Wednesday - 22 April, 2026 4-Dhu al-Qadah-1447

ദൗത്യസംഘം (1)

   ബൽഖീസ് രാജ്ഞി വളരെ ബുദ്ധിപൂർവ്വം കാര്യങ്ങൾ നീക്കി. സുലൈമാൻ(അ) ന്റെ സമീപത്തേക്കു പോകേണ്ട സംഘത്തെ സജ്ജമാക്കി. അടിമകളായ അഞ്ഞൂറു പുരുഷന്മാർ അത്രയും സ്ത്രീകളും. അവരെ ഒരേ രീതിയിൽ വസ്ത്രം ധരിപ്പിച്ചു. സ്ത്രീയെയും പുരുഷനെയും ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനാവാത്തവിധം അണിയിച്ചൊരുക്കി...


 പാരിതോഷികമായിക്കൊണ്ട് പോവുന്നത് വിലകൂടിയ രത്നങ്ങൾ പതിച്ച കിരീടം. കൂടെ സ്വർണ്ണക്കട്ടികൾ, രത്നങ്ങൾ, അമ്പർ, കസ്തൂരി. സംഘത്തെ നയിക്കുന്നത് മുൻസ്വിർ.  സുലൈമാൻ (അ)ന് നൽകാനുള്ള കത്ത് ബൽഖീസ് രാജ്ഞി മുൻസ്വിറിനെ ഏല്പിച്ചു... 


 ഹുദ്ഹുദ പറന്നുവന്നു. സുലൈമാൻ നബി(അ)ന്റെ സമീപം വന്നു. കാര്യങ്ങൾ ധരിപ്പിച്ചു. ബൽഖീസിന്റെ സംഘത്തെ ഒരു മൈതാനിയിൽ വെച്ച് സ്വീകരിക്കാം. മൈതാനം നന്നായി അലങ്കരിക്കണം. അലങ്കാരത്തിന്റെ ചുമതല ജിന്നുകളെ ഏല്പിച്ചു...   


 സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൾ കൊണ്ടുവന്നു. മൈതാനം മുഴുവൻ പരത്തി. എത്ര മനോഹരമായ കാഴ്ച. മൈതാനത്തിലേക്ക് കടക്കാൻ കമാനങ്ങൾ. പ്രഭ ചൊരിയാൻ ദീപങ്ങൾ. ഒരു മൈതാനമാണെന്ന് തോന്നില്ല. ഒരു മായാലോകം തന്നെ. പക്ഷികളും മൃഗങ്ങളും അണിനിരന്നു. മധ്യഭാഗത്ത് സിംഹാസനം. സുലൈമാൻ(അ) ഇരുന്നു. ചുറ്റും വിലകൂടിയ ഇരിപ്പിടങ്ങൾ. മനുഷ്യരിലും ജിന്നിലുംപെട്ട പ്രധാനികൾ ഇരുന്നു. 


 ബൽഖീസിന്റെ സംഘമെത്തി...


 തങ്ങളെവിടെയാണെത്തിപ്പെട്ടത്..?  ഇത് ഭൂമിയോ ആകാശമോ? എന്തൊരു കാഴ്ചയാണിത്? അവർ ഭയന്നുപോയി...!


 വിസ്മയം കൊണ്ട് സംസാരിക്കാനാവുന്നില്ല. മുൻസ്വിർ കത്ത് നൽകി. സുലൈമാൻ(അ) കത്ത് തുറന്നു വായിച്ചു. പുഞ്ചിരിച്ചു. ചില കാര്യങ്ങൾ അതിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിക്കാനാണ് ആദ്യം ആവശ്യപ്പെട്ടിരിക്കുന്നത്. എങ്കിൽ അത് തന്നെ ആദ്യം നടക്കട്ടെ..!  


 പ്രിയപ്പെട്ട അതിഥികളെ നിങ്ങളെ നാം ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. എല്ലാവരും കൈയും മുഖവും കഴുകി അകത്ത് കടന്നിരിക്കുക. നിർദ്ദേശം കിട്ടിയ ഉടനെ പുരുഷന്മാർ ഒരു സങ്കോചവുമില്ലാതെ കൈകളും മുഖവും കഴുകി. പെണ്ണുങ്ങൾ നാണത്തോടെ കഴുകി. സ്ത്രീകളും പുരുഷന്മാരും വേർതിരിക്കപ്പെട്ടു... 


 രത്നങ്ങൾ ഉൾപ്പെടെയുള്ള വിലകൂടിയ സാധനങ്ങൾ ഒരു ഡപ്പിയിൽ അടച്ചു ഭദ്രമാക്കിക്കൊണ്ട് വന്നിട്ടുണ്ട്. ഡപ്പി തുറക്കാതെ അതിലെന്തൊക്കെയുണ്ടെന്ന് പറയണം. സുലൈമാൻ (അ) എല്ലാം പറഞ്ഞുകൊടുത്തു. ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും നിർവ്വഹിക്കപ്പെട്ടു. ഇനി പാരിതോഷിക സമർപ്പണം. കൊണ്ടുവന്ന സാധനങ്ങൾ മുമ്പിൽ വെച്ചു. സുലൈമാൻ (അ) അതിലേക്ക് നോക്കി. എന്നിട്ടിപ്രകാരം പറഞ്ഞു. 


 "ഇതൊന്നും ഇവിടെ ആവശ്യമില്ല. മടക്കിക്കൊണ്ടു പോവുക. ഈ ലോകത്തെ വിലപിടിപ്പുള്ള സാധനങ്ങളൊന്നും ഞാൻ മോഹിക്കുന്നില്ല. പരലോക വിജയം. അത് മാത്രമാണെന്റെ മോഹം. നിങ്ങൾ നാട്ടിൽ ചെന്ന് രാജ്ഞിയോട് ഇസ്ലാം മതം സ്വീകരിച്ചു ഇവിടെ വരാൻ പറയുക. അതിന്നവർ തയ്യാറില്ലെങ്കിൽ ഞാനെന്റെ സൈന്യവുമായി അവിടെ വരും. ഞങ്ങളെ തടയാൻ നിങ്ങളെക്കൊണ്ടാവില്ല."