Wednesday - 22 April, 2026 4-Dhu al-Qadah-1447

കാറ്റ്, ചെമ്പ് (2)

   സുലൈമാൻ (അ)ന് അല്ലാഹു ﷻ നൽകിയ മറ്റൊരനുഗ്രഹം പറയാം. ചെമ്പ് ഉരുകിയൊലിക്കുന്ന ഒരു സ്ഥലത്തെക്കുറിച്ച് അല്ലാഹു ﷻ അറിവ് നൽകി. മാസത്തിൽ മൂന്നു രാവും പകലും ചെമ്പ് ഉരുകി ഒഴുകും. ഉരുകിയ ചെമ്പ് കോരിയെടുത്തു പാത്രങ്ങളും മറ്റുമുണ്ടാക്കാൻ ജിന്നുകളെ ചുമതലപ്പെടുത്തി...


 വളരെ വലിയ പാത്രങ്ങളാണവർ നിർമ്മിച്ചത്. ആയിരം പേർക്ക് വട്ടമിട്ടിരുന്ന് ഭക്ഷണം കഴിക്കാം. മൂന്നു കാലുള്ള വലിയ ചെമ്പുപാത്രങ്ങൾ നിർമ്മിച്ചു. അതിലാണ് ഭക്ഷണം പാകം ചെയ്യുക. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് തള്ളിമാറ്റാൻ കഴിയില്ല. അത്ര ഭാരം കാണും. 


 ഇത്തരം പാത്രങ്ങൾ എത്രയെണ്ണം കാണുമെന്നോ? ആയിരക്കണക്കിൽ വരും. ഒരു സന്ദർഭത്തിൽ പന്ത്രണ്ടായിരം പാത്രങ്ങളിൽ ആഹാരം പാകം ചെയ്തിരുന്നു. ഓരോ പാത്രത്തിനും ഓരോ മുഖ്യ പാചകക്കാരൻ. നിരവധി സഹായികൾ. പാചകപ്പുരയുടെ വലിപ്പം എത്രയായിരിക്കും..?  


 കല്ലുകൊണ്ടുള്ള അനേകം പാത്രങ്ങൾ നിർമ്മിക്കപ്പെട്ടു. കല്ലുകൊണ്ടുള്ള ഒരു പാത്രത്തിൽ പത്ത് ഒട്ടകത്തിന്റെ മാംസം കൊള്ളും. ഓരോ ദിവസവും പാകം ചെയ്യപ്പെടുന്ന ആഹാരത്തിന്റെ അളവ് ഒന്നു സങ്കല്പിച്ചു നോക്കൂ. അതെല്ലാം തിന്നു തീർക്കാൻ മാത്രം മനുഷ്യർ അവിടെ വന്നിരുന്നു... 


 സുലൈമാൻ നബി (അ)ന്റെ അന്നദാനം എല്ലാ നാടുകളിലും പ്രസിദ്ധമാണ്. സദ്യയിൽ പങ്കെടുക്കാൻവേണ്ടി നാനാ ദിക്കുകളിൽ നിന്നും പതിനായിരങ്ങളാണ് ഒഴുകിയെത്തിയിരുന്നത്. സമൃദ്ധമായ സദ്യ. പാവപ്പെട്ടവർക്കുള്ളതാണ്. സാധാരാണക്കാരൊക്കെ അതിൽ പങ്കെടുക്കുന്നു. 


 സുലൈമാൻ (അ)ആ സദ്യ കഴിക്കാറില്ല. അദ്ദേഹം പകൽ നോമ്പു നോൽക്കും. പകൽ വട്ടികൾ നെയ്തെടുക്കും. അവ അങ്ങാടിയിൽ വിൽക്കും. എന്നിട്ട് ഗോതമ്പ് റൊട്ടി വാങ്ങും. അത് കഴിച്ചാണ് നോമ്പ് തുറക്കുക. ഏതെങ്കിലും അഗതികളെ കണ്ടാൽ വിളിച്ചു കൊണ്ടുവന്ന് കൂടെയിരുത്തും. എത്ര ഹൃദ്യമായ നോമ്പതുറ. 


സുലൈമാൻ (അ)ന് കാറ്റിനെ അധീനപ്പെടുത്തിക്കൊടുത്ത വിവരവും, ചെമ്പിന്റെ ദ്രാവകം കാണിച്ചുകൊടുത്ത സംഭവവും സൂറത്തുസ്സബഇൽ കാണാം...


