ശുഐബ് (അ) ന്റെ ഉജ്ജ്വലമായ പ്രഭാഷണങ്ങൾ അഹങ്കാരികളുടെ ഉറക്കം കെടുത്തുകയാണ്. നബിയുടെ വിശദീകരണം ഇങ്ങനെ: "വ്യക്തമായ ദൃഷ്ടാന്തങ്ങളുമായിട്ടാണ് ഞാൻ വന്നിട്ടുള്ളത്. ഞാൻ പറയുന്നത് സത്യം മാത്രം. അല്ലാഹുﷻ എനിക്ക് നല്ല വിഭവങ്ങൾ നൽകുന്നു. നിങ്ങളുടെ വിഭവങ്ങൾ ശുദ്ധമല്ല. ചതിയും വഞ്ചനയും പൂഴ്ത്തിവെപ്പും നടത്തി സമ്പാദിച്ച വിഭവങ്ങളാണ് നിങ്ങളുടെ പക്കലുള്ളത്. എന്റെ പക്കലുള്ളതെല്ലാം പരിശുദ്ധമാണ്...
ഞാൻ നിങ്ങളോട് ചില കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുന്നു. അക്കാര്യങ്ങൾ ഞാൻ ആദ്യം ചെയ്യുന്നു. ചില കാര്യങ്ങൾ ചെയ്യരുത് എന്ന് ഞാൻ പറയുന്നു. അക്കാര്യങ്ങളിൽ നിന്ന് ഞാനാണ് ആദ്യം വിട്ടുനിൽക്കുന്നത്. ഇതാണെന്റെ ചര്യ. ഇതിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല...
പറയുന്നത് ചെയ്യണം. ചെയ്യാത്തത് പറയരുത്. പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്. ആ രീതി എനിക്ക് പറ്റില്ല. കല്പിക്കുന്ന കാര്യം ആദ്യം ചെയ്യുന്നത് ഞാനായിരിക്കും. നിങ്ങൾക്ക് നന്മ വരണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. നന്മക്കുവേണ്ടി മാത്രമാണെന്റെ ശ്രമങ്ങൾ. നിങ്ങളത് ശരിക്ക് മനസ്സിലാക്കണം. നിങ്ങൾ തിന്മയിലൂടെ മുന്നേറുന്നു. ഞാൻ നിങ്ങളെ തടയാൻ നോക്കുന്നു. എന്നിട്ട് നിങ്ങളെ നന്മയിലേക്ക് നയിക്കാൻ ശ്രമിക്കുന്നു.
എനിക്ക് സഹായം ലഭിക്കുന്നത് അല്ലാഹുﷻവിൽ നിന്നാണ്. എന്റെ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നത് അവനാണ്. അല്ലാഹുﷻവിൽ നിന്നാണെന്റെ തൗഫീഖ്. അല്ലാഹുﷻവിനെക്കൊണ്ടല്ലാതെ എന്റെ തൗഫീഖ് ഇല്ല.
وَمَا تَوْفِيقِي إِلَّا بِاللَّهِ
ഞാൻ അല്ലാഹുﷻവിൽ ഭരമേൽപ്പിക്കുന്നു. എല്ലാം അവൻ ഏറ്റെടുത്തു നടത്തുന്നു. അവനിലേക്കാണ് മടക്കം. എന്റെ മനസ്സ് അവനിലേക്ക് മടങ്ങുന്നു."
കേൾവിക്കാരെ അമ്പരപ്പിക്കുന്ന പ്രസംഗം. മനസ്സിന്റെ ഉള്ളറകൾ വരെ ഇളക്കി മറിക്കുന്ന വാക്ക് പ്രയോഗങ്ങൾ. പ്രസംഗ ശൈലിയുടെ മേന്മ മനസ്സിലാവുന്ന രീതിയിൽ തന്നെ വിശുദ്ധ ഖുർആൻ അത് ഉദ്ധരിക്കുന്നുണ്ട്. സൂറത്ത് ഹൂദിൽ അത് കാണാം...
"ശുഐബ് പറഞ്ഞു: എന്റെ ജനങ്ങളേ നിങ്ങൾ കണ്ടുവോ? എന്റെ റബ്ബിന്റെ പക്കൽ നിന്നുള്ള വ്യക്തമായ തെളുവുമായിട്ടാണ് ഞാൻ വന്നിട്ടുള്ളതെങ്കിൽ അവൻ എനിക്ക് നല്ല വിഭവങ്ങൾ നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് ഇങ്ങനെ ഉപദേശിക്കാനല്ലാതെ കഴിയുമോ? എന്തൊന്നിനെക്കുറിച്ച് ഞാൻ നിങ്ങളെ വിരോധിക്കുന്നുവോ അക്കാര്യത്തിൽ ഞാൻ നിങ്ങളുമായി വ്യത്യാസം പ്രവർത്തിക്കുകയില്ല. എനിക്ക് സാധ്യമായ നന്മ വരുത്തുകയല്ലാതെ മറ്റൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. എന്റെ തൗഫീഖ് അല്ലാഹുﷻ മൂലമല്ലാതെ ഇല്ലതാനും. അവന്റെ മേൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു. അവങ്കലേക്ക് തന്നെ ഞാൻ മനസ്സ് മയങ്ങി വിനയപ്പെടുകയും ചെയ്യുന്നു." (11:88)
കാലം മായ്ക്കാത്ത വചനങ്ങൾ. നമ്മുടെ കാലത്തെ പണ്ഡിതന്മാർ പോലും പ്രസംഗത്തിന്റെ പ്രാരംഭമായി ശുഐബ് (അ)ന്റെ ഈ വചനങ്ങൾ ഉദ്ധരിക്കാറുണ്ട്. വചനം അറബിയിൽ ഇങ്ങനെ:
إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
ഖാത്വീബുൽ അമ്പിയാഇന്റെ പ്രസംഗത്തിലെ ഈ മഹത്തായ പ്രയോഗം എക്കാലത്തെയും പ്രസംഗകർ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഏതെല്ലാം പ്രസംഗകരിൽ നിന്ന് നാമിത് കേട്ടിരിക്കുന്നു. മനോഹര ശബ്ദത്തിൽ അത് കേൾക്കുമ്പോൾ നമുക്ക് ഉൾപ്പുളകമുണ്ടാവുന്നു. അപ്പോൾ നാം നന്ദിപൂർവ്വം ഓർക്കണം ആരെ..?