സുലൈമാൻ (അ) ന്റെ മഹത്വം ബൽഖീസിന് ബോധ്യമായി. അല്ലാഹു ﷻ അദ്ദേഹത്തിനു നൽകിയ അനുഗ്രഹങ്ങൾ അവർണനീയം തന്നെ. അത് ബോധ്യപ്പെടുത്താനാണ് ഈ ഗംഭീര സ്വീകരണം.
സിംഹാസനത്തിൽ രൂപവ്യത്യാസം വരുത്തിയതിനെക്കുറിച്ചു വിശുദ്ധ ഖുർആൻ പറയുന്നു: "അദ്ദേഹം പറഞ്ഞു: നിങ്ങൾ അവളുടെ സിംഹാസനം രൂപവ്യത്യാസം വരുത്തുക. അവൾ യാഥാർത്ഥ്യം ഗ്രഹിച്ച് നേർമാർഗ്ഗം പ്രാപിക്കുമോ അഥവാ സത്യം മനസ്സിലാവാതെ നേർവഴി കണ്ടെത്താനാവാത്തവരിൽ പെട്ടുപോകുമോ എന്ന് നമുക്കു കാണാം." (27:41)
ബൽഖീസ് വന്നുചേർന്നപ്പോൾ സുലൈമാൻ (അ) ചോദിച്ചു : "നിങ്ങളുടെ സിംഹാസനം ഇതുപോലെയാണോ?" ചോദ്യം ബുദ്ധിപരീക്ഷയാണ്. പരീക്ഷയിൽ വിജയിച്ചു.
അവർ ഇങ്ങനെ മറുപടി നൽകി: "അതെ ഇതുപോലെത്തന്നെ."
രൂപവ്യത്യാസം വരുത്തിയിട്ടും തിരിച്ചറിഞ്ഞു. സുലൈമാൻ (അ) സന്തോഷവാനായി. വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ: "അങ്ങനെ അവൾ വന്നപ്പോൾ ഇങ്ങനെയാണോ നിങ്ങളുടെ സിംഹാസനം എന്ന് ചോദിക്കപ്പെട്ടു. അവൾ പറഞ്ഞു : ഇത് അത് തന്നെയാണെന്ന് തോന്നുന്നു. ഇതിന് മുമ്പുതന്നെ ഞങ്ങൾക്ക് അറിവ് നൽകപ്പെട്ടിരിക്കുന്നു. ഞങ്ങൾ മുസ്ലിംകളാകുകയും ചെയ്തിരിക്കുന്നു." (27:42)
താൻ സബഇലെ കോട്ടയിൽ പൂട്ടിവെച്ച സിംഹാസനം തന്നെയാണിതെന്ന് അവർക്കു മനസ്സിലായി. എന്നിട്ടും ഇത് തന്റെ സിംഹാസനമാണെന്ന് തീർത്തു പറഞ്ഞില്ല. ഇത് തന്നെയാണെന്നു തോന്നുന്നു എന്നാണ് പറഞ്ഞത്. ഇവിടെ എത്തുന്നതിന് മുമ്പുതന്നെ ബൽഖീസ് സൂര്യാരാധന ഉപേക്ഷിക്കുകയും അല്ലാഹുﷻവിന് കീഴൊതുങ്ങുകയും ചെയ്തിരുന്നു. സത്യം മനസ്സിലാക്കാത്ത ഒരു ജനതയിലാണവർ കഴിഞ്ഞിരുന്നത് . അല്ലാഹുﷻവിനെ ആരാധിക്കുന്നതിൽ നിന്ന് ബൽഖീസ് തടയപ്പെടുകയായിരുന്നു. ഇപ്പോൾ പശ്ചാത്തപിക്കുന്നു...
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം : "അല്ലാഹുവിനു പുറമെ അവൾ ആരാധിച്ചുവന്നിരുന്നവ അവളെ തടഞ്ഞുകളഞ്ഞതാണ്. നിശ്ചയമായും അവൾ സത്യനിഷേധികളായ ഒരു ജനതയിൽ പെട്ടവളായിരുന്നു." (27:43)
പളുങ്കുകൊട്ടാരത്തിൽ പ്രവേശിക്കുവാൻ ബൽഖീസിനെ ക്ഷണിച്ചു. വെള്ളത്തിൽ ചവിട്ടുകയാണെന്ന ധാരണയിൽ വസ്ത്രത്തിന്റെ താഴെ അറ്റം പൊക്കിപ്പിടിച്ചു. അപ്പോൾ സുലൈമാൻ (അ) പറഞ്ഞു : "ഇത് പളുങ്കുകൊണ്ട് നിർമ്മിക്കപ്പെട്ട മിനുസമുള്ള കൊട്ടാരമാണ്."
