ശുഐബ് (അ) ആദ്യം നിയോഗിക്കപ്പെട്ടത് ഐക്കത്തുകാരിലേക്കാണെന്നും ശിക്ഷ ആദ്യം ഇറങ്ങിയതും അവിടെയാണെന്നും ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഐക്കത്തുകാരും ശുഐബ് (അ) അവർകളും തമ്മിൽ തർക്കങ്ങളും വാഗ്വാദങ്ങളും പലതവണ നടന്നിട്ടുണ്ട്. നബിയുടെ വാദങ്ങൾക്കുമുമ്പിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല...
ഉത്തരം മുട്ടുമ്പോൾ അവർ പറയും "നീ പറയുന്ന ശിക്ഷ കൊണ്ടു വാ.... ആകാശത്തിന്റെ ഒരു ഭാഗം മുറിഞ്ഞു വീഴട്ടെ! അങ്ങനെ ഞങ്ങൾ നശിക്കട്ടെ!" ശിക്ഷ ചോദിച്ചു വാങ്ങുകയാണവർ. ആകാശത്ത് നിന്ന് തന്നെ ശിക്ഷ വരണം. ആകാശത്തിന്റെ ഒരു കഷ്ണം ശിക്ഷയായി വീഴണം. എന്തൊരു ധിക്കാരമാണത്...
ശിക്ഷ വരികയാണ്. അന്തരീക്ഷത്തിൽ താപനില ഉയർന്നു വന്നു. രാവും പകലും ചൂടുള്ള കാലാവസ്ഥ. വിയർത്തൊഴുകുന്നു. ആകെ അസ്വസ്ഥത. ചൂടുകൂടിയതോടെ വെള്ളം വറ്റാൻ തുടങ്ങി. കിണറുകൾ വറ്റി. കുളങ്ങൾ വറ്റി. പുഴകൾ വറ്റിത്തുടങ്ങി. ഒരാഴ്ച ഈ അവസ്ഥ തുടർന്നു. ഏത് പരീക്ഷണവും നേരിടാമെന്ന ധിക്കാരം അപ്പോഴും അവരിൽ നിറഞ്ഞു നിന്നു...
ഉഷ്ണം കൂടുമ്പോൾ വലിയ കെട്ടിടങ്ങൾക്കകത്തേക്ക് അവർ ഓടും. അവിടെ ഉഷ്ണം സഹിക്കാതാവുമ്പോൾ മൈതാനത്തേക്കോടും. മരച്ചുവട്ടിൽ അഭയം പ്രാപിക്കും. വേരുകളിൽ പറ്റിപ്പിടിച്ചു കിടക്കും. ഒരിടത്തും ആശ്വാസമില്ല. ചൂട് തന്നെ. അപ്പോൾ അവർ ആ കാഴ്ച കണ്ടു. കനത്ത മേഘം തണൽ വിരിക്കുന്നു. മൈതാനിയിൽ തണൽ വന്നു. ജനങ്ങൾ തണലിൽ ഓടിക്കൂടി...
എന്തൊരാശ്വാസം. തണുത്തകാറ്റും വന്നു. കുറ്റവാളികൾ മേഘത്തണലിൽ ഒരുമിച്ചു കൂടി. ആകാശത്തിന്റെ കഷ്ണം പോലെ മേഘം നിന്നു. പെട്ടെന്ന് മേഘത്തിന്റെ രൂപം മാറി അഗ്നിഗോളമായി മാറി. വമ്പിച്ച അഗ്നി ജ്വാലകൾ. ഭയാനകമായ കാഴ്ച. പെട്ടന്നത് താഴേക്ക് വീണു. മനുഷ്യരുടെ മീതെ അഗ്നി വീണു. ധിക്കാരികൾ കരിഞ്ഞു ചാമ്പലായി...
ശിക്ഷ വരുന്നതിന് മുമ്പു തന്നെ ശുഐബ് (അ) ന്ന് സന്ദേശം കിട്ടിയിരുന്നു. ഉടനെ നാട് വിട്ടു പോവുക. വീട്ടുകാരെയും സത്യവിശ്വാസികളെയും കൂട്ടി ശുഐബ് (അ) നാട് വിട്ടു. സത്യനിഷേധികൾ നശിപ്പിക്കപ്പെട്ടു. ശിക്ഷയുടെ ഭാഗമായി ആകാശത്ത് വൻ ശബ്ദം കേട്ടു. ശബ്ദം കേട്ട് ജനം ഭയന്ന് പോയി. പരിസരബോധം നഷ്ടപ്പെട്ടു. മയക്കം ബാധിച്ചത് പോലെയായി. അഗ്നിജ്വാലകൾ അവരുടെ അന്ത്യം കുറിച്ചു. ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു...
