ഒരു വിഭാഗം പണ്ഡിതന്മാർ ഇങ്ങനെ രേഖപ്പെടുത്തി. ശുഐബ് (അ) ആദ്യം വന്നത് ഐക്കത്തിലേക്കാണ്. അവിടത്തെ ജനങ്ങൾ പ്രവാചകനെ കളവാക്കി. നിശ്ചയമായും ഐക്കത്തുകാർ അക്രമികളായിരുന്നു എന്ന് ഹിജ്റ് സൂറത്തിൽ കാണാം...
അവിടെ ശിക്ഷ ഇറങ്ങിയ ശേഷം ശുഐബ് നബി (അ) മദ് യനിൽ പ്രബോധനം നടത്തി. അവരും നബിയെ വ്യാജമാക്കി. അവിടെയും ശിക്ഷ ഇറങ്ങി. മദ് യനിൽ ശിക്ഷ ഇറങ്ങിയതിനെക്കുറിച്ച് ഖുർആനിൽ ഇങ്ങനെ കാണാം:
"നമ്മുടെ കല്പന വന്നപ്പോൾ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം പ്രവർത്തിച്ചവർക്ക് ഘോര ശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ അവരുടെ വസതികളിൽ കമിഴ്ന്ന് വീണവരായി" (11:94)
"അവർ അവിടെ ഉണ്ടായിട്ടില്ലാത്തത് പോലെയായി. അറിയുക! സമൂദ് ഗോത്രം കാരുണ്യത്തിൽ നിന്ന് ദൂരപ്പെട്ടതു പോലെ മദ് യനും ദൂരപ്പെട്ടു" (11:95)
ഇവിടെ സമൂദ് ഗോത്രക്കാരെയും മദ് യൻ ഗോത്രക്കാരെയും ചേർത്തു പറഞ്ഞിരിക്കുന്നു.
أَلَا بُعْدًا لِّمَدْيَنَ كَمَا بَعِدَتْ ثَمُودُ
രണ്ട് വിഭാഗക്കാരും അല്ലാഹുﷻവിന്റെ അനുഗ്രഹത്തിൽ നിന്നും വിദൂരത്താക്കപ്പെട്ടു.
ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. ശുഐബ് നബിയുടെ ജനത പറഞ്ഞു: "നീ സത്യവാനാണെങ്കിൽ ആകാശത്ത് നിന്ന് ഞങ്ങൾക്ക് മീതെ ഉണ്ടകൾ വീഴ്ത്തുക. അങ്ങനെ അവർക്ക് ശിക്ഷ ആകാശത്ത് നിന്ന് വന്നു. ആ ദിവസത്തിനൊരു പേര് കിട്ടി. മേഘത്തണിലിന്റെ ദിവസം..."
സൂറത്ത് ശുഅറായിലെ വചനങ്ങൾ നോക്കാം. "അവർ പറഞ്ഞു : നിശ്ചയമായും നീ ആഭിചാര ബാധിതനിൽ പെട്ടവനാകുന്നു." (26:185)
"നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനല്ലാതെ മറ്റൊന്നും അല്ല. നീ വ്യജവാദികളിൽ പെട്ടവൻ തന്നെയാണെന്ന് ഞങ്ങൾ നിശ്ചയമായും ധരിക്കുന്നു." (26:186)
"അത്കൊണ്ട് ആകാശത്ത് നിന്ന് ചില തുണ്ടുകൾ ഞങ്ങളുടെ മേൽ നീ വീഴ്ത്തികൊള്ളുക. നീ സത്യവാദികളിൽ പെട്ടവനാണെങ്കിൽ." (26:187)
"അദ്ദേഹം പറഞ്ഞു: നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് എന്റെ റബ്ബ് നന്നായി അറിയുന്നവനാകുന്നു." (26:188)
നിങ്ങൾ പ്രവർത്തിക്കുന്നത് ധിക്കാരമാണ്. അത് എന്റെ റബ്ബ് നന്നായറിയുന്നു. ധിക്കാരികളെ ഏത് പരിധിവരെ അഴിച്ചു വിടണമെന്ന് എന്റെ റബ്ബിന്നറിയാം. പരിധിയെത്തുമ്പോൾ ഒരുപിടി പിടിക്കും. പിന്നെ രക്ഷയൊന്നുമില്ല. എന്ത് ശിക്ഷ നൽകണമെന്നും എപ്പോൾ നൽകണമെന്നും അല്ലാഹുﷻവിന്നറിയാം. ഞാനായിട്ട് ആകാശത്ത് നിന്ന് തുണ്ടുകൾ ഇറക്കാൻ പോവുന്നില്ല. അത് നിങ്ങളുടെ പരിഹാസ വചനമാണ്. അല്ലാഹുﷻവിന്ന് അത് പ്രയാസമുള്ള കാര്യമല്ല. ചോദിച്ചത് തന്നെ അവർക്ക് കിട്ടി...
