന്നെ സ്വീകരിക്കും.   


 ദാവൂദ് (അ)ന് നൽകിയതുപോലെ മകൻ സുലൈമാൻ നബി (അ)നും അല്ലാഹു ﷻ വിജ്ഞാനം നൽകി. വളരെ മികച്ച വിജ്ഞാനം. മനുഷ്യരിൽ വളരെ കുറച്ചു പേർക്കു മാത്രമേ അങ്ങനെയുള്ള വിജ്ഞാനം ലഭിച്ചിട്ടുള്ളൂ.  ഇത്രയും പറഞ്ഞാൽ മതിയല്ലോ. അവർക്കു ലഭിച്ച മഹത്തായ വിജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കാൻ. വിജ്ഞാനം ലഭിച്ചപ്പോൾ  പിതാവും പുത്രനും എന്താണ് പറഞ്ഞത്?  ആ വാക്കുകൾ ഏറെ ശ്രദ്ധേയമാവുന്നു. എക്കാലവും ഓർമ്മിക്കപ്പെടേണ്ടതുമാവുന്നു. അവർ രണ്ടുപേരും പറഞ്ഞു.  


"അല്ലാഹുﷻവിന് സ്തുതി.."


 അവൻ സത്യവിശ്വാസികളായ അടിയാന്മാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയിരിക്കുന്നു. മുമ്പുള്ളവർക്ക് അപരിചിതമായിരുന്ന പടയങ്കി നിർമ്മാണം അല്ലാഹു ﷻ ദാവൂദ് (അ)ന്ന് പഠിപ്പിച്ചുകൊടുത്തു. ഇരുമ്പുകൊണ്ട് പലവിധ സാമഗ്രികളുണ്ടാക്കാൻ പഠിപ്പിച്ചു.  പർവ്വതങ്ങളുടെ സ്തുതികീർത്തനങ്ങൾ മനസ്സിലാക്കാൻ കഴിവുനൽകി. പക്ഷികളുടെയും മൃഗങ്ങളുടെയും സംസാരം ഗ്രഹിക്കാനുള്ള കഴിവുണ്ടായി. ഇവയെല്ലാം അല്ലാഹു ﷻ നൽകിയ ശ്രേഷ്ഠതകളാണ്...  


 അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങൾ എടുത്തു പറയുകയെന്നത് പിതാവിന്റെയും പുത്രന്റെയും സ്വഭാവമായിരുന്നു. എന്നിട്ട് അല്ലാഹുവിനെ സ്തുതിച്ചു. ഈ കർമ്മം അല്ലാഹുﷻവിനെ സംതൃപ്തനാക്കി. പിൽക്കാലത്ത് അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ തങ്ങൾക്ക് വിശുദ്ധ ഖുർആൻ ഇറക്കിക്കൊടുത്തപ്പോൾ അല്ലാഹു ﷻ ഇക്കാര്യം എടുത്തു പറഞ്ഞു.   


 സൂറത്തു നംല് വിശുദ്ധ ഖുർആനിലെ ഇരുപത്തേഴാം അധ്യായമാകുന്നു. അതിൽ അല്ലാഹു ﷻ ഇങ്ങനെ പറയുന്നു: "തീർച്ചയായും  ദാവൂദിനും സുലൈമാനും നാം ജ്ഞാനം നൽകി. രണ്ടാളും പറയുകയും ചെയ്തു. സത്യവിശ്വാസികളായ തന്റെ അടിയാന്മാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയവനായ അല്ലാഹുﷻവിനാകുന്നു സർവ്വസ്തുതിയും." (27:15)


 പുത്രൻ പിതാവിന്റെ അനന്തരാവകാശിയാകുന്നു.  ഏതൊക്കെ കാര്യത്തിൽ? നുബുവ്വത്ത് (പ്രവാചകത്വം), 

രാജാധികാരം, വിജ്ഞാനം 

ചില കാര്യങ്ങളിൽ പുത്രൻ പിതാവിനെക്കാൾ മുന്നിട്ടു നിന്നു. ഭരണകാര്യങ്ങളിൽ പുത്രൻ കൂടുതൽ ഖ്യാതി നേടി. പിശാചുക്കളെയും കാറ്റിനെയും പുത്രന് അധീനപ്പെടുത്തിക്കൊടുത്തു. പുത്രന്റെ കാലത്ത് ഭരണസ്ഥലങ്ങളുടെ വ്യാപ്തി വർദ്ധിച്ചു. കൂടുതൽ ശക്തമായ ഭരണം നിലവിൽ വന്നു.  


