Wednesday - 22 April, 2026 4-Dhu al-Qadah-1447

കപ്പൽ യാത്രകൾ (1)

   ശാം, ഫലസ്തീൻ, സമീപ പ്രദേശങ്ങൾ പൗരാണിക കാലം മുതൽക്കേ ജനവാസമുള്ള നാടുകൾ. കിഴക്കൻ ലോകവും പടിഞ്ഞാറൻ ലോകവും സന്ധിക്കുന്നതവിടെയാണ്.  പൗരാണിക മനുഷ്യ നാഗരികത വളർന്ന മണ്ണ്. മധ്യധരണ്യാഴി സമീപത്തു തന്നെയാണ്. മധ്യധരണ്യാഴിയിലൂടെ പടിഞ്ഞാറൻ ലോകത്തേക്ക് സഞ്ചരിക്കാം. കപ്പലുകൾ വേണ്ടത്രയുണ്ട്. സഞ്ചാരികളുണ്ട്. കപ്പിത്താന്മാരുണ്ട്. പാശ്ചാത്യർക്കുവേണ്ട കച്ചവടച്ചരക്കുകളുമുണ്ട്. എല്ലാം ഉണ്ട്...


 ഇനി ഒരൊറ്റകാര്യം ശരിയായാൽ മതി. കാറ്റിന്റെ ഗതി അനുകൂലമാവുക. കാറ്റിനെ അല്ലാഹു ﷻ സുലൈമാൻ നബി(അ) ന് അധീനപ്പെടുത്തിക്കൊടുത്തിരിക്കുകയാണല്ലോ..? കൽപിച്ചാൽ മതി അനുസരിക്കും... 


 കപ്പലുകളിൽ ചരക്കുകൾ നിറച്ചു. സഞ്ചാരികൾ കയറി കപ്പിത്താന്മാർ വന്നു. നിരവധി കപ്പലുകൾ. പായകൾ വിടർത്തി. അതിമനോഹരമായ കാഴ്ച. ആ കാഴ്ച കാണാൻ കടൽത്തീരം നിറയെ ആളുകൾ. സുലൈമാൻ (അ)വന്നു. കാറ്റിനു കല്പന കിട്ടി. പെട്ടെന്ന് പടിഞ്ഞാറൻ ദിശയിലേക്കു കാറ്റു വീശി. കപ്പലുകൾ അതിവേഗം അകന്നകന്നു പോയി... 


 എത്രയോ മനോഹരമായ കാഴ്ച. സത്യവിശ്വാസികൾ അല്ലാഹുﷻവിനെ സ്തുതിച്ചു. അൽഹംദുലില്ലാഹ്  മധ്യധരണ്യാഴിതീരത്ത് പല തുറമുഖങ്ങളുണ്ട് സൂർ, യാഫാ എന്നിവ ചരിത്രപ്രസിദ്ധമായ തുറമുഖങ്ങളാണ്. ധാരാളം കപ്പലുകൾ വന്നുപോവുന്ന കേന്ദ്രങ്ങൾ.   


 പ്രസിദ്ധമായ ചെങ്കടൽ സമീപത്ത് തന്നെയാണ്. ചെങ്കടലിലൂടെ കടന്നുപോയ കപ്പലുകൾക്കുണ്ടോ വല്ല കണക്കും. ഇന്ത്യയുമായും മറ്റ് പൗരസ്ത്യ രാജ്യങ്ങളുമായും കച്ചവട ബന്ധം നിലനിർത്തിയിരുന്നത് ചെങ്കടൽ വഴിയായിരുന്നു. ചെങ്കടൽ തീരത്തും ധാരാളം തുറമുഖങ്ങളുണ്ടായിരുന്നു. പൗരാണിക ചരിത്രത്തിൽ പറക്കുന്ന ഐല തുറമുഖം ചെങ്കടലിന്റെ ശാഖയായ അൽ അഖബ ഉൾക്കടലിനോട് ചേർന്നു കിടക്കുന്നു. 


 കിഴക്കൻ രാജ്യങ്ങളിലേക്ക് പുറപ്പെടാൻ ചെങ്കടൽ തീരത്ത് നിരവധി കപ്പലുകൾ ഒരുങ്ങിനിൽക്കുന്നു. ഈത്തപ്പഴം, അത്തിപ്പഴം, മുന്തിരി എന്നിവയുടെ വലിയ കെട്ടുകൾ കപ്പലുകളിലുണ്ട്. കച്ചവടക്കാരും കപ്പിത്താന്മാരും കയറി. കാറ്റിന് സുലൈമാൻ (അ)ന്റെ കല്പന കിട്ടി. കാറ്റ് വീശി. കിഴക്കൻ ദേശത്തേക്ക് കാറ്റടിച്ചു. പായകൾ നിവർന്നു കാറ്റ് അവയെ കിഴക്കോട്ട് നയിച്ചു. 


 കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ..  അല്ലാഹു ﷻ അനുഗ്രഹിച്ച നാടുകൾ.  അവിടത്തെ വിളവുകൾ അല്ലാഹുﷻവിന്റെ അനുഗ്രഹമാണ്.  വനങ്ങൾ മറ്റൊരനുഗ്രഹമാണ്. വനങ്ങളിലെ വിഭവങ്ങൾ മഹത്തായ അനുഗ്രഹം തന്നെ. അവയെല്ലാം കപ്പലുകളിൽ വന്നുചേരും. കടലും, കരയും, കാറ്റും അല്ലാഹു ﷻ സുലൈമാൻ നബി(അ)ന് കീഴ്പ്പെടുത്തിക്കൊടുത്തു.  


 വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ: "ശക്തിയായി അടിച്ചുകൊണ്ടിരിക്കുന്ന നിലയിൽ കാറ്റിനെ സുലൈമാന് കീഴ്പ്പെടുത്തിക്കൊടുത്തു. നാം അനുഗ്രഹിച്ച ഭൂമിയിലേക്ക് അദ്ദേഹത്തിന്റെ കല്പനയനുസരിച്ച് അത് സഞ്ചരിക്കാറുണ്ടായിരുന്നു. എല്ലാ കാര്യത്തെക്കുറിച്ചും നാം അറിയുന്നവനാകുന്നു." (21:81)