Wednesday - 22 April, 2026 4-Dhu al-Qadah-1447

എക്കാലത്തെയും മാതൃക (2)

 പതിവുപോലെ പുത്രിമാർ ആടുകളുമായി കിണറ്റിൻ  കരയിലെത്തി. കിണറ്റിൻ  കരയിൽ നല്ല തിരക്കാണ്. പുത്രിമാർ ആടുകളെ തടഞ്ഞു നിർത്തുന്നു. അവ പിന്നെയും മുമ്പോട്ടു കുതിക്കുന്നു. യുവതികൾ പാട് പെട്ട് തടയുന്നു. അല്പം അകലെ ഒരു യുവാവ് ഇരിക്കുന്നു. അദ്ദേഹം ഇത് കാണുന്നുണ്ട്. പാവപ്പെട്ട സ്ത്രീകളോട് അദ്ദേഹത്തിന് അലിവ് തോന്നി. എഴുന്നേറ്റ് വന്നു. എന്നിട്ടവരോട് ചോദിച്ചു. 


"നിങ്ങളെന്താ ആടിന്ന് വെള്ളം കൊടുക്കാത്തത്?"


"തിരക്കൊഴിയാൻ കാത്തിരിക്കുകയാണ്. തിക്കിത്തിരക്കിച്ചെന്ന് വെള്ളം കോരാൻ ഞങ്ങൾക്ക് ശക്തിയില്ല."


"ആണുങ്ങൾ വരാത്തതെന്താ?"


"വീട്ടിൽ ആണുങ്ങളായി ഉപ്പയാണുള്ളത്. ഉപ്പ വൃദ്ധനാണ്. ആടിനെ മേയ്ക്കാനൊന്നും വരാൻ പറ്റില്ല." 


പെട്ടന്നാണ് സംഭവിച്ചത്. അദ്ദേഹം തൊട്ടി വാങ്ങി. വെള്ളം കോരിയെടുത്ത് ഒഴിച്ചു കൊടുത്തു. എന്തൊരു വേഗത? എന്തൊരു ശക്തി?  ആടുകൾ ധൃതിയിൽ വെള്ളം കുടിച്ചു. തിരിച്ചു നടന്നു.  പുത്രിമാർക്ക് അതിശയം തോന്നി.  ഇത്രയും ശക്തനായ ഒരു യുവാവിനെ ഇത് വരെ കണ്ടിട്ടില്ല. വെള്ളം കോരിത്തന്ന ശേഷം അദ്ദേഹം സംസാരിക്കാൻ നിന്നില്ല. ദൂരെ പോയിരുന്നു. ചിന്താമൂകനായി കാണപ്പെട്ടു. എന്തോ പ്രയാസം അനുഭവിക്കുകയാണ്.  


അദ്ദേഹം പ്രാർത്ഥിക്കുകയാണ് : "എന്റെ റബ്ബേ! നിന്റെ ഔദാര്യം ഏറ്റവും ആവശ്യമായ സമയമാണിത്. ഞാൻ ക്ഷീണിതനാണ്. പരവശനാണ്. എന്ത് ചെയ്യണമെന്നറിയില്ല. ഒരു വഴി തുറന്നു തരേണമേ!" വഴി തുറക്കപ്പെടാൻ സമയമായി. 


ശുഐബ് (അ) ആ ശബ്ദം കേട്ടു. ആടുകൾ കൂട്ടം ചേർന്ന് വരുമ്പോഴുള്ള ശബ്ദം. അത് കേട്ടപ്പോൾ അതിശയം തോന്നി. ഇത്ര നേരത്തെ വന്നോ? അതെങ്ങനെ സാധിച്ചു? പുത്രിമാരുടെ മുഖത്ത് അസാധാരണ സന്തോഷം?  അവർ ആവേശത്തോടെ സംഭവം വിവരിച്ചു.  


എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ശുഐബ് (അ) പറഞ്ഞു: "വലിയ സേവനമാണദ്ദേഹം ചെയ്തു തന്നത്. അപരിചിതനായ ആ ചെറുപ്പക്കാരൻ ഒരു വിദേശിയായിരിക്കണം. നമുക്കദ്ദേഹത്തിന് എന്തെങ്കിലും പ്രതിഫലം നൽകാം. നിങ്ങളിൽ ഒരാൾ പോയി അദ്ദേഹത്തെ വിളിച്ചു കൊണ്ട് വരണം. മറ്റെയാൾ ആഹാരമുണ്ടാക്കണം.  