വിശുദ്ധ ഖുർആൻ പറയുന്നു: "അങ്ങനെ അവർ അദ്ദേഹത്തെ വ്യാജമാക്കി. അതിനാൽ മേഘത്തണലിന്റെ ദിവസത്തെ ശിക്ഷ അവരെ പിടികൂടി. തീർച്ചയായും അതൊരു വമ്പിച്ച ദിവസത്തിലെ ശിക്ഷയായിരിക്കുന്നു. (26:189)
ശിക്ഷ വന്ന ദിവസത്തിന്റെ ഗാംഭീര്യമാണിവിടെ സൂചിപ്പിച്ചത്.
إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ
അതൊരു വമ്പിച്ച ദിവസത്തിലെ ശിക്ഷയായിരുന്നു.
വിശുദ്ധ ഖുർആൻ തുടർന്നു പറയുന്നു: "തീർച്ചയായും അതിൽ ഒരു വലിയ ദൃഷ്ടാന്തമുണ്ട്. അവരിൽ അധികപേരും വിശ്വസിക്കുന്നില്ല." (26:190)
പിൽക്കാലക്കാർക്ക് മദ് യൻ ജനതയുടെ നാശം ഒരു ദൃഷ്ടാന്തമാണ്. അതിൽ നിന്ന് പാഠം പഠിക്കണം. നേർമാർഗത്തിൽ ചലിക്കണം. പക്ഷെ ചരിത്രത്തിൽ നാമതല്ല കാണുന്നത്. ദൃഷ്ടാന്തങ്ങൾ കണ്ടിട്ടും വിശ്വസിക്കാത്തവരാണ് അധികപേരും. വിശ്വസിച്ചവർ ന്യൂനപക്ഷം മാത്രം. അടുത്ത വചനം ഇങ്ങനെയാകുന്നു.
"നിശ്ചയമായും നിന്റെ റബ്ബ് തന്നെയാണ് പ്രതാപശാലിയും കരുണാനിധിയും." (26:191)
സൂറത്ത് അൻകബൂത്തിൽ പറയുന്നതിങ്ങനെ : "അപ്പോൾ അവർ ശുഐബിനെ വ്യാജമാക്കി. അതിനാൽ അവരെ കഠിന പ്രകമ്പനം പിടികൂടി. അങ്ങനെ അവർ തങ്ങളുടെ വസതികളിൽ ചത്തൊടുങ്ങിയവരായി." (29:37)
സമ്പൽ സമൃദ്ധിയുടെ മധ്യത്തിൽ ആഹ്ലാദപൂർവം ജീവിച്ച ഒരു ജനവിഭാഗത്തിന്റെ ദയനീയ പതനം നാമിവിടെ കാണുന്നു. ധിക്കാരികളുടെ പര്യവസാനം അങ്ങനെ തന്നെ. അല്ലാഹുﷻവിന്റെ വിധിവിലക്കുകൾ പാലിച്ച് വിനയാന്വിതരായി ജീവിച്ചവർക്കാണ് വിജയം. അവർക്ക് മേൽക്കുമേൽ പുരോഗതിയാണ്. എല്ലാ മേഖലകളിലും വളർച്ചയാണ്. ആത്മീയതയുടെ വെളിച്ചം അവർക്കുള്ളതാണ്. തൗഹീദിന്റെ വെളിച്ചം അവർക്കൊപ്പമാണ്...
