നൂഹ് നബി (അ) ന്റെ കാലത്തെ മഹാപ്രളയത്തെക്കുറിച്ചാണ് ശുഐബ് (അ) പ്രസംഗിച്ചത്. ഏത് ശിലാഹൃദയവും അലിയുന്ന അവതരണം. പക്ഷെ സ്വന്തം ജനതയുടെ ഖൽബ് ഇളകിയില്ല...
പിന്നീട് പ്രസംഗിച്ചത് ആദ്-സമൂദ് ഗോത്രങ്ങളെക്കുറിച്ചാണ്. എന്തൊരു കലാവിരുതായിരുന്നു ആ ജനതക്ക്. വലിയ പാറകളിൽ അവർ തുരന്നുണ്ടാക്കിയ പാർപ്പിടങ്ങൾ. ആരെയും അതിശയിപ്പിക്കുന്ന കാഴ്ച. അവർ നിർമിച്ച സ്തൂപങ്ങൾ. ശില്പകലയിൽ അവർ നിപൂണരായിരുന്നു. അവരുടെ കൊത്തു വേലകൾ ഏവരെയും അതിശയിപ്പിച്ചു...
ഏകനായ അല്ലാഹുﷻവിനെ ആരാധിക്കണമെന്ന് ആദ് സമൂഹത്തോട് ഹൂദ് (അ) ആവശ്യപ്പെട്ടു. സ്വാലിഹ് (അ)തന്റെ സമൂഹമായ സമൂദിനോടും അത് തന്നെ ആവശ്യപ്പെട്ടു. ആദ് ധിക്കാരം കാണിച്ചു. പ്രവാചകനെ ഉപദ്രവിച്ചു. ശിക്ഷ വരുമെന്ന് പറഞ്ഞപ്പോൾ അതിന്ന് ധൃതി കൂട്ടി...
സമൂദ് ഗോത്രം വലിയ ധിക്കാരികളായിരുന്നു. ആദിന്റെ നാശം അവർക്ക് പാഠമാകേണ്ടതായിരുന്നു. മനസ്സിലെ ധിക്കാരം അവരെ തടഞ്ഞു. സ്വാലിഹ് (അ) ന്റെ താക്കീതുകൾ അവർ തള്ളിക്കളഞ്ഞു. പാറയിൽ നിന്ന് ഒട്ടകത്തെ കൊണ്ട് വരാൻ അവരാവശ്യപ്പെട്ടു. അല്ലാഹുﷻവിന്റെ ദൃഷ്ടാന്തമായി ഒട്ടകമെത്തി. അതിനെ ഉപദ്രവിക്കരുതെന്ന് നബി കല്പിച്ചു. ധിക്കാരികൾ കല്പന ലംഘിച്ചു. ഒട്ടകത്തെ അറുത്തു. നേരത്തെ താക്കീത് ചെയ്തിരുന്ന ശിക്ഷ വരികയും ചെയ്തു. ധിക്കാരികളുടെ സമൂഹം തുടച്ചു നീക്കപ്പെട്ടു...
അതിനുശേഷം വന്നവരാണ് ലൂത്വ് (അ)ന്റെ സമൂഹം. ആദിന്റെയും സമൂദിന്റെയും നാശം അവർക്ക് പാഠമായില്ല. അല്ലാഹുﷻ നൽകിയ കഴിവുകൾ അവർ സ്വന്തം കഴിവുകളായി കണ്ടു. എന്നിട്ടതിൽ അഹങ്കരിച്ചു. ലൂത്വ് നബി (അ) നിരന്തരം താക്കീത് നൽകിക്കൊണ്ടിരുന്നു. അവയെ അഹങ്കാരികൾ പരിഹസിച്ചു തള്ളി...
ശുഐബ് (അ) ആ സമൂഹത്തെ കുറിച്ചു സംസാരിച്ചു. "എന്റെ ജനങ്ങളെ! മദ് യൻകാരെ! ലൂത്വ് നബി (അ)ന്റെ ജനത ജീവിച്ചത് സമീപ കാലത്താണല്ലോ? സമീപ പ്രദേശമാണല്ലോ? നിങ്ങളെപ്പോലെ അവരും വഴിയാത്രക്കാരെ ഉപദ്രവിച്ചു. മുതലുകൾ കൊള്ളയടിച്ചു. യാത്രക്കാർക്കിടയിലെ ചെറുപ്പക്കാരെ അവർ പിടികൂടി ലൈംഗിക പീഡനം നടത്തി...