ശുഐബ് (അ) ഒരു പുത്രിയെ കിണറ്റൻ കരയിലേക്കയച്ചു. മറ്റെ പുത്രി അടുക്കളയിൽ കയറി. ചെറുപ്പക്കാരൻ അതേ ഇരുപ്പ് തന്നെ. പ്രവാചക പുത്രി അകലെ നിന്ന് തന്നെ അത് കണ്ടു. ഒരു പുരുഷന്റെ അടുത്തേക്ക് ഒറ്റക്കു നടന്നു ചെല്ലാൻ മടി തോന്നി. ലജ്ജയോടെ നടന്നു ചെന്നു. മെല്ലെ പറഞ്ഞു.  "ഉപ്പ നിങ്ങളെ വിളിക്കുന്നു. വീട്ടിലേക്ക്" കേട്ടപ്പോൾ ആശ്വാസം തോന്നി. അല്ലാഹു ഒരു വഴി തുറന്നു തരികയാണ്. 


എഴുന്നേറ്റ് നടന്നു. കൂടെ നടക്കുന്നത് ഒരു യുവതിയാണ്. കാണാതിരിക്കാൻ വേണ്ടി തല താഴ്ത്തി നടന്നു. യുവതി മുമ്പിൽ നടക്കുകയാണ്. വഴി കാണിക്കാൻ. പിന്നിൽ നടന്നോളൂ. വഴി പറഞ്ഞു തന്നാൽ മതി. യുവാവ് മുമ്പിലും യുവതി പിന്നിലുമായി നടന്നു. വീട്ടിലെത്തി. ശുഐബ് (അ) ആഗതനെ കണ്ടു. സംഭാഷണം തുടങ്ങി ആഗതൻ ക്ഷീണിതനാണ്. ഏറെ ദൂരം യാത്ര ചെയ്ത ക്ഷീണം. നല്ല വിശപ്പുണ്ട്. ആഹാരം വിളമ്പി. സ്വാദോടെ കഴിച്ചു.


ആഗതൻ തന്റെ കഥ പറഞ്ഞു:  "എന്റെ പേര് മൂസ. ഈജിപ്തിൽ നിന്ന് വരികയാണ്. ഫിർഔൻ കൊന്നു കളയും. ജീവനും കൊണ്ടോടിപ്പോന്നതാണ്."


ഫിർഔനിന്റെ ആളുകളൊന്നും ഇവിടെ എത്തുകയില്ല. ഇവിടെ സുരക്ഷിതമായി കഴിയാം. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കാലം വന്നു. വിവാഹ നിശ്ചയം നടന്നു. മൂത്തമകളുമായി വിവാഹം. (ഇളയ മകളെന്നും അഭിപ്രായമുണ്ട്) ശുഐബ് (അ)ന്റെ മകളും മൂസ (അ) എന്ന യുവാവും തമ്മിൽ വിവാഹം സത്യവിശ്വാസികൾക്കെല്ലാം സന്തോഷം. ഇദ്ദേഹം ശക്തനും വിശ്വസ്തനുമാണെന്ന്  മകൾ ഉപ്പയോട് നേരത്തെ തന്നെ പറഞ്ഞിരുന്നു.  


വിവാഹം നടന്നു നവ ദമ്പതികൾ സന്തോഷ പൂർവ്വം ജീവിച്ചു. ആടിനെ മേയ്ക്കലും കൃഷിപ്പണിയുമെല്ലാം മൂസ (അ)ഏറ്റെടുത്തു. പത്ത് വർഷങ്ങൾ അങ്ങനെ കടന്നു പോയി.  ഞാനും കുടുംബവും ഈജിപ്തിലേക്ക് പോവട്ടെ!  മൂസ (അ) ഒരു ദിവസം ശുഐബ് (അ)നോട് പറഞ്ഞു. യാത്രാനുമതി നൽകി. കുറെ സാധനങ്ങളും നൽകി. ആട്ടിൻ കൂട്ടം, ഒട്ടകങ്ങൾ, അടിമകൾ,  എല്ലാവരും പുറപ്പെട്ടു. ഈജിപ്തിലേക്ക്. വിശുദ്ധ ഖുർആനിലെ ചില വചനങ്ങൾ കാണുക. 


