Thursday - 23 April, 2026 5-Dhu al-Qadah-1447

എക്കാലത്തെയും മാതൃക (1)

   ശുഐബ് നബി (അ) വിജനമായ പട്ടണത്തിലേക്ക് നോക്കി. എന്തൊരു കാഴ്ചയാണിത്. കടന്നുപോയ ഇന്നലെകളിൽ ശബ്ദ മുഖരിതമായിരുന്നു പട്ടണം. ഇന്നവിടെ ആളനക്കമില്ല. ഒരു മനുഷ്യന്റെ സംസാരമില്ല...


 താൻ വളരെയേറെ സ്നേഹിച്ച ജനത. അവർ സന്മാർഗത്തിലാവാൻ കൊതിച്ചു. അവർക്ക് നന്മവരാനാഗ്രഹിച്ചു. അതിന്ന് വേണ്ടി രാവും പകലും ശ്രദ്ധിച്ചു. പകരം കിട്ടിയത് ധിക്കാരവും നന്ദികേടും. തന്റെ താക്കീതുകൾ അവർ വകവെച്ചില്ല. ശിക്കയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയപ്പോൾ പരിഹസിച്ചു തള്ളി. തനിക്കു വേണ്ടപ്പെട്ടവർ അക്കൂട്ടത്തിലുണ്ടായിരുന്നു...


 അല്ലാഹുﷻവിന്റെ  അനുഗ്രഹത്തിൽ നിന്ന് അകറ്റപ്പെട്ടവർ തനിക്കെങ്ങനെ വേണ്ടപ്പെട്ടവരാവും? അവരുടെ ദുരന്തമോർത്ത് താനെന്തിന് സങ്കടപ്പെടണം? വേണ്ട സങ്കടം വേണ്ട. വല്ലാത്തൊരു മാസികാവസ്ഥ. ഈ സമൂഹം സത്യം തിരിച്ചറിയാതെ പോയല്ലോ? ഒടുവിൽ മരണം ഏറ്റ് വാങ്ങിയല്ലോ..? 


"എന്റെ ജനങ്ങളേ..! ഞാൻ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിച്ചു. എന്റെ റബ്ബിന്റെ കല്പനകൾ ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നിട്ടുണ്ട്. ഞാൻ നിങ്ങൾക്ക് ഗുണം കാംക്ഷിച്ചു. നിരന്തരം ഉപദേശിച്ചു കൊണ്ടിരുന്നു. നിങ്ങൾ വിശ്വാസികളായില്ല. സത്യനിഷേധികളായി. നിങ്ങളെയോർത്ത് ഞാനെന്തിന്ന് സങ്കടപ്പെടണം. നിങ്ങളുടെ പര്യവസാനം എത്ര നിർഭാഗ്യകരം...


 ഈ രംഗം വിശുദ്ധ ഖുർആനിൽ കാണാം:


"അപ്പോൾ അദ്ദേഹം അവരിൽ നിന്ന് വിട്ടുമാറി അദ്ദേഹം പറയുകയും ചെയ്തു: എന്റെ ജനങ്ങളേ തീർച്ചയായും എന്റെ റബ്ബിന്റെ സന്ദേശങ്ങൾ ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നിട്ടുണ്ട്. നിങ്ങൾക്ക് ഞാൻ ഉപദേശം നൽകുകയും ചെയ്തിട്ടുണ്ട്. എന്നിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരിൽ ഞാൻ എങ്ങനെ സങ്കടപ്പെടും? (7:93) 


 ഒരു പ്രവാചകന്റെ മാനസികാവസ്ഥയാണിത്. ഇതേ അവസ്ഥ സ്വാലിഹ് (അ) അവർകളും അനുഭവിച്ചിട്ടുണ്ട്. സമൂദ് സമൂഹം തകർന്നു തരിപ്പണമായി. അവരെ നോക്കി സ്വാലിഹ് നബി (അ) പറഞ്ഞു: "എന്നിട്ട് അദ്ദേഹം അവരിൽ നിന്ന് വിട്ടുമാറി അദ്ദേഹം പറയുകയും ചെയ്തു. എന്റെ ജനങ്ങളേ  തീർച്ചയായും എന്റെ റബ്ബിന്റെ സന്ദേശങ്ങൾ ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നിട്ടുണ്ട്. നിങ്ങൾക്ക് ഉപദേശം നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷെ നിങ്ങൾ ഉപദേഷ്ടാക്കളെ ഇഷ്ടപ്പെടുന്നില്ല." (7:79) 


 രണ്ട് പ്രാവചകന്മാരുടെ വാക്കുകൾ. അവരുടെ നെടുവീർപ്പുകൾ. തകർന്നടിഞ്ഞു പോയ സമൂഹങ്ങൾ. അവരെക്കുറിച്ചുള്ള നടുക്കുന്ന ഓർമ്മകൾ. എല്ലാം ചരിത്രം ഒപ്പിയെടുത്ത് സൂക്ഷിച്ചു വെച്ചു. കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കുന്നില്ല. രാപ്പകലുകൾ കടന്നു പോയ്ക്കൊണ്ടിരുന്നു...


