Wednesday - 22 April, 2026 4-Dhu al-Qadah-1447

ദൗത്യസംഘം (2)



   സുലൈമാൻ (അ) അവർ കെണ്ട് വന്ന സാധനത്തിലേക്ക്  നോക്കി. എന്നിട്ടിപ്രകാരം പറഞ്ഞു. "ഇതൊന്നും ഇവിടെ ആവശ്യമില്ല. മടക്കിക്കൊണ്ടു പോവുക. ഈ ലോകത്തെ വിലപിടിപ്പുള്ള സാധനങ്ങളൊന്നും ഞാൻ മോഹിക്കുന്നില്ല. പരലോക വിജയം. അത് മാത്രമാണെന്റെ മോഹം. നിങ്ങൾ നാട്ടിൽ ചെന്ന് രാജ്ഞിയോട് ഇസ്ലാം മതം സ്വീകരിച്ചു ഇവിടെ വരാൻ പറയുക. അതിന്നവർ തയ്യാറില്ലെങ്കിൽ ഞാനെന്റെ സൈന്യവുമായി അവിടെ വരും. ഞങ്ങളെ തടയാൻ നിങ്ങളെക്കൊണ്ടാവില്ല."


 സൽക്കാരം കഴിഞ്ഞു. യാത്ര പറഞ്ഞ് മുൻസ്വിറും സംഘവും മടങ്ങി. പാരിതോഷികങ്ങൾ മടക്കിക്കൊണ്ടുപോയി. സബഅ്കാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നോക്കി നോക്കിയിരിക്കെ സംഘം മടങ്ങിയെത്തി. മുൻസ്വിർ വിവരങ്ങളെല്ലാം വിശദമായിത്തന്നെ രാജ്ഞിയെ ധരിപ്പിച്ചു.  


"സുലൈമാൻ സാധാരണ രീതിയിലുള്ള രാജാവല്ല. അദ്ദേഹത്തിന്റെ സൈന്യം അത്ഭുതശക്തിയുള്ളവരാണ്. അവരെ നേരിടാൻ നമുക്കാവില്ല..." വിവരണം നീണ്ടുപോയി. കേൾവിക്കാരിൽ വിസ്മയം കൂടിക്കൂടി വന്നു. രാജ്ഞിയുടെ മനസ്സ് ഇളകിമറിഞ്ഞു. മൈതാനിയിലെ അലങ്കാരങ്ങൾ പറഞ്ഞപ്പോൾ കേൾവിക്കാർ വല്ലാതെ അത്ഭുതപ്പെട്ടു.  ഒടുവിൽ ബൽഖീസ് റാണി ഇങ്ങനെ പ്രഖ്യാപിച്ചു: "ഞാൻ പരിവാരസമേതം സുലൈമാനെ സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുന്നു."  


 വിശുദ്ധ ഖുർആൻ സംഭവങ്ങൾ വിവരിക്കുന്നത് നോക്കാം : "ബൽഖീസ് രാജ്ഞി പറഞ്ഞു : പ്രധാനികളേ..! എന്നിലേക്ക് ഇതാ ആദരണീയമായ ഒരു എഴുത്ത് ഇടപ്പെടുക തന്നെ ചെയ്തിരിക്കുന്നു." (27:29) 


"നിശ്ചയമായും അത് സുലൈമാനിൽ നിന്നുള്ളതാകുന്നു. അതിലെ ഉള്ളടക്കം ഇതാണ്. കരുണാനിധിയും പരമകാരുണികനുമായ അല്ലാഹുﷻവിന്റെ നാമത്തിൽ. എന്നോട് നിങ്ങൾ അഹങ്കാരം കാണിക്കരുത്. മുസ്ലിംകളായിക്കൊണ്ട് എന്റെ അടുക്കൽ നിങ്ങൾ വരിക. (27:30, 27:31)


"ബൽഖീസ്  പറഞ്ഞു : നേതാക്കളേ എന്റെ കാര്യത്തിൽ (ഞാൻ എന്തു ചെയ്യണമെന്ന്) എനിക്ക് ഉപദേശം നൽകുക. നിങ്ങൾ എന്റെയടുത്ത് സന്നിഹിതരാവുകയും നിങ്ങളോട് ആലോചിക്കുകയും ചെയ്യുന്നതുവരെ ഞാനൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കാറില്ലല്ലോ." (27:32)


