തെളിഞ്ഞ ആകാശം. അനുകൂലമായ കാലാവസ്ഥ. യാത്രക്കു പറ്റിയ സമയം. യാത്രയുടെ സമയം പ്രഖ്യാപിക്കപ്പെട്ടു. എല്ലാ സൈനിക വിഭാഗങ്ങൾക്കും കല്പന കിട്ടി. വൻ സൈന്യം യാത്രക്കു സജ്ജമാവുകയാണ്...
ഒട്ടകങ്ങൾ, കുതിരകൾ, കഴുതകൾ, മനുഷ്യൻ, ജിന്നുകൾ, ശൈത്വാന്മാർ, മൃഗങ്ങൾ, പക്ഷികൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, പടക്കോപ്പുകൾ മറ്റ് സജ്ജീകരണങ്ങൾ. മികച്ച പരിശീലനം നേടിയ സൈന്യം. കുറഞ്ഞ സമയംകൊണ്ട് അവർ സ്വയം സജ്ജമായിക്കഴിഞ്ഞു. അണിയൊപ്പിച്ചു ഒന്നിച്ചു നീങ്ങണം. അണിവിട്ട് ഒരല്പം മുമ്പോട്ടോ പിന്നോട്ടോ മാറാൻ പറ്റില്ല. തികഞ്ഞ അച്ചടക്കത്തോടെ നീങ്ങണം.
സുലൈമാൻ (അ) ആഗതനായി. ഇനി യാത്ര പുറപ്പെടുകയായി. വൻ സൈന്യം നീങ്ങി. പറവകൾ തണലിട്ടുകൊടുത്തു. സുലൈമാൻ (അ) ചുറ്റും ശ്രദ്ധിക്കുന്നു. ജീവജാലങ്ങളുടെ ശബ്ദം ശ്രവിക്കുന്നു. ദൂരെ നിന്നൊരു ചെറിയ ശബ്ദം. കാറ്റിലൂടെ ഒഴുകിവരുന്നു. ആ ശബ്ദം കാറ്റ് നബിയുടെ ചെവിയിലെത്തിച്ചു. അതൊരു ഉറുമ്പിന്റെ ശബ്ദമായിരുന്നു. സുലൈമാൻ നബി(അ) ശ്രദ്ധിച്ചു.
ഉറുമ്പ് തന്റെ സമൂഹത്തോട് പറയുന്നു : "സഹോദരങ്ങളേ ആരും പുറത്തിറങ്ങരുത്. സുലൈമാൻ നബിയും സൈന്യവും വരുന്നുണ്ട്. അവർ അശ്രദ്ധമായി നിങ്ങളെ ചവിട്ടി ഞെരിച്ചുകളഞ്ഞേക്കാം. നിങ്ങൾ മാളങ്ങളിൽ അഭയം തേടിക്കൊള്ളുക." ഉറുമ്പുകളുടെ റാണി അവരുടെ പ്രജകൾക്കു നൽകുന്ന മുന്നറിയിപ്പ്...
മുന്നറിയിപ്പ് കിട്ടിയ ഉറുമ്പുകൾ പാർപ്പിടങ്ങൾ നോക്കി സഞ്ചരിച്ചു. ആയിരക്കണക്കായ ഉറുമ്പുകൾ ചാലിട്ട് സഞ്ചരിക്കുകയായിരുന്നു. ആ പ്രദേശത്തെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് വാദിന്നംല് എന്ന പേരിലാണ്.
വാദി എന്നാൽ താഴ് വര. നംല് എന്നാൽ ഉറുമ്പ്. വാദിന്നംല് എന്നു പറഞ്ഞാൽ ഉറുകളുടെ താഴ് വര. ഉറുമ്പുകളുടെ സാമൂഹിക ജീവിതം ശ്രദ്ധേയമാണ്. അവ സമൂഹമായി ജീവിക്കുന്നു. താമസിക്കാൻ അറകളുണ്ടാക്കുന്നു. ഒന്നിച്ചു സഞ്ചരിക്കുന്നു. ആഹാരം സമ്പാദിക്കുന്നു. ആഹാര സാധനങ്ങൾ സൂക്ഷിച്ചുവെക്കുന്നു. അനുസരണ ശീലവും അച്ചടക്കവുമുള്ളവർ.
അനുയായികളുടെ കാര്യത്തിൽ ജാഗ്രതയുള്ള നേതാക്കൾ ഭക്ഷ്യവസ്തുക്കളുള്ള സ്ഥലം അവ മണത്തറിയുന്നു. ഉടനെ സന്ദേശം കൈമാറുന്നു. ആയിരങ്ങൾ ഒത്തു ചേരും ഭക്ഷ്യവസ്തുക്കൾ ശേഖരിക്കും. നനഞ്ഞതാണെങ്കിൽ വെയിലത്തിട്ട് ഉണക്കും.
വാദിന്നംല് എവിടെയായിരുന്നു? അത് ശാമിലായിരുന്നുവെന്ന് ഒരു വിഭാഗം പണ്ഡിതൻമാർ പറയുന്നു. ത്വാഇഫിലായിരുന്നുവെന്നാണ് മറ്റൊരഭിപ്രായം. വാദിന്നംല് ജാബ്രീനിന്നും അസ്ഖലാനിന്നും ഇടയിലായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്. ജാബ്രീൽ അസ്ഖലാൻ എന്നിവ ശാമിൽ പെട്ട പ്രദേശങ്ങളാകുന്നു.