ശുഐബ് (അ) നോടൊപ്പം നാട് വിട്ടുപോയ വിഭാഗം. അക്കാലത്തെ മുഅ്മിനീങ്ങൾ അവർ അല്ലാഹുﷻവിൽ അടിയുറച്ചു വിശ്വസിച്ചു. അവന്റെ കല്പനകൾ പാലിച്ചു. ശുഐബ് നബി (അ) നെ നബിയായി അംഗീകരിച്ചു. നബി പറഞ്ഞതെല്ലാം വിശ്വസിച്ചു. എല്ലാ കാര്യങ്ങളും അല്ലാഹുﷻവിൽ ഭരമേൽപിച്ചു. അവർ അല്ലാഹുﷻവിന്റെ ഖുദ്റത്ത് കണ്ടറിഞ്ഞു...
ധിക്കാരികളുടെ സമൂഹത്തെ തുടച്ചു നീക്കാൻ എത്ര കുറഞ്ഞ സമയം കൊണ്ട് കഴിഞ്ഞു. ആ പൊട്ടിച്ചിരികൾ കേൾക്കാനില്ല. അട്ടഹാസങ്ങളില്ല. വെല്ലുവിളികളില്ല. ശിക്ഷ കൊണ്ടുവാ എന്ന ആക്രോശമില്ല.
അന്നാട്ടിൽ ഇന്ന് ആൾപ്പാർപ്പില്ല. മുഅ്മിനീങ്ങൾ
വിനയാന്വിതമായി. തങ്ങളുടെ പ്രവാചകനെ അല്ലാഹു ﷻ സഹായിച്ചു. നബിയുടെ മാനം കാത്തു. തങ്ങൾക്ക് അല്ലാഹു ﷻ നൽകിയ വിജയമാണ്...
അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങൾക്കുണ്ടോ വല്ല കണക്കും. നന്ദി ചെയ്യണം. മനുഷ്യരുടെ നന്ദി പരിമിതമാണ്. എന്നാലും കഴിയുംവിധം നന്ദി പ്രകടിപ്പിക്കണം. ഇനിയുള്ള ജീവിതം. അതിലെ ഓരോ നിമിഷവും. അത് അല്ലാഹുﷻവിന്റെ സ്മരണയിൽ ആവണം. അവന്റെ ദിക്റിൽ കഴിയണം. നിമിഷങ്ങൾ ഭക്തി നിർഭരമാകണം...
ശുഐബ് (അ)ന്റെ നല്ലവരായ അനുയായികൾ. അവർ പീഡനം സഹിച്ചു. വിശ്വാസം നിലനിർത്തി. ആരാധനകളിൽ മുഴുകി ദീൻ ശക്തിപ്പെടുത്തി. എക്കാലത്തെയും സത്യവിശ്വാസികൾക്കവർ മാതൃകയായി...
ഖലീലുല്ലാഹി ഇബ്രാഹിം (അ) ന്റെ മില്ലത്തിലായി ജീവിച്ചു. ശുഐബ് (അ) പിന്നെയും പ്രഭാഷണം നടത്തി. അത് സത്യവിശ്വാസികളോടായിരുന്നു. അല്ലാഹുﷻവിനെക്കുറിച്ച്, അന്ത്യനാളിനെക്കുറിച്ച്, ഈമാനിന്റെ ശാഖകളെക്കുറിച്ച്, ന്യൂനതകളില്ലാത്ത കർമ്മങ്ങളെക്കുറിച്ച് ശുഐബ് (അ) പ്രഭാഷണം നടത്തി...