മദ് യൻ ജനതയുടെ മറ്റൊരു ദുഷിച്ച ചെയ്തിയെക്കുറിച്ചാണ് ഇനി പറയാനുള്ളത്. കച്ചവടയാത്രക്കാരുടെ പാതകൾ മദ് യനിലിലൂടെയാണ് കടന്നുപോവുന്നത്. നൂറുകണക്കിന് ഒട്ടകങ്ങളുള്ള യാത്ര സംഘങ്ങൾ കാണും. ചിലപ്പോൾ ചെറിയ സംഘങ്ങളും വരും. മാരകായുധങ്ങളുമായി ചില സംഘങ്ങൾ വഴിയരികിൽ ഒളിഞ്ഞിരിക്കും. യാത്രാ സംഘങ്ങൾ വരുമ്പോൾ പെട്ടന്നാക്രമിക്കും...
ആക്രമിക്കപ്പെടുന്നവർ ഭയന്നോടും. മുറിവുകളിൽ നിന്നും രക്തം വീഴും. ഓടിപ്പോയ വഴികളിലൂടെ രക്തത്തുള്ളികൾ നീണ്ട് പോവുന്നത് കാണാം. മിക്കപ്പോഴും വലിയ യാത്രാ സംഘത്തിന്റെ അകമ്പടിക്കായി യോദ്ധക്കളുണ്ടാവും. ആയുധങ്ങളുമായി അവർ കച്ചവട സംഘങ്ങളോടൊപ്പം സഞ്ചരിക്കും...
മദ് യനിൽ വെച്ച് കച്ചവ സംഘം ആക്രമിക്കപ്പെട്ടാൽ അകമ്പടിക്കാർ അവരെ നേരിടും. പ്രതിരോധം ശക്തമാണെന്ന് കണ്ടാൽ കൊള്ളക്കാർ പിന്തിരിയും. ഇരുകൂട്ടർക്കും നാശനഷ്ടങ്ങൾ സംഭവിക്കും. പലപ്പോഴും അന്യ നാട്ടുകാരായ സഞ്ചാരികളാണ് പരാജയപ്പെടുക. അവരോടൊപ്പം നിശ്ചിത എണ്ണം ആളുകൾ മാത്രമേ കാണുകയുള്ളൂ. ഉള്ളവർ തന്നെ യാത്രചെയ്തു ക്ഷീണിച്ചിരിക്കും. സ്ഥലപരിചയം കുറവാണ്. ഓടി രക്ഷപ്പെടാനുള്ള വഴികൾ സുപരിചിതമാവില്ല...
മദ് യൻകാർ ഓടിക്കൂടും. കൊള്ള മുതലിന്റെ പങ്ക് പറ്റാൻ. എല്ലാവർക്കും വലിയ താല്പര്യമാണ്. കൊള്ള മുതൽ വിറ്റ് സമ്പന്നരാവും. പിന്നെയും പിന്നെയും സമ്പത്ത് കൂട്ടാൻ മോഹമാണ്. അത് കൊണ്ട് ആക്രമണം തുടർക്കഥയായിത്തീർന്നു. വിദേശികളെ ആക്രമിക്കാൻ വഴിയരികിൽ കാത്തിരിക്കുകയെന്നത് മദ് യൻ സമൂഹത്തിന്റെ ദുഃസ്വഭാവമായി വിശുദ്ധ ഖുർആൻ എടുത്തു പറയുന്നു.
ഈ ദുഷിച്ച നടപടിക്കെതിരെ പ്രവാചകൻ പ്രചാരണം തുടങ്ങി. നാട്ടിലെ ഊച്ചാളികളെ ഇത് രോഷം കൊള്ളിച്ചു. ചില സ്ഥലങ്ങളിൽ മറ്റൊരു തന്ത്രം പ്രയോഗിക്കും. ചരക്കുകൾ കടത്തിക്കൊണ്ടുപോവാൻ ചുങ്കം നിശ്ചയിച്ചു. ഒരുതരം ഗുണ്ടാഫീസ്. ഗുണ്ടകൾ ചോദിക്കുന്ന തുക കൊടുത്താൽ ചരക്കുകൾ കൊണ്ട് പോവാം. അല്ലെങ്കിൽ പിടിച്ചെടുക്കും. ഇക്കാലത്തും ഇത്തരം നിർബന്ധ പിരിവുകൾ നടക്കുന്നുണ്ടല്ലോ...
സത്യവിശ്വാസം കൈക്കൊണ്ട സാധുക്കളെ പിടികൂടാൻ വേണ്ടിയും അവർ വഴിയിൽ കാത്തിരിക്കും. ശുഐബ് (അ) ൽ വിശ്വസിച്ചവരെ പിടികൂടും. ക്രൂരമായി മർദ്ദിക്കും. വിശ്വാസം കൈവെടിയാൻ നിർബന്ധിക്കും. പഴയ മതത്തിലേക്ക് മടങ്ങാൻ പറയും. അനുസരിച്ചില്ലെങ്കിൽ ക്രൂര മർദ്ധനം. നബിയുടെ വീട്ടിൽ വരുന്നവരെയൊക്കെ നിരീക്ഷിക്കും...
യാത്രക്കാരെ പരിഹസിക്കൽ മറ്റൊരു വിനോദമാണ്. അതിനുവേണ്ടിയും വഴിയിൽ കാത്തിരിക്കും. ഇതിന്നെതിരെയെല്ലാം ശുഐബ് (അ)ശബ്ദമുയർത്തി. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക.
"ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ട് നിങ്ങൾ എല്ലാ വഴികളിലും ഇരിക്കരുത്. അല്ലാഹുﷻവിന്റെ മാർഗത്തിൽ നിന്ന് വിശ്വാസികളെ തിരിച്ചു വിടുവാൻ വേണ്ടിയും (ഇരിക്കരുത്) വിശ്വാസത്തിൽ വക്രത ഉണ്ടാക്കുവാൻ ആഗ്രഹിച്ചു കൊണ്ടും (ഇരിക്കരുത്.)" (7:86)
ഈ ഉപദേശം അവരെ കൂടുതൽ പ്രകോപിതരാക്കി. അവരുടെ സംഘത്തിൽ ആളുകൾ കൂടി. കൂകലും, അട്ടഹസിക്കലും, പരിഹസിക്കലും വർദ്ധിച്ചു. സത്യവിശ്വാസികളെ തിരിഞ്ഞു പിടിച്ചു മർദ്ദിക്കാൻ തുടങ്ങി...