കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ അല്ലാഹു ﷻ അനുഗ്രഹിച്ച നാടുകൾ. അവിടത്തെ വിളവുകൾ അല്ലാഹുﷻവിന്റെ അനുഗ്രഹമാണ്. വനങ്ങൾ മറ്റൊരനുഗ്രഹമാണ്. വനങ്ങളിലെ വിഭവങ്ങൾ മഹത്തായ അനുഗ്രഹം തന്നെ. അവയെല്ലാം കപ്പലുകളിൽ വന്നുചേരും. കടലും, കരയും, കാറ്റും അല്ലാഹു ﷻ സുലൈമാൻ നബി(അ)ന് കീഴ്പ്പെടുത്തിക്കൊടുത്തു...
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ: "ശക്തിയായി അടിച്ചുകൊണ്ടിരിക്കുന്ന നിലയിൽ കാറ്റിനെ സുലൈമാന് കീഴ്പ്പെടുത്തിക്കൊടുത്തു. നാം അനുഗ്രഹിച്ച ഭൂമിയിലേക്ക് അദ്ദേഹത്തിന്റെ കല്പനയനുസരിച്ച് അത് സഞ്ചരിക്കാറുണ്ടായിരുന്നു. എല്ലാ കാര്യത്തെക്കുറിച്ചും നാം അറിയുന്നവനാകുന്നു." (21:81)
പടിഞ്ഞാറൻ നാടുകളിൽ നിന്നും കിഴക്കൻ നാടുകളിൽ നിന്നും കപ്പലുകൾ എത്തിച്ചേരുന്ന ദിവസം എല്ലാവർക്കും സന്തോഷമാണ്. ഫലസ്തീൻ ആഹ്ലാദഭരിതമായിത്തീരും. അന്നാട്ടിൽ വിളയാത്ത എന്തെല്ലാം വിഭവങ്ങളാണ് വന്നുചേരുന്നത്. ഇന്ത്യയിൽ നിന്നെത്തിയ മൃഗങ്ങൾ, മനോഹരമായ പക്ഷികൾ, നാടൻ ഉല്പന്നങ്ങൾ, വനവിഭവങ്ങൾ.. കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. മയിലുകൾ. അവയുടെ ചലനങ്ങൾ. പീലി വിടർത്തി നൃത്തം ചെയ്യുന്ന മയിലുകൾ. എല്ലാം കണ്ടാനന്ദിക്കുന്നു. ഒപ്പം അല്ലാഹുﷻവിനെ വാഴ്ത്തുകയും ചെയ്യുന്നു...
സമുദ്രങ്ങൾ. അനുഗ്രഹങ്ങളുടെ കലവറകൾ. വിലമതിക്കാനാവാത്ത മുത്തും പവിഴവും സമുദ്രാന്തർഭാഗത്തുണ്ട്. ലോകമെങ്ങും അതിന് പ്രിയമാണ്. ലോകമെമ്പാടുമുള്ള രാജാക്കന്മാർക്ക് അവ വേണം. കൊട്ടാരത്തിൽ മുത്തും പവിഴവും അമൂല്യ രത്നങ്ങളുമുണ്ടാവുന്നത് ഒരന്തസ്സ് തന്നെയാണ്. രാജകുമാരികൾക്ക് ധരിക്കാൻ മുത്തു കോർത്ത മാല തന്നെ വേണം. കിട്ടാൻ വളരെ പ്രയാസമുള്ള സാധനങ്ങളാണവ.
ഒരു രാജാവിന്റെ കൈവശം മുത്തും പവിഴവുമുണ്ടെന്ന് കേട്ടാൽ മറ്റ് രാജാക്കന്മാർക്ക് അസൂയയാണ്. അസൂയ മൂത്ത് അവർ യുദ്ധത്തിന്നിറങ്ങും. യുദ്ധം ചെയ്തു രാജാവിനെ തോല്പിക്കും. ചിലപ്പോൾ വധിക്കും. എന്നിട്ട് മുത്തും പവിഴവും കൈവശപ്പെടുത്തും. അവ കൈവശമുള്ളവർ എപ്പോഴും അതീവ ജാഗ്രതയിലായിരിക്കും. കാവൽക്കാർ ഉറക്കമൊഴിച്ചു കാവലിരിക്കും.
