Wednesday - 22 April, 2026 4-Dhu al-Qadah-1447

ധിക്കാരികളായ സമൂഹങ്ങൾ (2)

   നമ്മുടെ കാലത്തെ പണ്ഡിതന്മാർ പോലും പ്രസംഗത്തിന്റെ പ്രാരംഭമായി ശുഐബ് (അ)ന്റെ ഈ വചനങ്ങൾ ഉദ്ധരിക്കാറുണ്ട്. വചനം അറബിയിൽ ഇങ്ങനെ                                                  


إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ


 ഖാത്വീബുൽ അമ്പിയാഇന്റെ പ്രസംഗത്തിലെ ഈ മഹത്തായ പ്രയോഗം എക്കാലത്തെയും പ്രസംഗകർ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.  ഏതെല്ലാം പ്രസംഗകരിൽ നിന്ന് നാമിത് കേട്ടിരിക്കുന്നു. മനോഹര ശബ്ദത്തിൽ അത് കേൾക്കുമ്പോൾ നമുക്ക് ഉൾപ്പുളകമുണ്ടാവുന്നു. അപ്പോൾ നാം നന്ദിപൂർവ്വം ഓർക്കണം ആരെ..? 

മഹാനായ ശുഐബ് നബി  (അ)എന്ന പ്രഭാഷകനെ. ഈ വിശുദ്ധ വചനം വ്യാഖ്യാനിച്ചുകൊണ്ട് മഹാപണ്ഡിതന്മാർ ധാരാളം എഴുതിയിട്ടുണ്ട്...


 ഞാൻ എന്റെ റബ്ബിന്റെ പക്കൽ നിന്നുള്ള വ്യക്തമായ തെളിവോടുകൂടി ആയിരിക്കുകയും എന്ന ഭാഗം പ്രത്യേകം ശ്രദ്ധേയമാണ്. രണ്ട് പൂർവ്വ പ്രവാചകന്മാർ ഇതേ വചനം പറഞ്ഞിട്ടുണ്ട്. അവ രണ്ടും ഹൂദ് സൂറത്തിൽ തന്നെ ഉച്ചരിച്ചിട്ടുണ്ട്. അതിന്റെ അറബി ഉച്ചാരണം ഇങ്ങനെ:  


إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي

 

 ഇതേ വചനം ഉദ്ധരിച്ച ഒരു മുൻ പ്രവാചകൻ മഹാനായ നൂഹ് (അ) ആകുന്നു. സൂറത്ത് ഹൂദിലെ 28ാം വചനത്തിന്റെ തുടക്കം കാണുക.


 "നൂഹ് (അ)പറഞ്ഞു : എന്റെ ജനങ്ങളേ നിങ്ങൾ കണ്ടുവോ? ഞാൻ എന്റെ റബ്ബിങ്കൽ നിന്നുള്ള വ്യക്തമായ തെളിവോടെ ആയിരിക്കുകയും അവന്റെ പക്കൽ നിന്നുള്ള ഒരു കാരുണ്യം എനിക്ക് നൽകിയിരിക്കുകയുമാണെങ്കിൽ." (11:28) 


 എല്ലാം നിങ്ങൾക്ക് കണ്ട് മനസ്സിലാക്കാൻ കഴിയും. എന്നിട്ടും നിങ്ങൾ മനസ്സിലാവാത്തത് പോലെ നടിക്കുന്നു. ധിക്കാരം കൊണ്ടാണത്. ഇതൊക്കെയാണ് നൂഹ് (അ) ഉദ്ദേശിച്ചത്. മറ്റൊരു പൂർവ്വ പ്രവാചകനായ സ്വാലിഹ് (അ) ഇതേ  വചനം ആവർത്തിക്കുന്നു. സൂറത്ത് ഹൂദ് 63ാം വചനത്തിൽ അത് കാണാം. അതിങ്ങനെ:


