ശുഐബ് (അ) അല്ലാഹുﷻവിന്റെ പ്രവാചകനാണ്. അല്ലാഹുﷻ കൽപിക്കുന്നതനുസരിച്ചാണ് പ്രവാചകന്മാർ സംസാരിക്കുക. ജനങ്ങൾ നബിമാരെ അനുസരിക്കുക. നബിയോടുള്ള അനുസരണ അല്ലാഹുﷻവിനോടുള്ള അനുസരണ തന്നെയാണ്. നബിയെ ധിക്കരിച്ചവർ അല്ലാഹുﷻവിനെ ധിക്കരിച്ചു. ഇക്കാര്യം മദ് യൻകാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്...
"ഞാൻ വിശ്വസ്ഥനായ പ്രവാചകനാണ്. ഞാൻ നിങ്ങളെ സന്മാർഗത്തിലേക്കു നയിക്കുകയാണ്. ഏറ്റവും ഉന്നതമായ കർമ്മമാണത്. നന്മയിലേക്ക് നയിക്കലാണ് വലിയ സൽക്കർമ്മം. വലിയ സേവനത്തിന് പ്രതിഫലം ചോദിക്കുന്നില്ല. എന്റെ പ്രതിഫലം അല്ലാഹുﷻവിങ്കൽ മാത്രമാണ്." ജനങ്ങളിൽ നിന്ന് പ്രതിഫലം മോഹിക്കാതെ നബിമാർ സേവനം ചെയ്യുന്നു...
അല്ലാഹുﷻവാണ് പ്രതിഫലം നൽകുന്നത്. സേവനങ്ങൾക്ക് അർഹമായ പ്രതിഫലം നൽകാൻ അല്ലാഹുﷻവിന് മാത്രമേ കഴിയുകയുള്ളൂ. സേവനത്തിന്റെ മൂല്യം അളന്നുകണക്കാക്കാനുള്ള അളവുകോൽ മനുഷ്യരുടെ പക്കലില്ല. അത് അളന്ന് തിട്ടപ്പെടുത്തുന്നവൻ അല്ലാഹു ﷻ മാത്രമാകുന്നു. പ്രതിഫലം ഒരല്പം പോലും കുറഞ്ഞു പോവില്ല. കൃത്യമായി നൽകും...
ഐക്കത്ത് എന്ന വാക്കിനർത്ഥം വൃക്ഷങ്ങൾ തിങ്ങി നിൽക്കുന്ന സ്ഥലം എന്നാകുന്നു. മലയാളത്തിൽ മരക്കാവ് എന്ന് പറയാം. ഇന്നും മരങ്ങൾ ആരാധിക്കപ്പെടുന്നുണ്ട്. ആൽമരങ്ങളെ ആരാധനാ വസ്തുവാക്കുന്നവരുമുണ്ട്. മദ് യന്റെ സമീപമുള്ള ഒരു സ്ഥലമായിരുന്നു ഐക്കത്ത് എന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്...
ഒരിക്കൽ ശുഐബ് (അ) മദ് യൻ ജനതയിലേക്കും മറ്റൊരിക്കൽ ഐക്കത്തിലേക്കും പ്രവാചകനായി നിയോഗിക്കപ്പെട്ടുവെന്ന് ഒരു വിഭാഗം പണ്ഡിതന്മാർ പറയുന്നു. മദ് യൻകാരും ഐക്കത്തുകാരും ഒരൊറ്റ ജനതയായിരുന്നുവെന്ന ഇബ്നു കസീർ (റ) വിന്റെ അഭിപ്രായം പല ഗ്രന്ഥകാരന്മാരും ഉദ്ധരിച്ചിട്ടുണ്ട്...
ഐക്കത്തുകാരുടെയും മദ് യൻകാരുടെയും പ്രതികരണം ഒന്ന് തന്നെയായിരുന്നു. ഐക്കത്ത് കാരോട് ശുഐബ് (അ)പറയുന്ന കാര്യങ്ങൾ വിശുദ്ധ ഖുർആനിൽ കാണാം.
"നിങ്ങൾ അളവ് പൂർത്തിയാക്കി കൊടുക്കുവീൻ! നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ നിങ്ങൾ ആയിപ്പോകരുത്." (26:181)
"ശരിയായ തുലാസ് കൊണ്ട് തൂക്കുകയും ചെയ്യുവീൻ!" (26:182))
"ജനങ്ങൾക്ക് അവരുടെ സാധനങ്ങൾ (കബളിപ്പിച്ചെടുത്ത്) നഷ്ടപ്പെടുത്തുകയും ചെയ്യരുത്. കുഴപ്പക്കാരായിക്കൊണ്ട് നാട്ടിൽ നാശമുണ്ടാക്കുകയും ചെയ്യരുത്." (26:183)
"നിങ്ങളെയും പൂർവ്വികരെയും സൃഷ്ടിച്ച അല്ലാഹുﷻവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവീൻ!" (26:184)
കേൾവിക്കാരുടെ ചിന്താ മണ്ഡലത്തെ തട്ടിയുണർത്തുന്ന ഉപേദേശങ്ങളാണ് നൽകിയത്. അല്ലാഹു ﷻ വളരെയേറെ അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊടുത്ത സമൂഹമാണത്. അവർ അതൊക്കെ ഓർക്കണം. നന്ദിയുള്ളവരായി ജീവിക്കണം. ശരിയായ തുലാസ് ഉപയോഗിക്കണം. എന്ന് ശുഐബ് (അ) ഉപദേശിക്കുന്നു...
