Wednesday - 22 April, 2026 4-Dhu al-Qadah-1447

കുതിരകൾ

   സുലൈമാൻ നബി(അ) നല്ലയിനം കുതിരകളെ ഇഷ്ടപ്പെട്ടിരുന്നു. കുതിരകൾ കൊട്ടാരങ്ങൾക്ക് അലങ്കാരമാകുന്നു. കുതിരപ്പട ശക്തിയുടെ പ്രകടനമാവുന്നു. സുലൈമാൻ (അ)ന് ശക്തമായ കുതിരപ്പട ഉണ്ടായിരുന്നു. കുതിരകളെ തൊട്ടു തടവും. തീറ്റ കൊടുക്കും. സ്നേഹം പ്രകടിപ്പിക്കും. ഏറെ നേരം അവയോടൊപ്പം ചെലവഴിക്കും... 


 ഇടക്കിടെ യുദ്ധങ്ങൾ നടക്കും. യുദ്ധം ജയിക്കാൻ കുതിരപ്പട വേണം.  അല്ലാഹുﷻവിന്റെ പ്രത്യേകമായ അനുഗ്രഹമാണ് കുതിരകൾ. ഒരു ദിവസം കുതിരകളുടെ പ്രദർശനം നടന്നു. അതിനെക്കുറിച്ചു വിശുദ്ധ ഖുർആൻ പറയുന്നത് കാണുക. 


"വളരെ വേഗത്തിൽ ഓടുന്ന മേത്തരം കുതിരകൾ. സായാഹ്ന വേളയിൽ അദ്ദേഹത്തിന്റെ മുമ്പിൽ പ്രദർശിപ്പിക്കപ്പെട്ട സന്ദർഭം ഓർക്കുക." (38:31)


 വമ്പിച്ച അശ്വസൈന്യം മൈതാനിയിൽ അണിനിരന്നു. പിന്നെ അവ മുമ്പോട്ടു കുതിച്ചു. വളരെ വേഗതയിൽ ഓടി. പൊടിപടലങ്ങളുയർന്നു. കുതിരകളെ ഇപ്പോൾ കാണാനേയില്ല. ദീർഘദൂരം പൊടിപടലം പരന്നു. അപ്പോൾ സുലൈമാൻ (അ)കല്പിച്ചു.  


"കുതിരകളെ തിരിച്ചുകൊണ്ട് വരിക."


 പട്ടാളക്കാർ കുതിരകളെ തിരിച്ചുകൊണ്ടുവന്നു. സുലൈമാൻ നബിയുടെ മുമ്പിൽ അണിനിരത്തി. സുലൈമാൻ (അ) അവയുടെ പിരടിയും കാലുകളും സ്നേഹപൂർവം തടവിക്കൊടുത്തു.  


വിശുദ്ധ ഖുർആൻ പറയുന്നു : "അപ്പോൾ അദ്ദേഹം പറഞ്ഞു : എന്റെ രക്ഷിതാവിനെപ്പറ്റിയുള്ള സ്മരണ നിമിത്തം ഈ നന്മയോട് (കുതിരകളോട്) ഉള്ള സ്നേഹം ഞാൻ ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു. അങ്ങനെ അവ മറവിൽ തിരോധാനം ചെയ്തു. (ദൃഷ്ടിയിൽ നിന്ന് മറഞ്ഞു)" (38:32)


എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന? എന്റെ രക്ഷിതാവിനെ ഓർക്കുവാൻ വേണ്ടിയാണ് ഈ നല്ല വസ്തുവോടുള്ള സ്നേഹത്തെ ഞാനിഷ്ടപ്പെടുന്നത്. സുസജ്ജമായ തന്റെ അശ്വസൈന്യത്തെ കണ്ടപ്പോൾ അല്ലാഹുﷻവിനെ ഓർക്കുകയാണ് ചെയ്തത്. കുതിരകൾ അല്ലാഹുﷻവിന്റെ സ്മരണ ഉണർത്തുന്നു. അതുകൊണ്ട് കുതിരകളെ സ്നേഹിക്കുന്നു.  


വിശുദ്ധ ഖുർആൻ പറയുന്നു : "സുലൈമാൻ നബി പറഞ്ഞു :  നിങ്ങൾ അവയെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരിക. എന്നിട്ട് അദ്ദേഹം അവയുടെ കണങ്കാലുകളും പിരടികളും തടവാൻ തുടങ്ങി." (38:33)


സുലൈമാൻ നബി(അ)ന്റെ അശ്വസൈന്യം വളരെ പ്രസിദ്ധമായിരുന്നു. അശ്വസൈന്യത്തിന്റെ പരേഡ് പരിശോധിക്കും. പോരായ്മകൾ പരിഹരിക്കും. ഇവിടെ മറ്റൊരു വ്യാഖ്യാനം കൂടി കാണുന്നു. 


 കുതിര പ്രദർശനത്തിൽ ശ്രദ്ധ മുഴുകിയത് കാരണം സായാഹ്ന നേരത്തെ സുന്നത്ത് നിസ്കാരം നഷ്ടപ്പെട്ട കാര്യം ഓർമ്മവന്നത്.   കുതിരകൾ കാരണം നിസ്കാരം നഷ്ടപ്പെട്ടുപോയി. പതിവായി ചെയ്യാറുള്ള നിസ്കാരം നഷ്ടപ്പെട്ടതിൽ വല്ലാത്ത ദുഃഖവും നിരാശയും തോന്നി. മനസ്സ് നൊന്ത് പശ്ചാത്തപിച്ചു.  


 വാഹനം അല്ലാഹു ﷻ നൽകുന്ന അനുഗ്രഹമാണ്. അതെപ്പോഴും ഓർമ്മവേണം നന്ദി പ്രകടിപ്പിക്കുകയും വേണം. കുതിരയുടെ സ്ഥാനത്ത് വിലകൂടിയ കാറുകളാണ് ഇന്നുള്ളത്. അത് ലഭിച്ചവർ അതിന്റെ പേരിൽ അഹങ്കരിക്കരുത്. വിനയം പ്രകടിപ്പിക്കണം. നന്ദിയുള്ളവരായി ജീവിക്കണം. മോട്ടോർ വാഹനങ്ങളും മറ്റ് ഭൗതിക സൗകര്യങ്ങളും അല്ലാഹുﷻവിനു വേണ്ടിയുള്ള കർമ്മങ്ങളിൽ നിന്ന് നമ്മെ തടയരുത്. അതാണ് മേലുദ്ധരിച്ച സംഭവത്തിൽ നിന്ന് നമുക്ക് പഠിക്കാനുള്ള പാഠം. 


ദാവൂദ് നബി (അ) നും കുതിരപ്പട ഉണ്ടായിരുന്നു. പിതാവിൽ നിന്ന് പുത്രന് കുതിരപ്പട അനന്തരാവകാശമായി ലഭിച്ചു. അവയെ പ്രത്യേക പരിഗണനയോടെ സൂക്ഷിച്ചു വന്നു. ലോകത്തിലെ ഏറ്റവും നല്ലയിനം കുതിരകളെയാണ് സുലൈമാൻ (അ) വളർത്തിയിരുന്നത്.