 ശുഐബ് (അ) വാർദ്ധക്യത്തിലേക്ക് കടന്നു. പ്രായവും ക്ഷീണവും കൂടിവന്നു. പുറത്ത് പോവാനോ ജോലി ചെയ്യാനോ പറ്റില്ല. കുറേ ആടുകളുണ്ട്. അവയെ പുറത്ത് കൊണ്ട് പോവണം. മേയ്ക്കണം. വെള്ളം കൊടുക്കണം. സംരക്ഷിക്കണം. അതിനൊന്നും പറ്റിയ ആണുങ്ങൾ വീട്ടിലില്ല. രണ്ട് പുത്രിമാർ...


 സഫൂറ, സഫീറ അടക്കവും ഒതുക്കവുമുള്ളവർ. മതചിട്ടയനുസരിച്ചു ജീവിക്കുന്നവർ. വിവാഹ പ്രായമെത്തിയ യുവതികൾ. അവരാണ് ആട്ടിൻ പറ്റത്തെയും കൊണ്ട് പുറത്ത് പോവുന്നത്. മലഞ്ചെരിവിൽ ആടിനെ മേയ്ക്കും. ആട്ടിൻ പറ്റങ്ങളെയും കൊണ്ട് വരുന്ന ധാരാളമാളുകളുണ്ട്. മിക്കവാറും പുരുഷൻമാർ. ആട്ടിനെ മേയ്ക്കാൻ ചില പെണ്ണുങ്ങളും എത്താറുണ്ട്. വെയിലും ചൂടും സഹിക്കണം. പെണ്ണുങ്ങൾക്കത് ബുദ്ധിമുട്ടാണ്. നിവൃത്തിയില്ലാതെ വന്നാൽ പോവുകതന്നെ... 


 വെള്ളം കൊടുക്കുന്ന കാര്യമാണ് ഏറെ വിഷമം. പൊതു കിണറിൽ നിന്ന് വെള്ളം കോരിയെടുക്കണം. എന്നിട്ട് പാത്രത്തിൽ ഒഴിച്ചു കൊടുക്കണം. വെള്ളം കോരാൻ നല്ല തിരക്കായിരിക്കും. കരുത്തുള്ള പുരുഷൻമാർ വെള്ളം കോരിക്കൊരിക്കൊണ്ടിരിക്കും. ശുഐബ് (അ)ന്റെ പുത്രിമാർ ദൂരെ ഒതുങ്ങി മാറി നിൽക്കും. തിരക്കൊഴിഞ്ഞ് കിട്ടാൻ...


 ദാഹിച്ചു വലഞ്ഞ ആടുകൾ വെള്ളം കിട്ടാൻ വേണ്ടി മുമ്പോട്ട് കുതിക്കും. അവയെ തടഞ്ഞു നിർത്തണം. അതാണ് പ്രയാസം കൂടിയ പണി. കുറെ കഴിയുമ്പോൾ തിരക്കൊഴിയും. വെള്ളം കോരിക്കൊടുക്കും. ആടുകൾ ഉത്സാഹത്തോടെ കുടിക്കും. ദാഹം തീർന്നാൽ ആടുകൾ ഉത്സാഹിച്ചു നടക്കും വീട്ടിലേക്ക്. അപ്പോൾ കിണറ്റിൻ കരയും വഴികളും മിക്കവാറും വിജനമായിട്ടുണ്ടാകും. ആടുകളും ഇടയന്മാരും നേരത്തെ വെള്ളം കുടിച്ചു സ്ഥലം വിട്ടിട്ടുണ്ടാവും...  


 ശുഐബ് (അ) വീട്ടിൽ മക്കളെയും കാത്തിരിക്കും. എന്നും അവർ വൈകിയാണെത്തുക. എന്തേ മക്കളേ വൈകിയത്? ഉപ്പ ചോദിക്കും. കിണറ്റിൻ കരയിൽ നല്ല തിരക്കായിരുന്നു. ഇനിവേണം വീട്ടിലെ പണികൾ ചെയ്യാൻ. ഒരു ദിവസം ഒരു ചെറിയ സംഭവമുണ്ടായി. കിണറ്റിൻ കരയിലാണ് സംഭവം നടന്നത്...