തുലാസിൽ ചില കൃത്രിമങ്ങൾ കാണിക്കും. തൂക്കിയെടുക്കുമ്പോൾ സാധനങ്ങൾ കൂടുതൽ ലഭിക്കാൻ പറ്റുന്ന വിധം ചില സൂത്രങ്ങൾ ചെയ്തുവെക്കും. തൂക്കി വാങ്ങുമ്പോൾ ഈ തുലാസ് മാത്രമായിരിക്കും ഉപയോഗിക്കുക. സാധനങ്ങൾ തൂക്കി വിൽക്കുമ്പോൾ ഈ തുലാസ് ഉപയോഗിക്കില്ല. അപ്പോൾ മറ്റൊരു തുലാസ് കുറച്ചു സാധനം വെച്ചാൽ കൂടുതൽ തൂക്കം കാണിക്കുന്ന സൂത്രം അതിൽ ചെയ്തു വെച്ചിട്ടുണ്ട്...
വാങ്ങുമ്പോഴും വിൽക്കുമ്പോഴും ജനങ്ങൾക്ക് നഷ്ടം സംഭവിക്കുന്നു. ഇക്കാര്യം ശുഐബ് (അ)എടുത്തു പറയുന്നു. ശരിയായ തുലാസ് ഉപയോഗിച്ചാൽ ജനങ്ങൾക്ക് നഷ്ടം സംഭവിക്കുകയില്ല. ധനികരായ കച്ചവടക്കാർക്ക് ഈ ഉപദേശം ഒട്ടും രസിച്ചില്ല. അവർ പ്രകോപിതരായിത്തീർന്നു. ധനികന്മാർ സ്വാധീനമുള്ളവരാണ്. അവരെ ചോദ്യം ചെയ്യാൻ സാധാരണക്കാർ ധൈര്യം കാണിക്കില്ല. സാധാരണക്കാർക്ക് ഈ ധനികന്മാരെ ആശ്രയിച്ചു ജീവിക്കാതെ വയ്യ...
എന്തൊക്കെ കൃത്രിമം കാണിച്ചാലും സാധാരണക്കാർ ചോദ്യം ചെയ്യില്ല. അവകാശ ബോധമൊന്നും അവർക്കില്ല. അവകാശം അനുവദിക്കേണ്ടവർ ഈ ധനികന്മാർ തന്നെയല്ലേ? നാട്ടിന്റെ ഭരണവും അവർക്കല്ലേ? ഇപ്പോൾ ഇതാ ഒരാൾ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നു. ഉപദേശിക്കാൻ എത്തിയിരിക്കുന്നു. ആദ്യമൊക്കെ അവർ പരിഹസിച്ചു തള്ളി. പിന്നെ ഭീഷണിയായി. വെല്ലുവിളിയായി. നാടുവിട്ട് പോവണമെന്ന ശാസനവരെയായി...
പ്രവാചകന്മാർ ഭീഷണിക്ക് മുമ്പിൽ വഴങ്ങുന്നവരല്ല. അല്ലാഹുﷻവിന്റെ ദൂതന്മാരാണവർ. കല്പന അനുസരിച്ചു മാത്രമാണവരുടെ നീക്കം. സത്യം അവരെ വഴി നടത്തുന്നു. ശുഐബ് (അ) സത്യത്തിലേക്കാണ് ക്ഷണിക്കുന്നത്. സമൂഹം സത്യത്തെ വ്യാജമെന്ന് വിളിച്ചു. കുറഞ്ഞ വരുമാനക്കാർ നബിയുടെ വാക്കുകൾ കേട്ടു. ഇപ്പറയുന്ന കാര്യങ്ങൾ നടപ്പിലായാൽ കൊള്ളാമെന്നവരാഗ്രഹിച്ചു. പക്ഷെ എങ്ങനെ നടപ്പിലാവാൻ? നടപ്പിലാക്കേണ്ടവർ ധിക്കാരികളല്ലേ? ഇവർക്കെന്ത് നീതിബോധം? പാവപ്പെട്ടവർ നിരാശയോടെ ചിന്തിച്ചു.