ദാവൂദ് (അ). അല്ലാഹുﷻവിന്റെ പ്രവാചകൻ. രാജ്യം ഭരിക്കുന്ന ഭരണാധികാരി. അപൂർവ്വമായ അനുഗ്രഹങ്ങൾ നേടിയ മഹാൻ. ആ മഹാന് ജനിച്ച ഓമന മകനാണ് സുലൈമാൻ (അ). ഉപ്പ മകനെ ലാളിച്ചു വളർത്തി. ആവശ്യമായ അറിവുകൾ നൽകി. ഉപ്പ വിജ്ഞാനത്തിന്റെ സാഗരമാണ്. ആ സാഗരത്തിൽ നിന്നാണ് പുത്രൻ വിദ്യ നുകർന്നത്...
സബൂർ അല്ലാഹുﷻവിന്റെ വേദഗ്രന്ഥം. ഉപ്പാക്ക് ഇറക്കപ്പെട്ട കിതാബ്. ഉപ്പയുടെ അതിമനോഹരമായ സ്വരം. അതു കേട്ടാണ് പുത്രൻ വളർന്നത്. സബൂർ പാരായണം എന്തൊരനുഭൂതിയാണ് അത് പകർന്നു തന്നത്. ഒരിക്കലും മറക്കാനാവില്ല. ദാവൂദ് (അ) സബൂർ പാരായണം തുടങ്ങിയാൽ പ്രകൃതി പോലും നിശ്ചലമായിപ്പോകും. പക്ഷികളും മൃഗങ്ങളും ഉപ്പായുടെ ചുറ്റും കൂടിനിൽക്കും. ചലനമില്ല. നിശ്ചലരായി ശ്രദ്ധിച്ചു കേൾക്കും. എത്ര വിശന്നാലും പിരിഞ്ഞു പോവില്ല. കേട്ടുകേട്ടു നിൽക്കും. സുലൈമാൻ (അ) കുട്ടിക്കാലത്ത് അതെത്ര തവണ കണ്ടിരിക്കുന്നു. മറക്കാനാവാത്ത അനുഭവം.
സുലൈമാൻ ആകാശത്തിലേക്കു നോക്കി. അവിടെ മേഘങ്ങൾ മേഞ്ഞു നടക്കുന്നു. സൂര്യനുദിക്കുന്ന കിഴക്കൻ ചക്രവാളം. സൂര്യാസ്തമയം നടക്കുന്ന പടിഞ്ഞാറൻ ചക്രവാളം. എത്ര വിസ്മയകരം. ആകാശം അല്ലാഹുﷻവിന്റെ അത്ഭുതകരമായ സൃഷ്ടിപ്പ്. സുലൈമാന്റെ ഇളം മനസ്സ് അതിനെക്കുറിച്ചു ചിന്തിച്ചു...
ഉപ്പയോടൊപ്പം യാത്ര ചെയ്തു. നോക്കെത്താത്ത ദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന മരുഭൂമി. മണൽപ്പരപ്പിൽ സഞ്ചരിക്കുന്ന ഒട്ടകങ്ങൾ, മലഞ്ചരിവുകളിൽ മേഞ്ഞു നടക്കുന്ന ആട്ടിൻകൂട്ടങ്ങൾ, ഭാരം ചുമക്കുന്ന കഴുതകൾ, കുതിച്ചു പായുന്ന കുതിരകൾ, പരുക്കൻ പ്രകൃതിയോട് പടപൊരുതി ജീവിക്കുന്ന മനുഷ്യർ.
അല്ലാഹുﷻവിന്റെ സൃഷ്ടിവൈഭവം. സുലൈമാൻ എന്ന കുട്ടിയുടെ ചിന്തകൾ വളരുന്നു. മനുഷ്യർക്ക് അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങൾ അവ എണ്ണിനോക്കാനാവില്ല. മനുഷ്യശരീരം തന്നെ അനുഗ്രഹങ്ങളുടെ കലവറയാണ്. കാഴ്ച, കേൾവി, ചിന്ത, വിചാരം, വികാരങ്ങൾ, ബലം, ഭാവന..... എവിടെ എണ്ണിത്തീരാൻ..? അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവനാകണം. മനുഷ്യൻ നന്ദികെട്ടവനായിപ്പോകരുത്. നിസ്കരിക്കണം, നോമ്പെടുക്കണം, സഹജീവികളെ സഹായിക്കണം. അതെല്ലാം നന്ദി പ്രകടനമാണ്...
