സത്യ നിഷേധികളായ ആളുകൾ എക്കാലത്തുമുണ്ട്. അവർ ഇരുട്ടിന്റെ ശക്തികളാണ്. വെളിച്ചത്തിന്റെ ശത്രുക്കൾ. അവരിലേക്കെല്ലാം പ്രവാചകന്മാർ വന്നു. സത്യത്തിലേക്ക് ക്ഷണിച്ചു. എല്ലാ സമൂഹങ്ങളും നൽകിയത് ഒരേ രീതിയിലുള്ള മറുപടിയാണ്. പ്രവാചകനെ മാരണക്കാരൻ എന്നു വിളിക്കും. ഭ്രാന്തനെന്ന് വിളിക്കും. വിഡ്ഡിയെന്ന് വിളിക്കും. ആഭിചാരം ചെയ്തു ജനങ്ങളെ വഴിപിഴപ്പിക്കുകയാണെന്ന് ആരോപിക്കും...
നബി ﷺ തങ്ങൾ സത്യം പ്രബോധനം ചെയ്തപ്പോൾ മക്കയിലെ ഖുറയ്ശികൾ പറഞ്ഞതും അത് തന്നെ. അക്കാര്യം അല്ലാഹുﷻ നബി (സ) തങ്ങളെ അറിയിക്കുന്നത് കാണുക: "അപ്രകാരം തന്നെ ഇവരുടെ മുമ്പുള്ളവർക്ക് ഒരു റസൂലും വരുകയുണ്ടായില്ല. ഇവൻ ഒരു ജാല വിദ്യക്കാരനാണ് അല്ലെങ്കിൽ ഭ്രാന്തനാണ് എന്ന് അവർ പറയാതെ." (51:52)
"ഇതിനെപ്പറ്റി അവർ അന്യോന്യം വസ്വിയത്ത് ചെയ്തിരിക്കുകയാണോ? എങ്കിൽ അവർ അതിക്രമികളായ ജനങ്ങളാകുന്നു." (51:53)
"അതിനാൽ (നബിയേ) താങ്കൾ അവരിൽ നിന്ന് തിരിഞ്ഞു മാറിക്കൊള്ളുക. എന്നാൽ താങ്കൾ ആക്ഷേപിക്കപ്പെടുന്നവനല്ല." (51:54)
"(ഉപദേശം നൽകി) ഓർമ്മിപ്പിക്കുകയും ചെയ്യുക. നിശ്ചയമായും ഓർമ്മിപ്പിക്കൽ (ഉപദേശം) സത്യവിശ്വാസികൾക്ക് ഫലം ചെയ്യും. (51:55)
അല്ലാഹുﷻ നബി ﷺ തങ്ങൾക്ക് നൽകിയ ഉപദേശമാണിത്. എല്ലാ കാലത്തും ധിക്കാരികൾ പ്രവാചകന്മാരെ ജാലവിദ്യക്കാരെന്ന് വിളിച്ചിട്ടുണ്ട്. ഭ്രാന്തനെന്ന് വിളിച്ചിട്ടുണ്ട്. മുമ്പുള്ളവർ പിൻഗാമികൾക്ക് ഇക്കാര്യത്തിൽ വസ്വിയത്ത് നൽകിയത് പോലെ തോന്നും. മുമ്പ് കഴിഞ്ഞുപോയവരെപ്പോലെ ഇപ്പോൾ മക്കക്കാരും പറയുന്നു. അവൻ ധിക്കാരം പറയുകയാണ്. അത് കൊണ്ട് താങ്കൾ അവരെ ഗൗനിക്കേണ്ട. അവരിൽ നിന്ന് തിരിഞ്ഞു കളയുക. എന്നാൽ ഉപദേശം തുടരുകയും വേണം...
സത്യവിശ്വാസികൾക്ക് ഉപദേശം ഫലം ചെയ്യും. സത്യവിശ്വാസം സ്വീകരിക്കാൻ സാധ്യതയുള്ള പലരും മക്കയിലുണ്ട്. അവർക്കും ഉപദേശം പ്രയോജനം ചെയ്യും. ജിന്നുകളെയും മനുഷ്യരെയും അല്ലാഹുﷻ സൃഷ്ടിച്ചതെന്തിന്ന് വേണ്ടിയാണ്. ആരാധിക്കാൻ. എപ്പോഴും അവന്റെ ആരാധനയിൽ കഴിയണം...
അല്ലാഹുﷻവിന്റെ കല്പനകൾ പാലിച്ചുകൊണ്ട് വേണം ഓരോ പാദവും വെക്കാൻ. ഓരോ ശ്വാസവും ആരാധനയാക്കാം. ഖൽബിന്റെ ദിക്റ്. ഏത് പ്രവർത്തി ചെയ്യുമ്പോഴും ശ്വാസോഛ്വാസം നടക്കുന്നുണ്ട്. ആ ശ്വാസങ്ങളോടൊപ്പം ദിക്റുകളാക്കാം...
പ്രവാചകന്മാർ അതൊക്കെ തങ്ങളുടെ പിൻഗാമികളെ പഠിപ്പിച്ചു. നബിമാരുടെ പിൻഗാമികളായ ഔലിയാക്കന്മാർ (ശൈഖുമാർ) ശിഷ്യന്മാർക്ക് അത് പഠിപ്പിക്കുന്നു. ജീവിതം സൽക്കർമ്മങ്ങൾ കൊണ്ട് ധന്യമാവണം...
അല്ലാഹുﷻ പറയുന്നു:
"وَمَا خَلَقْتُ الْجِنّ وَالْإِنْسَ إِلَّا لِيَعْبُدُونِ" ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല (51:56)
ആരാധനയാണ് ജീവിത ലക്ഷ്യം. അത് പരലോക വിജയത്തിന്ന് അനിവാര്യം. എല്ലാ പ്രവാചകന്മാരും അത് പറഞ്ഞു. ശുഐബ് (അ) അവർകളും പറഞ്ഞു. എല്ലാ ധിക്കാരികളും എതിർത്തു. മദ് യൻകാരും ഐക്കത്തുകാരും എതിർത്തു...