"മദ് യനിലെ ജലായത്തിങ്കൽ അദ്ദേഹം വന്നു ചേർന്നപ്പോൾ അതിനടുക്കൽ ഒരു കൂട്ടം മനുഷ്യർ കന്നുകാലികൾക്ക് വെള്ളം കൊടുക്കുന്നതായി കണ്ടെത്തി. അവരുടെ ഇപ്പുറത്തായി രണ്ട് സ്ത്രീകൾ തങ്ങളുടെ ആടുകളെ തടഞ്ഞു വെച്ചിരിക്കുന്നതായും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു നിങ്ങളുടെ കാര്യം എന്താണ്?  അവർ പറഞ്ഞു : ഇടയന്മാർ വെള്ളം കൊടുത്ത് തിരിച്ചു കൊണ്ടുപോവുന്നത് വരേക്കും ഞങ്ങൾ ആടുകൾക്ക് വെള്ളം കൊടുക്കാറില്ല. ഞങ്ങളുടെ പിതാവാകട്ടെ വൃദ്ധനുമാകുന്നു." (28:23)


അപ്പോൾ അദ്ദേഹം ആ രണ്ട് സ്ത്രീകൾക്ക് വേണ്ടി  (അവരുടെ കാലികൾക്ക് ) വെള്ളം നൽകി.  പിന്നീടദ്ദേഹം തണലിലേക്ക് മാറി നിന്നു. എന്നിട്ട് പ്രാർത്ഥിച്ചു. എന്റെ റബ്ബേ! എന്റെ നേരെ ഗുണമായിട്ടുള്ള വല്ലതും നീ ഇറക്കിത്തരുന്നതിന് നിശ്ചയമായും ഞാൻ ആവശ്യക്കാ


രനാണ്." (28:24)


രണ്ടിലൊരാൾ ലജ്ജയോടെ നടന്ന് അദ്ദേഹത്തിന്റെ അടുക്കൽ വന്നു പറഞ്ഞു:  ഞങ്ങൾക്കു വേണ്ടി  (കാലികൾക്ക്) വെള്ളം കൊടുത്തതിന്റെ പ്രതിഫലം തരാൻ പിതാവ് താങ്കളെ വിളിക്കുന്നു.  ഇങ്ങനെ അദ്ദേഹത്തിന്റെ അടുക്കൽ വരികയും അദ്ദേഹത്തിന് കഥ വിവരിച്ചു കൊടുക്കുകയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു:  ആക്രമികളായ ജനങ്ങളിൽ നിന്ന് താങ്കൾ രക്ഷപ്പെട്ടിരിക്കുന്നു." (28:25)


ആ രണ്ട് സ്ത്രീകളിൽ ഒരാൾ പറഞ്ഞു  : ഉപ്പാ ഇദ്ധേഹത്തെ കൂലിക്ക് നിർത്താം. ഇദ്ദേഹം കൂലിക്കാരിൽ ശക്തനും വിശ്വസ്ഥനുമാണ്. (28:26)


ശുഐബ് (അ) പറഞ്ഞു; "താങ്കൾ എട്ട് വർഷം എനിക്ക് കൂലിവേല ചെയ്യുമെന്നതിന്റെ പേരിൽ എന്റെ രണ്ട് പുത്രിമാരിൽ ഒരുവളെ താങ്കൾക്ക് വിവാഹം ചെയ്തു തരുവാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇനി താങ്കൾ പത്ത് വർഷം പൂർത്തിയാക്കുകയാണെങ്കിൽ അത് താങ്കളുടെ വകയാണ്. താങ്കൾക്ക് വിഷമമുണ്ടാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിച്ചാൽ സജ്ജനങ്ങളിൽ പെട്ടവനായി താങ്കൾക്കു കാണാവുന്നതാണ്. (28:27)


മൂസ (അ) പറഞ്ഞു:  അത് എന്റെയും താങ്കളുടെയും ഇടയിലുള്ള  (കരാർ) ആകുന്നു. രണ്ട് കാലാവധികളിൽ ഞാൻ ഏതൊന്ന് നിറവേറ്റിയാലും എന്റെ പേരിൽ യാതൊരു അക്രമവും ഉണ്ടാകാവതല്ല. നാം പറയുന്നത് അല്ലാഹു സാക്ഷി. (28:28)