ഉപ്പായുടെ നിസ്കാരം അല്ലാഹു ﷻ ഇഷ്ടപ്പെടുന്ന നിസ്കാരമാണത്. ഉപ്പായുടെ നോമ്പ് അല്ലാഹു ﷻ ഇഷ്ടപ്പെടുന്ന നോമ്പാണ്. ഉപ്പ നന്ദിയുള്ള അടിമയാകുന്നു. താനും അതുപോലെയായിത്തീരണം. അല്ലാഹുﷻവിന്റെ നന്ദിയുള്ള അടിമയായിത്തീരണം. കുട്ടിയുടെ ചിന്ത അങ്ങനെയാണ് നീങ്ങിയത്. ഉപ്പ രാജ്യം ഭരിക്കുന്ന രാജാവാണ്.
രാജകൊട്ടാരം വിനീതനായ അടിമയായി ജീവിക്കുന്ന രാജാവ്. വിനയത്തിന്റെയും ലാളിത്യത്തിന്റെയും കേന്ദ്രമായ കൊട്ടാരം. അവിടെ മലക്കുകൾ വരുന്നു. മനുഷ്യരും ജിന്നുകളും വരുന്നു. അവയെല്ലാം കുട്ടി അറിയുന്നു. വിശാലമായ രാജ്യം. കാര്യക്ഷമമായ ഭരണം അതത്ര എളുപ്പമുള്ള കാര്യമല്ല. ഉപ്പ വളരെ ബുദ്ധിപരമായി ഭരണകാര്യങ്ങൾ നിർവഹിക്കുന്നു.
രാജ്യത്ത് ക്ഷേമവും ഐശ്വര്യവും കളിയാടുന്നു. കർഷകരും തൊഴിലാളികളും കച്ചവടക്കാരും സംതൃപ്തരാണ്. അവർക്കുവേണ്ടിയുള്ള ക്ഷേമ പദ്ധതികൾ വിജയകരമായി നടപ്പിൽ വരുത്തുന്നു. ക്രമസമാധാനനില വളരെ ഭദ്രമാണ്. സാധാരണക്കാർക്ക് സമാധാനമായി ജീവിക്കാം. തൊഴിലെടുക്കാം. സമ്പാദിക്കാം. അഴിമതിയുടെ കറ പുരളാത്ത ഉദ്യോഗസ്ഥന്മാർ. ജനങ്ങളെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന രാജാവ്. ജനങ്ങൾ അതേ അളവിൽ സ്നേഹം തിരിച്ചു നൽകുന്നു. ഭരണം കാര്യക്ഷമമാക്കാൻ എന്തെല്ലാം കാര്യങ്ങൾ ആവശ്യമുണ്ടോ അവയെല്ലാം കുട്ടി കണ്ടു പഠിച്ചു. ഭാവിയിൽ നല്ലൊരു ഭരണാധികാരിയാവാനുള്ള കഴിവുകൾ കുട്ടിക്കാലത്തുതന്നെ നേടിയെടുത്തു.
ചിലപ്പോൾ ആളുകൾക്കിടയിൽ തർക്കങ്ങളുണ്ടാവും. വഴക്കും വക്കാണവുമാവും. കേസ് ഉപ്പായുടെ മുമ്പിലെത്തും കുട്ടി വിചാരണ ശ്രദ്ധിക്കും. ഇരുപക്ഷത്തിന്റെയും വാദം കേൾക്കും. കുറ്റവാളി ആരാണെന്ന് പെട്ടെന്ന് മനസ്സിലാക്കും. അയാൾക്കു നൽകേണ്ട ശിക്ഷയും മനസ്സിൽ കാണും. മിക്കവാറും ഉപ്പായുടെ വിധിയും അങ്ങനെത്തന്നെയായിരിക്കും...
ഉപ്പായുടെ വിധി വേണ്ടത്ര മെച്ചപ്പെട്ടില്ലെന്ന് തോന്നിയാൽ പുത്രൻ തന്റെ മനസ്സിൽ തോന്നിയത് തുറന്നു പറയും. ഉപ്പ അതു കേട്ട് പുത്രനെ അഭിനന്ദിക്കുകയും അത് അംഗീകരിക്കുകയും ചെയ്യും. അങ്ങനെ എത്രയെത്ര സംഭവങ്ങൾ. ജീവിതത്തിന്റെ എല്ലാ മേഖലയിലുള്ളവരുമായി കുട്ടി ഇടപഴകിയിരുന്നു. വിലമതിക്കാനാവാത്ത അനുഭവ ജ്ഞാനമാണ് അതുമൂലം കുട്ടിക്ക് ലഭിച്ചത്.