കാറ്റ്...
കാറ്റ് പ്രതീക്ഷയാണ്. കാറ്റ് പേടിസ്വപ്നമാണ്. ഇളം കാറ്റിനെ ആരാണ് ഇഷ്ടപ്പെടാത്തത്? കൊടുംകാറ്റിനെ ആരാണ് ഭയപ്പെടാത്തത്? കരയിലും കടലിലും കാറ്റടിക്കുന്നു. കൊടുംങ്കാറ്റ് നാശം വിതക്കുന്നു. ലോകത്തെ മുഴുവൻ ഭയപ്പെടുത്തുന്ന ലോകശക്തികൾ കൊടുംകാറ്റും കാട്ടുതീയും വരുമ്പോൾ പകച്ചു നിൽക്കുകയാണ്...
ആദ്യം കാറ്റ്. പിന്നെ പേമാരി. തുടർന്നു പ്രളയം. മനുഷ്യവാസകേന്ദ്രങ്ങൾ തകർന്നു തരിപ്പണമാകുന്ന പ്രകൃതി ദുരന്തങ്ങൾ. കിഴക്കൻ ലോകത്തും പടിഞ്ഞാറൻ ലോകത്തും ഈ നൂറ്റാണ്ടിൽ തന്നെ ഇതെത്ര തവണ ആവർത്തിക്കപ്പെട്ടു.
ആ കാറ്റിനെ സുലൈമാൻ നബി(അ)ന് അല്ലാഹു ﷻ അധീനപ്പെടുത്തിക്കൊടുത്തു. നബിയുടെ കല്പനയനുസരിച്ചു കാറ്റടിക്കും. നബിയുടെ കല്പന വരുമ്പോൾ കാറ്റടങ്ങും. സുലൈമാൻ നബി(അ)ന് മാത്രം ലഭിച്ച അനുഗ്രഹം. രാവിലെ യാത്രക്ക് ഒരുങ്ങുന്നു. പിശാചുക്കൾ വിരിപ്പ് വിരിക്കും. അതിന്റെ മധ്യത്തിൽ വിലകൂടിയ സിംഹാസനം സ്ഥാപിക്കും. അതിനു ചുറ്റും ധാരാളം ഇരിപ്പിടങ്ങൾ. പിശാചുക്കളും ജിന്നുകളും മനുഷ്യരും അവയിലാണ് ഇരിക്കേണ്ടത്.
സുലൈമാൻ നബി(അ) സിംഹാസനത്തിലിരിക്കുന്നു. ഉടനെ മറ്റുള്ളവരും ഇരിക്കുന്നു. സുലൈമാൻ (അ) കാറ്റിന് കല്പന കൊടുക്കുന്നു. ഉടനെ കാറ്റടിക്കുന്നു. ശക്തിയായ കാറ്റ്. കാറ്റിന്റെ ശക്തിയിൽ വിരിപ്പ് ഉയരുന്നു. വായുവിലൂടെ അത് നീങ്ങുന്നു. നല്ല വേഗതയിൽ. കാറ്റ് ശക്തമാണെങ്കിലും യാത്രക്കാർക്ക് സാധാരണ നിലയിലുള്ള സുഖകരമായ കാറ്റായാണ് അനുഭവപ്പെടുന്നത്.
രാവിലെയുള്ള സുഖയാത്ര. ഒരു മാസത്തെ വഴിദൂരമുള്ള സ്ഥലത്തേക്ക് അവർ ആ പ്രഭാതത്തിൽ തന്നെ എത്തിച്ചേരുന്നു. അന്നാട്ടിൽ ചെയ്യേണ്ട കാര്യങ്ങളൊക്കെ അന്ന് പകൽ തന്നെ ചെയ്തു തീർക്കുന്നു. അന്ന് വൈകുന്നേരം ഇതേ പോലെ മടങ്ങിപ്പോവുന്നു.
രാവിലെ ഒരു മാസത്തെ വഴിദൂരം സഞ്ചരിക്കുന്നു. വൈകുന്നേരം ഒരു മാസത്തെ വഴിദൂരം സഞ്ചരിക്കുന്നു. ഒരു പ്രഭാതവും സായാഹ്നവും കൊണ്ട് രണ്ടു മാസത്തെ വഴി ദൂരം സഞ്ചരിക്കുന്നു. മറ്റൊരു രാജാവിനും ഈ അനുഗ്രഹം ലഭിച്ചില്ല. അവർ ഭൂമിയിലൂടെ ഒരു മാസം യാത്ര ചെയ്താൽ എത്തുന്ന സ്ഥലത്തേക്ക് സുലൈമാൻ (അ) ഒരു പ്രഭാതം കൊണ്ട് എത്തിച്ചേരുന്നു.
സുലൈമാൻ (അ)ന്റെ തലസ്ഥാനം ബൈത്തുൽ മുഖദ്ദസ് ആകുന്നു. അവിടെ നിന്നാണ് മിക്കപ്പോഴും യാത്ര തുടങ്ങുക. ഫലസ്തീനിലും പരിസര രാജ്യങ്ങളിലും സഞ്ചരിക്കും. കിഴക്കൻ ലോകവും പടിഞ്ഞാറൻ ലോകവും സുലൈമാൻ (അ)ന് നന്നായറിയാമായിരുന്നു.
അദ്ദേഹം കച്ചവടക്കാരെ ഇന്ത്യയിലേക്കയച്ചിരുന്നു. ഇന്ത്യൻ ഉല്പന്നങ്ങൾ വിലക്കുവാങ്ങി പായക്കപ്പലുകളിൽ കയറ്റി കൊണ്ടുപോയിരുന്നു. പടിഞ്ഞാറൻ ലോകവുമായി വ്യാപാര ബന്ധം നിലനിന്നിരുന്നു. കാറ്റിന്റെ ശക്തികൊണ്ടാണ് കപ്പലുകൾ നീങ്ങിയിരുന്നത്.