Wednesday - 22 April, 2026 4-Dhu al-Qadah-1447

മദ് യനിലെ മുഅ്മിനീങ്ങൾ (1)

   അല്ലാഹു ﷻ കാരുണ്യം നിറഞ്ഞവനാണ്. വിശാലമായി പൊറുത്തു കൊടുക്കുന്നവനാണ്. പാപമോചനം തേടുന്നവർക്ക് കനിവ് ലഭിക്കും. മദ് യൻ സമൂഹം പാപങ്ങളിൽ മുങ്ങി നിൽക്കുകയാണ്. അവർ ഖേദിച്ചു മടങ്ങണം. പൊറുക്കലിനെ തേടണം. എങ്കിൽ അല്ലാഹു ﷻ പൊറുത്തു കൊടുക്കും. ഇതൊക്കെ ശുഐബ് നബി (അ) ക്ക് നന്നായറിയാം. നബി വീണ്ടും തന്റെ സമുദായത്തെ ഉപദേശിക്കുന്നു... 


 വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "നിങ്ങളുടെ റബ്ബിനോട് നിങ്ങൾ പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുവീൻ! തീർച്ചയായും എന്റെ സമുദായത്തിലെ റബ്ബ് കാരുണ്യവാനും വളരെ സ്നേഹമുള്ളവനുമാകുന്നു." (11:90)


 തന്റെ സമുദായത്തോടുള്ള നബിയുടെ നിഷ്കളങ്കമായ സ്നേഹമാണ് നാം ഈ വരികളിൽ കാണുന്നത്. അല്ലാഹുﷻവിന്റെ സ്നേഹം അതിന്റെ ആഴവും പരപ്പും അത് അവന്നുമാത്രം അറിയാം. അതിൽ നിന്ന് ഈ സമൂഹത്തിന് വല്ലതും കിട്ടണം. കിട്ടണമെങ്കിൽ അവർ ചോദിക്കണം. പാപമോചനം നടത്തണം. അവനിലേക്ക് ഖേദിച്ചു മടങ്ങണം. അതിന്നവർ തയ്യാറല്ല. ആ സന്ദർഭത്തിൽ ശുഐബ് (അ) സഹിച്ച മനോവേദനയെത്ര. ഇതൊരു അഭ്യർത്ഥനയാണ്...


 അതിനെ നിരാകരിച്ചു കൊണ്ട് അവർ നൽകിയ മറുപടി ഇങ്ങനെ: "അവർ പറഞ്ഞു:  ഓ... ശുഐബ് നീ പറയുന്നതിൽ നിന്ന് മിക്കതും ഞങ്ങൾക്ക് ഗ്രഹിക്കാൻ കഴിയുന്നില്ല. നിശ്ചയമായും ഞങ്ങളുടെ കൂട്ടത്തിൽ നിന്നെ ഒരു ബലഹീനനായിട്ടേ ഞങ്ങൾ  കാണുന്നുള്ളൂ. നിനക്ക് കുടുംബം ഇല്ലായിരുന്നുവെങ്കിൽ നിന്നെ ഞങ്ങൾ എറിഞ്ഞു കൊല്ലുക തന്നെ ചെയ്യുമായിരുന്നു. നീ ഞങ്ങളുടെ അടുക്കൽ ഒരു പ്രതാപ ശാലിയല്ല. (11:91)


 അഹങ്കാരം നിറഞ്ഞ മറുപടിയാണവർ പറഞ്ഞത്. "ഞങ്ങൾക്ക് മനസ്സിലാക്കാൻ  കഴിയാത്ത കാര്യങ്ങളാണ് നീ പറയുന്നത്. ദയാപരനായ റബ്ബിനെ കുറിച്ചു നീ പറയുന്നു. ഞങ്ങൾക്കത് ഉൾക്കൊള്ളാനാവുന്നില്ല. ഖേദിച്ചു മടങ്ങാനും പശ്ചാത്തപിക്കാനും നീ പറയുന്നു. അതിന്റെ ആവശ്യമെന്ത്? മനസ്സിലാവുന്നില്ല. നീയാണ് തെറ്റുകാരൻ. നിന്നെ ഞങ്ങൾ എറിഞ്ഞ് കൊല്ലുമായിരുന്നു. നിന്റെ ബന്ധുക്കളെയോർത്താണ് നിന്നെ വധിക്കാത്തത്. നീയൊരു ദുർബ്ബലനാണ്. ഞങ്ങളാണ് പ്രബലന്മാർ. നീ പ്രതാപമുള്ളവനല്ല. ഞങ്ങളാണ് പ്രതാപ ശാലികൾ." 


 ഈ രീതിയിൽ മാത്രമാണവരുടെ സംസാരം. നബി പറയുന്നത് ശ്രദ്ധിക്കാനോ ഉൾക്കൊള്ളാനോ തയ്യാറില്ല. സമ്പത്തിനോടുള്ള ഒടുങ്ങാത്ത മോഹം. അത് എക്കാലവും മനുഷ്യ മനസ്സുകളെ അടക്കി വാഴുകയാണ്. അതിൽ നിന്ന് മോചിതരാവുന്നത് മുഹ്മിനീങ്ങൾ മാത്രമാണ്. ബന്ധുക്കളെ കുറിച്ചാണവർ പ്രാധാന്യത്തോടെ സംസാരിച്ചത്. ബന്ധുക്കളില്ലായിരുന്നെങ്കിൽ എറിഞ്ഞു കൊല്ലുമായിരുന്നു എന്നവർ വീരവാദം മുഴക്കി...


