ഹാറൂത്ത്, മാറൂത്ത് അവർ ബാബിലോണിയായിൽ ഇറങ്ങി. അവർ ജനങ്ങളോടിങ്ങനെ പറഞ്ഞു : "ജനങ്ങളേ നബിമാർ കാണിക്കുന്നത് മുഹ്ജിസത്താണ്. അതാണ് സത്യം. സിഹ്റ് തെറ്റാണ്. ചെയ്യാൻ പാടില്ല."
"എന്താണ് സിഹ്റ്..?"
"ഞങ്ങൾ പഠിപ്പിച്ചുതരാം. പക്ഷെ നിങ്ങൾ അത് പ്രയോഗിക്കരുത്. പ്രയോഗിച്ചാൽ നിങ്ങൾ പരലോകത്ത് പരാജയപ്പെടും. അല്ലാഹുﷻവിന്റെ കോപം നേടും. സിഹ്റ് നിങ്ങളെ നശിപ്പിക്കും. ഉപകാരമില്ല. ഉപദ്രവമുണ്ട്."
ജനങ്ങൾ ഇങ്ങനെ പറഞ്ഞു : "ഞങ്ങൾക്ക് സിഹ്റ് പഠിപ്പിച്ചു തരൂ.... ഞങ്ങളത് പ്രയോഗിക്കില്ല."
വമ്പിച്ച മുന്നറിയിപ്പ് നൽകിയശേഷം സിഹ്റ് എന്താണെന്ന് പഠിപ്പിച്ചുകൊടുത്തു. ആളുകൾ വാക്ക് പാലിച്ചില്ല. അവർ സിഹ്റ് പ്രയോഗിച്ചു. മാരണ വിദ്യ ഉപയോഗിച്ചു. ഭാര്യാഭർത്താക്കന്മാരെ തമ്മിൽ അകറ്റാൻവരെ ശ്രമിച്ചു.
മാരണവിദ്യ വളർന്നു. സർവ്വത്ര വ്യാപിച്ചു. ഒടുവിൽ ഏറ്റവും മാരകമായ വാചകം മാരണക്കാരുടെ വായിൽ നിന്ന് പുറത്തുവന്നു. സുലൈമാൻ മാരണക്കാരനായിരുന്നു എത്ര അപകടകരമായ വാചകം.
സുലൈമാൻ ജിന്നുകളെയും പിശാചുക്കളെയും കാറ്റിനെയും അധീനപ്പെടുത്തിയത് മാരണ വിദ്യ ഉപയോഗിച്ചായിരുന്നു. മാരണവിദ്യ നശിപ്പിച്ച മഹാനെ മാരണക്കാരനെന്ന് വിളിച്ചു. തലമുറകളിലൂടെ ആ പിഴച്ച വിശ്വാസം തുടർന്നു.
മാരണം ഒരു യാഥാർത്ഥ്യമാണ്. അല്ലാഹു ﷻ വേണ്ടുക വെച്ചാലല്ലാതെ അതുകൊണ്ട് ഒന്നും സംഭവിക്കില്ല. മാരണക്കാരന് പരലോകത്ത് യാതൊരു വിജയവും ലഭിക്കുകയില്ല. ഹാറൂത്ത് മാറൂത്ത് അതാണ് പഠിപ്പിച്ചത്. അതെല്ലാം യഹൂദികൾ മറച്ചുവെച്ചു. മാരണം നടത്തി. ധനം സമ്പാദിച്ചു. അവർ വൻകിട മുതലാളിമാരായി.
നൂറ്റാണ്ടുകൾ പലത് കടന്നുപോയി. അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ തങ്ങൾ വന്നു. ഇസ്ലാംമതം പ്രചരിപ്പിച്ചുതുടങ്ങി പൂർവ്വ പ്രവാചകന്മാരെക്കുറിച്ചു സംസാരിച്ചു. കൂട്ടത്തിൽ സുലൈമാൻ (അ) നെ കുറിച്ചും പറഞ്ഞു.
അതുകേട്ട് യഹൂദി പുരോഹിതന്മാർ ഇങ്ങനെ പറഞ്ഞു: "ദാവൂദിന്റെ മകൻ പ്രവാചകനാണെന്നാണ് മുഹമ്മദ് പറയുന്നത്. സുലൈമാൻ ഒരു ആഭിചാരകൻ ആയിരുന്നു."
