Wednesday - 22 April, 2026 4-Dhu al-Qadah-1447

രണ്ടു സംഭവങ്ങൾ

   രണ്ടു സ്ത്രീകൾ യാത്ര ചെയ്യുന്നു. ഒരാൾക്ക് ഉയരം കൂടുതലുണ്ട്. മറ്റവൾക്ക് ഉയരം കുറവ്. ഇരുവർക്കും ഓരോ കുട്ടികളുണ്ട്. ആൺകുട്ടികൾ. കുട്ടികളുടെ കൊഞ്ചലും വർത്തമാനവും ആസ്വദിച്ചുകൊണ്ടവർ യാത്ര തുടർന്നു. യാത്രക്കിടയിൽ ഒരത്യാഹിതം സംഭവിച്ചു.   


 ചെന്നായ വന്നു ഒരു കുട്ടിയെ പിടിച്ചുകൊണ്ടുപോയി. പെണ്ണുങ്ങൾ ബഹളമുണ്ടാക്കി. ഉറക്കെ കരഞ്ഞു. ഒരു കുട്ടി പോയി. ബാക്കി വന്നത് ഒരു കുട്ടി മാത്രം. അതാരുടെ കുട്ടി..? 


"ഇത് എന്റെ കുട്ടിയാണ് നിന്റെ കുട്ടിയെ ചെന്നായ കൊന്നു." പൊക്കമുള്ള സ്ത്രീ പറഞ്ഞു.  


"നീ പറഞ്ഞത് കളവാണ്. ഇത് എന്റെ കുട്ടിയാണ്. നിന്റെ കുട്ടിയെ ചെന്നായ കൊണ്ടുപോയി." കുറിയ സ്ത്രീ തിരിച്ചടിച്ചു.


 വഴക്ക് മൂത്തു. കേസ് സുലൈമാൻ (അ)ന്റെ മുമ്പിലെത്തി. സുലൈമാൻ (അ) രണ്ടുപേരെയും ചോദ്യം ചെയ്തു. ഇരുവരും തങ്ങളുടെ വാദത്തിൽ ഉറച്ചുനിന്നു. അവകാശവാദം ഉന്നയിക്കുകയും കരയുകയും ചെയ്തു. 


എങ്ങനെ സത്യം മനസ്സിലാക്കും..?


 പെട്ടെന്നൊരു യുക്തി തോന്നി. സുലൈമാൻ (അ) ഇങ്ങനെ പ്രഖ്യാപിച്ചു. "കുട്ടിയെ രണ്ടായി പിളർക്കാം. ഓരോ ഭാഗം ഓരോരുത്തർക്കും തരാം. എന്താ അത് പോരേ..?"


"മതി അത് മതി." പൊക്കം കൂടിയ സ്ത്രീ പെട്ടെന്ന് സമ്മതിച്ചു.   


ഒരു ഭടൻ കത്തിയുമായി എത്തി. കുറിയ സ്ത്രീ ഏങ്ങലടിച്ചു കരയാൻ തുടങ്ങി. "നബിയേ കുട്ടിയെ കൊല്ലരുത്. എനിക്ക് കുട്ടിയെ വേണ്ട. അവൾക്ക് കൊടുത്തോളൂ..." കുറിയ സ്ത്രീ അറിയിച്ചു. നബിക്ക് സത്യം മനസ്സിലായി. കുറിയ സ്ത്രീയാണ് കുട്ടിയുടെ അവകാശി. കുട്ടിയെ അവൾക്ക് നൽകി.


 മറ്റൊരു സംഭവം കൂടി പറയാം  സുലൈമാൻ(അ)ന്റെ ബുദ്ധിശക്തി വെളിപ്പെടുത്തുന്ന സംഭവം. ബുദ്ധി അല്ലാഹു ﷻ നൽകുന്ന അനുഗ്രഹമാണ്.  അത് ജന്മസിദ്ധമായി ലഭിക്കുന്നതാണ്. വിജ്ഞാനവും അനുഭവങ്ങളും ബുദ്ധിവികാസത്തെ സഹായിക്കുന്നു.  


ദാവൂദ് (അ), സുലൈമാൻ (അ) ഇരുവരും പ്രവാചകന്മാർ.  ഭരണാധികാരികളും. സമൂഹത്തിലെ ഉന്നത മേഖലകളിലെ പ്രശ്നങ്ങൾ അവർ കൈകാര്യം ചെയ്യുന്നു. സമൂഹത്തിലെ താഴെക്കിടക്കാരുടെ ചെറിയ പ്രശ്നങ്ങൾ പോലും അവരുടെ പരിഗണനയിൽ വരുന്നു. അതിന്റെ ഉദാഹരണമാണ് ഈ സംഭവം.  


 ഒരാളുടെ കുറെ ആടുകൾ മറ്റൊരാളുടെ വിള തിന്നു നശിപ്പിച്ചു. കർഷകൻ പരാതിയുമായി ദാവൂദ് (അ)ന്റെ സന്നിധിയിലെത്തുന്നു.   കൃഷിയുടെ ഉടമ പറഞ്ഞതെല്ലാം ദാവൂദ് (അ) കേട്ടു. ആടുകളുടെ ഉടമസ്ഥനെ ചോദ്യം ചെയ്തു.  


നശിച്ച കൃഷിയുടെ വില കണക്കാക്കി. ആടുകളുടെ വിലയും നോക്കി. അവ സമമാകുന്നതായി അദ്ദേഹത്തിന് തോന്നി. നശിച്ച കൃഷിക്കു പകരം ആടുകളെ നൽകുക. അതായിരുന്നു ദാവൂദ് (അ)ന്റെ വിധി.   