 "സ്വാലിഹ് പറഞ്ഞു:  എന്റെ ജനങ്ങളേ! നിങ്ങൾ കണ്ടുവോ ഞാൻ എന്റെ റബ്ബിങ്കൽ നിന്നുള്ള വ്യക്തമായ തെളിവോടെ ആയിരിക്കുകയും അവന്റെ പക്കൽ നിന്നുള്ള ഒരു  കാരുണ്യം എനിക്ക് നൽകിയിരിക്കുകയുമാണെങ്കിൽ അപ്പോൾ ഞാൻ അല്ലാഹുﷻവിനോട് അനുസരണക്കേട് കാണിച്ചാൽ അവനിൽ നിന്ന് ആരാണെന്നെ സഹായിക്കുക?" (11:63)


 നൂഹ്(അ),സ്വാലിഹ് (അ) എന്നിവർ നേരത്തെ പ്രയോഗിച്ച ശൈലിയാണ് ശുഐബ് (അ)ഇപ്പോൾ പ്രയോഗിച്ചത്. മൂന്ന് പേരും  പറഞ്ഞതിങ്ങനെ : 


قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي 


 മൂന്നു സമൂഹങ്ങളും സത്യനിഷേധത്തിൽ നല്ല കടുപ്പം കാണിച്ചു. ധിക്കാരത്തിലും സമാനത പുലർത്തി. ഒരേ നിലപാട് സ്വീകരിച്ചു.  പ്രവാചകന്മാരുടെ ഉപദേശങ്ങളിലും സാദൃശ്യം കാണാവുന്നതാണ്. ശുഐബ് (അ) ന്റെ പ്രസംഗം കത്തിക്കയറുകയാണ്. പ്രസംഗം ഉജ്ജ്വലമായാപ്പോൾ നാല് പ്രവാചകന്മാരുടെ പേരുകൾ പറയുന്നു...  


 നൂഹ്(അ), ഹൂദ്(അ), സ്വാലിഹ്(അ), ലൂത്വ് (അ) നാല് പ്രവാചകന്മാർ. സന്മാർഗ്ഗ പ്രകാശം ചൊരിഞ്ഞ നാല് ദീപങ്ങൾ. അന്ധകാരം ഇഷ്ടപ്പെട്ട നാല് സമൂഹങ്ങൾ. ആ സമൂഹങ്ങൾ വെളിച്ചം ഇഷ്ടപ്പെട്ടില്ല. വെളിച്ചവുമായി വന്ന മഹാന്മാരായ നബിമാർ. ആ വെളിച്ചം ഊതിക്കെടുത്താൻ വെമ്പൽ കൊണ്ട നാല് സമൂഹങ്ങൾ. ഇരുട്ടും വെളിച്ചവും തമ്മിൽ പോരാട്ടം...


 ആ പോരാട്ടത്തെക്കുറിച്ചുള്ള പ്രസംഗം. മനുഷ്യ മനസ്സുകളെയാണത് ഇളക്കി മറിച്ചത്. ഈ നാല് വിഭാഗങ്ങളും ആരോഗ്യ ദൃഢഗാത്രരായിരുന്നു. അവരുടെ കായിക ശക്തി അത്ഭുതകരമായിരുന്നു. ശക്തി നൽകിയവൻ അല്ലാഹുﷻവാണെന്ന് സമ്മതിക്കാൻ അവരുടെ അഹങ്കാരം അവരെ അനുവദിച്ചില്ല. തൊള്ളായിരത്തി അമ്പത് കൊല്ലക്കാലത്തെ നിരന്തര ശ്രമം കാരണം ഏതാനും പേർ നൂഹ് (അ)ൽ വിശ്വസിച്ചു...


 അവരെ അല്ലാഹു ﷻ കപ്പലിൽ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ വെള്ളപ്പൊക്കത്തിൽ നശിപ്പിച്ചു. ആ മഹാപ്രളയത്തെക്കുറിച്ചാണ് ശുഐബ് (അ) പ്രസംഗിച്ചത്. ഏത് ശിലാഹൃദയവും അലിയുന്ന അവതരണം. പക്ഷെ സ്വന്തം ജനതയുടെ ഖൽബ് ഇളകിയില്ല...