അല്ലാഹുﷻ പറയുന്നു:
"وَمَا خَلَقْتُ الْجِنّ وَالْإِنْسَ إِلَّا لِيَعْبُدُونِ"
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല (51:56)
ആരാധനയാണ് ജീവിത ലക്ഷ്യം. അത് പരലോക വിജയത്തിന്ന് അനിവാര്യം. എല്ലാ പ്രവാചകന്മാരും അത് പറഞ്ഞു. ശുഐബ് (അ) അവർകളും പറഞ്ഞു. എല്ലാ ധിക്കാരികളും എതിർത്തു. മദ് യൻകാരും ഐക്കത്തുകാരും എതിർത്തു...
സാധാരണക്കാരും പാവപ്പെട്ടവരും ഏത് സമൂഹത്തിലും കാണും. അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർ. അടിച്ചമർത്തപ്പെട്ടവർ. അവരുടെ അദ്ധ്വാനം വേണം. ഉന്നതന്മാർ കൊഴുത്തു തടിക്കുന്നത് അവരുടെ അധ്വാനം കൊണ്ടാണ്. മദ് യനിലും അത് തന്നെയാണവസ്ഥ. കാലികളെ മേയ്ക്കാൻ അടിമകൾ വേണം. കൃഷി ചെയ്യാൻ അടിമകൾ വേണം. ഭക്ഷണം പാകം ചെയ്യാനും പരിസര ശുചീകരണത്തിനും അവർ വേണം...
അടിയും തൊഴിയും ചീത്തവിളിയും ആണ് അവർക്ക് ലഭിക്കുന്ന പ്രതിഫലം. അവരാണ് പ്രവാചകന്മാരുടെ വാക്കുകൾക്ക് ചെവികൊടുക്കുക. ഒരു സൃഷ്ടാവിനെ കുറിച്ച് കേൾക്കുമ്പോൾ അവർക്കാണ് ആശ്വാസം തോന്നുക. ഈ ധിക്കാരികളൊന്നുമല്ല യഥാർത്ഥ യജമാനന്മാർ എന്ന തിരിച്ചറിവുണ്ടാവണം. യഥാർത്ഥ യജമാനൻ സൃഷ്ടാവായ റബ്ബാകുന്നു. അടിമകൾക്ക് ആ തിരിച്ചറിവുണ്ടാകരുതെന്നാണ് ധനികന്മാരുടെ നിർബന്ധം. അല്ലാഹുﷻവിനെ കുറിച്ചുള്ള ചിന്ത അവരിൽ സ്വാതന്ത്ര്യ ബോധമുണ്ടാക്കും. അത് തടയണം...
ശുഐബിന്റെ വാക്കുകൾ സാധാരണക്കാരും അടിമകളും കേൾക്കാനിടവരരുത്. അതിന്നവർ തടസ്സം നിന്നു. ശുഐബ് (അ) സംസാരം തുടങ്ങിയാൽ അവർ ആളുകളെ ആട്ടിപ്പായിക്കും. എന്നിട്ടും ചിലരൊക്കെ കേട്ടുപോയി...
"ഏകനായ അല്ലാഹുﷻ അവനാണ് സൃഷ്ടാവ്. മീതെ ആകാശം കാണുന്നില്ലേ? ആരാണത് സൃഷ്ടിച്ചത്?
അല്ലാഹുﷻ
"പ്രഭാതത്തിൽ ഉദിച്ചുയർന്നു വരുന്ന സൂര്യൻ ആരാണതിനെ സൃഷ്ടിച്ചത്?"
അല്ലാഹുﷻ
"പൂനിലാവ് വിതറുന്ന ചന്ദ്രനെ സൃഷ്ടിച്ചതാര്?"
അല്ലാഹുﷻ
"ആകാശം നിറയെ മിന്നാമിനുങ്ങി നിൽക്കുന്ന നക്ഷത്രങ്ങളെ പടച്ചവൻ ആര്?"
അല്ലാഹുﷻ
"സർവ്വ ശക്തനായ അല്ലാഹുﷻ എന്നെ നിങ്ങളിലേക്കുള്ള ദൂതനായി അയച്ചിരിക്കുന്നു. എന്റെ ജനങ്ങളെ..! ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുവീൻ. ഏകനായ അല്ലാഹുﷻവിനെ മാത്രം ആരാധിക്കുവീൻ. എന്നെ വിശ്വസിക്കുവീൻ."
