Thursday - 23 April, 2026 5-Dhu al-Qadah-1447

മദ് യനിലെ മുഅ്മിനീങ്ങൾ (2)

   അല്ലാഹുﷻവിന്റെ കല്പനകൾ അവഗണിച്ചു തള്ളുന്നത് ഏറ്റവും അപകടകരമായ അവസ്ഥയാണ് എന്ന് ശുഐബ് നബി (അ) അവരെ ഉണർത്തി. അവർ അതൊന്നും പരിഗണിച്ചില്ല... 


"നീ പറയുന്നതെല്ലാം വ്യാജമാണ്. ഞങ്ങൾ അതൊന്നും വിശ്വസിക്കുന്നില്ല. ശിക്ഷ വരുമെന്ന് നീ പറയുന്നു. എന്ത് ശിക്ഷ! എന്നാണത് വരിക? ഇത്രയൊക്കെയായിട്ടും അത് വരാത്തതെന്ത്? ഞങ്ങളുടെ ജീവിത രീതി ഇങ്ങനെ തന്നെ തുടരും. അത് മാറ്റാൻ നിന്നെക്കൊണ്ടാവില്ല. നീ അതിന് ശ്രമിച്ചാൽ പരാജയമായിരിക്കും ഫലം..."


 ഈ സംസാരം നബിയെ വളരെ നിരാശനാക്കി. മനസ്സ് വല്ലാതെ വേദനിച്ചപ്പോൾ ശുഐബ് (അ) പറഞ്ഞു : 


 "നിങ്ങളുടെ നിലപാട് എന്താണോ അതനുസരിച്ച് പ്രവർത്തിക്കുക. എന്റെ സ്ഥിതിയനുസരിച്ച് ഞാനും പ്രവർത്തിച്ചു കൊള്ളാം. ഏറ്റവും അപമാനകരമായ ശിക്ഷ ആർക്കാണ് വന്നെത്തുകയെന്ന് നിങ്ങൾ തീർച്ചയായും അറിയും. ആരാണ് വ്യാജം പറഞ്ഞതെന്ന് അപ്പോൾ നിങ്ങളറിയും. സത്യം പറഞ്ഞത് ഞാനാണെന്നും കള്ളം പറഞ്ഞത് നിങ്ങളാണെന്നും ബോധ്യപ്പെടും. കുറച്ചു കാലം കൂടി കാത്തിരിക്കുക. ഞാനും കാത്തിരിക്കാം."  


 മനസ്സുരുകിയ വർത്തമാനമാണത്. ശിക്ഷയെക്കുറിച്ചുള്ള വമ്പിച്ച താക്കീത്. ആർക്കും വിശ്വാസം വരുംവിധമുള്ള ഉറച്ചവാക്കുകൾ. എന്നിട്ടെന്തുണ്ടായി? ആ സമൂഹം പരിഹസിച്ചു ചിരിച്ചു... 


 വിശുദ്ധ ഖുർആനിൽ ഈ രംഗം കാണുക:


"ശുഐബ് (അ) പറഞ്ഞു : എന്റെ ജനങ്ങളേ നിങ്ങളുടെ നിലപാട് അനുസരിച്ചു നിങ്ങൾ പ്രവർത്തിച്ചു കൊള്ളുക. എന്റെ നിലയനുസരിച്ച് ഞാനും പ്രവർത്തിക്കുന്നവനാണ്. പിറകെ നിങ്ങൾക്കറിയാം ആർക്കാണ് അപമാനകരമായ ശിക്ഷ വരുന്നതെന്ന്. ആരാണ് വ്യാജം പറയുന്നവനെന്നും അറിയാം. ശിക്ഷ പ്രതീക്ഷിക്കുവീൻ. ഞാനും നിങ്ങളോടൊപ്പം പ്രതീക്ഷിക്കുന്നവനാകുന്നു" (11:93) 


 മദ് യൻകാരിലുള്ള സകല പ്രതീക്ഷയും അസ്ഥമിച്ചപ്പോഴാണ് ഈ വാക്കുകൾ പറഞ്ഞത്. ശിക്ഷ വരുമെന്ന കാര്യം ഉറപ്പായി. വൈകാതെ ഉണ്ടാവും. നിങ്ങളത് പ്രതീക്ഷിക്കുക. ഞാനും പ്രതീക്ഷിക്കാം. എന്തൊരു വാക്കാണത്... 


 മുഹ്മിനീങ്ങളുടെ ഒരു സമൂഹം അവിടെയുണ്ട്. മുശ്രിക്കുകളുടെ വൻ സമൂഹങ്ങളുണ്ട്. ഇത് വരെ അവർ ഇടകലർന്നു താമസിച്ചു. ഇനി വേർപെടുകയാണ്. ശിക്ഷ വരുമ്പോൾ രണ്ട് വിഭാഗമായിത്തീരും. വിശ്വാസികൾ വേറെ. വിശ്വസിക്കാത്തവർ വേറെ. അതിന്ന് സമയമായി വരുന്നു... 