അനുയായികൾക്ക് മുന്നറിയിപ്പ് നൽകിയ ഉറുമ്പ് റാണിയുടെ പേര് ഹറസ് എന്നായിരുന്നു. ഇത് ബനൂ ശീസ്വാൻ വർഗത്തിൽ പെട്ട ഉറുമ്പായിരുന്നു. ഉറുമ്പ് റാണിയുടെ പേര് ജുർമാ എന്നാണെന്നു പറഞ്ഞവരും ത്വാഖിയ എന്നാണെന്ന് പറഞ്ഞവരുമുണ്ട്.
ഉറുമ്പിന്റെ സംസാരം കേട്ടപ്പോൾ സുലൈമാൻ (അ) ചിരിച്ചുപോയി. തന്റെ സൈന്യത്തിൽ നല്ലൊരു വിഭാഗം കുതിരകളാണ്. പടക്കുതിരകളുടെ കുളമ്പിന്റെ ചവിട്ടേറ്റ് ഉറുമ്പുകൾക്ക് നാശം പറ്റുമെന്ന് ഉറുമ്പ് റാണി മനസ്സിലാക്കി.
വമ്പിച്ച സൈന്യം വരുന്നുണ്ടെന്ന് ഉറുമ്പ് റാണി എങ്ങനെ മനസ്സിലാക്കി? അല്ലാഹുﷻ അവർക്കറിയിച്ചുകൊടുത്തു. സുലൈമാൻ (അ) അല്പനേരം ചിന്താധീനനായി നിന്നുപോയി. അല്ലാഹുﷻവേ നിന്റെ സൃഷ്ടിവൈഭവം. ഉറുമ്പുകൾ എത്ര ചെറിയ ജീവികൾ. അവക്കുവേണ്ട ദിവ്യബോധനം നീയാണ് നൽകുന്നത്. അവ അതനുസരിച്ച് ജീവിക്കുന്നു. അത് കാണുന്ന മനുഷ്യൻ അത്ഭുതപ്പെട്ടുപോവുന്നു.
ആ കൊച്ചു ജീവിയുടെ സംസാരം മനസ്സിലാക്കുവാനുള്ള കഴിവ് അല്ലാഹുﷻവേ നീ എനിക്ക് നൽകി. മറ്റാർക്കുമില്ലാത്ത ആ അനുഗ്രഹം നീ എനിക്ക് നൽകി ഞാനെങ്ങനെ നിനക്ക് നന്ദി പറയും? നീ എന്നെയും എന്റെ മാതാപിതാക്കളെയും അനുഗ്രഹിച്ചു. അതിന് നന്ദി പ്രകടിപ്പിക്കാനുള്ള പ്രചോദനം നീ തന്നെ നൽകേണമേ..! അതായിരുന്നു സുലൈമാൻ (അ)ന്റെ പ്രാർത്ഥന...
വിശുദ്ധ ഖുർആനിലെ ഇരുപത്തി ഏഴാം അധ്യായത്തിന്റെ പേര് സൂറത്തു നംല് എന്നാകുന്നു. മേൽ പറഞ്ഞ ഉറുമ്പിന്റെ സംഭവം പരാമർശിക്കുന്നതിനാൽ ആ പേര് വന്നു. ഒരു ഉറുമ്പിന് കിട്ടിയ സ്ഥാനം. എത്രയോ ഗ്രന്ഥങ്ങളിൽ ആ ഉറിമ്പിനെക്കുറിച്ചു വിവരിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആൻ പറയുന്നത് ഇങ്ങനെയാകുന്നു :
"അങ്ങനെ അവർ ഉറുമ്പിന്റെ താഴ് വരയിൽ കൂടി വന്നപ്പോൾ ഒരു ഉറുമ്പ് പറഞ്ഞു : ഹേ ഉറുമ്പുകളേ നിങ്ങൾ നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചുകൊള്ളുവീൻ! സുലൈമാനും സൈന്യങ്ങളും നിങ്ങളെ ചവിട്ടി ചതച്ചുകളയാതിരിക്കട്ടെ..! അവർ അത് അറിയുന്നതുമല്ല." (27:18)
"അപ്പോൾ അതിന്റെ വാക്കു നിമിത്തം അദ്ദേഹം ചിരിച്ചു. അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തു. റബ്ബേ എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽക്കർമ്മം പ്രവർത്തിക്കുവാനും എനിക്ക് നീ പ്രചോദനം നൽകേണമേ! നിന്റെ കാരുണ്യം കൊണ്ട് സദ് വൃത്തരായ നിന്റെ അടിയാന്മാരിൽ എന്നെ ഉൾപ്പെടുത്തുകയും ചെയ്യേണമേ..!" (27:19)
കൊച്ചു ജീവിയായ ഉറുമ്പിന്റെ സംസാരം സുലൈമാൻ (അ) എന്ന മഹാചക്രവർത്തിയെ വിനയാന്വിതനാക്കി മാറ്റുകയാണ് ചെയ്തത്. ഈ അനുഗ്രഹത്തിന് എങ്ങനെ നന്ദി പ്രകടിപ്പിക്കുമെന്നാണദ്ദേഹം ചിന്തിക്കുന്നത്. ഓരോ അനുഗ്രഹങ്ങൾ വരുമ്പോൾ നാമും അങ്ങനെയായിരിക്കണം. അതിനുവേണ്ടിയാണ് ആ സംഭവങ്ങൾ വിശുദ്ധ ഖുർആൻ നമുക്കു പറഞ്ഞുതരുന്നത്.