 ബന്ധുക്കളെയല്ല പരിഗണിക്കേണ്ടത് അല്ലാഹുﷻവിനെയാണ് പരിഗണിക്കേണ്ടത്. ശുഐബ് (അ) നൽകിയ മറുപടി ഖുർആനിൽ കാണാം:  "ശുഐബ് (അ) പറഞ്ഞു എന്റെ ജനങ്ങളേ  എന്റെ കൂട്ടുകുടുംബമാണോ നിങ്ങൾക്ക് അടുക്കൽ അല്ലാഹുﷻവിനേക്കാൾ പരിഗണനീയം? അവനെ നിങ്ങൾ നിങ്ങളുടെ പിന്നിൽ പുറം തള്ളപ്പെട്ടവനാക്കുകയാണോ? എന്റെ റബ്ബ് നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് സൂക്ഷ്മമായി അറിഞ്ഞുകൊണ്ടിരിക്കുന്നവനാകുന്നു." (11:92)


 സൃഷ്ടാവായ റബ്ബിനെ ആ ജനത പരിഗണിക്കുന്നില്ല. ശുഐബ് (അ) ന്റെ ബന്ധുക്കളെ പരിഗണിക്കുന്നു. ഇക്കാര്യം അല്ലാഹുﷻ സൂക്ഷ്മമായി അറിയുന്നുണ്ട്. അല്ലാഹുﷻവിനെ പുറകോട്ട് തള്ളുകയും ചെയ്യുന്നു. ഇത് മനുഷ്യരുടെ പൊതു സ്വഭാവമാണ്. മുസ്ലിംകളുടെ അവസ്ഥ തന്നെ പലപ്പോഴും ഇങ്ങനെയൊക്കെ ആയിപ്പോവാറുണ്ട്. ഈമാൻ ശക്തമല്ലാത്തത് കൊണ്ടാണങ്ങനെ സംഭവിക്കുന്നത്...


 തറവാടിന്റെയും കുലത്തിന്റെയും മഹിമ വിളിച്ചു പറഞ്ഞ് ഊറ്റം കൊള്ളുന്ന എത്രയോ മുസ്ലിംകളെ കാണാൻ കഴിയും. കൂട്ടുകുടുംബങ്ങൾ ഒത്തു കൂടുമ്പോൾ വലിയ ആഹ്ലാദമായിത്തീരും. നിസ്കാര സമയമായാൽ അത് പരിഗണിക്കില്ല. നിസ്കാരം പാഴാക്കുന്നത് പ്രശ്നമല്ല കുടുംബത്തെയാണ് കൂടുതൽ പരിഗണിക്കുന്നത്...   


 മദ് യൻ സമൂഹം എന്ത് ചെയ്തു? സ്വന്തം കുടുംബത്തെ നന്നായി പരിഗണിച്ചു. ശുഐബിന്റെ കുടുംബത്തെയും പരിഗണിച്ചു.  അല്ലാഹുﷻവിനെയും അവന്റെ റസൂൽ ﷺ യെയും അവഗണിക്കുകയും ചെയ്തു. ബന്ധുക്കളെ പരിഗണിച്ചത് കൊണ്ട് മാത്രമാണ് എറിഞ്ഞ് കൊല്ലാഞ്ഞത് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ബന്ധുക്കൾ സത്യവിശ്വാസം കൈക്കൊള്ളാത്തത് കൊണ്ടാണ് ഈ പരിഗണന. സത്യവിശ്വാസം കൈക്കൊണ്ട ബന്ധുക്കളെ അവർ അവഗണിക്കുകയും ചെയ്യ്തു...  


 ശുഐബ് (അ)നൽകിയ മറുപടി  ഇങ്ങനെ:  "കുടുംബത്തെയല്ല പരിഗണിക്കേണ്ടത്. അല്ലാഹുﷻവിനെയാണ് പരിഗണിക്കേണ്ടത്. 

അല്ലാഹുﷻവിന്റെ കല്പനകൾ അവഗണിച്ചു തള്ളുന്നത് ഏറ്റവും അപകടകരമായ അവസ്ഥയാണ് എന്നവരെ ഉണർത്തി. അവർ അതൊന്നും പരിഗണിച്ചില്ല."


 "നീ പറയുന്നതെല്ലാം വ്യാജമാണ്. ഞങ്ങൾ അതൊന്നും വിശ്വസിക്കുന്നില്ല. ശിക്ഷ വരുമെന്ന് നീ പറയുന്നു. എന്ത് ശിക്ഷ! എന്നാണത് വരിക? ഇത്രയൊക്കെയായിട്ടും അത് വരാത്തതെന്ത്? ഞങ്ങളുടെ ജീവിത രീതി ഇങ്ങനെ തന്നെ തുടരും. അത് മാറ്റാൻ നിന്നെക്കൊണ്ടാവില്ല. നീ അതിന് ശ്രമിച്ചാൽ പരാജയമായിരിക്കും ഫലം...