ചില പാവപ്പെട്ട മനുഷ്യരുടെ മനസ്സിൽ ആ വാക്കുകൾ ചലനം സൃഷ്ടിച്ചു. അവർ ശുഐബ് നബിയെ വീണ്ടും വീണ്ടും കാണാനാഗ്രഹിച്ചു. സംസാരം കേൾക്കാൻ കൊതിച്ചു. മേലാളന്മാർ അറിയാതെ അവർ നബിയെ കണ്ടു. സംസാരം ശ്രദ്ധിച്ചു. മനസ്സിൽ ചലനങ്ങളുണ്ടായി അവർ സൃഷ്ടാവായ അല്ലാഹുﷻവിൽ വിശ്വസിച്ചു...
വിശ്വാസം പ്രകാശം പരത്തുന്നു. മനസ്സിൽ വല്ലാത്ത പ്രകാശം. മനസ്സിലെ പ്രകാശം കണ്ണുകളിൽ തിളക്കമായി വരുന്നു. അവരുടെ മുഖത്ത് നോക്കുന്നവർ പ്രകാശിക്കുന്ന നയനങ്ങൾ കണ്ടു. സത്യവിശ്വാസത്തിന്റെ പ്രകാശം. വളരെ രഹസ്യമായി അവർ ശുഐബ് (അ) നെ കാണുന്നു .ഉപദേശം കേൾക്കുന്നു. ഓരോ ഉപദേശവും മനസ്സിലെ പ്രകാശം വർദ്ധിപ്പിക്കുന്നു...
അവരുടെ മനസിൽ പ്രവാചകൻ തൗഹീദ് ഉറപ്പിക്കുന്നു. അല്ലാഹുﷻവിൽ അടിയുറച്ച വിശ്വാസം വന്നു. എന്തു വന്നാലും വിശ്വാസം കൈവെടിയില്ല. തൗഹീദിനുവേണ്ടി മരിക്കാനും തയ്യാറാണ്. അവർ നബിയുടെ കൈപിടിച്ചു, ഒരോരുത്തരും കരാർ ചെയ്തു...
ഞാൻ അല്ലാഹുﷻവിന്റെ കല്പനയനുസരിച്ച് ജീവിക്കും. അവൻ ഏകിയത് എടുക്കും. നിരോധിച്ചത് ഒഴിവാക്കും. ഈ കരാറാണ് ബൈഅത്ത്. നബിയുമായി അവർ നിരന്തരം സഹവാസം പുലർത്തി. ഇതാണ് സ്വുഹ്ബത്ത്...
സത്യവിശ്വാസം സ്വീകരിച്ചവരിൽ നാം കാണുന്ന മൂന്ന് സുപ്രധാന കാര്യങ്ങൾ ഇവയാണ്:
1. സ്വുഹ്ബത്ത്
2. തൗഹീദ്
3. ബൈഅത്ത്
ഇവമൂന്നും ചേർന്നപ്പോൾ അവരുടെ ഈമാൻ ശക്തിയായി. കേവല വിശ്വാസമല്ല രൂഢ മൂലമായ വിശ്വാസം. നബിﷺതങ്ങളുടെ സ്വഹാബികളുടെ അവസ്ഥയും ഇത് തന്നെയായിരുന്നു...
1. നബി ﷺ തങ്ങളുമായി സഹവസിച്ചു അവർക്ക് സ്വഹാബികളെന്ന് പേര് കിട്ടി.
2. മനസ്സിൽ തൗഹീദ് ഉറച്ചു.
3. നബി ﷺ തങ്ങളുമായി ബൈഅത്ത് ചെയ്തു.
വിശ്വാസം രൂഢമൂലമാവാൻ ഇവ വേണം. വിശ്വാസം രൂഢമൂലമായ ഒരു വിഭാഗം മദ് യനിൽ ഉണ്ടായിത്തീർന്നു. മഹാഭൂരിപക്ഷം ശക്തമായി എതിർത്തപ്പോൾ മുഹ്മിനീങ്ങൾ ശുഐബ് നബി (അ) നോടൊപ്പം ഉറച്ചു നിന്നു. ശിർക്കിന്റെ ശക്തികളെ ധീരമായി നേരിട്ടു...