"അവർ പറഞ്ഞു : നാം നല്ല ശക്തിയും ഘോരമായ സമരവീര്യമുള്ളവരുമാണ്. തീരുമാനമെടുക്കാനുള്ള അധികാരം അവിടുത്തെ കൈയിലാണല്ലോ. അതുകൊണ്ട് എന്താണ് കല്പിച്ചരുളേണ്ടതെന്ന് അവിടുന്ന് തന്നെ ചിന്തിച്ചു തീരുമാനിച്ചാലും." (27:33)


"ബൽഖീസ് പറഞ്ഞു: തീർച്ചയായും രാജാക്കന്മാർ ഒരു നാട്ടിൽ പ്രവേശിച്ചാൽ അതിനെ അവർ നശിപ്പിക്കുകയും തദ്ദേശത്തുള്ള പ്രതാപശാലികളെ നിന്ദ്യരാക്കുകയും ചെയ്യും. അങ്ങനെയാണവർ പ്രവർത്തിക്കുക." (27:34)


"ഞാൻ അവരുടെ  അടുക്കലേക്ക് ഒരു സമ്മാനവുംകൊണ്ട് ആളയക്കുകയാണ്. എന്നിട്ട് എന്ത് വിവരവുംകൊണ്ടാണ് ദൂതന്മാർ മടങ്ങിവരുന്നതെന്ന് നോക്കുകയുമാണ്." (27:35)


"അങ്ങനെ സുലൈമാന്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ എനിക്ക് ധനംകൊണ്ട് സഹായം നൽകുകയാണോ?  എന്നാൽ എനിക്ക് അല്ലാഹു ﷻ നൽകിയിട്ടുള്ളത് നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിനേക്കാൾ ഉത്തമമായിട്ടുള്ളതാണ്. പക്ഷേ, നിങ്ങൾ നിങ്ങളുടെ സമ്മാനം കൊണ്ട് സന്തോഷംകൊള്ളുന്നുവെന്നുമാത്രം." (27:36)


"നീ അവരുടെ (നിന്നെ അയച്ചവരുടെ) അടുക്കലേക്ക് മടങ്ങിക്കൊള്ളുക. തീർച്ചയായും അവർക്കു നേരിടാൻ കഴിയാത്ത സൈന്യങ്ങളുമായി അവരുടെ അടുത്തേക്ക് നാം ചെല്ലുകതന്നെ ചെയ്യും. നിന്ദ്യരായ നിലയിൽ അവരെ അവിടെനിന്ന് നാം പുറംതള്ളുന്നതുമാണ്. (27:37)


 ബൽഖീസ് രാജ്ഞിയും പൗരപ്രമുഖരുമെല്ലാം ദൂതന്മാരുടെ വിവരണം ഉൾക്കിടിലത്തോടെ കേട്ടു. വിലപിടിച്ച പാരിതോഷികങ്ങൾ തിരിച്ചയച്ചിരിക്കുന്നു. രാജ്ഞിയും കൂട്ടരും അതുകണ്ട് ഞെട്ടിപ്പോയി. സുലൈമാൻ (അ) യുദ്ധഭീഷണി മുഴക്കിയിരിക്കുകയാണ്. രാജ്യം കീഴടക്കും. നമ്മെയെല്ലാം നിന്ദ്യരായ നിലയിൽ ആട്ടിപ്പുറത്താക്കും.  


 സർവ്വശക്തനായ അല്ലാഹുﷻവിന്റെ മാർഗത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ആ ക്ഷണം നിരസിച്ചുകൂടാ. നിരസിച്ചാൽ നാശം തീർച്ചയാണ്. ക്ഷണം സ്വീകരിച്ചാലോ? അത് വൻ വിജയമായിത്തീരും. ഈ ലോകത്തും പരലോകത്തും വിജയം. ആ വിജയമാണല്ലോ നമുക്ക് വേണ്ടത്. അല്ലാഹുﷻവിന്റെ അനുസരണയുള്ള അടിമകളായി മാറുക. മുസ്ലിംകളായിക്കൊണ്ട് സുലൈമാൻ (അ) ന്റെ സമീപത്തേക്ക് പോവുക. ബൽഖീസ് രാജ്ഞിയും പ്രമുഖന്മാരും ആ തീരുമാനമെടുത്തു...