ശുഐബ് നബി (അ) ഭീഷണിക്കു മുമ്പിൽ ഒട്ടും വഴങ്ങിയില്ല. അതേ നാണയത്തിൽ തിരിച്ചടിച്ചു. ഞങ്ങൾക്ക് അല്ലാഹുﷻഉണ്ട്. എല്ലാ കാര്യങ്ങളും ഞങ്ങൾ അവനിൽ ഭരമേൽപ്പിച്ചു കഴിഞ്ഞു. അവൻ ഞങ്ങളെ സഹായിക്കും? നിങ്ങളെ ആര് സഹായിക്കും..?
ഞങ്ങൾക്ക് ഞങ്ങൾ മതി. ഞങ്ങൾ ശക്തരാണ്. നീ ദുർബ്ബലനാണ്. നിനക്ക് മറ്റൊരാളുടെ സഹായം വേണം. ധിക്കാരത്തിന്റെ വാക്കുകൾ പിന്നെയും വരികയാണ്...
അപ്പോൾ പ്രാർത്ഥിച്ചു : അല്ലാഹുവേ! ഞങ്ങൾക്കിടയിൽ വിധി നടപ്പാക്കേണമേ..!
നബി തുടർന്നു: "ദുഷിച്ച മാർഗ്ഗത്തെയാണ് നിങ്ങൾ പിൻപറ്റുന്നത്. എന്നെക്കൊണ്ട് വിശ്വസിച്ച ഈ സമൂഹം ആരാണെന്ന് നിങ്ങൾ അറിയുമോ? നിങ്ങളുടെ ദുഷിച്ച മാർഗ്ഗത്തിൽ നിന്ന് രക്ഷ പ്രാപിച്ചവരാണിവർ. അല്ലാഹുﷻവാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇനിയവർ നിങ്ങളുടെ ദുഷിച്ച മാർഗ്ഗത്തിലേക്ക് വരില്ല. അങ്ങനെയൊരു പ്രതീക്ഷ വെച്ചു പുലർത്തേണ്ടതില്ല...
ഞങ്ങളുടെ റബ്ബിന്റെ അറിവ് വളരെ വിശാലമാണ്. എല്ലാം അവൻ അറിയുന്നു. അവൻ അറിയാത്തതായി യാതൊന്നും തന്നെയില്ല. അങ്ങനെയുള്ള റബ്ബിൽ ഞങ്ങൾ സകല കാര്യങ്ങളും ഭരമേൽപ്പിച്ചിരിക്കുന്നു. ഇടുങ്ങിയ അവസ്ഥയിൽ നിന്ന് തുറസ്സായ അവസ്ഥയിലേക്ക് വഴി നടത്തുന്നവൻ അല്ലാഹുﷻവാണ്. ഇവിടെ ഞങ്ങളുടെ അവസ്ഥ നിങ്ങൾ ഇടുക്കമാക്കിയിരിക്കുന്നു. ഞങ്ങളുടെ അവസ്ഥ അവൻ തുറസ്സാക്കിത്തരും. നിങ്ങളുടെ അവസ്ഥ അവൻ ഇടുങ്ങിയതാക്കും. ഇറുക്കി ഇറുക്കി നിങ്ങൾ നശിക്കും. അതെല്ലാം കാത്തിരുന്നു കാണാം . നിങ്ങൾ കാത്തിരിക്കുക. ഞാനും കാത്തിരിക്കാം..."
നാട്ട് നേതാക്കന്മാർക്ക് നന്നായി ദേഷ്യം പിടിച്ചു. അവർ സത്യവിശ്വാസികളോട് വിളിച്ചു പറഞ്ഞു : "ഹേ കൂട്ടരേ നിങ്ങളെന്തിന് അവന്റെ കൂടെ നിൽക്കുന്നു? അവനെ കൈവെടിയുക. ഞങ്ങളിലേക്ക് തിരിച്ചു വരിക. നിങ്ങളെ ഞങ്ങൾ നല്ല അവസ്ഥയിലെത്തിക്കാം. നിങ്ങൾ നിർബന്ധ ബുദ്ധിയോടെ അവന്റെ കൂടെ നിൽക്കുകയാണോ? എങ്കിൽ നിങ്ങൾക്ക് വലിയ നഷ്ടം സംഭവിക്കും. നിങ്ങൾ ഒന്നുമില്ലാത്തവരായിത്തീരും. അത്കൊണ്ട് മടങ്ങി വരിക. അവനെ കൈവിട്ട് മടങ്ങിവരിക. നിങ്ങളെ ഞങ്ങൾ ഹൃദ്യമായി സ്വീകരിക്കാം.
