വിശുദ്ധ ഖുർആനിലെ മുപ്പത്തിനാലാം അധ്യായത്തിലെ പേര് സൂറത്തു സബഅ് എന്നാകുന്നു. അമ്പത്തിനാല് വാക്യങ്ങളുള്ള ഒരധ്യായം. വിശുദ്ധ ഖുർആനിലെ ഒരധ്യായത്തിന് പേര് വെക്കപ്പെട്ടതിലൂടെ സബഅ് എന്ന നാമം അനശ്വരമായിത്തീർന്നു...
അറേബ്യൻ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പുരാതന രാജ്യമായ സബഅ് എക്കാലവും ഓർമ്മിക്കപ്പെടും. പൗരാണിക നാഗരികതയുടെ കേന്ദ്രമായിരുന്നു സബഅ്. ഷീബാ സാമ്രാജ്യം എന്നും പറയപ്പെടുന്നു. നല്ല സാമ്പത്തിക ഭദ്രതയുള്ള രാജ്യം. രാജ്യത്ത് ശാന്തിയും സമാധാനവും നിലനിന്നു. ഉന്നതമായ നാഗരികതയുടെ നാട്...
സ്വർണ്ണം, വെള്ളി, പലവിധ രത്നങ്ങൾ എന്നിവ അവരുടെ കച്ചവടച്ചരക്കുകളായിരുന്നു. യമനിന്റെ ഭാഗമായ സബഇന്റെ ചരിത്രം വളരെ പ്രസിദ്ധമാണ്. പണ്ട് അവിടെ ഭരണം നടത്തിയ രാജാവിന്റെ പേര് പറയാം. സബഅ് ബ്നു യശ്ജുബ്. ഇദ്ദേഹത്തിന്റെ സന്താനപരമ്പര സബഅ് ഗോത്രം എന്ന പേരിൽ അറിയപ്പെടുന്നു. സബഅ് ഗോത്രം താമസിച്ച നാട്ടിന് സബഅ് രാജ്യം എന്ന പേർ കിട്ടി.
സബഇലെ ഒരു പ്രദേശമാണ് മഹ്റബ്. പുരാതന കാലത്ത് അവിടെ സബഅ് ഗോത്രക്കാർ അണക്കെട്ട് നിർമ്മിച്ചു. രണ്ട് മലകൾക്കിടയിൽ അണ കെട്ടി മഴവെള്ളം ശേഖരിച്ചു. ആ വെള്ളം ഉപയോഗിച്ചു വിശാലമായ പ്രദേശത്ത് കൃഷി ചെയ്തു. ധാന്യങ്ങളും പഴവർഗ്ഗങ്ങളും ധാരാളമുണ്ടായി. അണക്കെട്ടിന്റെ ഇരു വശങ്ങളിലുള്ള തോട്ടങ്ങൾ ലോകപ്രസിദ്ധമായിത്തീർന്നു. മരുഭൂമി പൂങ്കാവനമായിമാറി. അത് അല്ലാഹുﷻവിന്റെ മഹത്തായ അനുഗ്രഹമായിരുന്നു.
അവിടത്തെ ജനത ആ അനുഗ്രഹത്തിന്റെ മഹത്വമറിഞ്ഞില്ല. അവർ അല്ലാഹുﷻവിന്റെ കല്പനകൾ അനുസരിച്ചില്ല. അവർ ധിക്കാരികളായി ജീവിച്ചു. അല്ലാഹുﷻവിന്റെ കോപം അവർ അനുഭവിച്ചു. അണക്കെട്ട് തകർന്നു. വെള്ളപ്പൊക്കമുണ്ടായി. തോട്ടങ്ങൾ നശിച്ചു. ഹംയർ വംശത്തിൽ പെട്ട രാജാക്കന്മാർ ആ പ്രദേശം ഭരിച്ചു. അവർ തുബ്ബഹ് രാജാക്കന്മാർ എന്ന പേരിൽ അറിയപ്പെട്ടു. രാജാക്കന്മാരുടെ ഒരു പരമ്പര തന്നെയുണ്ടായി. ഇടിക്കിടെ രാജ്ഞിമാരും രാജ്യം ഭരിച്ചു.
പ്രസിദ്ധനായ യഹ്റുബ്നു ഖഹ്ഥാന്റെ സന്താന പരമ്പരയിൽ പെട്ട രാജാക്കന്മാരിൽ ഒരാളായിരുന്നു ശറാഹീൽ രാജാവ്. ശറാഹീലിന്റെ പുത്രിയാണ് ബിൽഖീസ്. സബഅ് രാജ്യം ബിൽഖീസ് റാണി ഭരിച്ചു. അവരുടെ സിംഹാസനം വളരെ വിലകൂടിയതാണ്. അതിന്റെ പ്രസിദ്ധി അയൽരാജ്യങ്ങളിലെല്ലാം വ്യാപിച്ചു. നിരവധി പ്രമുഖന്മാർ ആ സിംഹാസനം കാണാൻ വന്നുകൊണ്ടിരുന്നു...
ഹുദ്ഹുദ എന്ന മരക്കൊത്തി സുലൈമാൻ (അ) എന്ന ലോകചക്രവർത്തിയോട് സംസാരിച്ചത് ബിൽഖീസ് രാജ്ഞിയെക്കുറിച്ചായിരുന്നു. ബിൽഖീസ് രാജ്ഞിയും പ്രജകളും സൂര്യനെയാണ് ആരാധിക്കുന്നത്. സർവ്വശക്തനായ അല്ലാഹുﷻവിനെ ആരാധിക്കുന്നില്ല. ഹുദ്ഹുദയുടെ വിവരണം കേട്ടപ്പോൾ സുലൈമാൻ (അ) പറഞ്ഞ വാക്കുകൾ വിശുദ്ധ ഖുർആനിൽ കാണാം...
"സുലൈമാൻ പറഞ്ഞു : നീ സത്യം പറഞ്ഞതാണോ അതോ നീ കളവു പറഞ്ഞവരിൽ പെട്ടുപോയോ എന്ന് നാമൊന്ന് നോക്കട്ടെ!" (27:27)
ഹുദ്ഹുദയുടെ ഭാഷ സുലൈമാൻ (അ)ന് നന്നായി മനസ്സിലാവും. അദ്ദേഹത്തിന്റെ ഭാഷ ഹുദ്ഹുദക്കും മനസ്സിലാവും. ആശയവിനിമയത്തിന് പ്രയാസങ്ങളൊന്നുമില്ല. സുലൈമാൻ (അ) കുറച്ചു നേരം ചിന്തിച്ചിരുന്നു...