Wednesday - 22 April, 2026 4-Dhu al-Qadah-1447

വിയോഗം

   ബൈത്തുൽ മുഖദ്ദസ്... 

അല്ലാഹുﷻവിനെ ആരാധിക്കാൻവേണ്ടി പണിതുയർത്തപ്പെട്ട വിശുദ്ധ ഭവനം. ദാവൂദ് (അ) മസ്ജിദിന്റെ പണി തുടങ്ങി. അടിത്തറ കെട്ടി ചുമരുകൾ കെട്ടിപ്പൊക്കി. ആ അവസ്ഥയിൽ നിൽക്കുകയാണ്. മസ്ജിദ് മനോഹര സൗധമായി...


 അതിനെ പണിതുയർത്തണം ജിന്നുകളെക്കൊണ്ട് കഠിനാദ്ധ്വാനം ചെയ്യിക്കണം. ഭാരിച്ച ജോലിയാണ് ചെയ്യാനുള്ളത്. മലമുകളിലും വനാന്തരങ്ങളിലും കഴിയാനാണ് അവനിഷ്ടം. എല്ലാവിധ സ്വാതന്ത്ര്യങ്ങളോടും കൂടി അവിടെ കഴിയാം. അവിടെ നിന്നാണ് ജിന്നുകളെ വരുത്തിയത്. കഠിനമായ ജോലി ചെയ്യാൻ നിർബന്ധിച്ചു. അനുസരിക്കാതിരിക്കാൻ പറ്റില്ല. 


 മസ്ജിദിന്റെ പണി തുടങ്ങി. ജോലി ഭാരം വർദ്ധിച്ചു. വർഷങ്ങളോളം നീണ്ടുനിന്ന ജോലി. സ്വർണവും വെള്ളിയും ഉരുക്കി. തറയും ചുമരും അലങ്കരിക്കാനുള്ളതാണ്. വിലപിടിപ്പുള്ള രത്നങ്ങൾ മുങ്ങിയെടുത്തു. തറയിൽ പലതരം നിറങ്ങളുള്ള കല്ലുകൾ വിരിച്ചു. വെള്ള, പച്ച, മഞ്ഞ. ഭിത്തികൾ രത്നങ്ങൾകൊണ്ടലങ്കരിച്ചു. ഈട്ടിത്തടികൊണ്ട് വാതിലുകൾ നിർമ്മിച്ചു. മസ്ജിദിന്നകത്ത് വെള്ളിവിളക്കുകൾ സ്ഥാപിച്ചു. മനോഹരമായ മണിമേട സ്ഥാപിച്ചു. അതിന്റെ പേര് ഖുബ്ബത്തു സഖ്റാ അതിന്നു മുകളിൽ മനോഹരമായ താഴികക്കൂടും. ആവേശത്തോടെ മസ്ജിദിന്റെ പണി തുടർന്നു... 


 സുലൈമാൻ (അ) ബൈത്തുൽ മുഖദ്ദസിൽ ദിവസങ്ങളോളം താമസിക്കാറുണ്ട്. മസ്ജിദിന് ചുറ്റും ഒരു ജനവാസകേന്ദ്രം വളർന്നുവന്നു.  അദ്ദേഹത്തിന് ദീർഘമായി ആരാധന നടത്താനുള്ള ഒരു പ്രത്യേക സ്ഥലം ബൈത്തുൽ മുഖദ്ദസിൽ സ്ഥാപിച്ചു.  


 മഹാനായ സുലൈമാൻ (അ)കാലം അവസാനിക്കുകയായി. അദ്ദേഹം വടി ഊന്നിപ്പിടിച്ചു നിൽക്കുകയാണ്. ആ അവസ്ഥയിൽ മരണത്തിന്റെ മലക്കു വന്നു. മരണം സംഭവിച്ചു. മരിച്ച വിവരം ആരും അറിയുന്നില്ല. വടി ഊന്നിപ്പിടിച്ചു നിൽക്കുകയാണെന്ന് തോന്നി...


 ജിന്നുകൾ കഠിനമായി ജോലി ചെയ്തുകൊണ്ടിരുന്നു. സുലൈമാൻ (അ) ജീവിച്ചിരിക്കുന്നു. എന്ന വിശ്വാസത്തിലാണവർ കഠിനമായി ജോലി ചെയ്തുകൊണ്ടിരുന്നത്. ഒരു കൊല്ലം കടന്നുപോയി. അപ്പോൾ ചിതലുകൾ വന്നു വടിയുടെ താഴ്ഭാഗം തിന്നു നശിപ്പിച്ചു വടി ഇളകി. ശരീരം താഴെ വീണു.  അപ്പോൾ മാത്രമാണ് മരണവാർത്ത പുറത്തറിയുന്നത്. ജനങ്ങൾ തടിച്ചു കൂടി. എല്ലാ ജീവജാലങ്ങൾക്കും ദുഃഖം. അന്ത്യകർമ്മങ്ങൾ നിർവഹിക്കപ്പെട്ടു. മയ്യിത്ത് സംസ്കരിക്കപ്പെട്ടു...


 ജിന്നുകളും ശൈത്താന്മാരും അദൃശ്യകാര്യങ്ങൾ അറിയുമെന്ന് അവകാശപ്പെടാറുണ്ടായിരുന്നു. സുലൈമാൻ (അ) മരണപ്പെട്ടവിവരം അവർക്കറിയാൻ കഴിഞ്ഞില്ല. അമ്പത്തി ഒമ്പതാം വയസ്സിലാണ് വഫാത്തായത്... 


വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം : "അങ്ങനെ താൻ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വടി തിന്നു കൊണ്ടിരുന്ന ചിതൽ മാത്രമാണ് മരണത്തെപ്പറ്റി അറിവ് നൽകിയത്. എന്നിട്ട് അദ്ദേഹം നിലംപതിച്ചപ്പോൾ, അദൃശ്യ കാര്യങ്ങൾ അറിയാമായിരുന്നെങ്കിൽ ഈ നിന്ദമായ ശിക്ഷയിൽ (ദുരിതത്തിൽ) തങ്ങൾ കഴിഞ്ഞുകൂടേണ്ടിവരുമായിരുന്നില്ലെന്ന് ജിന്നുകൾക്ക് വ്യക്തമായി." (34:14)


ഒരു കാലഘട്ടം അവസാനിച്ചു. ജിന്നുകളും ശൈത്താന്മാരും കഠിനമായ ജോലികളാണ് വർഷങ്ങളായി ചെയ്തുകൊണ്ടിരുന്നത്.

അവർ ജോലി നിർത്തി സത്യവിശ്വാസികളെ ഉപദ്രവിക്കാനുള്ള മാർഗ്ഗം അന്വേഷിക്കാൻ തുടങ്ങി...