ശുഐബ് (അ) ഇങ്ങനെ മറുപടി നൽകി: "ഇവർ മടങ്ങി വരികയോ? അതുണ്ടാവില്ല. ഞങ്ങൾ നിങ്ങളിലേക്ക് മടങ്ങിയാൽ അതിന്റെ അർത്ഥമെന്താണ്? ഞങ്ങളിത് വരെ പറഞ്ഞതെല്ലാം കള്ളമാണെന്ന്. ഞങ്ങൾ ഇത് വരെ പറഞ്ഞതെല്ലാം അല്ലാഹുﷻവിന്റെ പേരിലുള്ള വ്യാജമാണെന്ന് വരും. വ്യാജം പറയുന്നവർ നിങ്ങളാണ്. അല്ലാഹുﷻവിന്റെ പേരിൽ സത്യം പറയുന്നവരാണ് ഞങ്ങൾ. അത്കൊണ്ട് ഞങ്ങൾ നിങ്ങളിലേക്ക് മടങ്ങി വരില്ല. ഇത് വരെ പറഞ്ഞത് സത്യം. അതിലുറച്ചു നിൽക്കും...
ഈ രംഗം വിശുദ്ധ ഖുർആനിൽ കാണുക: "ശുഐബ് (അ) പറഞ്ഞു: നിങ്ങളുടെ മാർഗ്ഗത്തിൽ നിന്ന് അല്ലാഹുﷻഞങ്ങളെ രക്ഷപ്പെടുത്തിയതിന്ന് ശേഷം ഞങ്ങൾ മടങ്ങി വരുന്ന പക്ഷം തീർച്ചയായും ഞങ്ങൾ അല്ലാഹുﷻവിന്റെ പേരിൽ വ്യാജം കെട്ടിച്ചമക്കുകയായിരിക്കും ചെയ്യുന്നത്. അതിൽ മടങ്ങി വരികയെന്നത് ഞങ്ങൾക്ക് പാടില്ലാത്തതാകുന്നു. ഞങ്ങളുടെ റബ്ബായ അല്ലാഹു ﷻ ഉദ്ദേശിച്ചാലല്ലാതെ. (إِلَّا أَن يَشَاءَ اللَّـهُ رَبُّنَا)
ഞങ്ങളുടെ റബ്ബ് അറിവ് കൊണ്ട് എല്ലാ വസ്തുവിനും വിശാലമായിരിക്കുന്നു (وَسِعَ رَبُّنَا كُلَّ شَيْءٍ عِلْمًا )
അല്ലാഹുﷻവിന്റെ മേൽ ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നു. (عَلَى اللَّـهِ تَوَكَّلْنَا)
ഞങ്ങളുടെ റബ്ബേ ഞങ്ങൾക്കും ഞങ്ങളുടെ ജനങ്ങൾക്കുമിടയിൽ യഥാർത്ഥ പ്രകാരം നീ തുറസ്സ് നൽകേണമേ. നീ തുറസ്സ് നൽകുന്നവരിൽ ഏറ്റവും ഉത്തമനാകുന്നു. (رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنتَ خَيْرُ الْفَاتِحِينَ) (7:89)
ഈ പ്രാർത്ഥന നടത്തേണ്ടി വന്ന പ്രവാചകന്റെ മാനസികാവസ്ഥ ഒന്നോർത്തു നോക്കുക. തന്റെ സ്വന്തം ജനത. ആ ജനതയെ നന്നായി സ്നേഹിച്ചു. അവർ വിജയിക്കണമെന്ന് നന്നായി ആശിച്ചു. ആത്മാർത്ഥമായി അവരെ ക്ഷണിച്ചു. കാലങ്ങളോളം കഠിനാദ്ധ്വാനം നടത്തി. അവർ മർക്കടമുഷ്ടി കാട്ടി നിന്നു. സത്യം നിഷേധിച്ചു. അവർക്ക് ശിക്ഷ വരുമെന്ന് നബിക്കറിയാം. അത് ഭയന്നു അവരെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ നോക്കി. നന്നായി ഉപദേശിച്ചു. അപ്പോൾ അവർ ഭീഷണിയുമായി വന്നു. എറിഞ്ഞു കൊല്ലുമെന്ന് ഭീഷണി. നാട്ടിൽ നിന്ന് ആട്ടിപ്പുറത്താക്കുമെന്ന പ്രഖ്യാപനം...