അവർ ലൂത്വ് നബി (അ)നോട് വിളിച്ചു പറഞ്ഞു. ഹേ ലൂത്വ് നീ പറയുന്ന ശിക്ഷ കൊണ്ടുവാ.... അവർക്ക് കാത്തിരിക്കാൻ വയ്യ. ഉടനെ ശിക്ഷ വേണം ഒടുവിൽ ശിക്ഷ വന്നു. അവർക്കത് തടയാൻ കഴിഞ്ഞോ? സദൂം പട്ടണം അപ്പാടെ ചാവുകടലിൽ മുങ്ങിപ്പോയില്ലേ? സമീപകാലത്തെ സംഭവമല്ലേ അത്? എന്നിട്ടും നിങ്ങളന്ത് കൊണ്ട് പാഠം പഠിക്കുന്നില്ല. ശിക്ഷ വരും ഉറപ്പാണ്. നിങ്ങൾക്കത് തടയാനാവില്ല...
വിശുദ്ധ ഖുർആൻ ഈ രംഗം അവതരിപ്പിക്കുന്നതിങ്ങനെ :
"എന്റെ ജനങ്ങളേ..! എന്നൊടുള്ള കക്ഷി മാത്സര്യം നിങ്ങൾക്ക് വരുത്തി വെക്കാതിരിക്കട്ടെ! നൂഹിന്റെ ജനതക്കോ ഹൂദിന്റെ ജനതക്കോ സ്വാലിഹിന്റെ ജനതക്കോ ബാധിച്ചത് പോലുള്ള ശിക്ഷ നിങ്ങൾക്ക് വരുത്തിവെക്കാതിരിക്കട്ടെ... ലൂത്വിന്റെ ജനത നിങ്ങളിൽ നിന്നകലെയല്ല." (11:89)
എന്നോടുള്ള കക്ഷി മാത്സര്യം നിങ്ങൾ അവസാനിപ്പിക്കുക. എന്നെ പ്രവാചകനായി അംഗീകരിക്കുക. എങ്കിൽ നിങ്ങൾ സൗഭാഗ്യവാന്മാരാണ്. കക്ഷി മാത്സര്യേ തുടരാൻ തന്നെയാണ് ഭാവമെങ്കിൽ. നൂഹിന്റെയും ഹൂദിന്റെയും സ്വാലിഹിന്റയും സമൂഹങ്ങൾക്ക് വന്ന ശിക്ഷ നിങ്ങളെയും ബാധിക്കാം. ലൂത്വിന്റെ ജനതക്ക് സംഭവിച്ചതെന്താണെന്ന് നിങ്ങൾക്ക് നന്നായി അറിവുള്ളതാണല്ലോ...
ലൂത്വ് നബി (അ) ന്റെ കാലം കഴിഞ്ഞ് ഏറെക്കഴിയും മുമ്പായി ശുഐബ് (അ)ന്റെ നിയോഗം നടന്നു. നിങ്ങൾ നാശം വിളിച്ചു വരുത്തരുത്. അല്ലാഹുﷻവിൽ വിശ്വസിക്കുവീൻ! അവനോട് പാപമോചനം തേടുവീൻ! അവൻ പാപങ്ങൾ പൊറുത്തു തരും. നിങ്ങൾ സച്ചരിതരായിത്തീരും. സ്വർഗ്ഗാവകാശികളായിത്തീരും...
ആ സമുദായം നബിയോടിങ്ങനെ പറഞ്ഞു : "നീ ഞങ്ങൾക്കിടയിൽ ജനിച്ചു വളർന്നവനാണ്. നിന്റെ ബന്ധുക്കൾ ഇവിടെയുണ്ട്. അവരെയോർത്താണ് ഞങ്ങൾ നിന്നെ കൊല്ലാതെ വിടുന്നത്. ബന്ധുക്കൾ ഇവിടെയില്ലായിരുന്നെങ്കിൽ ഞങ്ങൾ എന്നേ നിന്റെ ജീവൻ എടുത്തേനെ. ഞങ്ങൾ നിന്നെ എറിഞ്ഞു കൊല്ലുമായിരുന്നു. ഞങ്ങൾക്കിടയിൽ നീ ഒരു പ്രതാപശാലിയല്ല. നീ നിന്ദ്യനാണ്. നിനക്ക് യാതൊരു അന്തസ്സും ഞങ്ങൾ കല്പിക്കുന്നില്ല. ഞങ്ങൾക്കിടയിൽ നീ പരിഗണിക്കപ്പെടേണ്ട ഒരു വ്യക്തിയേ അല്ല."
പരിഹാസം വളരുകയാണ്. എതിർപ്പുകൾ ശക്തി പ്രാപിക്കുകയാണ്. വാക്കിലും പ്രവർത്തിയിലും ധിക്കാരം തന്നെ. ശിക്ഷ വരുമെന്ന മുന്നറിയിപ്പും വിലപ്പോവില്ല. ശിക്ഷക്ക് തിരക്ക് കൂട്ടുകയാണവർ ചെയ്തത്...
തന്നെക്കൊണ്ട് വിശ്വസിച്ച മുഹ്മിനീങ്ങളെ ആരാധനാ കർമ്മങ്ങൾ പഠിപ്പിച്ചു. വിശ്വാസകാര്യങ്ങളും പഠിപ്പിച്ചു. അങ്ങനെ കാലം കടന്നുപോയി...