ബൽഖീസിന് അബദ്ധം മനസ്സിലായി. തന്റെ പാദങ്ങൾ വെള്ളത്തിൽ തട്ടുന്നില്ല. അല്ലാഹുﷻവിലും അവന്റെ പ്രവാചകനിലും ദൃഢമായി വിശ്വസിച്ചു കഴിഞ്ഞു. സൂര്യാരാധന നടത്തിയത് അക്രമമായിപ്പോയി. അല്ലാഹുവേ ഞാൻ എന്നോട് തന്നെ അക്രമം കാണിച്ചുപോയി. പൊറുത്തുതരേണമേ..! ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുﷻവിന് കീഴൊതുങ്ങിയിരിക്കുന്നു.
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം : "കൊട്ടാരത്തിൽ പ്രവേശിച്ചുകൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. അങ്ങനെ അത് കണ്ടപ്പോൾ ആഴമുള്ളൊരു ജലാശയമാണെന്നവൾ ധരിക്കുകയും രണ്ട് കണങ്കാലുകളിൽ നിന്ന് വസ്ത്രം പൊക്കിപ്പിടിക്കുകയും ചെയ്തു.
അപ്പോൾ അദ്ദേഹം പറഞ്ഞു: നിശ്ചയമായും ഇത് പളുങ്കുകളാൽ നിർമ്മിക്കപ്പെട്ട മിനുസമുള്ള ഒരു കൊട്ടാരമാകുന്നു. അവൾ പറഞ്ഞു : എന്റെ രക്ഷിതാവേ ഞാൻ എന്നോട് തന്നെ അക്രമം പ്രവൃത്തിച്ചു. സുലൈമാൻ നബിയോടൊപ്പം ഞാനിതാ ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്പ്പെട്ടിരിക്കുന്നു. (27:44)
ബൽഖീസ് വളരെയധികം സന്തോഷവതിയായി. തനിക്ക് ഉന്നത പദവികൾ ലഭിച്ചിരിക്കുന്നു. തനിക്കുള്ളതെല്ലാം സുലൈമാൻ നബിയുടെ മുമ്പിൽ സമർപ്പിക്കാൻ അവർ സന്നദ്ധരായിക്കഴിഞ്ഞു.
സുലൈമാൻ (അ) ബൽഖീസ് രാജ്ഞിയെ വിവാഹം ചെയ്തു. അതോടെ ബൽഖീസിന്റെ പദവി വീണ്ടും ഉയർന്നു. വളരെ സന്തോഷത്തോടെയാണവർ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നുവന്നത്. ബൽഖീസിനെ യമനിലേക്ക് തന്നെ തിരിച്ചയച്ചു. പോയതുപോലെയല്ല തിരിച്ചുവന്നത് എല്ലാ ചലനങ്ങളും സുലൈമാൻ (അ)ന്റെ നിർദ്ദേശപ്രകാരമാണ് നടക്കുന്നത്. ആരാധനകളെല്ലാം മുറപോലെ നടക്കുന്നു.
സുലൈമാൻ (അ) ജിന്നുകളോടിങ്ങനെ കല്പിച്ചു. "യമനിലേക്ക് പോവുക. ബൽഖീസിനുവേണ്ടി അവിടെ മൂന്നു കൊട്ടാരങ്ങൾ നിർമ്മിക്കുക." ജിന്നുകൾ വന്നു. അത്ഭുതകരമായ മൂന്നു ഗംഭീര കൊട്ടാരങ്ങൾ നിർമ്മിച്ചു.
മാസത്തിലൊരിക്കൽ സുലൈമാൻ (അ) ഭാര്യയെ കാണാൻ വരും. വന്നാൽ മൂന്നു ദിവസം താമസിക്കും. അദ്ദേഹം വന്നാൽ നാട്ടിലാകെ സന്തോഷമാണ്.
ഒരിക്കൽ ബൽഖീസ് പറഞ്ഞു : "യാത്രയിൽ എന്നെകൂടെ കൊണ്ട് പോകൂ..."
"നിനക്ക് എങ്ങോട്ട് പോവാനാണാഗ്രഹം?" സുലൈമാൻ (അ) ചോദിച്ചു.
"ദ്വീപിലേക്ക്. പറക്കുന്ന കുതിരകളുള്ള ദ്വീപിലേക്ക്. അവർ കട്ടിലിൽ കയറിയിരുന്നു. അവരെ ദ്വീപിലേക്ക് കൊണ്ടു പോവാൻ കാറ്റിനോട് കല്പിച്ചു. കാറ്റ് അവരെ ദ്വീപിലെത്തിച്ചു. ദ്വീപിൽ വെച്ച് അവർ ചിറകുള്ള കുതിരകളെ കണ്ടു. ധാരാളം കുതിരകൾ. അവ പറക്കുന്നു. പറന്നു കടലിൽ ചാടുന്നു. മനോഹരമായ നാല്പത് കുതിരകളെ പിടിച്ചു. അവയെ സ്നേഹപൂർവം തലോടി...