സ്വന്തം ജനതയിൽ ഒരു പ്രതീക്ഷയുമില്ലാത്ത അവസ്ഥ. വരിക അവർക്കെതിരെ കൈ ഉയർത്തി ദുആ ഇരക്കേണ്ടി വരിക. എന്തൊരവസ്ഥ? ആ അവസ്ഥയിൽ നാം ശുഐബ് (അ)നെ കാണുന്നു. ഈ വചനം ശ്രദ്ധിക്കൂ...
"അദ്ദേഹത്തിന്റെ ജനതയിൽ നിന്ന് അവിശ്വാസികളായ പ്രധാനികൾ പറഞ്ഞു: നിശ്ചയമായും നിങ്ങൾ ശുഐബിനെ പിൻപറ്റുന്ന പക്ഷം അപ്പോൾ നിങ്ങൾ നഷ്ടപ്പെട്ടവർ തന്നെയായിരിക്കും." (7:90)
പ്രവാചകന്മാർ പാപ സുരക്ഷിതരാണ്. ശുഐബ് (അ) പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പും സംശുദ്ധമായ ജീവിതമാണ് നയിച്ചത്. അനുയായികളിൽ പലരും ദുഷിച്ച മാർ
ഗ്ഗത്തിലായിരുന്നു. അതിൽ നിന്ന് അല്ലാഹു ﷻ അവരെ രക്ഷപ്പെടുത്തി. ഇനിയും ആ മാർഗ്ഗത്തിലേക്കാണ് പ്രധാനികൾ അവരെ വിളിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും ഇനിയവർക്കു മടക്കമില്ല. എല്ലാം അല്ലാഹുﷻവിൽ ഭരമേൽപ്പിച്ചു കഴിഞ്ഞു. തങ്ങളെ അല്ലാഹുﷻ രക്ഷിക്കുമെന്ന പൂർണ്ണ വിശ്വാസം അവർക്കുണ്ട്. ഒരു പ്രധാനിയുടെയും സംരക്ഷണം വേണ്ട. ഇവരുടെ മാറ്റം പഴയ യജമാനന്മാരെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ട്. തറപ്പിച്ചൊന്നു നോക്കിയാൽ പേടിച്ചു ചൂളിയിരുന്നവർ ഇപ്പോൾ എത്ര ധീരന്മാരായി മാറിയിരിക്കുന്നു. ഇത്രയൊക്ക പറഞ്ഞിട്ടും അവർക്ക് മാറ്റമില്ലല്ലോ. തൗഹീദിന്റെ ശക്തി അത് ലോകത്തെ ബോധ്യപ്പെടുത്തുന്ന വേളയാണിത്...
സർവ്വ ശക്തനായ റബ്ബിൽ വിശ്വസിക്കുക. അചഞ്ചലമായ വിശ്വാസം മനസ്സിൽ തൗഹീദ് ഉറപ്പിക്കുക. ഉറച്ചു കഴിഞ്ഞാൽ വിജയിച്ചു. പിന്നെ ആ മനസ്സിൽ അല്ലാഹു ﷻ ഇഷ്ടപ്പെടാത്ത ഒരു ചിന്തയും വരില്ല. അല്ലാഹു ﷻ തൃപ്തിപ്പെടുന്നത് മാത്രം ചിന്തിക്കും. അപ്പോൾ മനസ്സ് നന്നായി. പ്രകാശമായി. കൈകൾ നല്ലത് പ്രവർത്തിക്കും. മദ് യനിൽ അങ്ങനെയുള്ള ഒരു വിഭാഗത്തെ നാം കാണുന്നു. അവരുടെ ഈമാൻ ശക്തമാണ്...