ഹുദ്ഹുദയുടെ ഭാഷ സുലൈമാൻ (അ)ന് നന്നായി മനസ്സിലാവും. അദ്ദേഹത്തിന്റെ ഭാഷ ഹുദ്ഹുദക്കും മനസ്സിലാവും. ആശയവിനിമയത്തിന് പ്രയാസങ്ങളൊന്നുമില്ല. സുലൈമാൻ (അ) കുറച്ചു നേരം ചിന്തിച്ചിരുന്നു.
ബൽഖീസിനെ ഇസ്ലാമിലേക്ക് ക്ഷണിക്കണം. അതിനുള്ള മാർഗ്ഗമെന്ത്? ഒരു കത്ത് കൊടുത്തയക്കാം. ഹുദ്ഹുദ കത്ത് എത്തിച്ചുകൊടുക്കാൻ മിടുക്കനാണ്. പ്രതികരണം അറിഞ്ഞു വരികയും ചെയ്യും...
സുലൈമാൻ (അ) ഇങ്ങനെ തുടങ്ങി. ബിസ്മില്ലാഹി റഹ്മാനി റഹീം "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ. ഇത് ദാവൂദിന്റെ മകൻ സുലൈമാനിൽ നിന്നുള്ള കത്താകുന്നു. എന്നോട് നിങ്ങൾ അഹങ്കാരം കാണിക്കരുത്. മുസ്ലിംമായിക്കൊണ്ട് നിങ്ങൾ എന്റെ സമീപം വന്നുചേരുക." കത്തെഴുതി ഹുദ്ഹുദയെ ഏല്പിച്ചു. ഹുദ്ഹുദ കത്തുമായി പറന്നകന്നു...
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം : "എന്റെ ഈ എഴുത്തുമായി നീ പോകുക. എന്നിട്ട് ഇത് അവർക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം നീ അവരിൽ നിന്ന് പിൻമാറി നിൽക്കണം. അവർ അതിനെപ്പറ്റി എന്ത് പറയുന്നുവെന്ന് നോക്കണം." (27:28)
ഹുദ്ഹുദ പറന്നകന്നു. സബഇന്റെ ആകാശത്തിലൂടെ പറന്നു. പ്രതാപം വിളിച്ചറിയിക്കുന്ന കൊട്ടാരം. അതിനെ ചുറ്റിപ്പറന്നു. കിളിവാതിലിലൂടെ കൊട്ടാരത്തിനകത്ത് പ്രവേശിച്ചു. രാജ്ഞിയുടെ മുറിയിൽ കത്ത് ഇട്ടു. ബിൽഖീസ് രാജ്ഞി കത്ത് കൈയിലെടുത്തു. തുറന്നുവായിച്ചു...
അല്ലാഹുﷻവിന്റെ നാമത്തിലുള്ള കത്ത്. വല്ലാത്ത അതിശയം തോന്നി. കത്തെഴുതിയിരിക്കുന്നത് ദാവൂദിന്റെ മകൻ സുലൈമാൻ. രാജ്ഞിയുടെ മനസ്സിളകിമറിഞ്ഞു. ഇത് ആദരിക്കപ്പെടേണ്ട കത്ത്. ബഹുമാനപൂർവ്വം ഉള്ളടക്കം വായിച്ചു. മുസ്ലിമാവുക. സുലൈമാന്റെ സമീപം വന്നു ചേരുക. എതിർക്കാൻ നിൽക്കരുത്.
ബുദ്ധിമതിയായ ബൽഖീസ് രാജ്ഞി നന്നായി ചിന്തിച്ചു. അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്കുള്ള ക്ഷണം. ക്ഷണിക്കുന്നത് ലോക ചക്രവർത്തി സുലൈമാൻ. എതിർക്കാൻ നോക്കിയാൽ പരാജയം നിശ്ചയം. അനുസരിച്ചാൽ ആദരിക്കപ്പെടും. അതാണ് നല്ല വഴി. ഈ ജനതയുടെ സഹകരണം ലഭിക്കണം. അതിനെന്തുവഴി..? മന്ത്രിമാരെയും പ്രധാനികളെയും വിളിക്കാം. അവരുടെ അഭിപ്രായം ആരായാം...
സുലൈമാനെ ധിക്കരിച്ചാലുള്ള കുഴപ്പങ്ങൾ പറഞ്ഞുകൊടുക്കാം. ബൽഖീസ് പ്രധാനികളെയെല്ലാം വിളിച്ചുകൂട്ടി. അവരോട് സംസാരിച്ചു.
"വളരെ മഹത്തായ ഒരു കത്ത് എനിക്ക് ലഭിച്ചിരിക്കുന്നു. ബിസ്മി കൊണ്ടാണ് കത്ത് തുടങ്ങിയിരിക്കുന്നത്. ദാവൂദിന്റെ മകൻ സുലൈമാൻ അയച്ചതാണ് കത്ത്. നാം മുസ്ലിംകളായി അദ്ദേഹത്തെ സമീപിക്കണം. എതിർക്കാൻ നിൽക്കരുത്. ഇതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്..? പറയൂ... നിങ്ങൾ പറയുംപോലെ നമുക്കു നീങ്ങാം. എല്ലാ പ്രധാന കാര്യങ്ങളും നിങ്ങളോടാലോചിച്ചാണല്ലോ നാം നിർവ്വഹിക്കുന്നത്."
അവർ ഇങ്ങനെ അറിയിച്ചു. "നമുക്കു സുശക്തമായ സൈന്യമുണ്ട്. നമ്മെ അക്രമിക്കാൻ വന്നാൽ നാം നേരിടും. സന്ധി ചെയ്യണമെങ്കിൽ അങ്ങനെയുമാവാം. രാജ്ഞി കല്പിക്കുംപോലെ ചെയ്യാം." കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം രാജ്ഞിക്കുതന്നെ വിട്ടുകൊടുത്തു. അവരുടെ വാക്കുകൾ കേൾക്കാനവർ കാത്തിരുന്നു.
"സുലൈമാൻ വമ്പിച്ച സൈന്യവുമായി വന്നു ഈ നാട് നശിപ്പിക്കും. അതിന്നിടകൊടുക്കരുത്. സൈന്യമിറങ്ങിയാൽ നാട്ടിലെ മാന്യന്മാരെ നിസ്സാരന്മാരാക്കിക്കളയും. കൃഷി നശിക്കും. നമുക്കൊരു കാര്യം ചെയ്യാം. വമ്പിച്ച പാരിതോഷികങ്ങളുമായി കുറെ ആളുകളെ അയക്കാം. മുത്തും, മാണിക്യവും, മരതകവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കൊടുത്തയക്കാം. സുന്ദരികളായ അടിമസ്ത്രീകളെയും പുരുഷന്മാരെയും അയക്കാം. അദ്ദേഹം യഥാർത്ഥ നബിയാണെങ്കിൽ പാരിതോഷികങ്ങൾ സ്വീകരിക്കില്ല. ദൂതന്മാർ പോയി വരട്ടെ..! അപ്പോൾ നമുക്ക് കാര്യങ്ങൾ നന്നായിട്ടറിയാം." സദസ്സ് അതംഗീകരിച്ചു. ഹുദ്ഹുദ എല്ലാം കേട്ട് മനസ്സിലാക്കി. ധൃതിയിൽ പറന്നു പോവുകയും ചെയ്തു...