മഹാനായ സുലൈമാൻ നബി (അ)നെ കുറിച്ച് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം യഹൂദികൾ അത്യധികം അപകടകരങ്ങളായ ആരോപണങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി. അതിനെക്കുറിച്ച് ചെറിയൊരു വിവരണം ഇവിടെ അനിവാര്യമാണെന്ന് തോന്നുന്നു...
സുലൈമാൻ നബി(അ) വരുന്നതിന് വളരെ മുമ്പ് നടന്ന ചില സംഭവങ്ങൾ ആദ്യം പറയാം. പിശാചുക്കൾ വാനലോകത്തേക്ക് കയറിപ്പോവും. മലക്കുകളുടെ സംസാരം കേൾക്കാൻ. ഭൂമിയിൽ നടക്കാൻ പോവുന്ന ചില സംഭവങ്ങളെക്കുറിച്ച് മലക്കുകൾ സംസാരിക്കും. പിശാചുക്കൾ എങ്ങിനെയെങ്കിലും അത് കേൾക്കും. എന്നിട്ട് ഭൂമിയിലേക്ക് മടങ്ങും.
പിശാചുക്കളെ പ്രീതിപ്പെടുത്തി ജീവിക്കുന്ന ചില ജോത്സ്യന്മാർ ഭൂമിയിലുണ്ട്. അവർക്ക് പിശാചുക്കൾ വിവരം നൽകും. നടക്കാൻ പോവുന്ന ചില സംഭവങ്ങൾ ജോത്സ്യന്മാർ പ്രവചിക്കും. അതങ്ങിനെ തന്നെ നടക്കും. പാമര ജനങ്ങൾ വിശ്വസിക്കും. പിന്നെ പിശാചുക്കൾ സംഭവ വിവരണത്തിൽ വ്യാജം കലർത്തും. ഓരോ പദത്തിലും എഴുപത് വ്യാജം കലർത്തി അവതരിപ്പിക്കും. ഈ വ്യാജങ്ങൾ ചിലർ ഗ്രന്ഥങ്ങളിൽ പകർത്തിവെച്ചു. അത് തലമുറകൾ കൈമാറി. വിശ്വസിച്ചു. വഴിതെറ്റി. ജിന്നുകളും പിശാചുക്കളും അദൃശ്യ കാര്യങ്ങൾ അറിയുമെന്ന വിശ്വാസം യഹൂദികളിൽ പരന്നു...
പിശാച് ആഭിചാരം പഠിപ്പിച്ചു. ആഭിചാരവിദ്യ നാടാകെ പരന്നു. അതിലും നിരവധി ഗ്രന്ഥങ്ങളുണ്ടായി. സുലൈമാൻ (അ) ഇത്തരം ഗ്രന്ഥങ്ങൾ പിടിച്ചെടുക്കാൻ ആളുകളെ നിയോഗിച്ചു. നിരവധി ഗ്രന്ഥങ്ങൾ പിടിച്ചെടുത്തു. അവ ഭൂമിയിൽ കുഴിച്ചിട്ടു അതിനു മുകളിൽ തന്റെ സിംഹാസനം സ്ഥാപിച്ചു.
സിംഹാസനം സാധാരണ ഇരിപ്പിടമൊന്നുമല്ല. ദുഷിച്ച ചിന്തയുമായി അതിനെ സമീപിക്കാനാവില്ല. കരിഞ്ഞുപോവും. പിശാചുക്കൾ ഭയന്നു വിറച്ചു. അവരുടെ കുതന്ത്രങ്ങൾ നടന്നില്ല. അടങ്ങിയൊതുങ്ങി ജീവിക്കേണ്ടിവന്നു. ആഭിചാരം നടക്കാത്ത കാലം വന്നു. എവിടെയും ഈമാനിന്റെ പ്രകാശം. ആ നല്ല കാലത്ത് സുലൈമാൻ (അ) മരണപ്പെട്ടു...
മരണപ്പെട്ടപ്പോഴോ? യഹൂദികൾ പഴയ ചിന്തയിലേക്ക് മടങ്ങി. വേദഗ്രന്ഥങ്ങൾ കൈവെടിഞ്ഞു. പഴയ ആഭിചാര ഗ്രന്ഥങ്ങൾ കൈവശപ്പെടുത്താനാഗ്രഹിച്ചു. അവരെ സഹായിക്കാൻ പിശാചുക്കളെത്തി. കുഴിച്ചുമൂടപ്പെട്ട ഗ്രന്ഥങ്ങൾ പുറത്തെടുക്കാൻ ഉപദേശിച്ചു. ശക്തമായ ഈമാനുള്ള ആളുകൾ അവരെ തടഞ്ഞു. പക്ഷെ എത്ര കാലം? വർഷങ്ങൾ കടന്നുപോയപ്പോൾ ഈമാനുള്ളവർ മരിച്ചുതീർന്നു.
കുഴിച്ചുമൂടപ്പെട്ട ഗ്രന്ഥങ്ങൾ പുറത്തെടുക്കപ്പെട്ടു. ആഭിചാരം പഠിക്കാൻ തുടങ്ങി. പിശാചുക്കൾ അത് പഠിപ്പിച്ചു. യഹൂദികൾ നന്നായി മാരണം ചെയ്യാൻ തുടങ്ങി. യഹൂദികൾ മാരണത്തെ ന്യായീകരിച്ചു. പറയാൻ പാടില്ലാത്ത കഠിന പദങ്ങൾ പ്രയോഗിച്ചു. അവരെന്ത് പറഞ്ഞു?
ഹാറൂത്ത്, മാറൂത്ത് എന്നീ മലക്കുകൾ മാരണം പഠിപ്പിച്ചു. അതാണ് ഞങ്ങൾ പഠിപ്പിക്കുന്നത്. ഹാറൂത്ത്, മാറൂത്ത് എന്താണ് ചെയ്തത്? അവർ വന്നത് പുരാതന കാലത്താണ്. അക്കാലത്തെ നബിമാർ ജനങ്ങളെ ഇസ്ലാമിലേക്കു ക്ഷണിച്ചു. അവർ മുഹ്ജിസത്തുകൾ കാണിച്ചു. അമാനുഷിക കൃത്യങ്ങൾ.
പിശാചുക്കളുടെ സഹായത്തോടെ ദുഷിച്ച മനുഷ്യന്മാർ മാരണം ചെയ്തു. മാരണമെന്നാൽ സിഹ്റ്. മുഹ്ജിസത്തും. സിഹ്റും ഏത് സത്യം? ഏത് മിഥ്യ? ഇത് തിരിച്ചറിയാനാവാത്ത കാലം വന്നു. ജനം വഴിതെറ്റി. അപ്പോൾ രണ്ട് മലക്കുകൾ ഇറങ്ങിവന്നു...