കൃഷി പോയി. പകരം ആടുകളെ കിട്ടി. കർഷകന് നഷ്ടമില്ല. ആടുകളുടെ ഉടമസ്ഥന് ആടുകൾ നഷ്ടമായി. ഒന്നും കിട്ടാനില്ല. സുലൈമാൻ (അ) പതിനൊന്ന് വയസ്സുള്ള കുട്ടിയാണ്. കുട്ടി കേസിൽ വിധി പറയാൻ തയ്യാറായി. പിതാവ് അത് കേൾക്കാനും തയ്യാറായി. കുട്ടിയുടെ വിധി ഇങ്ങിനെയായിരുന്നു. 


"ആടുകളുടെ ഉടമസ്ഥൻ നഷ്ടപ്പെട്ട കൃഷി പരിപാലിച്ചു വളർത്തിയെടുക്കുക. കൃഷി പൂർവ്വസ്ഥിതിയിലെത്തുംവരെ ഇത് തുടരണം. അത്രയും കാലം ആടുകളെ കർഷകൻ സൂക്ഷിക്കണം. അക്കാലത്ത് ആടുകളുടെ പാൽ, രോമം, പിറക്കുന്ന കുഞ്ഞുങ്ങൾ എന്നിവ കർഷകന് എടുക്കാം. കൃഷി പൂർവ്വസ്ഥിതിയിലെത്തിയാൽ കർഷകനെ ഏല്പിക്കുക. അപ്പോൾ കർഷകന് ആടുകളെ മടക്കിക്കൊടുക്കുകയും വേണം. രണ്ടുപേർക്കും വിധി സന്തോഷകരമായി. ദാവൂദ്(അ)നും സന്തോഷം.


 വിശുദ്ധ ഖുർആൻ വചനം കാണുക: "ദാവൂദ് നബിയെയും സുലൈമാൻ നബിയെയും ഓർക്കുക..! ഒരു കൃഷിയുടെ കാര്യത്തിൽ അവർ രണ്ടുപേരും വിധി കല്പിച്ച സന്ദർഭം. ദാവൂദ് നബിയുടെ ജനതയിൽ ചിലരുടെ ആടുകൾ അതിൽ രാത്രിയിൽ കടന്നു മേഞ്ഞപ്പോൾ അവരുടെ വിധിക്ക് നാം സാക്ഷിയായിരുന്നു. (21:78)


"എന്നിട്ട് സുലൈമാൻ നബിക്ക് (യുക്തമായ നിലക്ക് )നാമത് ഗ്രഹിപ്പിച്ചു. അവർ രണ്ടുപേരും  ന്യായ വിധിയും വിജ്ഞാനവും നാം നൽകിയിരുന്നു. ദാവൂദ് നബിയോടൊപ്പം അല്ലാഹുﷻവിന്റെ പരിശുദ്ധിയെ  പ്രകീർത്തനം ചെയ്യുന്ന നിലയിൽ പർവ്വതങ്ങളുടെയും പക്ഷികളെയും നാം അധീനമാക്കിക്കൊടുത്തു.  ഇങ്ങനെയെല്ലാമാണ് നാം പ്രവർത്തിച്ചിരുന്നത്." (21:79) 


 രണ്ട് പ്രവാചകന്മാർക്കും ബുദ്ധിശക്തിയും ചിന്തയും നൽകിയത് അല്ലാഹുﷻവാണ്. അധികാരം നൽകിയതും പ്രവാചകത്വം നൽകിയതും അവൻ തന്നെ. എപ്പോഴും അവർ അല്ലാഹുﷻവിനോട് നന്ദിയുള്ളവരായിരുന്നു. അവരുടെ നന്ദി അല്ലാഹു ﷻ സ്വീകരിക്കുകയും ചെയ്തു. 


 ശംവീൽ നബി(അ)ന്റെ കാലത്ത് ഇസ്രാഈല്യർ ഫലസ്തീൻകാരോട് യുദ്ധം ചെയ്തിട്ടുണ്ട്. ഇസ്രാഈല്യരുടെ നേതാവ് ത്വാലൂത്ത് ആയിരുന്നു. ആ സൈന്യത്തിൽ ദാവൂദ് എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു. ആടിനെ മേച്ചു നടന്ന ആ ചെറുപ്പക്കാരൻ  പ്രസിദ്ധമായിരുന്നില്ല. ഫലസ്തീൻകാരുടെ പടത്തലവൻ ജാലൂത്ത് ആയിരുന്നു. ദാവൂദ് ജാലൂത്തിനെ യുദ്ധത്തിൽ വധിച്ചു. അതോടെ ദാവൂദ് പ്രസിദ്ധനായിത്തീർന്നു. ശത്രുക്കളും മിത്രങ്ങളും ആ പേര് പറയാൻ തുടങ്ങി.     


 സർവ്വശക്തനായ അല്ലാഹു ﷻ ദാവൂദിനെ നബിയായി നിയോഗിച്ചു. രാജാധികാരവും നൽകി. ആടിനെ മേച്ചു നടന്ന യുവാവ് നാട് ഭരിക്കുന്ന രാജാവായി. അതിന്നാവശ്യമായ വിജ്ഞാനവും യുക്തിയും, ബുദ്ധിവൈഭവവും നൽകി അല്ലാഹു ﷻ അനുഗ്രഹിച്ചു.   


 ദാവൂദ് (അ) നൂറ് കൊല്ലം ജീവിച്ചു. ധന്യമായ ഒരു നൂറ്റാണ്ടു കാലത്തെ ജീവിതം. അതു കണ്ടു പഠിക്കുകയായിരുന്നു സുലൈമാൻ (അ)...