അല്ലാഹു ﷻ പറയുന്നു : "സുലൈമാന് കാറ്റിനെയും കീഴ്പ്പെടുത്തിക്കൊടുത്തു. അതിന്റെ പ്രഭാതത്തിലെ യാത്ര ഒരു മാസത്തെ വഴിദൂരവും വൈകുന്നേരത്തെ വരവ് ഒരു മാസത്തെ വഴിദൂരവും ആകുന്നു.  അദ്ദേഹത്തിന് നാം ചെമ്പു ദ്രാവകത്തിന്റെ ഉറവ ഒഴുക്കിക്കൊടുക്കുകയും ചെയ്തു. തന്റെ റബ്ബിന്റെ കല്പനയനുസരിച്ചു അദ്ദേഹത്തിന്റെ മുമ്പിൽവെച്ച് പ്രവർത്തിയെടുക്കുന്നവരിൽ ജിന്നുകളിൽ പെട്ടവരും ഉണ്ടായിരുന്നു. 

ജിന്നുകളിൽ നിന്ന് ആരെങ്കിലും നമ്മുടെ കല്പന വിട്ട് തെറ്റിപ്പോകുന്ന പക്ഷം നാം അവന് ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്." (34:12)


 ജിന്നുകൾ സുലൈമാൻ (അ)നുവേണ്ടി ഏതൊക്കെ ജോലികളാണ് ചെയ്തിരുന്നത്..?അതറിയാൻ വിശുദ്ധ ഖുർആൻ തന്നെ നോക്കിയാൽ മതി.    


 വലിയ മണ്ഡപങ്ങൾ നിർമ്മിച്ചു. ഖുർആനിൽ ഇതിന് മഹാരിബ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. മിഹ്റാബ് എന്നതിന്റെ ബഹു വചനം. കൂറ്റൻ കെട്ടിടം, മനോഹരമായ മന്ദിരം എന്നൊക്കെ മനസ്സിലാക്കാം. വലിയ കല്ലുകൾ ഉപയോഗിച്ച് കൂറ്റൻ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. മനുഷ്യർക്കതിന് കഴിയില്ല... 


 വെള്ളം നിറച്ചുവെക്കാനുള്ള പടുകൂറ്റൻ തൊട്ടിപ്പാത്രങ്ങൾ നിർമ്മിച്ചു. അതിൽ വെള്ളം നിറച്ചാൽ ഒരു ജലാശയം പോലെയിരിക്കും. പാചകം ചെയ്യാനുള്ള പടുകൂറ്റൻ പാത്രങ്ങൾ നിർമ്മിച്ചു. ഇതിന് കിടാരങ്ങൾ എന്നു പറയുന്നു. അത് ഇളക്കിമാറ്റാനൊന്നും സാധ്യമല്ല. ഒരു സ്ഥലത്ത് സ്ഥാപിച്ചാൽ അവിടെത്തന്നെ ഉറച്ചുനിൽക്കും.  


 സുലൈമാൻ (അ) ഉദ്ദേശിക്കുന്നതെന്തോ അതൊക്കെ അവർ നിർമ്മിച്ചുകൊടുത്തിരുന്നു. ഇത് വലിയ അനുഗ്രഹമാണ്. ഇതിന് ദാവൂദ് കുടുംബം നന്ദിയുള്ളവരായിരിക്കണമെന്ന് അല്ലാഹു ﷻ കല്പിക്കുന്നു. വിശുദ്ധ ഖുർആൻ പറയുന്നു : 


"അദ്ദേഹത്തിനു വേണ്ടി മണ്ഡപങ്ങൾ, പ്രതിമകൾ, ജലാശയങ്ങൾ പോലുള്ള തൊട്ടിപ്പാത്രങ്ങൾ, ഉറച്ചു നിൽക്കുന്ന കിടാരങ്ങൾ മുതലായ  അദ്ദേഹം ഉദ്ദേശിക്കുന്നത് അവർ പണിതുകൊടുത്തിരുന്നു. (അല്ലാഹുﷻ പറഞ്ഞു): ദാവൂദിന്റെ കുടുംബമേ നന്ദിയോടെ പ്രവർത്തിക്കുവീൻ..! എന്റെ അടിയാന്മാരിൽ നന്ദിയുള്ളവർ കുറവാകുന്നു." (34:13 )


 ഓരോ മനുഷ്യരും അല്ലാഹുﷻവിൽ നിന്ന് എണ്ണമറ്റ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നു. പക്ഷെ നന്ദിയുള്ളവർ വളരെ കുറവാകുന്നു. ദാവൂദ് കുടുംബത്തിന്റെ ചരിത്രം പറയുമ്പോൾ അല്ലാഹു ﷻ അക്കാര്യം നമ്മെ ഓർമ്മപ്പെടുത്തുന്നു...