സുലൈമാൻ നബി(അ)ന്റെ കൈവശം എല്ലാതരം രത്നങ്ങളുമുണ്ട്. മുത്തും മാണിക്യവും ഇഷ്ടംപോലെയുണ്ട്. കപ്പലുകളിൽ കയറ്റി അയക്കും. വനവിഭവങ്ങളും നാടൻ ഉല്പന്നങ്ങളും വാങ്ങി പകരം കപ്പൽക്കാർ നൽകുന്നത് മുത്തും പവിഴവും. സുലൈമാൻ (അ) ലോകരാജാക്കന്മാർക്കെല്ലാം പാരിതോഷികമായി കൊടുത്തയക്കുന്നതും മുത്തും പവിഴവും മറ്റ് രത്നങ്ങളുമാണ്...
സുലൈമാൻ (അ)ന് എവിടെ നിന്ന് കിട്ടുന്നു ഇത്രയേറെ മുത്തുകൾ..? സമുദ്രത്തിന്റെ ആഴത്തിൽ നിന്ന്. മനുഷ്യർക്ക് അത്രയും ആഴത്തിൽ മുങ്ങി അവ എടുക്കാൻ സാധ്യമല്ല പിന്നെ ആരെടുക്കും..? പിശാചുക്കൾ. അല്ലാഹു ﷻ പിശാചുക്കളെ സുലൈമാൻ നബി(അ)ന് അധീനപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. അദ്ദേഹം എന്ത് കല്പിക്കുന്നുവോ അത് പിശാചുക്കൾ അനുസരിക്കും.
വിശാലമായ കടൽത്തീരം. അവിടെ വമ്പിച്ച ജനക്കൂട്ടം. അത്ഭുതം നടക്കാൻ പോവുകയാണ്. സുലൈമാൻ (അ)വന്നു. ശൈത്വാന്മാരെ വിളിച്ചു. അവ അനുസരണയോടെ വന്നുനിന്നു. സമുദ്രത്തിൽ മുങ്ങുക മുത്തും പവിഴവും വാരിക്കൊണ്ട് വരിക. സുലൈമാൻ (അ) കല്പിച്ചു.
ശൈത്വാൻമാർ സമുദ്രത്തിൽ ചാടിമറഞ്ഞു. ഏറെ കഴിഞ്ഞില്ല. അവർ കൂട്ടത്തോടെ പൊങ്ങിവരുന്നു. കൈനിറയെ മുത്തും പവിഴവും. ആവേശവും ആഹ്ലാദവും അലയടിച്ചുയരുന്നു. വിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ധിക്കൂ...
"അദ്ദേഹത്തിന് വേണ്ടി സമുദ്രത്തിൽ മുങ്ങുകയും അതല്ലാതെ മറ്റ് ചില പ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്നവരെ പിശാചുക്കളിൽ നിന്ന് അദ്ദേഹത്തിന് കീഴ്പ്പെടുത്തിക്കൊടുത്തു. നാം അവരെ കാത്തുസൂക്ഷിക്കുന്നവരുമാകുന്നു. (21:82)
കടലിൽ മുങ്ങി മുത്തും പവിഴവും ശേഖരിക്കുന്ന ജോലി മാത്രമല്ല പിശാചുക്കൾ ചെയ്തിരുന്നത്. പടുകൂറ്റൻ സൗധങ്ങൾ പിശാചുക്കൾ നിർമ്മിച്ചുകൊടുത്തു. യാത്രാ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. ആവശ്യമായ എല്ലാ സേവനങ്ങളും ചെയ്തുപോന്നു...