യാത്രക്കാരെ പരിഹസിക്കൽ മറ്റൊരു വിനോദമാണ്. അതിനുവേണ്ടിയും വഴിയിൽ കാത്തിരിക്കും. ഇതിന്നെതിരെയെല്ലാം ശുഐബ് (അ)ശബ്ദമുയർത്തി. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:
"ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ട് നിങ്ങൾ എല്ലാ വഴികളിലും ഇരിക്കരുത്. അല്ലാഹുﷻവിന്റെ മാർഗത്തിൽ നിന്ന് വിശ്വാസികളെ തിരിച്ചു വിടുവാൻ വേണ്ടിയും (ഇരിക്കരുത്) വിശ്വാസത്തിൽ വക്രത ഉണ്ടാക്കുവാൻ ആഗ്രഹിച്ചു കൊണ്ടും (ഇരിക്കരുത്.)" (7:86)
ഈ ഉപദേശം അവരെ കൂടുതൽ പ്രകോപിതരാക്കി. അവരുടെ സംഘത്തിൽ ആളുകൾ കൂടി. കൂകലും, അട്ടഹസിക്കലും, പരിഹസിക്കലും വർദ്ധിച്ചു. സത്യവിശ്വാസികളെ തിരിഞ്ഞു പിടിച്ചു മർദ്ദിക്കാൻ തുടങ്ങി...
പ്രവാചകൻ അവരെ ഇങ്ങനെ ഉപദേശിച്ചു. "ഒരുകാലത്ത് നിങ്ങൾ ഒരു ചെറിയ ജനതയായിരുന്നു. എല്ലാ രംഗങ്ങളിലും അല്ലാഹു ﷻ നിങ്ങൾക്ക് ബർക്കത്ത് നൽകി. സന്താനങ്ങളിലും നല്ല ബർക്കത്ത് നൽകി. നിങ്ങൾക്ക് ധാരാളം സന്താനങ്ങളുണ്ടായി. സ്ത്രീകൾ ധാരാളമായി പ്രസവിച്ചു. മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമായി വലിയൊരു ജനത രൂപം കൊണ്ടു. ആൾബലം കൂടി സംഘടിത ശക്തിയായിത്തീർന്നു...
ഈ അനുഗ്രഹം നിങ്ങൾ ഓർക്കണം. നിങ്ങൾ സംഘടിത ശക്തിയായി മാറിയപ്പോൾ മറ്റുള്ളവർ നിങ്ങളെ പരിഗണിച്ചു. നിങ്ങളെ ഭയപ്പെടുത്തുവാനോ അക്രമിക്കുവാനോ അധീനപ്പെടുത്തുവാനോ കഴിയില്ലെന്ന് മറ്റുള്ളവർ ചിന്തിച്ചു. അവർ നിങ്ങളെ ഭയപ്പെടാൻ തുടങ്ങി. ഈ അവസ്ഥയിലേക്ക് നിങ്ങളെ എത്തിച്ച അല്ലാഹുﷻവിനെ നിങ്ങൾ മറന്നു കളയുകയാണോ? നിങ്ങൾ അല്ലാഹുﷻവിനെ നന്ദിയോടെ ഓർക്കണം. അവന്ന് കീഴ്പ്പെട്ടു ജീവിക്കണം."
മീതെ ഉദ്ധരിച്ച 86ാം വചനത്തിന്റെ അവസാനഭാഗം ഇങ്ങനെയാകുന്നു. "നിങ്ങൾ അല്പം ആളുകളായിരുന്നിട്ട് നിങ്ങളെ അവൻ വർദ്ധിപ്പിച്ചു തന്നത് നിങ്ങൾ ഓർക്കുവീൻ. കുഴപ്പുമുണ്ടാക്കുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുകയും ചെയ്യുവീൻ."
(സൂറത്തുൽ അഅ്റാഫ്)
കുഴപ്പക്കാരായ ജനതകൾ പലതും കടന്നുപോയിട്ടുണ്ട്. അവരുടെ കഥകൾ മദ് യൻകാർ കേട്ടിട്ടുണ്ട്. മുമ്പ് പ്രവാചകന്മാരെക്കുറിച്ച് ശുഐബ് (അ) പറഞ്ഞു കൊടുത്തിട്ടുണ്ട്. എന്തൊക്കെയായിട്ടും അവർ നേർമാർഗത്തിലേക്ക് വരുന്നില്ല. മദ് യൻ എന്ന ഗോത്രത്തലവനെക്കുറിച്ചവർ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പല സംഭവങ്ങളും തലമുറകൾ കഥ പറഞ്ഞ് കൈമാറി വന്നിട്ടുണ്ട്...