ഈ സന്ദർഭത്തിൽ അല്ലാഹു ﷻ വിശുദ്ധ ഖുർആൻ വചനം അവതരിപ്പിച്ചു. അൽ ബഖറ സൂറത്തിലെ നൂറ്റി രണ്ടാം വചനം. ആ വചനം കൂടി ഉദ്ധരിച്ചുകൊണ്ട് സുലൈമാൻ നബി(അ)നെക്കുറിച്ചുള്ള ഈ വിവരണം അവസാനിപ്പിക്കാം... إن شاء الله
യഹൂദികളും ആഭിചാരകന്മാരും പറയുന്നതെല്ലാം നമുക്ക് അവജ്ഞയോടെ അവഗണിക്കാം. സുലൈമാൻ (അ)നെ സ്നേഹിക്കണം. ദിവസവും ഓരോ ഫാത്തിഹ ഓതി സുലൈമാൻ (അ)ന് ഹദ്യ (സമ്മാനം)നൽകാൻ ശ്രമിക്കുക. അല്ലാഹു ﷻ അതിന് കഴിവ് നൽകട്ടെ...! അമീൻ
ഇന്നത്തെ അവസ്ഥയെന്ത്? യഹൂദി സംസ്കാരം മുസ്ലിം സമൂഹത്തെ അധീനപ്പെടുത്തുന്നു എല്ലാ മേഖലയിലും പടിഞ്ഞാറൻ സംസ്കാരമാണ്. അത് യഹൂദിയുടെ സംസ്കാരമാണ്.
സിഹ്റ് ഇന്ന് വ്യാപകമാണ്. അസൂയ നിറഞ്ഞ മനസ്സ്. വെറുപ്പും വിദ്വേഷവും നിറഞ്ഞ മനസ്സ്. പ്രതികാരത്തിന് ദാഹിക്കുന്ന മനുഷ്യർ. അവർ മാരണക്കാരെ തേടിപ്പോവുന്നു. സിഹ്റ് ഭംഗിയായി പിശാച് മനുഷ്യർക്ക് കാണിച്ചുകൊടുത്തു. അവരത് ചെയ്യുന്നു. മാരണക്കാർക്ക് പലരോകത്ത് യാതൊരു നേട്ടവുമില്ലെന്ന് ഓർത്തുകൊള്ളട്ടെ...! സിഹ്റ് ബാധിക്കുന്നതിൽ നിന്ന് അല്ലാഹു ﷻ നമ്മെ രക്ഷിക്കട്ടെ....! സുലൈമാൻ നബി(അ)ന്റെ പേരിൽ ഫാത്തിഹ ഓതി പ്രാർത്ഥിക്കുക...
ഇനി വിശുദ്ധ ഖുർആൻ വചനം ഉദ്ധരിക്കട്ടെ : "സുലൈമാൻ നബി (അ)ന്റെ രാജവാഴചയെക്കുറിച്ച് പിശാചുക്കൾ വ്യാജമായി പറഞ്ഞുപരത്തുന്നതിനെ അവർ പിൻപറ്റുകയും ചെയ്തു. സുലൈമാൻ അവിശ്വസിച്ചിട്ടില്ല. പക്ഷെ പിശാചുക്കൾ അവിശ്വസിച്ചു. അവർ ജനങ്ങൾക്ക് ആഭിചാരം പഠിപ്പിക്കുന്നു. ബാബിലിൽ (ബാബിലോണിയ) ഹാറൂത്ത്, മാറൂത്ത് എന്നീ രണ്ടു മലക്കുകൾക്ക് അവതരിപ്പിക്കപ്പെട്ടതിനെയും അവർ പിൻപറ്റിയിരിക്കുന്നു. ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്. അതിനാൽ നീ സത്യനിഷേധിയാവരുത്. എന്ന് പറയാതെ അവർ ആർക്കും പഠിപ്പിക്കുന്നില്ല.
അങ്ങനെ ഭാര്യാ-ഭർത്താക്കന്മാരെ പരസ്പരം ഭിന്നിപ്പിക്കുന്നതെന്തുകൊണ്ടോ അതിനെ അവരിരുവരിൽ നിന്നും അവർ പഠിക്കുന്നു. അല്ലാഹുﷻവിന്റെ അനുമതി കൂടാതെ അവർ ആരെയും അതുമൂലം ഉപദ്രവിക്കുന്നവരല്ല. തങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കുകയും ഉപകരിക്കാതിരിക്കുകയും ചെയ്യുന്നതിനെ അവർ പഠിക്കുന്നു.
അത് കൈകൊണ്ടിട്ടുള്ളവർക്ക് പരലോക സുഖത്തിൽ യാതൊരു പങ്കുമില്ലെന്ന് നിശ്ചയമായും അവർ നല്ലപോലെ അറിഞ്ഞിട്ടുണ്ട്. അവർ എന്തിനു പകരം തങ്ങളുടെ ആത്മാക്കളെ വിറ്റുവോ. അതെത്ര നികൃഷ്ടം. അവർ അറിവുള്ളവരായിരുന്നെങ്കിൽ." (2:102)