 ഈ വചനം ശ്രദ്ധിക്കൂ... ശുഐബ് (അ) പറഞ്ഞു: "ഞാൻ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ, നിങ്ങളിൽ നിന്നൊരു വിഭാഗം വിശ്വസിച്ചിരുന്നെങ്കിൽ, ഒരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കിൽ,  നമുക്കിടയിൽ അല്ലാഹു ﷻ വിധി നടപ്പാക്കുന്നത് വരെ ക്ഷമിക്കുക. വിധിക്കർത്താക്കളിൽ ഏറ്റവും ഉത്തമനാണവൻ." എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി തന്നെ നബി പറഞ്ഞു കഴിഞ്ഞു... 


 വിശ്വസിച്ചവരെല്ലാം വിശ്വസിച്ചു. ഇനിയാരെയും പ്രതീക്ഷാക്കാനില്ല. ഇനി അല്ലാഹുﷻവിന്റെ വിധി വന്നു കൊള്ളട്ടെ. അല്ലാഹുﷻവാണ് ഏറ്റവും നല്ല വിധികർത്താവ്. മനസ്സുരുകിയ വാക്കുകൾ. പക്ഷെ ആ ജനതക്കൊരു മാറ്റവുമില്ല. അവർ കൂടുതൽ പ്രകോപിതരായി കാണപ്പെട്ടു. ഇത്രയൊക്ക പറയാൻ നീ ആരെടാ? എന്നതായിരുന്നു അവരുടെ നിലപാട്... 


 അവർ ഇങ്ങനെ വിളിച്ചു പറഞ്ഞു: "നീയാണ് വഴിപിഴച്ചവൻ. നീയും നിന്റെ അനുയായികളും ഇന്നാട്ടിൽ നിന്ന് പോവണം. നിങ്ങളിൽ ഒന്നിനെപ്പോലും ഇവിടെ കണ്ട് പോവരുത്. എല്ലാവരെയും ഞങ്ങൾ ആട്ടിപ്പുറത്താക്കും. നിന്റെയൊരു വിധിയും ശിക്ഷയും. ഞങ്ങൾക്കതൊന്നും കേൾക്കാൻ മനസ്സില്ല. ജനനേതാക്കൾ വിളിച്ചു പറഞ്ഞതങ്ങനെയാണ്..."


 ഈ രംഗം വിശുദ്ധ ഖുർആനിൽ കാണുക:


 "അദ്ദേഹത്തിന്റെ ജനങ്ങളിലെ അഹംഭാവം നടിച്ച പ്രധാനികൾ പറഞ്ഞു : ശുഐബ് നിന്നെയും നിന്നോടൊപ്പം വിശ്വസിച്ചവരെയും ഞങ്ങളുടെ നാട്ടിൽ നിന്ന് തീർച്ചയായും പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ മാർഗ്ഗത്തിൽ മടങ്ങി വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു:  ഞങ്ങൾ ആ മാര്‍ഗ്ഗത്തെ വെറുക്കുന്നവരാണെങ്കില്‍ പോലും ഞങ്ങള്‍ മടങ്ങണമെന്നോ?              (أَوَلَوْ كُنَّا كَارِهِينَ) (7:88)


 എത്ര ഗുരുതരമായ വചനങ്ങൾ. ശുഐബ് എന്ന് വിളിച്ചു കൊണ്ടാണ് മദ് യൻ നേതാക്കൾ സംസാരിക്കുന്നത്. എന്താണവർക്ക് പറയാനുള്ളത്..? 


 നീയും നിന്റെ കൂടെയുള്ളവരും ഞങ്ങളുടെ മാർഗ്ഗത്തിലേക്ക് മടങ്ങി വരണം. അല്ലെങ്കിൽ എല്ലാവരെയും നാട്ടിൽ നിന്ന് ആട്ടിപ്പുറത്താക്കും. ഈമാനിൽ നിന്ന് ശിർക്കിലേക്ക് മടങ്ങണം. എങ്കിൽ നാട്ടിൽ നിൽക്കാം. ഇതിന്ന് ശുഐബ് (അ) നൽകുന്ന മറുപടി ഏറെ ഗൗരവമുള്ളതാണ്...


 "നിങ്ങളുടെ മാർഗ്ഗം ഞങ്ങൾ ഏറ്റവും വെറുക്കുന്നു. വെറുക്കപ്പെട്ട മാർഗ്ഗത്തിലേക്ക് ഞങ്ങൾ മടങ്ങില്ല. വെറുപ്പുണ്ടെങ്കിലും മടങ്ങണം എന്നാണോ നിങ്ങൾ പറയുന്നത്. എങ്കിൽ അതൊന്ന് കാണട്ടെ!" 


 ഭീഷണിക്കു മുമ്പിൽ ഒട്ടും വഴങ്ങിയില്ല. അതേ നാണയത്തിൽ തിരിച്ചടിച്ചു. ഞങ്ങൾക്ക് അല്ലാഹു ﷻ ഉണ്ട്. എല്ലാ കാര്യങ്ങളും ഞങ്ങൾ അവനിൽ ഭരമേൽപ്പിച്ചു കഴിഞ്ഞു. അവൻ ഞങ്ങളെ സഹായിക്കും. നിങ്ങളെ ആര് സഹായിക്കും..?