അദ്ദേഹം സൽഗുണ സമ്പന്നനായിരുന്നു. ഖലീലുല്ലാഹി ഇബ്രാഹിം (അ)ന്റെ മകനാണ്. ജനങ്ങളെ വളരെയേറെ സ്നേഹിച്ചിരുന്നു. അവരെയും ആലംബഹീനരെയും സഹായിച്ചു. എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തെ ആദരിച്ചു. സ്വന്തം പിതാവിന്റെ കല്പനകൾ നടപ്പിൽ വരുത്തി ജീവിച്ചു. ഏകനായ അല്ലാഹുﷻവിനെ ആരാധിച്ചു. തന്റെ ജനതയോട് അങ്ങനെ ചെയ്യാൻ കൽപിക്കുകയും ചെയ്തിരുന്നു. എല്ലാവരും അതനുസരിച്ചു. അവയെല്ലാം മദ് യൻകാർ അറിഞ്ഞിട്ടുണ്ട്. എന്നിട്ടും അവർ നേർമാർഗ്ഗത്തിൽ വരുന്നില്ല. ധിക്കാരം അതിനനുവദിക്കുന്നില്ല...
ഭൂമിയിൽ കുഴപ്പക്കാരായി ജീവിച്ചവരുടെ പര്യവസാനം എന്തായിരുന്നുവെന്നും അവർ അറിഞ്ഞിട്ടുണ്ട്. ലൂത്വ് (അ)ന്റെ ജനത ജീവിച്ചത് സമീപകാലത്താണ്. ഏതാനും തലമുറകൾക്കപ്പുറം ചാവുകടൽ അവർ കണ്ടിട്ടുണ്ട്. കാണാത്തവർ കഥ കേട്ടിട്ടുണ്ട്. സദൂം പട്ടണത്തിന്റെ കഥ പഴമക്കാർ അതിശയത്തോടെ പറയുന്നത് ശ്രദ്ധിച്ചു കേട്ടിട്ടുണ്ട്. ധിക്കാരികളായ ജനത. അവർ ലൂത്വ് നബി (അ) നെ കളവാക്കി...
ആ സമൂഹം വഴിയിൽ കൂട്ടം കൂടി നിൽക്കുമായിരുന്നു. യാത്രക്കാരെ പരിഹസിക്കും. കൈവശമുള്ളത് തട്ടിപ്പറിക്കും. കച്ചവട സംഘത്തെ ആക്രമിക്കും. സ്വവർഗ്ഗ രതി പരന്നു. ലൂത്വ് (അ) അവരെ ഉപദേശിച്ചു നന്നാക്കാൻ നോക്കി. അവർ നന്നായില്ല. ധിക്കാരം പരിധി കടന്നു. അപ്പോൾ ശിക്ഷ വന്നു. ധിക്കാരികൾ നാശമടഞ്ഞു. അവരുടെ കഥ പറയുകയാണ് ചാവുകടൽ. അവരെക്കുറിച്ചോർക്കണം. പാഠം ഉൾക്കൊള്ളണം. ശുഐബ് (അ) ഉപദേശിച്ചു...
ഉപദേശം വളരെ കുറച്ചു പേർക്കേ ഫലം ചെയ്തുള്ളൂ. അവരാവട്ടെ വെറും സാധാരണക്കാർ. അതും ധിക്കാരികൾക്ക് പരിഹസിക്കാൻ വകയായി. ഈ നിന്ദ്യന്മാരെയാണോ നിനക്ക് അനുയായികളായിക്കിട്ടിയത്? അങ്ങനെ ചോദിച്ചു പരിഹസിച്ചു തുടങ്ങി. ധിക്കാരം സീമകൾ ലംഘിക്കുകയാണ്. സത്യവിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നത്...
പീഡനങ്ങളുടെ കഥകൾ. വിശ്വാസത്തിന് പോറൽ ഏൽക്കരുത്. മനസ്സിന്ന് കരുത്ത് നൽകേണമേ! അതാണവരുടെ പ്രാർത്ഥന. ഓരോ വേദനയും ഓരോ പീഡനവും അല്ലാഹുﷻവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്നവർ വിശ്വസിക്കുന്നു. പരലോക വിജയം ഇതാണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പാതയിൽ യാതനകൾ ഏറെയുണ്ടാവും. എല്ലാം സഹിക്കാം. സഹിക്കാൻ അല്ലാഹു ﷻ കെൽപ്പ് നൽകട്ടെ..!
മനസ്സിന്റെ അടിത്തട്ടിലെ തേട്ടമാണത്. എത്രയോ നബിമാർ കടന്നു പോയിട്ടുണ്ട്. അവരുടെ അനുയായികൾ കണക്കില്ലാത്ത യാതനകൾ അനുഭവിച്ചിട്ടുണ്ട്. അവരെക്കുറിച്ചെല്ലാം ശുഐബ് (അ)ൽ നിന്നവർ കേട്ടു. കേട്ടതെല്ലാം ഈമാൻ ശക്തമാക്കാൻ
കാരണമായിത്തീർന്നു. അല്ലാഹുﷻവിന്റെ സഹായം വരും. അതിലവർ അടിയുറച്ച് വിശ്വസിച്ചു...