അമ്മാൻ (ജോർദാൻ) : ദീർഘകാല അന്വേഷണങ്ങൾക്കൊടുവിൽ സോളമൻ രാജാവിന്റെ കാലത്തെ ചെമ്പു ഖനികൾ ശാസ്ത്രസംഘം ഭൂമിക്കടിയിൽ കണ്ടെത്തി. തെക്കൻ ജോർദാനിൽ ഖിർബത്തുന്നഹസ് (ചെമ്പു ശേഷിപ്പുകൾ) എന്ന പേരിൽ അറിയപ്പെടുന്ന 24 ഏക്കർ പൗരാണിക സ്ഥലത്തു നടത്തിയ ഖനനത്തിലാണ് മൂവായിരം വർഷം പഴക്കമുള്ള ഖനികൾ കണ്ടെത്തിയത്. പുരാതന കാലത്തെ നിരവധി കെട്ടിടങ്ങളുടെയും കോട്ടയുടെയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ബൈബിൾ പഴയ നിയമത്തിൽ ദാവീദിന്റെ പുത്രനായ സോളമൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജാവ് ഖുർആനിൽ സുലൈമാൻ എന്ന് പരാമർശിക്കപ്പെടുന്നു. മൂവായിരം വർഷം മുമ്പ് ജീവിച്ചിരുന്നതായി ക്രൈസ്തവരും മുസ്ലിംകളും വിശ്വസിക്കുന്ന സുലൈമാൻ ലോഹങ്ങൾ ഉപയോഗിച്ച് വൻ ദേവാലയം നിർമിച്ച വ്യക്തിയാണെന്ന് ബൈബിൾ പറയുന്നു.
ഖുർആനിൽ 34 ആം അധ്യായം 12 ആം വാക്യത്തിൽ സുലൈമാന് ഉരുകിയ ചെമ്പിന്റെ സ്രോതസ്സുകൾ പ്രവഹിപ്പിച്ചു കൊടുത്തതായി പറയുന്നുണ്ട്.
എന്നാൽ മതഗ്രന്ഥങ്ങളിലെ സോളമൻ രാജാവ് ജീവിച്ചിരുന്നിരിക്കാൻ സാധ്യതയില്ലെന്നും മൂവായിരം വർഷം മുമ്പ് ഇന്നത്തെ ജോർദാൻ, ഇസ്രായേൽ, അറേബ്യൻ മേഖലകളിൽ ലോഹ ഖനനം നടക്കാൻ ഇടയില്ലെന്നുമായിരുന്നു അടുത്തിടെ വരെ ശാസ്ത്രജ്ഞർ വാദിച്ചിരുന്നത്. ഈ മേഖലയിൽ ലോഹ ഖനനം ആരംഭിച്ചിട്ട് 2500 കൊല്ലത്തിൽ അധികമായിട്ടില്ലെന്നും അവർ വിശദീകരിക്കുന്നു.
എന്നാൽ, ഇപ്പോൾ അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ തോമസ് ലെവി ജോർദാൻ ഗവേഷകരുടെ സഹായത്തോടെ നടത്തിയ ഖനനത്തിലാണ് സോളമന്റെ കാലത്തെ ഖനികൾ കണ്ടെത്തിയത്. ഇവക്ക് മൂവായിരം വർഷം പഴക്കമുണ്ടെന്ന് കാർബൺ ഡേറ്റിംഗ് പരിശോധനാ രീതി ഉപയോഗിച്ച് സംഘം തെളിയിച്ചു. ഈ ഗവേഷണ ഫലം അമേരിക്കൻ നാഷണൽ അക്കാദമി ഓഫ് സയൻസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
മൂവായിരം കൊല്ലം മുമ്പ് ലോഹങ്ങൾ ഉപയോഗിച്ച് കെട്ടിടങ്ങൾ പണിയുന്ന ഒരു ആധുനിക സമൂഹം ഉണ്ടായിരുന്നില്ലെന്ന വലിയൊരു വിഭാഗം ശാസ്ത്രജ്ഞരുടെ വാദമാണ് ഇതോടെ തകർന്നത് സോളമൻ ജീവിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇനി ഞങ്ങൾ മറുപടി പറയുന്നില്ല. പക്ഷേ ഉറപ്പാണ് മതഗ്രന്ഥങ്ങളിൽ പറയും വിധം വികാസം പ്രാപിച്ച ഒരു സമൂഹം ലോഹം ധാരാളമായി ഉപയോഗിച്ച ആളുകൾ അക്കാലത്ത് അവിടെ ഉണ്ടായിരുന്നു - പഠനത്തിന് നേതൃത്വം നൽകിയ തോമസ് ലെവി പറഞ്ഞു. (30.10.2008-ലെ മാധ്യമം ദിനപ്പത്രത്തിലെ വാർത്ത)
സുലൈമാൻ നബി (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ... ☝????
സുലൈമാൻ നബി (അ)നും മറ്റു
ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【 സുലൈമാൻ നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】