വിശുദ്ധ ഖുർആൻ പറയുന്നു : "വേദഗ്രന്ഥത്തിൽ നിന്നുള്ള അറിവുണ്ടായിരുന്ന ഒരാൾ പറഞ്ഞു : അങ്ങയുടെ തുറന്ന കണ്ണ് അടയുംമുമ്പ് ഞാനത് അങ്ങയുടെ അടുക്കൽ എത്തിക്കാം." (ഉടനെയത് വന്നെത്തി).
തന്റെ അടുത്ത് സിംഹാസനം സ്ഥിതിചെയ്യുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: "ഇതെന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ പെട്ടതാണ്. ഞാൻ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാട്ടുമോ എന്ന് അവൻ എന്നെ പരീക്ഷിക്കുവാൻ വേണ്ടിയാണ്. (ഇതവൻ ചെയ്തിരിക്കുന്നത്).
"ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കിൽ തന്റെ നന്മക്കവേണ്ടിത്തന്നെയാണവൻ നന്ദി കാണിക്കുന്നത്. ആരെങ്കിലും നന്ദികേട് കാണിക്കുകയാണെങ്കിലോ, എന്നാൽ എന്റെ രക്ഷിതാവ് നിരാശ്രയനും ഉൽകൃഷ്ടനും തന്നെയാകുന്നു." (27:40)
തുറന്ന കണ്ണ് അടയ്ക്കുന്ന വേഗതയിൽ സിംഹാസനം സുലൈമാൻ(അ)ന്റെ തൊട്ടടുത്തെത്തി. ഇത് അല്ലാഹു ﷻ ചെയ്ത അനുഗ്രഹം തന്നെ. ഈ അനുഗ്രഹം ഒരു പരീക്ഷണമാണ്. അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുമോ? അതോ നന്ദികേട് കാണിക്കുമോ? അതറിയാനുള്ള പരീക്ഷണം. മഹത്തായ അനുഗ്രഹം വന്നപ്പോൾ നന്ദിയെക്കുറിച്ചാണ് സുലൈമാൻ (അ) സംസാരിച്ചത്. ഇതാണ് നാം മനസ്സിലാക്കേണ്ട പാഠം.
ആരാണ് സിംഹാസനം കൊണ്ടുവന്നത്..? കിതാബിലെ വിജ്ഞാനം നേടിയ ആൾ. ഏത് കിതാബ്..? അതുവരെ അല്ലാഹു ﷻ ഇറക്കിയ എല്ലാ കിതാബുകളുമാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് ചിലർ പറയുന്നു.
സുലൈമാൻ (അ)ന് അല്ലാഹു ﷻ നൽകിയ പ്രത്യേക വിജ്ഞാനമാണെന്ന് മറ്റൊരഭിപ്രായം.
മഹത്തായ നാമങ്ങൾ (ഇസ്മുൽ അഹ്ളം ) ആണെന്ന് നിരവധി ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്.
സിംഹാസനം കൊണ്ടുവന്ന ആളിനെക്കുറിച്ചും അഭിപ്രായങ്ങൾ പലതാണ്. ഇഫ്രീത്തിനെക്കാൾ മികച്ച ഒരു ജിന്ന്.
ഒരു മലക്ക്.
ജിബ്രീൽ (അ) എന്ന മലക്ക്.
സിംഹാസനം കൊണ്ടുവന്നത് സുലൈമാൻ (അ) ആണെന്ന് പറഞ്ഞവരുമുണ്ട്.
വിജ്ഞാനത്തിന്റെ ശക്തി നാമിവിടെ അറിയുന്നു. നന്ദിയുടെ പ്രാധാന്യവും കാണുന്നു. ഒരാൾ നന്ദി കാണിച്ചാൽ അയാൾക്കു തന്നെയാണതിന്റെ നന്മ. ഒരുവൻ നന്ദികേട് കാണിച്ചാൽ അതിന്റെ ദോഷവും അയാൾക്കു തന്നെ. നന്ദികേട് കൊണ്ട് അല്ലാഹുﷻവിന് നഷടമൊന്നും വരാനില്ല. അവൻ നിരാശ്രയനും ഉൽകൃഷ്ടനുമാകുന്നു.
ബൽഖീസും പരിവാരവും എത്താറായി. പളുങ്കുകൊട്ടാരം പണിതുയർത്തി. അതിമനോഹരമായി വിതാനിച്ച നിലം. ആകെ അലങ്കരിച്ചൊരുക്കിയ കൊട്ടാരം. ജിന്നുകളുടെ മികച്ച നിർമ്മിതി. ബൽഖീസിന്റെ സിംഹാസനത്തിൽ ചില മാറ്റങ്ങൾ വരുത്താൻ സുലൈമാൻ (അ) സേവകന്മാരോട് കല്പിച്ചു. ബാഹ്യമായ ചില മാറ്റങ്ങൾ വരുത്തി. സ്വന്തം സിംഹാസനം അവർക്കു തിരിച്ചറിയാൻ കഴിയുമോ? കഴിയുമെങ്കിൽ അവർ ബുദ്ധിമതി തന്നെ. ഇതൊരു പരീക്ഷണം.
അല്ലാഹു ﷻ തനിക്കു നൽകിയ അനുഗ്രഹങ്ങൾ ബൽഖീസ് മനസ്സിലാക്കണം. സന്ദർശനവേള അതിനുകൂടിയുള്ളതാണ്.
ബൽഖീസിനെ സ്വീകരിക്കുന്നത് പളുങ്ക്കൊട്ടാരത്തിലാണ്. അടിഭാഗത്ത് വെള്ളം നിറച്ചു. വെള്ളത്തിൽ പലതരം മത്സ്യങ്ങൾ, മനോഹരമായ ജലജീവികൾ. വെള്ളത്തിനു തൊട്ടു മുകളിലായി കണ്ണാടിപ്പലകകൾ സ്ഥാപിച്ചു. കണ്ണാടിപ്പലകയിൽ ചവിട്ടുമ്പോൾ വെള്ളത്തിലിറങ്ങിയതുപോലെ തോന്നും. കാലിൽ വെള്ളം നനയില്ല. വെള്ളത്തിലല്ലെന്ന് അപ്പോഴാണറിയുക.
ബൽഖീസും കൂട്ടരും എത്തി. പളുങ്കുകൊട്ടാരത്തിന്റെ മുമ്പിൽ ആശ്ചര്യത്തോടെ നിന്നു. എത്ര വിസ്മയകരം എത്ര ആഢംബരപൂർണമായ സ്വീകരണം...