ഒരു ദിവസം ജിബ്രീൽ (അ) ശുഐബ് (അ) നെ കാണാനെത്തി. എന്നിട്ടിങ്ങനെ അറിയിച്ചു. "നബിയേ! താങ്കളും കുടുംബാംഗങ്ങളും സത്യവിശ്വാസികളും ഇന്ന് രാത്രി തന്നെ നാട് വിട്ട് പോവുക." നബി അക്കാര്യം അനുയായികളെ അറിയിച്ചു. നാട് നശിക്കാൻ പോവുകയാണ്. തങ്ങളുടെ കൃഷികളും വീടുകളും കന്നുകാലികളും നശിക്കാൻ പോവുകയാണ്. വീടുകളിൽ നിന്ന് കുറെ സാധനങ്ങൾ പെറുക്കിയെടുത്ത് കെട്ടാക്കി. ഒട്ടകങ്ങളുടെയും കഴുതകളുടെയും പുറത്ത് ബന്ധിച്ചു. കുറെ കാലികളെ തെളിച്ചുകൊണ്ട് പോവാൻ ശ്രമിച്ചു...
രാത്രിയുടെ ഇരുട്ടിൽ ഒരുകൂട്ടം മനുഷ്യർ നടന്നു പോവുകയാണ്. കുറേപേർ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നു. വളരെപ്പേർ നടക്കുന്നു. ഒരു നാട് നശിക്കാൻ പോവുന്നു. തങ്ങൾ വിയർപ്പൊഴുക്കി കൃഷി ചെയ്ത നാട്. പഴവർഗ്ഗങ്ങൾ വിളഞ്ഞു നിൽക്കുന്ന നാട്. എല്ലാം ഇനി ഓർമ്മയായി മാറും. അല്ലാഹുﷻവിനെ ധിക്കരിച്ചവർക്ക് വേദന നിറഞ്ഞ ശിക്ഷയിറങ്ങാൻ സമയമായി. സത്യവിശ്വാസികളുടെ സംഘം നീങ്ങിപ്പോയി. ഐക്കത്തിന്റെ അതിരുകളിൽ നിന്ന് അവർ വളരെ ദൂരെയെത്തി...
അപ്പോൾ ആകാശത്ത് ജിബ്രീൽ (അ) ന്റെ അട്ടഹാസം. അതിന്റെ ശബ്ദഘോഷം സഹിക്കാനാവാതെ മനുഷ്യർ വീണുപോയി. ഭയങ്കരമായ ഭയം അവരെ മൂടി. ശിക്ഷ വരുമെന്ന് നിരന്തരം താക്കീത് നൽകിക്കൊണ്ടിരുന്ന ശുഐബ് (അ) നെ അവർ കാണുന്നില്ല. അനുയായികളിൽ ഒരാളെപ്പോലും കാണാനില്ല. അവർ എപ്പോഴും പറയുമായിരുന്ന അല്ലാഹു ﷻ അവരെ രക്ഷപ്പെടുത്തിയോ? ഒന്നും ഓർക്കാനാവുന്നില്ല. അന്വേഷിക്കാനോ കണ്ടെത്താനോ സമയമില്ല. അഗ്നി ജ്വാലകൾ തങ്ങളെ വിഴുങ്ങുകയാണെന്നവർക്ക് ബോധ്യമായി...
സൂറത്ത് അഹ്റാഫിൽ ഇങ്ങനെ കാണാം. "അപ്പോൾ അവർക്ക് കഠിന പ്രകമ്പനം പിടിപെട്ടു. അങ്ങനെ അവരുടെ വാസസ്ഥലങ്ങളിൽ രാവിലെ അവർ കമിഴ്ന്നു വീണവരായി." (7:91)
സത്യനിഷേധികളായ ജനത ഒട്ടാകെ നശിച്ചു പോയി. അങ്ങനെ ഒരു ജനത അവിടെ താമസിച്ചിരുന്നില്ല എന്ന് തോന്നുന്ന അവസ്ഥയിലായി. ശിക്ഷ ഇറങ്ങും മുമ്പ് അവർ സത്യവിശ്വാസികളെ ഭീഷണിപ്പെടുത്തിയതിങ്ങനെയായിരുന്നു. "നിങ്ങൾ ശുഐബിനെ കൈവെടിയുക. അല്ലെങ്കിൽ നിങ്ങൾക്ക് വമ്പിച്ച നഷ്ടം വരും." വാസ്തവത്തിൽ അവർക്കു തന്നെയാണ് നഷ്ടം സംഭവിച്ചത്. സത്യവിശ്വാസികൾ സുരക്ഷിതമായി നാട് വിട്ടു. അവർക്കൊരു നഷ്‌ടവും സംഭവിച്ചില്ല...
വിശുദ്ധ ഖുർആൻ പറയുന്നത് കാണുക : "ശുഐബിനെ വ്യാജമാക്കിയവർ, അവർ അവിടെ താമസിച്ചിട്ടില്ലാത്തത് പോലെയായി. ശുഐബിനെ വ്യാജമാക്കിയവർ അവർ തന്നെയായിരുന്നു നഷ്ടക്കാർ." (7:92)