 വിശുദ്ധ ഖുർആനിൽ അല്ലാഹു ﷻ പറയുന്നു : "സുലൈമാൻ ദാവൂദിന്റെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു : ഹേ ജനങ്ങളേ..! ഞങ്ങൾക്ക് പക്ഷികളുടെ സംസാരം പഠപ്പിക്കപ്പെട്ടിരിക്കുന്നു. ആവശ്യമായ എല്ലാ സാധനങ്ങളിൽ നിന്നും വേണ്ടതെല്ലാം നമുക്ക് നൽകപ്പെട്ടിട്ടുണ്ട്. നിശ്ചയമായും ഇത് പ്രത്യക്ഷമായ ഒരനുഗ്രഹം തന്നെയാകുന്നു...  (27:16)


 രാജ്യം ഭരിക്കുന്ന രാജാവിന് നല്ലൊരു സൈന്യം വേണം. സാമ്രാജ്യത്തിന്റെ വിസ്തൃതി വളരുമ്പോൾ സൈന്യത്തിന്റെ വലിപ്പവും കൂടണം.  രഹസ്യാന്വേഷണവിഭാഗം ശക്തമാവണം. ശത്രുക്കളുടെ ചലനങ്ങൾ നിരീക്ഷിക്കണം. അവരുടെ രഹസ്യങ്ങൾ ചോർത്തിയെടുക്കണം. സ്വന്തം രഹസ്യങ്ങൾ ചോർന്നുപോവാതെ നോക്കുകയും വേണം. 


 സുലൈമാൻ നബി(അ)ന്റെ സൈന്യത്തിൽ പിശാചുക്കളും ജിന്നുകളുമുണ്ടായിരുന്നു. അവർ ശക്തന്മാരാണ്. അവരെക്കൊണ്ട്  കഠിനമായ ജോലികൾ ചെയ്യിച്ചിരുന്നു. സൈന്യത്തിലെ മറ്റൊരു വിഭാഗം പക്ഷികളായിരുന്നു. വിവരങ്ങൾ ശേഖരിക്കാനും സന്ദേശങ്ങൾ കൈമാറാനും പക്ഷികളെ ഉപയോഗപ്പെടുത്തിയിരുന്നു.  മനുഷ്യരെക്കൊണ്ട് ചെയ്യാൻ കഴിയാത്ത ജോലികൾ ജിന്നുകളെക്കൊണ്ടും പിശാചുക്കളെക്കൊണ്ടും ചെയ്യിച്ചിരുന്നു.  


 വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം : സുലൈമാന് ജിന്ന്, മനുഷ്യൻ, പക്ഷി എന്നിവയിൽ നിന്നുള്ള അദ്ദേഹത്തിന്റെ സൈന്യങ്ങൾ ശേഖരിക്കപ്പെട്ടു. എന്നിട്ട് അവ തടഞ്ഞു നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്." (27:17) 


 സാധാരണ ഗതിയിൽ പിശാചുക്കളും ജിന്നുകളും മനുഷ്യരുടെ കല്പനകൾക്കൊത്തു ജീവിക്കാനാഗ്രഹിക്കുകയില്ല. മനുഷ്യരെ അവർ വഴി തെറ്റിക്കും. സുലൈമാൻ നബി(അ) ഒരു മനുഷ്യനാകുന്നു. ആ മനുഷ്യൻ ജിന്നുകളെയും പിശാചുക്കളെയും നിയന്ത്രിക്കുന്നു. അദ്ദേഹം കല്പിക്കും അവരതനുസരിക്കും. ഇത് അത്ഭുതകരമായ അവസ്ഥ. 


 പിതാവിന് ഇരുമ്പിന്റെ പ്രയോഗമാണ് അല്ലാഹു ﷻ പഠിപ്പിച്ചുകൊടുത്തത്.  മകന് ചെമ്പിന്റെ പ്രയോഗം പഠിപ്പിച്ചു കൊടുത്തു. ഉരുക്കിയൊലിക്കുന്ന ചെമ്പ്.  ദ്രാവകരൂപം. അതുകൊണ്ട് പല സാധനങ്ങളുമുണ്ടാക്കാം. ഉരുകിയ ചെമ്പ് ലഭിക്കുന്ന സ്ഥലം കണ്ടെത്തി. ചെമ്പുഖനിയിലെ ജോലി കടുത്ത ജോലി തന്നെ. 


കടുത്ത ജോലികൾ ചെയ്യാൻ പിശാചുക്കളോടും ജിന്നുകളോടും കല്പിച്ചു. അവർ അനുസരിച്ചു.  അനുസരിക്കുകയല്ലാതെ നിവൃത്തി


യില്ല. അനുസരണക്കേട് കാണിച്ചാൽ കടുത്ത ശിക്ഷയാണ് ലഭിക്കുക. പിശാചുക്കളും ജിന്നുകളും ശിക്ഷ ഭയന്നു. ചിലപ്പോഴൊക്കെ കുതറിയോടാൻ ശ്രമിച്ചു. രക്ഷയില്ലെന്ന് കണ്ടപ്പോൾ അനുസരണയോടെ ജീവിച്ചു...